ഇറ്റാലിയന്‍ നാവികര്‍ മടങ്ങിവരാത്ത സാഹചര്യത്തില്‍ സുപ്രീം കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കണമെന്ന നിര്‍ദേശം ഇറ്റലി പാലിക്കാനിടയില്ല. ഇറ്റാലിയന്‍ സ്ഥാനപതി തിങ്കളാഴ്ച കോടതിയില്‍ ഹാജരാകില്ല. സ്ഥാനപതിക്ക് നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കാനാവില്ലെന്ന നിലപാടാണ് ഇറ്റലിയുടേത്. ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ട്. സുപ്രീം കോടതി തിങ്കളാഴ്ച കേസ് പരിഗണിക്കും. സ്ഥാനപതി നേരിട്ട് വിശദീകരണം നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. നാവികരെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഇറ്റലി.
ഇറ്റലിയെ തരംതാഴ്ത്താനാകില്ല: മന്ത്രി ഖുര്‍ഷിദ്
ന്യൂഡല്‍ഹി: നയതന്ത്രപരമായി ഇറ്റലിയെ തരംതാഴ്ത്താനുള്ള തീരുമാനമൊന്നും ഇതുവരെ എടുത്തിട്ടില്ലെന്ന് വിദേശമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ പ്രതികളായ ഇറ്റാലിയന്‍ സൈനികരെ വിചാരണ നേരിടാന്‍ ഇന്ത്യയിലേക്കയക്കില്ലെന്ന തീരുമാനത്തിനെതിരെ ഇറ്റലിയിലെ ഇന്ത്യന്‍ സ്ഥാനപതികാര്യാലയം അടച്ചുപൂട്ടാന്‍ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയേല മന്‍സിനി രാജ്യം വിട്ടുപോകരുതെന്നും തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ഹാജരാകണമെന്നുമുള്ള കോടതി ഉത്തരവിനെതുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും മുന്‍കരുതല്‍ നിര്‍ദേശം നല്‍കിയിരുന്നു. സമാനമായ നടപടികള്‍ വിദേശമന്ത്രാലയം എടുക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോഴായിരുന്നു ഖുര്‍ഷിദിന്റെ പ്രതികരണം.
ഇറ്റാലിയന്‍ സ്ഥാനപതിയെ രാജ്യത്തുനിന്ന് പറഞ്ഞയക്കാനുള്ള ആലോചന യുപിഎ സര്‍ക്കാരില്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് സുപ്രീംകോടതിയില്‍നിന്ന് സ്ഥാനപതി ഇന്ത്യ വിടരുതെന്ന ഉത്തരവുണ്ടായത്. കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പില്‍ സുപ്രീംകോടതിയില്‍നിന്ന് ലഭിച്ച ജാമ്യം ഉപയോഗിച്ച് രാജ്യംവിട്ട ഇറ്റാലിയന്‍ സൈനികര്‍ക്കുപിന്നാലെ ജാമ്യംനിന്ന സ്ഥാനപതിയെക്കൂടി അയോഗ്യനാക്കി ഇറ്റലിയിലേക്ക് തിരിച്ചയച്ചാല്‍ കുറ്റവാളികളും അവര്‍ക്ക് കൂട്ടുനിന്നവരും പൂര്‍ണമായി രക്ഷപ്പെടുമായിരുന്നു. നയതന്ത്രസുരക്ഷ ഉപയോഗപ്പെടുത്തിയാണ് ഇറ്റാലിയന്‍ നാവികര്‍ക്ക് സ്ഥാനപതി ജാമ്യംനിന്നത്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനത്തിലെത്താന്‍ യുപിഎ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
deshabhimani 180313
No comments:
Post a Comment