Saturday, March 16, 2013
ബജറ്റ് - ജില്ലകളിലൂടെ
ജനറല്‍, തൈക്കാട് ആശുപത്രികള്‍ യോജിപ്പിച്ച് മെഡിക്കല്‍ കോളേജ്
കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ച പദ്ധതികളില്‍ ഏറിയപങ്കും കടലാസില്‍ ഒതുങ്ങുമ്പോള്‍ തലസ്ഥാനജില്ലയ്ക്കായി സംസ്ഥാന ബജറ്റില്‍ വീണ്ടും പുതിയ പ്രഖ്യാപനങ്ങള്‍. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിക്കടക്കം പ്രത്യേക തുക ബജറ്റില്‍ നീക്കിവയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. തിരുവനന്തപുരം ജനറല്‍ ആശുപത്രിയെയും തൈക്കാട് ആശുപത്രിയെയും യോജിപ്പിച്ച് പുതിയ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ഇതിനായി ആറുകോടി നീക്കിവച്ചു. തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററിനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടായി ഉയര്‍ത്തുമെന്നും. മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍, കഡാവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ യൂണിറ്റ് ആരംഭിക്കുമെന്നും പ്രഖ്യാപനമുണ്ട്.
തിരുവനന്തപുരം ഹോമിയോ കോളേജില്‍ പുതിയ കെട്ടിടനിര്‍മാണം, ഫാര്‍മസി കോളേജ് കെട്ടിടം, ലേഡീസ് ഹോസ്റ്റല്‍ നിര്‍മാണം, മുട്ടത്തറയില്‍ സിമറ്റിന്റെ നേഴ്സിങ് കോളേജ് നിര്‍മാണം, ഐടി മിഷന് പുതിയ കെട്ടിടം എന്നിവയ്ക്കും ബജറ്റ് തുകയുണ്ട്. കോവളം, വിഴിഞ്ഞം, വെങ്ങാനൂര്‍, കല്ലിയൂര്‍ എന്നിവിടങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് രണ്ടുകോടി ബജറ്റില്‍ നീക്കിവച്ചു. തിരുവനന്തപുരം നഗരസഭയുടെ ജെന്‍റം പദ്ധതിക്കായും തുക അനുവദിച്ചു. കാട്ടാക്കട പെരുങ്കുളത്ത് മിനി സിവില്‍ സ്റ്റേഷന്‍ സ്ഥാപിക്കും. അടിമലത്തുറ മത്സ്യഗ്രാമമാക്കും. കുടപ്പനക്കുന്നില്‍ ഹൈടെക് ഫോഡര്‍ നിര്‍മാണയൂണിറ്റ്, പാറോട്ടുകോണത്ത് സോയില്‍ മ്യൂസിയം, ഇന്‍ഫര്‍മേഷന്‍ ഹബ്, ട്രാഫിക്ക് പൊലീസ് സ്റ്റേഷന്‍ ആധുനികവല്‍ക്കരണം എന്നിവയുമുണ്ട്. ലാറി ബേക്കര്‍ ഹാബിറ്റാറ്റ് സ്റ്റഡീസ് ക്യാമ്പസ് വാഴമുട്ടത്ത് സ്ഥാപിക്കുന്നതിന് 14 കോടി വകയിരുത്തി. സിഡിഎസ് മാതൃകയിലുള്ള ഗവേഷണകേന്ദ്രം, ജൈവശാസ്ത്ര ഉദ്യാനം, ആറ്റിപ്ര വില്ലേജ് ഓഫീസ് സമുച്ചയം, ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റിനെ ദേശീയനിലവാരത്തിലുള്ള അഡ്മിനിസ്ട്രേറ്റീവ് ട്രെയ്നിങ് ആന്‍ഡ് മാനേജ്മെന്റായി ഉയര്‍ത്തല്‍, സാങ്കേതിക സര്‍വകലാശാല, കൊച്ചുവേളിയില്‍ ബഹുനില എസ്റ്റേറ്റ്, വിഴിഞ്ഞത്തും ശംഖുംമുഖത്തും വ്യവസായവികസന കേന്ദ്രങ്ങള്‍, മുട്ടത്തറയില്‍ കേപ്പിന്റെ എന്‍ജിനിയറിങ് കോളേജ് തുടങ്ങിയവയെല്ലാം പ്രഖ്യാപനത്തിലൊതുങ്ങി.
ബജറ്റ് : ജില്ലയ്ക്ക് ലഭിച്ചത് വട്ടപ്പൂജ്യം
പത്തനംതിട്ട: ധനകാര്യ മന്ത്രി കെ എം മാണിയുടെ പതിനൊന്നാമത്തെ ബജറ്റ് ജില്ലയ്ക്ക് പ്രതീക്ഷിച്ചപോലെ തന്നെ നിരാശയാണ് സമ്മാനിച്ചത്. ആരോഗ്യ രംഗത്ത് മൂന്നേറ്റം സൃഷ്ടിക്കുമെന്ന് കരുതിയ കോന്നി മെഡിക്കല്‍ കോളേജിന് ബജറ്റില്‍ വകയിരുത്തുമെന്ന പ്രതീക്ഷയും മങ്ങി. കോട്ടയം, പാലാ മണ്ഡലങ്ങള്‍ നേട്ടം കൊയ്തപ്പോള്‍ ജില്ലയിലെ ഭരണകക്ഷി എംഎല്‍എമാരും മന്ത്രി അടൂര്‍ പ്രകാശും നോക്കുകുത്തികളായി. അടൂര്‍ എക്സൈസ് ഓഫീസിന് പുതിയ കെട്ടിടം പണിയുമെന്ന പ്രഖ്യാപനവും കടലാസിലൊതുങ്ങി. വിലക്കയറ്റത്താല്‍ നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന തിരുവല്ലയില്‍ സിവില്‍ സപ്ലൈസിന്റെ ഹൈപ്പര്‍ മാര്‍ക്കറ്റും ജലരേഖയായി. അപ്പര്‍കുട്ടനാടന്‍ മേഖലയിലെ കര്‍ഷകരെ സഹായിക്കുമെന്ന ഉറപ്പും ലംഘിച്ചു.
റാന്നി ഉതിമൂട്ടിലെ കിന്‍ഫ്രാ പാര്‍ക്കിനെ പറ്റി ബജറ്റില്‍ പരാമര്‍ശമില്ല. ശബരിമല മാസ്റ്റര്‍ പ്ലാനിന് 25 ലക്ഷം വീണ്ടും അനുവദിച്ചെന്നും സീറോ വേസ്റ്റ് പദ്ധതിയ്ക്ക് അഞ്ചുകോടി മാറ്റിവച്ചതുമായ പ്രഖ്യാപനം പഴയകുപ്പിയിലെ പുതിയ വീഞ്ഞായി. പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ ഗസ്റ്റ് ഹൗസുകള്‍ സ്ഥാപിക്കാനും പദ്ധതിയില്‍ തുക ഇല്ല. പ്രതിപക്ഷ എംഎല്‍എമാരുടെ മണ്ഡലങ്ങളെ പാടേ അവഗണിച്ചു. സര്‍ക്കാരിന് ഭരണകക്ഷിയില്‍പ്പെട്ടവരുടെ മണ്ഡലങ്ങള്‍ക്ക് അനുവദിച്ചതും കടലാസില്‍ മാത്രമായി. റബര്‍ ഉല്‍പ്പാദിപ്പിക്കുന്ന ജില്ലയെന്ന നിലയില്‍ റബറധിഷ്ഠിത വ്യവസായങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കാനായില്ല. തുമ്പമണ്‍-കോഴഞ്ചേരി റോഡ് (മൂന്ന് കോടി), ചന്ദനപ്പള്ളി- കോന്നി റോഡ് (ഏഴ് കോടി), ജില്ലാ സ്റ്റേഡിയം നവീകരണം (രണ്ട് കോടി), ആറന്മുളയില്‍ പമ്പാ നദിക്ക് കുറുകെ ആഞ്ഞിലിമൂട്ടില്‍ കടവ് പാലം (അഞ്ച് കോടി) തുടങ്ങിയ പ്രഖ്യാപനങ്ങളൊന്നും പൂര്‍ത്തിയാക്കാനുള്ള സഹായം ഈ ബജറ്റിലും ഇല്ല. യുഡിഎഫ് നേതാക്കളും ജില്ലയില്‍നിന്നുള്ള മന്ത്രിയും വ്യക്തിനിഷ്ഠ താല്‍പര്യങ്ങള്‍ക്കു മാത്രമാണ് മുന്‍തൂക്കം നല്‍കിയത്.
