Thursday, March 7, 2013
തൊഴില്‍രംഗം വനിതകള്‍ക്ക് അന്യമാകുന്നു
ഒരു വനിതാദിനം കൂടി കടന്നുപോകുമ്പോള്‍ കേരളത്തിലെ തൊഴില്‍രംഗങ്ങള്‍ സ്ത്രീകള്‍ക്ക് അന്യമാവുകയോ അല്ലെങ്കില്‍ അവര്‍ തൊഴില്‍രംഗങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുകയോ ചെയ്യുന്നു.
ജനസംഖ്യയില്‍ പകുതിയിലേറെ വരുന്ന സ്ത്രീകള്‍ക്ക് സ്വസ്ഥവും സ്വതന്ത്രവുമായ തൊഴിലിടങ്ങള്‍ ഇന്നും അന്യമാണ്. സ്ത്രീകളുടെ സാമൂഹിക പദവിയിലും സാമൂഹിക സുരക്ഷിതത്വ സംവിധാനങ്ങളിലും ഉയരെ നില്‍ക്കുന്ന കേരളത്തെ എക്കാലവും അറിയപ്പെടുന്നത് ഒരു സ്ത്രീ സംസ്ഥാനമായിട്ടാണ്. എന്നാല്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം ദേശീയ ശരാശരിയെക്കാള്‍ ഏറെ പിന്നിലുമാണ്.
രാജ്യത്തെ സ്ത്രീകളുടെ ശരാശരി തൊഴില്‍ പങ്കാളിത്തനിരക്ക് 25 ശതമാനം ആയിരുന്നപ്പോള്‍ കേരളത്തിലേത് 15 ശതമാനത്തോളമായിരുന്നു. അതേ സമയം രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇത് 21 ശതമാനം ആയിരുന്നു. 2000-ല്‍ 15 ശതമാനം ആയി കുറഞ്ഞ തൊഴില്‍ പങ്കാളിത്തം ഇപ്പോള്‍ 12 ശതമാനത്തോളമാണെന്നാണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ എല്ലാ മേഖലകളിലും അതിദൂരം മുമ്പില്‍നില്‍ക്കുന്ന പെണ്‍കുട്ടികള്‍ തൊഴില്‍ രംഗത്തെത്തുമ്പോള്‍ ബഹുദൂരം പിന്നിലാകുന്നു എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ പൊരുത്തക്കേടിന്റെ അടിസ്ഥാന കാരണം സമൂഹത്തില്‍ ആഴത്തില്‍ വേരുറച്ച പുരുഷമേധാവിത്വമാണത്രേ, തൊഴിലില്ലായ്മയുടെ കാര്യത്തിലും യുവതികളാണ് കൂടുതല്‍. ഗ്രാമീണ മേഖലയില്‍ തൊഴിലില്ലായ്മ നിരക്കില്‍ പുരുഷന്മാരുടേത് 32 ശതമാനം ആണെങ്കില്‍ സ്ത്രീകളുടേത് 45 ശതമാനമാണ്. നഗരങ്ങളില്‍ ഇത് 26 ഉം 50 ഉം ശതമാനമാണ്. കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ അന്വേഷകരില്‍ 58 ശതമാനവും സ്ത്രീകളാണെന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്.
ഏറ്റവും കുറഞ്ഞ സ്ത്രീ തൊഴില്‍ പങ്കാളിത്തം മലപ്പുറം ജില്ലയിലും ഏറ്റവും കൂടുതല്‍ ഇടുക്കിയിലുമാണ്. ഇടുക്കി ജില്ലയിലെ തേയില, കാപ്പി, ഏലം തോട്ടം മേഖലയിലാണ് സ്ത്രീ പങ്കാളിത്ത നിരക്ക് ഉയര്‍ന്നുനില്‍ക്കുന്നത്. വലിയതോതില്‍ സ്ത്രീകള്‍ക്ക് പങ്കാളിത്തമുണ്ടായിരുന്ന കൃഷി-പരമ്പരാഗത വ്യവസായ രംഗത്തുണ്ടായ പ്രതിസന്ധി രൂക്ഷമായത് അസംഘടിത മേഖലയില്‍ നിന്നും സ്ത്രീകള്‍ മാറ്റിനിര്‍ത്തപ്പെടാന്‍ കാരണമായി.
ആധുനിക വ്യവസായ തൊഴിലുകളില്‍ സ്ത്രീകള്‍ക്കിപ്പോള്‍ അര്‍ഹമായ അവസരമോ പങ്കാളിത്തമോ ലഭിക്കുന്നില്ല. ആഗോളവത്കരണത്തിന്റെ ഭാഗമായി ദിവസവേതനക്കാരുടെ എണ്ണം വര്‍ദ്ധിച്ചുവരുമ്പോള്‍ ഇവര്‍ക്ക് യാതൊരുവിധ ആനുകൂല്യങ്ങളോ സുരക്ഷിതത്വമോ ലഭിക്കുന്നുമില്ല. അതേസമയം പല വികസിതരാജ്യങ്ങളിലും തൊഴിലില്ലാത്ത സ്ത്രീകള്‍ക്ക് സാമൂഹിക സുരക്ഷ എന്ന പേരില്‍ ഭരണകൂടങ്ങള്‍ സഹായം ലഭ്യമാക്കിയിട്ടുണ്ട്.
സ്ത്രീകള്‍ക്ക് വിവിധങ്ങളായ മേഖലകളില്‍ കൂടുതല്‍ പങ്കാളിത്തവും പരിരക്ഷയും നല്‍കി മുന്നേറ്റം നടത്തുന്നത് സോഷ്യലിസ്റ്റ് രാജ്യങ്ങളാണ്. തൊഴില്‍ മേഖലയിലെ സ്ത്രീകളുടെ സുരക്ഷിതത്വവും സംരക്ഷണവും സേവന വേതനവ്യവസ്ഥകളും സ്ത്രീ സൗഹൃദ തൊഴിലിടങ്ങളും ഉറപ്പാക്കുന്ന നിരവധി നിയമങ്ങള്‍ രാജ്യത്ത് ഉണ്ടെങ്കിലും പാലിക്കപ്പെടുന്നില്ലെന്ന് മാത്രം.
കേരളത്തെ സംബന്ധിച്ച് ഉയര്‍ന്ന സാക്ഷരതയും തൊഴിലില്ലായ്മയും കുറഞ്ഞ തൊഴില്‍ പങ്കാളിത്തവുമാണ് താരതമ്യം ചെയ്യുമ്പോള്‍ പ്രകടമാകുന്നത്. ഇതിനിടയില്‍ സ്ത്രീപീഡനം, ദുരൂഹമരണം, സ്ത്രീധന പീഡനം, വസ്തുതര്‍ക്കം, വിവാഹ മോചനം, വിശ്വാസവഞ്ചന തുടങ്ങി സ്ത്രീകള്‍ക്കെതിരെ അതിക്രമ പരമ്പരകളുടെ കാര്യങ്ങളും കേരളത്തില്‍ ഏറിവരികയാണ്.
(പി ജെ ജിജിമോന്‍)
janayugom 080313
Labels:
തൊഴില്‍മേഖല,
രാഷ്ട്രീയം,
വാര്‍ത്ത,
സ്ത്രീ
Subscribe to:
Post Comments (Atom)
No comments:
Post a Comment