പ്രവാസികള്‍ ഏറെയുള്ള, വിദേശപണം ഏറെ എത്തുന്ന ജില്ലയില്‍ അവരുടെകൂടി പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ ആവിഷ്കരിക്കാനായില്ല. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പ്രവാസി നോര്‍ക്ക പദ്ധതി പാഴ്വാക്കായി. കോന്നി ഫുഡ് പാര്‍ക്ക്, ഡ്രഗ് ടെസ്റ്റിങ് ലാബ് എന്നിവയും കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങളായിരുന്നു. അടൂര്‍ എക്സൈസ് ഓഫീസിന് പുതിയ കെട്ടിടം പണിയുമെന്ന പ്രഖ്യാപനവും കടലാസിലൊതുങ്ങി. കര്‍ഷകരുടെ രക്ഷകരെന്ന്സ്വയം പ്രഖ്യാപിക്കുന്ന കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കൂടിയായ ധനകാര്യമന്ത്രി കെ എം മാണിയ്ക്ക് അപ്പര്‍കുട്ടനാടന്‍ മേഖലയിലെ കര്‍ഷകരെ സഹായിക്കാനുള്ള പുതിയ പദ്ധതികളില്ല. ചിറ്റാറില്‍ ട്രഷറി സ്ഥാപിക്കുമെന്ന പ്രഖ്യാപനവും എങ്ങുമെത്തിയില്ല. പുളിക്കീഴ് പൊലീസ് സ്റ്റേഷന്‍ കെട്ടിട നിര്‍മാണപദ്ധതിക്കും തുക ഇല്ല. ജില്ലയിലെ പ്രധാന റോഡുകളിലൊന്നായ തിരുവല്ല- കുമ്പഴ റോഡ് വീതികൂട്ടി നവീകരിക്കാന്‍ പ്രത്യേക പാക്കേജുകളില്ല.
അവഗണനയുടെ രണ്ടാം ബജറ്റ്
ആലപ്പുഴ: നിരന്തരം കടലാക്രമണം നേരിടുന്ന തീരദേശ വാസികളെ രക്ഷിക്കാന്‍ കടല്‍ഭിത്തിക്കും പുലിമുട്ടിനുമായി ബജറ്റില്‍ ഒരു രൂപ പോലും ഇല്ല. കൊയ്ത്തു യന്ത്രങ്ങളുടെ ദൗര്‍ലഭ്യം മൂലം കഷ്ടത്തിലായ കുട്ടനാടന്‍ കര്‍ഷകരെ രക്ഷിക്കാന്‍ കൂടുതല്‍ കൊയ്ത്തുയന്ത്രം വാങ്ങാനും പണമില്ല. രണ്ടു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച ആലപ്പുഴയിലെ കനാല്‍ നവീകരണം ആവര്‍ത്തിക്കുക മാത്രമാണ് ഇക്കുറിയും. പൊതുമേഖലാ സ്ഥാപനങ്ങളെ കുറിച്ച് മിണ്ടാട്ടമില്ല. കെ എം മാണിയുടെ രണ്ടാം ബജറ്റും ആലപ്പുഴ ജില്ലയെ പൂര്‍ണമായി അവഗണിച്ചു. മത്സ്യത്തൊഴിലാളി പെന്‍ഷന്‍ കൂട്ടാതിരുന്നതും ഏറ്റവും കൂടുതല്‍ ബാധിക്കുക ആലപ്പുഴ ജില്ലയെയാണ്. കഴിഞ്ഞ ബജറ്റില്‍ നിന്ന് വ്യത്യസ്തമായി ആലപ്പുഴയുടെ പേര് ഒമ്പതോ പത്തോ സ്ഥലങ്ങളില്‍ പറയുന്നുണ്ട്. എന്നാല്‍ അതെല്ലാം പ്രഖ്യാപനങ്ങളിലും പരാമള്‍ശങ്ങളിലും ഒതുങ്ങി. ജില്ല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ക്രിയത്മക നിര്‍ദേശമൊന്നും നല്‍കാത്ത ബജറ്റ് കുട്ടനാട് പാക്കേജ് പൂര്‍ത്തീകരിക്കാന്‍ വേണ്ട കരുതലോ ജാഗ്രതയോ കാട്ടുന്നില്ല. അതേസമയം കുട്ടനാടന്‍ കര്‍ഷകര്‍ക് സഹായകരമാകുമായിരുന്ന റിവോള്‍വിങ് ഫണ്ട് അടുത്തവര്‍ഷത്തേയ്ക്ക് മാറ്റിവെക്കുകയും ചെയ്തു.
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് മണ്ഡലത്തെ കൂടി അവഗണനയുടെ കൂട്ടത്തില്‍ പെടുത്തിയതാണ് ഈ ബജറ്റിന്റെ സവിശേഷത. ഹൗസ്ബോട്ട് ഉടമകള്‍ക്ക് ഇളവുകള്‍ അനുവദിച്ചിവെങ്കിലും ടൂറിസം വികസനത്തിന് ഒരു പദ്ധതിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഹൗസ്ബോട്ടുകള്‍ക്ക് പ്രത്യേക ടെര്‍മിനലുകള്‍ നിര്‍മിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ബജറ്റില്‍ ഉള്‍പ്പെടുത്തിയില്ല. ഹൗസ്ബോട്ട് മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനുള്ള പ്ലാന്റിനെകുറിച്ചും ബജറ്റ് മൗനംപാലിക്കുന്നു. ആലപ്പുഴയിലെ പൊതുമേഖലാസ്ഥാപനങ്ങളാണ് തീര്‍ത്തും അവഗണിക്കപ്പെട്ട മറ്റൊരു മേഖല. കെഎസ്ഡിപി, ഓട്ടോകാസ്റ്റ്, സ്പിന്നിങ്മില്‍, സ്റ്റീല്‍, അരൂര്‍ കെല്‍ട്രോണ്‍ എന്നിവ പുനരുദ്ധരിക്കാനും വികസിപ്പിക്കാനും ഒരു രൂപ പോലും കൂടുതല്‍ വകയിരുത്തിയിട്ടില്ല.
ആലപ്പുഴ ബൈപ്പാസിന് വേണ്ടി 25 കോടി ഉള്‍കൊള്ളിച്ചതാണ് ആലപ്പുഴയ്ക്ക് വേണ്ടിയുള്ള വലിയ നേട്ടമായി പറയുന്നത്. 311 കോടി രൂപ വേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്ന ബൈപ്പാസിന്റെ 50 ശതമാനം കേരളം വഹിക്കണമെന്നാണ് കേന്ദ്ര നിബന്ധന. അതായത് 155 കോടിവേണ്ടിടത്താണ് 25 കോടി മാത്രം വകയിരുത്തിയത്. മങ്കൊമ്പിനെ എസി റോഡുമായി ബന്ധിപ്പിക്കുന്ന പാലത്തിന് 5 കോടി വകയിരുത്തിയിട്ടുണ്ട്. അതേസമയം ജില്ലയിലെ ജനങ്ങളാകെ എതിര്‍ത്തിരുന്ന സി പ്ലെയിന്‍ പദ്ധതിക്കും തീരദേശ കപ്പല്‍പാതയ്ക്കും കോടികള്‍ നീക്കിവെക്കുകയും ചെയ്തു. ഉള്‍നാടന്‍ ജലാശയങ്ങളില്‍ തടയണ നിര്‍മിക്കാനുള്ള നീക്കവും ജില്ലയിലെ മത്സ്യത്തൊഴിലാളികളെ ബാധിക്കും.
മുല്ലപ്പെരിയാര്‍: അണക്കെട്ടിന് 50 കോടി; ബജറ്റ് പ്രഖ്യാപനം തട്ടിപ്പ്
കുമളി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ 50 കോടി നീക്കിവയ്ക്കുമെന്ന കെ എം മാണിയുടെ ബജറ്റ് പ്രഖ്യാപനം തട്ടിപ്പ്. കഴിഞ്ഞ ബജറ്റില്‍ സംരക്ഷണ അണക്കെട്ടിന് 50 കോടി അനുവദിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഒരു രൂപ പോലും ചെലവഴിച്ചില്ല. പുതിയ അണക്കെട്ടെന്ന ആവശ്യത്തെ അട്ടിമറിച്ച് തമിഴ്നാടിന് സഹായകരമായ തരത്തില്‍ സംരക്ഷണ അണക്കെട്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു കഴിഞ്ഞ ബജറ്റില്‍.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയ ദിനം മുതല്‍ മുല്ലപ്പെരിയാര്‍ കേസില്‍ സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിച്ചുവന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിന് നേടിയെടുത്ത അനുകൂല സാഹചര്യങ്ങള്‍ യുഡിഎഫ് അട്ടിമറിക്കുകയായിരുന്നു. ഇടുക്കി അണക്കെട്ടുമായി ബന്ധിപ്പിച്ച് ആറ് ഡിജിറ്റല്‍ ഭൂകമ്പമാപിനികള്‍ സ്ഥാപിക്കുമെന്ന 2011ലെ പ്രഖ്യാപനവും നടപ്പായില്ല. മുല്ലപ്പെരിയാര്‍ കേസ് നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കെ ഉമ്മന്‍ചാണ്ടി വന്നയുടന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറെ മാറ്റിയതും പുതിയ അണക്കെട്ടിന്റെ സമ്പൂര്‍ണ നിയന്ത്രണം കേരളം ആവശ്യപ്പെട്ടില്ലെന്ന മന്ത്രി തിരുവഞ്ചൂരിന്റെ പ്രസ്താവനയും മന്ത്രി പി ജെ ജോസഫിന്റെ നിലപാടും തുടരെ കേരളത്തിന് തിരിച്ചടിയാവുകയായിരുന്നു.
ബജറ്റ്: ജില്ലയ്ക്ക് നിരാശ
കൊച്ചി: പ്രധാന പദ്ധതികള്‍ പലതും സംസ്ഥാന ബജറ്റില്‍ അവഗണിക്കപ്പെട്ടപ്പോള്‍ ജില്ലയുടെ വികസന പ്രതീക്ഷകളില്‍ നിരാശ ബാക്കി. ജില്ലയുടെ സ്വപ്നപദ്ധതിയായ മെട്രോയ്ക്ക് തുച്ഛമായ തുകയാണ് വകയിരുത്തിയത്. വൈറ്റില മൊബിലിറ്റി ഹബ് മാതൃകയില്‍ മറ്റു ജില്ലകളിലും ഹബ്ബുകള്‍ ആരംഭിക്കുമെന്നു പ്രഖ്യാപിച്ച ബജറ്റില്‍ വൈറ്റില ഹബ്ബിന്റെ രണ്ടാംഘട്ട വികസനത്തിന് നയാപൈസയില്ല. ലോകമാകെ ശ്രദ്ധിച്ച മുസിരിസ് പൈതൃക സംരക്ഷണ പദ്ധതിയെക്കുറിച്ച് ബജറ്റ് വാചാലമാകുന്നുണ്ടെങ്കിലും അതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും പണമില്ല. സീ പോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് വികസനം, എമര്‍ജിങ് കേരളയില്‍ നിക്ഷേപകരില്ലാതെ മടക്കേണ്ടിവന്ന നിംസ്, പെട്രോകെമിക്കല്‍ കോംപ്ലക്സ് പദ്ധതി എന്നിവയും നടപ്പാക്കുമെന്ന് ബജറ്റില്‍ പറയുന്നു. വൈറ്റില ഹബ്ബിന്റെ 376 കോടി ചെലവുവരുന്ന രണ്ടാംഘട്ട വികസനത്തിന് കഴിഞ്ഞ ബജറ്റില്‍ അഞ്ചുകോടി രൂപ നീക്കിവച്ചിരുന്നു. അത് ലഭിച്ചില്ല. മറ്റു പല തടസ്സങ്ങളിലും കുരുങ്ങിയതിനാല്‍ പോയവര്‍ഷം രണ്ടാംഘട്ട വികസനം തുടങ്ങാനുമായില്ല. എന്നാല്‍ തടസ്സങ്ങളെല്ലാം നീങ്ങി രണ്ടാംഘട്ട നിര്‍മാണം തുടങ്ങാനുള്ള സാഹചര്യം ഒരുങ്ങിയപ്പോള്‍ ബജറ്റ്വിഹിതമില്ലാതായി.
150 കോടിയോളം ചെലവുള്ള മുസിരിസ് പൈതൃക സംരക്ഷണ പദ്ധതിയുടെ ഒന്നാംഘട്ടം മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ പകുതിയോളം തുക ചെലവഴിച്ച് പൂര്‍ത്തീകരിച്ചിരുന്നു. കേന്ദ്ര സഹകരണത്തോടെയുള്ള പദ്ധതിക്ക് 30 കോടിയോളമാണ് സംസ്ഥാനം ചെലവഴിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം സംസ്ഥാനവിഹിതമായി കഴിഞ്ഞ ബജറ്റില്‍ ഏഴുകോടി രൂപ നീക്കിവച്ചു. എന്നാല്‍ ഇക്കുറി ഒരുരൂപപോലും മാറ്റിവച്ചിട്ടില്ല. ജില്ലയിലെ അടിസ്ഥാനസൗകര്യ വികസനത്തിന് കാര്യമായ നീക്കിവയ്പും ബജറ്റിലില്ല. പ്രധാന റോഡുകളിലൊന്നായ സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ രണ്ടാംഘട്ടം പരീക്ഷണാടിസ്ഥാനത്തില്‍ കോണ്‍ക്രീറ്റില്‍ നിര്‍മിക്കുമെന്നായിരുന്നു കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം. അതു പാഴായി. നിലവിലെ റോഡ് നാലുവരിയാക്കാനും ശേഷിക്കുന്ന ഭാഗം നിര്‍മിക്കാനും 25 കോടി രൂപ നീക്കിവയ്ക്കുന്നതായി പുതിയ ബജറ്റ് പ്രഖ്യാപിക്കുന്നു.
എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷന്റെ വികസനത്തിന് 10 കോടി വകയിരുത്തിയിട്ടുണ്ട്. പൊതുമരാമത്തു വകുപ്പിന് കീഴില്‍ കൊച്ചിക്കുവേണ്ടി പ്രഖ്യാപിച്ച അടിസ്ഥാനസൗകര്യ വികസനപദ്ധതി ഇതുമാത്രമാണ്. ബസ്, റെയില്‍ മാര്‍ഗങ്ങളുമായി യോജിപ്പിച്ച് ജലഗതാഗത സംവിധാനം വികസിപ്പിക്കുന്ന പദ്ധതിയില്‍ ജില്ലയെ ഉള്‍പ്പെടുത്തിയിട്ടില്ല. പുതിയ ടൂറിസംപദ്ധതികളില്‍ ജില്ലയിലെ കാലടി-മലയാറ്റൂര്‍-അതിരപ്പള്ളി ടൂറിസം സര്‍ക്യൂട്ടിന്റെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുമെന്ന പ്രഖ്യാപനം മാത്രമാണുള്ളത്. കഴിഞ്ഞ ബജറ്റില്‍ ഇന്‍ഫോപാര്‍ക്കിനു മാത്രമായി 42 കോടി നീക്കിവച്ചിരുന്നു. എന്നാല്‍, ഇക്കുറി ഇന്‍ഫോപാര്‍ക്ക്, ടെക്നോപാര്‍ക്ക്, കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നിവയ്ക്കെല്ലാംകൂടി നീക്കിവച്ചത് 125 കോടി മാത്രം. ആമ്പല്ലൂര്‍ ഇലക്ട്രോണിക് പാര്‍ക്കിനെക്കുറിച്ച് ബജറ്റില്‍ മിണ്ടാട്ടമില്ല. എമര്‍ജിങ് കേരളയില്‍ അവതരിപ്പിച്ച് വിമര്‍ശം ഏറ്റുവാങ്ങിയ കൊച്ചി-പാലക്കാട് വ്യവസായ കോറിഡോര്‍ പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്. പുതുവൈപ്പില്‍ പെട്രോനെറ്റുമായി ചേര്‍ന്ന് സ്ഥാപിക്കുന്ന 1200 മെഗാവാട്ട് വൈദ്യുതിനിലയം, ബ്രഹ്മപുരത്തെ എല്‍എന്‍ജി പ്ലാന്റ്, പെറ്റ്കോക്ക് ഉപയോഗിച്ചുള്ള പ്ലാന്റ് എന്നിവ സ്ഥാപിക്കുമെന്ന് അവകാശപ്പെടുന്ന ബജറ്റ് നാമമാത്ര തുകയും നീക്കിവച്ചിട്ടുണ്ട്.
മെട്രോ ഇഴഞ്ഞുതന്നെ
കൊച്ചി: ഈ വര്‍ഷം നിര്‍മാണം തുടങ്ങുമെന്നു പ്രഖ്യാപിച്ച മെട്രോ റെയില്‍ പദ്ധതിക്കുള്ള പണം സംസ്ഥാന ബജറ്റില്‍ പ്രത്യേകം വകയിരുത്താത്തതും നിര്‍ദിഷ്ട ഇടപ്പള്ളി ഫ്ളൈഓവറിനെക്കുറിച്ച് മൗനംപാലിക്കുന്നതും കൊച്ചിയുടെ പ്രതീക്ഷ കെടുത്തുന്നു. മൂന്നരവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന മെട്രോ റെയിലിന്റെ നിര്‍മാണം അടുത്തമാസം തുടങ്ങാനിരിക്കുകയാണ്. ഇടപ്പള്ളിയിലെ ബൈപാസിലെ ഫ്ളൈഓവര്‍ നിര്‍മാണവും ഇതോടൊപ്പം ആരംഭിച്ചാല്‍ മാത്രമെ മെട്രോ നിശ്ചിതസമയത്ത് പൂര്‍ത്തിയാക്കാനാകൂ. കഴിഞ്ഞവര്‍ഷത്തെ ബജറ്റില്‍ മെട്രോ നിര്‍മാണത്തിന് 150 കോടി രൂപ വകയിരുത്തിയിരുന്നു. അതില്‍ 119 കോടി മാത്രമാണ് സര്‍ക്കാര്‍ നല്‍കിയത്. ഏതാനും ദിവസംമുമ്പ് അവതരിപ്പിച്ച കേന്ദ്ര ബജറ്റിലും മെട്രോയ്ക്ക് ആവശ്യപ്പെട്ട അത്രയും തുക വകയിരുത്തിയില്ല. ഈ വര്‍ഷം മെട്രോനിര്‍മാണം ആരംഭിക്കുന്നതിനാല്‍ 294 കോടി രൂപയെങ്കിലും കേന്ദ്ര ഓഹരിവിഹിതമായി ബജറ്റില്‍ വകയിരുത്തണമെന്ന് കെഎംആര്‍എല്‍ ആവശ്യപ്പെട്ടിരുന്നു. കിട്ടിയതാകട്ടെ 130 കോടി രൂപ മാത്രം.
മന്ത്രി കെ എം മാണി വെള്ളിയാഴ്ച അവതരിപ്പിച്ച ബജറ്റില്‍ കൊച്ചി മെട്രോയ്ക്ക് നീക്കിവയ്ക്കുന്ന തുക എത്രയെന്ന് പറയുന്നില്ല. പകരം ഏഴ് വന്‍കിട പദ്ധതികള്‍ ഒന്നിച്ചുപറഞ്ഞ് അതിന് 846 കോടി വകയിരുത്തുന്നു എന്ന വിധത്തിലായിരുന്നു പ്രഖ്യാപനം. മെട്രോനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കുന്ന ഘട്ടത്തില്‍ ടെന്‍ഡര്‍ ചെലവുകള്‍ക്കുപോലും ആവശ്യമായ തുക കേന്ദ്രം അനുവദിച്ചിട്ടില്ല. അത് സംസ്ഥാനത്തിന്റെ ബാധ്യത വര്‍ധിപ്പിച്ചു. ആദ്യഘട്ടത്തില്‍ വേണ്ട സ്ഥലം ഏറ്റെടുക്കലിനും മറ്റും വന്‍ തുക കണ്ടെത്തേണ്ട ബാധ്യത സംസ്ഥാനത്തിനാണ്. ജപ്പാന്‍വായ്പ കിട്ടാന്‍ രണ്ടുവര്‍ഷം താമസമുണ്ടാകുമെന്നതിനാല്‍ അതുവരെയുള്ള നിര്‍മാണച്ചെലവിനും സംസ്ഥാനം പണം കണ്ടെത്തേണ്ടിവരും. 846 കോടി മെട്രോയ്ക്കു മാത്രം അനുവദിച്ചാല്‍പോലും മതിയാകാതിരിക്കെയാണ് ഏഴു പദ്ധതികള്‍ക്കുംകൂടി ഈ തുക ബജറ്റില്‍ വച്ചിരിക്കുന്നത്. ഇടപ്പള്ളി ഫ്ളൈഓവര്‍ നിര്‍മിക്കേണ്ടത് ദേശീയപാത അതോറിറ്റിയാണെങ്കിലും സ്ഥലം ഏറ്റെടുക്കാനും പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാനമാണ് പണം ചെലവഴിക്കേണ്ടത്. ഇതേക്കുറിച്ച് ബജറ്റില്‍ ഒന്നും പറയുന്നില്ല.
മാണി ഇക്കുറിയും തൃശൂരിനെ കണ്ടില്ല
തൃശൂര്‍: കെ എം മാണിയുടെ മൂന്നാം ബജറ്റും തൃശൂരിനോട് കനിഞ്ഞില്ല. വ്യാവസായിക, തൊഴില്‍, വിദ്യാഭ്യാസ, കാര്‍ഷിക മേഖലയില്‍ തുടരുന്ന വികസന മുരടിപ്പിന് പരിഹാരം കാണാനുള്ള പരിശ്രമം ബജറ്റിലില്ല. ട്രാഫിക് കുരുക്കില്‍ അകപ്പെട്ട തൃശൂര്‍ പട്ടണത്തിന്റെ വികസനത്തിനും ഒരു വര്‍ഷമായി തുടരുന്ന മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാനും ബജറ്റില്‍ നിര്‍ദേശങ്ങളില്ല. വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ കുടിവെള്ള വിതരണത്തിന് 25 കോടി രൂപ നീക്കിവയ്ക്കുന്നതായി പറഞ്ഞുവെങ്കിലും ഏതെല്ലാം മേഖലകളിലെന്ന് വ്യക്തമല്ല. പുതിയ കുടിവെള്ള പദ്ധതികളെ ക്കുറിച്ചും പറയുന്നില്ല. കാര്‍ഷിക കോംപ്ലക്സ് സ്ഥാപിക്കാന്‍ 10 കോടി രൂപ അനുവദിച്ചതായി പ്രഖ്യാപനമുണ്ട്. എന്നാല്‍ കോള്‍ വികസനം, നെല്ല് സംഭരണം, കാര്‍ഷിക സബ്സിഡി തുടങ്ങിയ സുപ്രധാന കാര്യങ്ങളെല്ലാം അവഗണിച്ചു. ഭവനനിര്‍മാണമേഖലയേയും പൂര്‍ണമായി അവഗണിച്ചു. റോഡ്, പാലം ഉള്‍പ്പെടെ പശ്ചാത്തല വികസനത്തിന് കാര്യമായി നീക്കിയിരുപ്പില്ല. പുത്തൂരില്‍ മൃഗശാലക്ക് പുതിയതൊന്നും അനുവദിച്ചിട്ടില്ല. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന പുഴയ്ക്കല്‍പ്പാടത്തെ ബസ്റ്റാന്‍ഡ് അടക്കമുള്ള മൊബിലിറ്റി ഹബ്, ചെറിയ വിമാനങ്ങള്‍ക്കും ഹെലികോപ്റ്റര്‍ എന്നിവ ഇറങ്ങാനുള്ള എയര്‍സ്ട്രിപ്പുകള്‍, തൃശൂരില്‍ 100 സിറ്റി ബസ്സുകള്‍ എന്നിവ ഇപ്പോള്‍ എവിടെപ്പോയെന്നുപോലും അറിയില്ല.
മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോളജി, തീപ്പൊള്ളല്‍ ചികിത്സാ യൂണിറ്റുകള്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇവ രണ്ടും നിലവിലുള്ളതാണ്. ഇപ്പോള്‍ ഇരുയൂണിറ്റുകളിലും ആവശ്യത്തിന് ഡോക്ടര്‍മാരും മറ്റു സംവിധാനങ്ങളുമില്ല. ജല്ലാ ആശുപത്രിയെ ജനറല്‍ ആശുപത്രിയാക്കുമെന്ന വാഗ്ദാനവും വിസ്മരിച്ചു. വലപ്പാട് കുഞ്ഞുണ്ണി മാസ്റ്റര്‍ സ്മാരകത്തിന് 10 ലക്ഷം രൂപ അനുവദിച്ചപ്പോള്‍ അഴീക്കോട് സ്മാരകത്തിന് സഹായമില്ല. ചാലക്കുടിയില്‍ 35 കോടിയുടെ മാംസസംസ്കരണ യൂണിറ്റ്, വിയ്യൂര്‍ ജയിലില്‍ ജലസംഭരണി, ഫയര്‍ഫോഴ്സ് അക്കാദമിക്ക് സഹായം, അഴീക്കോട് മുനമ്പം പാലം നിര്‍മാണത്തിന് 200 കോടി, കേരളസാഹിത്യ അക്കാദമിക്ക് രണ്ടുകോടി, സംഗീതനാടക അക്കാദമിക്ക് രണ്ടു കോടി, ലളിതകലാ അക്കാദമിക്ക് 1.7 കോടി കടവല്ലൂര്‍ അന്യോന്യത്തിന് രണ്ടു ലക്ഷം, തൃശൂര്‍ പ്രസ് ക്ലബ് നവീകരണത്തിന് 15 ലക്ഷം തുടങ്ങിയവയാണ് യുഡിഎഫിന്റെ പുതിയ ബജറ്റ് വാഗ്ദാനങ്ങള്‍.
സംസ്ഥാന ബജറ്റ് കടുത്ത അവഗണന
പാലക്കാട്: കേന്ദ്ര ബജറ്റുകളിലെന്നപോലെ സംസ്ഥാന ബജറ്റിലും ജില്ലയ്ക്ക് കടുത്ത അവഗണന. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഏതാനും പദ്ധതികള്‍ പ്രഖ്യാപിച്ചതല്ലാതെ ദുരിതം അനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ പാക്കേജോ വരള്‍ച്ചയെ നേരിടാന്‍ പദ്ധതികളോ ബജറ്റില്‍ ഇല്ല. സംസ്ഥാനത്തെ രണ്ടാമത്തെ വ്യവസായ മേഖലയായ കഞ്ചിക്കോടിനെ പാടെ അവഗണിച്ചുവെന്ന് മാത്രമല്ല, വൈദ്യുതി ചാര്‍ജ്ജിലൂടെ വ്യവസായങ്ങള്‍ക്ക് അധികബാധ്യത അടിച്ചേല്‍പ്പിക്കുകയും ചെയ്തു. ജില്ലയിലെ ജനങ്ങള്‍ പ്രതീക്ഷിച്ച ഒരു പദ്ധതിയും ബജറ്റില്‍ ഇടംകണ്ടില്ല. പാലക്കാട് മെഡിക്കല്‍ കോളേജിന് ശിലയിടുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ വാഗ്ദാനങ്ങളൊന്നും ബജറ്റിലില്ല. മെഡിക്കല്‍ കോളേജിന് ആവശ്യമായ തുക ബജറ്റിലെവിടെയും വകയിരുത്തിയിട്ടുമില്ല. പട്ടികജാതിവകുപ്പിന്റെ വിദ്യാഭ്യാസഫണ്ടില്‍നിന്നുവേണം ഇതിന് ആവശ്യമായ തുക കൈയിട്ടുവാരാന്‍. എല്‍ഡിഎഫിന്റെ ഭരണകാലത്ത് കണ്ണാടിയില്‍ ആരംഭിച്ച വൈദ്യുതിമീറ്റര്‍ കമ്പനി പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടിയുണ്ടാവുമെന്നു കരുതിയെങ്കിലും മിണ്ടുന്നില്ല. ജനങ്ങളുടെ ചിരകാലാഭിലാഷമായ പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് ഒരു പൈസപോലും നീക്കിവച്ചില്ല. വിനോദസഞ്ചരമേഖലയില്‍ ഒരു പദ്ധതിയുമില്ല. കുടിവെള്ളപദ്ധതികളോ ഡാമുകളുടെ നവീകരണമോ ഇല്ല. പരമ്പരാഗത വ്യവസായത്തെ കാണാന്‍പോലും മന്ത്രി തയ്യാറായില്ല.
കഞ്ചിക്കോട് കാറ്റാടിപ്പാടം എന്ന വൈദ്യുതപദ്ധതി പ്രഖ്യപിച്ചിട്ടുണ്ടെങ്കിലും രണ്ട് മെഗാവാട്ടാണ് അതില്‍നിന്ന് ലഭിക്കുക. ജില്ലാ ആശുപത്രികളില്‍ ക്യാന്‍സര്‍ചികിത്സാപദ്ധതി പ്രഖ്യാപിച്ചപ്പോള്‍ പാലക്കാടിനെ അതില്‍നിന്നും ഒഴിവാക്കി. "കിന്‍ഫ്ര"യുടെ ആഭിമുഖ്യത്തില്‍ കഞ്ചിക്കോട് തുണിവ്യവസായശാല തുടങ്ങുമെന്നാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയ പ്രധാനപദ്ധതി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഇന്റര്‍ഗ്രേറ്റഡ് ടെക്സ്റ്റൈല്‍ പാര്‍ക്കാണ് പുതിയ രൂപത്തില്‍ ഇടംപിടിച്ചത്. ഒറ്റപ്പാലത്ത് വ്യവസായപാര്‍ക്ക് തുടങ്ങുമെന്നാണ് മറ്റൊരു വാഗ്ദാനം. കഴിഞ്ഞ ബജറ്റില്‍ ഒറ്റപ്പാലത്ത് പ്രഖ്യാപിച്ച ഫിലിംസിറ്റി എവിടെയെന്ന് മന്ത്രി പറയുന്നില്ല. പട്ടാമ്പി താലൂക്ക് പ്രഖ്യാപിക്കുമെന്നു കരുതിയെങ്കിലും അതും ഉണ്ടായില്ല.
ഗ്രാമീണമേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ഫണ്ട് 23.5 ശതമാനമായി കുറച്ചത് ഗുരുതരമായി ബാധിക്കുക ജില്ലയിലെ കാര്‍ഷികമേഖലയെയാണ്. എട്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്ത ജില്ലയാണ് പാലക്കാട്. എന്നിട്ടുപോലും കടബാധ്യതയില്‍ വീര്‍പ്പു മുട്ടുന്ന കര്‍ഷകരെ രക്ഷിക്കാന്‍ നടപടിയില്ല. ഒരുഹെക്ടറിനു താഴെയുള്ള ചെറുകിട കര്‍ഷകന്റെ പലിശ വായ്പാത്തുക മുഴുവന്‍ ഒറ്റത്തവണയായി അടച്ചാല്‍ ഒഴിവാക്കുമെന്നാണ് ഒരു വാഗ്ദാനം. കൃഷി പാടെ നശിച്ച എത്ര കര്‍ഷകര്‍ക്ക് തുക അടയ്ക്കാന്‍ കഴിയും. മറ്റൊരു വാഗ്ദാനം ഒരു ഹെക്ടറില്‍താഴെ ഭൂമിയുള്ള കര്‍ഷകന് പലിശരഹിത വായ്പയാണ്. അതിനായി നീക്കിവച്ച തുകയാവാട്ടെ, സംസ്ഥാനത്താകെ മുപ്പതുകോടിയും. റിസ്ക് ഇന്‍ഷുറന്‍സ് പദ്ധതി വിപുലീകരിക്കുമെന്നതുമാത്രമാണ് അല്‍പ്പമെങ്കിലും കൃഷിക്കാരന് ആശ്വസം പകരുന്നത്. നെല്ല്സംഭരണവില 21രൂപയെങ്കിലും ആക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. എന്നാല്‍, അത് സംബന്ധിച്ച് ബജറ്റില്‍ പറയുന്നേയില്ല. പകരം സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ അരിമില്ല് സ്ഥാപിക്കുമെന്നാണ് പറയുന്നത്. മൂന്ന് ജില്ലകളിലായി ഇതിനുവേണ്ടി 14കോടിരൂപയാണ് നീക്കിവച്ചത്.
കര്‍ഷകമാര്‍ക്കറ്റിന് 14 ജില്ലകളിലേക്ക് 25കോടി രൂപയാണ് നീക്കിവച്ചത്. അതിലൊന്ന് പാലക്കാട് ലഭിച്ചാലായി. 10 ജില്ലകളില്‍ നീര യൂണിറ്റ് തുടങ്ങാന്‍ 15കോടി രൂപ നീക്കിവച്ചിട്ടുണ്ട്. എന്നാല്‍, പൊതുവായ പദ്ധതികളില്‍ മുന്‍വര്‍ഷം പ്രഖ്യാപിച്ച ഒരുപദ്ധതിപോലും ഇതുവരെ ജില്ലയില്‍ വന്നിട്ടില്ല. അതില്‍ ചിലത് വീണ്ടും ബജറ്റില്‍ ഇടംപിടിച്ചു. റൈസ്ബയോപാര്‍ക്ക് അതിലൊന്നാണ്. കര്‍ഷക-കര്‍ഷകത്തൊഴിലാളിപെന്‍ഷന്‍ 1,000രൂപയാക്കുമെന്ന് പ്രകടനപത്രികയില്‍ യുഡിഎഫ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, വര്‍ധിപ്പിച്ചതാകട്ടെ 100 രൂപയും.
നെല്ല് സംഭരണവില ഉയര്‍ത്തിയില്ല ജില്ലയിലെ കൃഷിനാശം; ബജറ്റില്‍ പ്രത്യേക പദ്ധതിയില്ല
പാലക്കാട്: വരള്‍ച്ചയെത്തുടര്‍ന്ന് വ്യാപകമായി കൃഷിനാശം സംഭവിച്ച "കേരളത്തിന്റെ നെല്ലറ"യെ സംരക്ഷിക്കാന്‍ സംസ്ഥാന ബജറ്റില്‍ പ്രത്യേക പാക്കേജില്ല. പ്രതിസന്ധിയിലായ പാലക്കാട്ടെ കര്‍ഷകരുടെ പ്രതീക്ഷയ്ക്ക് ഇതോടെ മങ്ങലേറ്റു. സംസ്ഥാനത്താകെ നെല്ലുല്‍പ്പാദനം കുത്തനെ കുറഞ്ഞ സാഹചര്യത്തില്‍ പ്രത്യേക പദ്ധതിയില്ലാത്തത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. മാത്രമല്ല, നെല്ല്സംഭരണത്തിന്റെ താങ്ങുവില ഉയര്‍ത്താത്തതും പാലക്കാട്ടെ നെല്‍കര്‍ഷകരില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ജില്ലയില്‍ പതിനായിരം ഏക്കറോളം കൃഷിയാണ് നശിച്ചത്. 68.23 കോടിരൂപയുടെ നഷ്ടമുണ്ടായതായി ഔദ്യോഗിക കണക്ക് സൂചിപ്പിക്കുന്നു. യഥാര്‍ഥനഷ്ടം ഇതിലും എത്രയോ കൂടുതലാണ്. അണക്കെട്ടിലെ ജലത്തെ ആശ്രയിച്ച് ചെയ്ത രണ്ടാംവിള നെല്‍കൃഷിയെയാണ് വരള്‍ച്ച അതിരൂക്ഷമായി ബാധിച്ചത്. താങ്ങുവില കുറഞ്ഞതിനാല്‍ കര്‍ഷകര്‍ സപ്ലൈകോയ്ക്ക് നെല്ല് നല്‍കുന്നില്ലെന്ന ആക്ഷേപവും നിലനില്‍ക്കുകയാണ്. ജ്യോതി ഉള്‍പ്പെടെയുള്ള മട്ടയരിയുടെ വിവിധയിനം നെല്ല് അധികവിലയ്ക്കാണ് സ്വകാര്യമില്ലുകള്‍ സംഭരിക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച 17രൂപ താങ്ങുവിലയ്ക്ക് സപ്ലൈകോ നെല്ല് സംഭരിക്കുമ്പോള്‍ 19-25രൂപ നല്‍കിയാണ് മില്ലുകള്‍ നെല്ലെടുക്കുന്നത്. ഇതോടെ സപ്ലൈകോ വഴിയുള്ള നെല്ല്സംഭരണത്തില്‍ വന്‍ കുറവ് വന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സപ്ലൈകോയുടെ നെല്ല്സംഭരണം 60ശതമാനത്തിലേറെ കുറയുമെന്നാണ് വിലയിരുത്തുന്നത്. ഉല്‍പ്പാദനച്ചെലവ് വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ ബജറ്റില്‍ സംഭരണവില ഉയര്‍ത്തുമെന്ന് കര്‍ഷകര്‍ പ്രതീക്ഷിച്ചിരുന്നു.
നൂതന പദ്ധതികളില്ല; ആവര്‍ത്തനം ആവോളം
മലപ്പുറം: അഞ്ച് മന്ത്രിമാരുണ്ടായിട്ടും ജില്ലയ്ക്ക് രക്ഷയില്ല. ബജറ്റില്‍ പുതിയ പദ്ധതികളൊന്നുമില്ല. മലപ്പുറത്തിന്റെ വികസനത്തിന് വേഗം നല്‍കുന്ന നൂതന സംരംഭങ്ങളോ പ്രഖ്യാപനങ്ങളോ അന്യം. കഴിഞ്ഞ ബജറ്റിന്റെ ആവര്‍ത്തനങ്ങളാണ് ഏറെയും. ജില്ലയുടെ പ്രധാന ആവശ്യങ്ങളായ കരിപ്പൂര്‍ വിമാനത്താവളത്തെയും മഞ്ചേരി മെഡിക്കല്‍കോളേജിനെയും പൂര്‍ണമായും തഴഞ്ഞു. മലപ്പുറത്തിന്റെ അഭിമാന പദ്ധതിയായ കെഎസ്ആര്‍ടിസി ടെര്‍മിനല്‍ യാഥാര്‍ഥ്യമാകില്ലെന്ന് ഉറപ്പായി. കോണ്‍ഗ്രസ് മന്ത്രിമണ്ഡലമായ നിലമ്പൂര്‍, വണ്ടൂര്‍ എന്നിവയെ പൂര്‍ണമായി തഴഞ്ഞു. പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിനിധീകരിക്കുന്ന പൊന്നാനി, തവനൂര്‍ എന്നിവയെയും അവഗണിച്ചു. കഴിഞ്ഞതവണ പ്രഖ്യാപിച്ച വേങ്ങരയിലെ സര്‍ക്കാര്‍ കോളേജിനെക്കുറിച്ച് ബജറ്റില്‍ ഒരു വരിപോലുമില്ല. കാലാകാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന താനൂര്‍ കോളേജ് വീണ്ടും ഇടംപിടിച്ചു. മമ്പുറം പാലം, തിരൂരങ്ങാടി ഹജൂര്‍കച്ചേരി മ്യൂസിയം, തിരൂരങ്ങാടി എല്‍ബിഎസ് സെന്റര്‍ തുടങ്ങിയവയും പുനര്‍ജനിച്ച പ്രഖ്യാപനങ്ങളാണ്. വിദ്യാഭ്യാസമേഖലയിലാണ് മലപ്പുറത്തിന് കൂടുതല്‍ വാഗ്ദാനങ്ങളുള്ളത്. കലിക്കറ്റ് സര്‍വകലാശാലയില്‍ ഫിനാന്‍ഷ്യല്‍ ഇക്കണോമിക്സ്, ഫിനാന്‍ഷ്യല്‍ എന്‍ജിനിയറിങ് എന്നിവയില്‍ ലോകനിലവാരമുള്ള സെന്ററുകള്‍ സ്ഥാപിക്കുമെന്നാണ് പ്രഖ്യാപനം. അതോടൊപ്പം നേരത്തെ പ്രഖ്യാപിച്ച താനൂര്‍ കോളേജിന് സര്‍ക്കാരിന്റെതായി ഒന്നുമില്ല. എന്നാല്‍ യുജിസി ഫണ്ടും എംഎല്‍എയുടെ പ്രാദേശിക വികസനഫണ്ടും സര്‍ക്കാരിന്റെ സഹായവും സമന്വയിപ്പിച്ച് കോളേജ് സ്ഥാപിക്കുമെന്ന് പറയുന്നു.
കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച തിരൂരങ്ങാടി എല്‍ബിഎസ് സെന്ററിന് ഇക്കുറി 25കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇത്രയും പറഞ്ഞപ്പോഴും മന്ത്രിസഭയിലെ രണ്ടാമനായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലമായ വേങ്ങരയില്‍ പ്രഖ്യാപിച്ച കോളേജിനെക്കുറിച്ച് മിണ്ടാട്ടമില്ല. സര്‍ക്കാര്‍ കോളേജ് എയിഡഡ് മേഖലയിലേക്ക് മാറ്റാന്‍ നേരത്തെ ലീഗ് ശ്രമിച്ചിരുന്നു. തീര്‍ഥാടകകേന്ദ്രമായ മമ്പുറം മഖാമിലേക്കുള്ള വഴിയിലെ ഇടുങ്ങിയ പാലം മാറ്റാന്‍ അഞ്ചുകോടിരൂപ വകയിരുത്തിയിട്ടുണ്ട്. ഇതാവട്ടെ കഴിഞ്ഞ ബജറ്റില്‍ പാലം നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചതിന്റെ തുടര്‍ച്ചമാത്രവും. കരിപ്പൂരിലെ ഹജ്ജ്ഹൗസിനോട് ചേര്‍ന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക സൗകര്യമൊരുക്കാന്‍ ഒരുകോടിരൂപ വകയിരുത്തി. മോയിന്‍കുട്ടിവൈദ്യര്‍ സ്മാരക മാപ്പിളകലാ അക്കാദമിക്ക് സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റ് രണ്ട് ലക്ഷം മാത്രം. വണ്ടൂരിലെ പുലിക്കോട്ടില്‍ വൈദ്യര്‍ സ്മാരകത്തിന് 10ലക്ഷം രൂപ വകയിരുത്തി. തിരൂരങ്ങാടി ഹജൂര്‍ കച്ചേരി പൈതൃകമ്യൂസിയമായി സംരക്ഷിക്കാന്‍ 15ലക്ഷം അനുവദിച്ചിട്ടുണ്ട്. എക്സൈസ് എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ വയര്‍ലെസ് സംവിധാനം വ്യാപിപ്പിക്കുന്നതിലും വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനുള്ള നിംസ് പദ്ധതിയിലും മലപ്പുറത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സഹകരണസംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള "ധാര" മഞ്ചേരിയില്‍ നടപ്പാക്കും. പരപ്പനങ്ങാടി തുറമുഖവും നീരായൂണിറ്റ് സ്ഥാപിക്കുന്നതില്‍ ജില്ലയെ ഉള്‍പ്പെടുത്തിയതുമാണ് മറ്റ് ബജറ്റ് പരാമര്‍ശങ്ങള്‍. പെരിന്തല്‍മണ്ണയില്‍ മലബാറിലെ ആദ്യ മൃഗശാല സ്ഥാപിക്കുമെന്ന് ബജറ്റില്‍ പറയുന്നു. ഇതിനായി കൊടികുത്തിമലയില്‍ പത്തേക്കര്‍ അനുവദിക്കുമെന്നും മന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു.
കായിക സ്വപ്നങ്ങള്‍ക്ക് തിരിച്ചടി
മലപ്പുറം: ബജറ്റില്‍ ജില്ലയുടെ കായികമേഖലയ്ക്ക് നിരാശ. ഫുട്ബോളിന്റെ ഈറ്റില്ലമായ മലപ്പുറത്തിന്റെ പ്രതീക്ഷയായിരുന്ന പയ്യനാട് ഫുട്ബോള്‍ അക്കാദമിയെയും കോട്ടപ്പടി മൈതാനത്തെയും അപ്പാടെ അവഗണിച്ചു. സംസ്ഥാനത്തെതന്നെ ഏറ്റവും ശ്രദ്ധേയമായ പദ്ധതിയായ പയ്യനാട് സ്പോര്‍ട്സ് കോംപ്ലക്സ് കം ഫുട്ബോള്‍ അക്കാദമിയെ തഴഞ്ഞത് കായികപ്രേമികള്‍ക്ക് താങ്ങാവുന്നതിലപ്പുറം. ഒന്നര വര്‍ഷംമുമ്പ് ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം നടക്കേണ്ടിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സഹായം വൈകുന്നതിനാല്‍ പ്രവൃത്തി സ്തംഭിച്ചു. ബജറ്റില്‍ സഹായം ലഭിച്ചാല്‍ പദ്ധതിക്ക് വീണ്ടും ജീവന്‍ വയ്ക്കുമെന്നായിരുനു പ്രതീക്ഷ. എന്നാല്‍ സ്പോര്‍ട്സ് കോംപ്ലക്സിന്റെ അപ്രോച്ച് റോഡുകളിലൊന്നിന് 97 ലക്ഷം രൂപ അനുവദിച്ചതല്ലാതെ മറ്റു പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല. മുമ്പ് പ്രഖ്യാപിച്ച തുകയും മുഴുവനായി നല്‍കിയിട്ടില്ല. 80 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബൃഹദ്പദ്ധതിയാണിത്.
ഫണ്ട് വകമാറ്റിയതുവഴി നിര്‍മാണം പാതിവഴിയിലായ കോട്ടപ്പടി മൈതാനത്തിനും ഇക്കുറി ബജറ്റില്‍ പണമില്ല. നാടിന്റെ വികാരമായ സ്റ്റേഡിയത്തിന്റെ പണി ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് മാസങ്ങള്‍ക്കുമുമ്പ് മന്ത്രിയുടെ പ്രഖ്യാപനമുണ്ടായെങ്കിലും ഇതില്‍ ആത്മാര്‍ഥതയുണ്ടായിരുന്നില്ലെന്നാണ് ബജറ്റ് തെളിയിക്കുന്നത്. സ്റ്റേഡിയത്തില്‍ പുല്ലുപിടിപ്പിക്കുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനകം സ്പോര്‍ട്സ് കൗണ്‍സില്‍ കരാറുകാരന് കടക്കാരനായി. ഒന്നാംഘട്ടമെങ്കിലും പൂര്‍ത്തിയാക്കാന്‍ നാലുകോടിയോളം രൂപവേണം. സര്‍ക്കാര്‍ ഇതുവരെ നല്‍കിയത് ഒന്നരക്കോടി മാത്രമാണ്.
കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് വകയിരുത്തലില്ല
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ബജറ്റില്‍ വകയിരുത്തലില്ല. ഇതോടെ തുടര്‍വികസനം നിലയ്ക്കുമെന്നുറപ്പായി. കഴിഞ്ഞ എല്‍ഡിഎഫ് ഗവണ്‍മെന്റ് ബജറ്റില്‍ വകയിരുത്തിയ തുക ഉപയോഗിച്ച് വികസനം സാധ്യമാക്കാന്‍പോലും യുഡിഎഫ് സര്‍ക്കാരിനായില്ല. വിമാനത്താവളത്തിന്റെ വികസനത്തിന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കി. ഭൂമിയേറ്റെടുക്കുന്നതിന്റെ പ്രാഥമിക ചെലവിലേക്കായി ഒരു കോടി രൂപ ബജറ്റില്‍ വകയിരുത്തുകയുംചെയ്തു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ വിമാനത്താവള വികസനത്തെ പിറകോട്ടടിപ്പിച്ചു. വിമാനത്താവളത്തിന് സമീപത്തായി തുടങ്ങിയ സ്ഥലമേറ്റെടുക്കല്‍ ഓഫീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. ഭൂമിയേറ്റെടുക്കുന്നതിന് ഈ ബജറ്റില്‍ തുക വകയിരുത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അതുണ്ടായില്ല. ഇതിനാല്‍ ഭൂമിയേറ്റെടുക്കല്‍ പൂര്‍ണമായും നിലയ്ക്കും. ഇതോടെ ടെര്‍മിനല്‍ വികസനം, റണ്‍വേയുടെ വ്യാപ്തി വര്‍ധിപ്പിക്കല്‍, ഏപ്രണിന്റെ വിസ്തൃതി കൂട്ടല്‍ തുടങ്ങിയ വികസനം സ്തംഭിക്കും.
പണമില്ല, മെഡിക്കല്‍ കോളേജ് വൈകും
മലപ്പുറം: ഇക്കൊല്ലം ക്ലാസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ച മഞ്ചേരി മെഡിക്കല്‍ കോളേജിന് ബജറ്റില്‍ അവഗണന. തുടര്‍ പ്രവൃത്തികളെ ഇത് ബാധിക്കും. സംസ്ഥാനത്ത് പുതിയ അഞ്ച് മെഡിക്കല്‍ കോളേജുകള്‍ക്ക് അഞ്ചുകോടി രൂപ മാത്രമാണ് കഴിഞ്ഞവര്‍ഷം അനുവദിച്ചത്. മഞ്ചേരിയിലടക്കം പ്രവൃത്തി ആരംഭിക്കുകയുംചെയ്തു. എന്നാല്‍ നിലവില്‍ നിര്‍മാണത്തിലിരിക്കുന്ന മെഡിക്കല്‍ കോളേജുകളുടെ പ്രവൃത്തി തുടരുമെന്നല്ലാതെ മറ്റൊന്നും ബജറ്റില്‍ പറയുന്നില്ല.
മെഡിക്കല്‍ കൗണ്‍സില്‍ അധികൃതര്‍ സന്ദര്‍ശിക്കാനിരിക്കെ ജനറല്‍ ആശുപത്രിയില്‍ നടന്നുവരുന്ന നവീകരണ പ്രവൃത്തികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കാത്തത് തിരിച്ചടിയായി. ആറേക്കര്‍ സ്ഥലം ഇനിയും ഏറ്റെടുക്കാനുണ്ട്. ഇതിനുമാത്രം ചുരുങ്ങിയത് 15 കോടി രൂപ വേണം. നിലവില്‍ മെഡിക്കല്‍ കോളേജുകള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്ന തുക തികച്ചും അപര്യാപ്തമാണ്. എന്നാല്‍ ബജറ്റില്‍ സഹായം പ്രഖ്യാപിക്കാത്തത് പ്രവൃത്തികളെ ബാധിക്കില്ലെന്ന് സര്‍ക്കാര്‍ സ്പെഷ്യല്‍ ഓഫീസര്‍ പി ജി ആര്‍ പിള്ള പറഞ്ഞു. ആവശ്യമായ തുക റവന്യു കണ്‍സോര്‍ഷ്യം ഫണ്ടില്‍നിന്ന് എടുക്കാമെന്നതിനാല്‍ മെഡിക്കല്‍ കോളേജിന്റെ പ്രവൃത്തി തുടരും. 21 കോടി രൂപയുടെ രണ്ടാം ഘട്ട പ്രവൃത്തിക്ക് ഭരണാനുമതിയായിട്ടുണ്ട്. ടെന്‍ഡര്‍ നടപടി നടന്നുവരുന്നു. മെഡിക്കല്‍ കോളേജിന്റെ വിവിധ ഡിപ്പാര്‍ട്മെന്റ് ഓഫീസുകള്‍, ഓഡിറ്റോറിയം, പരീക്ഷാഹാള്‍, ലാബുകള്‍ എന്നിവയുടെ നിര്‍മാണമടങ്ങുന്നതാണ് രണ്ടാം ഘട്ടം.
ഐടി, മറൈന്‍ പാര്‍ക്ക്, നിര്‍ദേശ്... പരാമര്‍ശംപോലുമില്ലാതെ ബജറ്റ്
കോഴിക്കോട്: ജില്ലയുടെ വിവിധ മേഖലകളുടെ വികസനത്തിനായി പദ്ധതികള്‍ നിര്‍ദേശിക്കപ്പെട്ടിരുന്നെങ്കിലും സംസ്ഥാന ബജറ്റില്‍ ഒന്നും പരിഗണിക്കപ്പെട്ടില്ല. വികസനക്കുതിപ്പിന് ഉതകുന്ന നിരവധി പദ്ധതികള്‍ എംഎല്‍എമാര്‍ സമര്‍പ്പിച്ചിരുന്നു. റോഡുകള്‍, പാലങ്ങള്‍, കാര്‍ഷിക പദ്ധതികള്‍, ഐടി, വ്യവസായം തുടങ്ങി എല്ലാ മേഖലകളിലും നിരാശമാത്രം. കോഴിക്കോട് മോണോറെയില്‍ പദ്ധതി അവഗണിച്ചു. ബേപ്പൂര്‍ തുറമുഖ വികസനത്തിന് മാത്രമായി പദ്ധതി ആവിഷ്കരിച്ച് തുക വകയിരുത്തിയില്ല. ബേപ്പൂര്‍ മറൈന്‍പാര്‍ക്ക് എന്ന ആവശ്യം പരിഗണിച്ചില്ല. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സൈബര്‍ പാര്‍ക്കിന്റെ നിര്‍മാണം വേഗത്തിലാക്കുന്ന പദ്ധതികളൊന്നും ബജറ്റിലില്ല. നഗരറോഡ് വികസനം, തൊണ്ടയാട്, മലാപ്പറമ്പ് ഫ്ളൈ ഓവര്‍ എന്നിവ പാടേ അവഗണിക്കപ്പെട്ടു. പുതിയ വ്യവസായ പദ്ധതികള്‍ പ്രഖ്യാപിച്ചില്ലെന്ന് മാത്രമല്ല നിലവിലുള്ള വ്യവസായങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങളും ഇല്ല. ചാലിയത്തെ യുദ്ധക്കപ്പല്‍ രൂപകല്‍പന-ഗവേഷണ കേന്ദ്രമായ നിര്‍ദേശ് പദ്ധതിയും അവഗണിച്ചു. കുറ്റ്യാടി നാളികേര വികസന ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിനായി ഒരുരൂപ പോലും വകയിരുത്തിയില്ല. സ്ഥലമെടുപ്പ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച പദ്ധതിയാണിത്.
തിരുവനന്തപുരം, കൊച്ചി എന്നിവയോടൊപ്പം കോഴിക്കോട്ടും ഫിഷ്മാള്‍ സ്ഥാപിക്കുമെന്ന് പറയുന്നുണ്ടെങ്കിലും എല്ലാത്തിനും കൂടി 10 കോടി രൂപയാണ് വകയിരുത്തിയത്. തന്റേടം ജന്‍ഡര്‍ പാര്‍ക്കിന് ആറുകോടി രൂപ വകയിരുത്തിയെങ്കിലും ഇത് കഴിഞ്ഞ ബജറ്റിലെ അതേ പ്രഖ്യാപനമാണ്. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം നടപ്പാക്കിയിരുന്നില്ല. മെഡിക്കല്‍ കോളേജില്‍ പ്രത്യേക പൊള്ളല്‍ ചികിത്സാ കേന്ദ്രങ്ങള്‍ സ്ഥാപിക്കും, മെഡിക്കല്‍ സിറ്റി നെറ്റ്വര്‍ക്കില്‍ കോഴിക്കോടിനെയും ഉള്‍പ്പെടുത്തും എന്നിവയാണ് ആരോഗ്യമേഖലയിലെ പ്രഖ്യാപനങ്ങള്‍. പൊള്ളല്‍ ചികിത്സാ യൂണിറ്റുകള്‍ തുടങ്ങാന്‍ അഞ്ചുകോടി രൂപ വകയിരുത്തിയതാണ് ഏക ആശ്വാസം. ജില്ലാ ആശുപത്രിയുടെ നവീകരണം, മെഡിക്കല്‍ കോളേജ് ആശുപത്രി വികസനം എന്നിവ പരാമര്‍ശിച്ചതുപോലുമില്ല. പുതിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും പ്രഖ്യാപിച്ചില്ല. താലൂക്ക് ആശുപത്രികളുടെ പുനരുദ്ധാരണത്തിനും പദ്ധതികളില്ല. കോഴിക്കോട്, ബേപ്പൂര്‍ തുറമുഖങ്ങളുടെ വികസനത്തിന് 6.75 കോടി, ബേപ്പൂരില്‍ മറൈന്‍ ആംബുലന്‍സ്, കായിക വിദ്യാഭ്യാസ കോളേജിന് ഒരു കോടി, വടകര മാഹി കനാലിന് കുറുകെ ആറ് പാലങ്ങളും 50 നടപ്പാലങ്ങളും പണിയുന്നതിന് അഞ്ച് കോടി, ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി ടണല്‍ വഴി വയനാട് ബദല്‍ റോഡ് നിര്‍മാണത്തിന് രണ്ട് കോടി, കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള ധാര പദ്ധതിയില്‍ വടകര താലൂക്കിനെ ഉള്‍പ്പെടുത്തി, കോഴിക്കോട്ട് നീര യൂണിറ്റ് എന്നിവയാണ് പ്രധാന പദ്ധതികള്‍.
വയനാടിന് അവഗണന മാത്രംകാര്‍ഷിക വായ്പയുടെ പലിശ എഴുതിത്തള്ളല്‍: അനുവദിച്ച തുക അപര്യാപ്തം
കല്‍പ്പറ്റ: ചെറുകിട കര്‍ഷകരുടെ വായ്പ എഴുതി തള്ളാന്‍ സര്‍കാര്‍ അനുവദിച്ച ബജറ്റില്‍ അനുവദിച്ച തുക ഒരു ജില്ലക്ക് പോലും അപര്യാപ്തം. ഒരു ഹെക്ടറില്‍ താഴെ ഭൂമിയുള്ള ചെറുകിട കര്‍ഷകര്‍ സഹകരണബാങ്കുകളില്‍ നിന്നെടുത്ത നബാര്‍ഡ് കാര്‍ഷിക വായ്പയുടെ മുതല്‍ അടച്ച് തീര്‍ത്താല്‍ പലിശ സര്‍കാര്‍ എഴുതി തള്ളുമെന്നതാണ് വലിയ നേട്ടമായി അവകാശപ്പെടുന്നത്. വായ്പ പലിശ എഴുതി തള്ളാന്‍ നീക്കിവെച്ചത് ആകെ 50 കോടി രൂപ മാത്രമാണ്. അതേ സമയം ജില്ലയില്‍ ആകെ 947 കോടി രൂപയാണ് കാര്‍ഷിക വായ്പ. ഇതിന്റെ പലിശ എഴുതി തള്ളാന്‍ വേണ്ടി മാത്രം ഏതാണ്ട് 50 കോടിയിലധികം രൂപ വേണം. എന്നിരിക്കേ സംസ്ഥാനത്താകെ 50 കോടി രൂപ മാത്രം അനുവദിച്ച് സര്‍കാര്‍ കര്‍ഷകരെ വഞ്ചിക്കുകയാണ്. മാത്രമല്ല വര്‍ഷങ്ങളായി ബാങ്കുകള്‍ കര്‍ഷകര്‍ക്ക് കാര്‍ഷിക വായ്പ വിതരണം ചെയ്യുന്നില്ല. വിവാഹം, വീട് നിര്‍മാണം തുടങ്ങിയവക്ക് മറ്റ് നിര്‍വാഹമില്ലാതെ കാര്‍ഷികേതര വായ്പയാണ് എടുക്കാറുള്ളത്. കര്‍ഷകരുടെ കടങ്ങള്‍ ഭൂരിഭാഗവും കാര്‍ഷികേതരം എന്ന ഗണത്തിലാണ് ഉള്‍പ്പെടുന്നത്. വയനാട്ടില്‍ മാത്രം കര്‍ഷകരെടുത്ത 2447 കോടി രൂപയും കാര്‍ഷികേതര വായ്പയാണ്.
ധനമന്ത്രി കെ എം മാണി നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ കാര്‍ഷിക മേഖലക്ക് മുന്‍ഗണന നല്‍കിയെന്നത് തട്ടിപ്പാണെന്നാണ് തെളിയുന്നത്.60357 കോടി രൂപയുടെ ബജറ്റില്‍ കാര്‍ഷികമേഖലക്ക് നീക്കിവെച്ചത് വെറും മൂന്ന് ശതമാനം വരുന്ന തുക മാത്രം. വരള്‍ച്ചയും കാലാവസ്ഥ വ്യതിയാനവും നേരിടാന്‍ യാതൊരു പദ്ധതികളും മുന്നോട്ട്വെക്കാതെ ബജറ്റ് ജില്ലയെ തീര്‍ത്തും തഴഞ്ഞു.മാത്രമല്ല കര്‍ഷകര്‍ ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നെടുത്ത വായ്പയുടെ പലിശ ഇളവ് ചെയ്യുന്നത് സംബന്ധിച്ച പരാമര്‍ശങ്ങളും ബജറ്റിലില്ല. വരള്‍ച്ചയും കൃഷി നാശവും വില തകര്‍ച്ചയും കാരണം കര്‍ഷകര്‍ക്ക് വായ്പ തിരിച്ചടക്കാന്‍ കഴിയുന്നില്ല. അതേ സമയം എന്നാല്‍ സംസ്ഥാനത്തെ ബാങ്കുകള്‍ വര്‍ഷങ്ങളായി കര്‍ഷകരോട് കാണിക്കുന്ന ചിറ്റമ്മ നയവും സര്‍കാര്‍ വാഗ്ദനത്തിന്റെ പൊള്ളത്തരമാണ് വെളിപ്പെടുത്തുന്നത്.റിസ്ക്ക് ഇന്‍ഷുറന്‍സ് കവറേജ് നല്‍കുമെന്ന് പ്രഖ്യാപനമുണ്ടെങ്കിലും ആശയ വ്യക്തതയില്ല.വാണിജ്യ ബാങ്കുകളില്‍ നിന്നോ സ്വകാര്യ ബാങ്കുകളില്‍ നിന്നോ എടുക്കുന്ന മറ്റ്തരം കാര്‍ഷിക വായ്പകള്‍ പരമാവധി നാല് ശതമാനം പലിശക്ക് തന്നെയാണ് നിലവില്‍ നല്‍കി വരുന്നത്.
വാറ്റ് നികുതി വര്‍ദ്ധിപ്പിച്ചതോടെ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്കെല്ലാം കുത്തനെ വില ഉയര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വയനാട്ടുകാരുടെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലാകും. മുന്‍ വര്‍ഷങ്ങളില്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും തന്നെ നടപ്പാക്കിയിട്ടുമില്ല.കഴിഞ്ഞ ബജറ്റില്‍ വെറ്ററിനറി സര്‍വകലാശാലക്ക് 40 കോടി, മെഡിക്കല്‍ കോളേജിന് രണ്ടു കോടി, മീനങ്ങാടിയില്‍ കാലിത്തീറ്റ നിര്‍മാണ ഫാക്ടറി, ആദിവാസി വിഭാഗത്തില്‍പ്പെട്ട സിക്കിള്‍സെല്‍ അനീമിയ രോഗികള്‍ക്ക് മാസം ആയിരം രൂപ, ചുരം ബദല്‍പാത തുടങ്ങിയ ചില ആവശ്യങ്ങള്‍ പരിഗണിച്ചുവെങ്കിലും ഒന്നും നടപ്പായിട്ടില്ല.
ആരോഗ്യമേഖലയ്ക്ക് വട്ടപ്പൂജ്യം
കല്‍പ്പറ്റ: സംസ്ഥാന ബജറ്റില്‍ ജില്ലയിലെ ആരോഗ്യമേഖലയ്ക്ക് സമ്പൂര്‍ണ്ണ അവഗണന. ചികിത്സാസൗകര്യം ഏറെ പരിമിതമായ വയനാട്ടില്‍ ഇത് മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഒരുപദ്ധതിയുമില്ല. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് വിസ്മൃതിയിലായി. ബജറ്റില്‍ പ്രഖ്യാപനം നടത്തിയതല്ലാതെ മറ്റുനടപടികള്‍ സ്വീകരിച്ചിരുന്നില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഈ സാഹചര്യത്തില്‍ ബജറ്റില്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ മൗനം പാലിച്ചു.
ജില്ലയിലെ ഏറ്റവും വലിയ ആതുരാലയമായ ജില്ലാ ആശുപത്രിയുടെ വികസനത്തിനും പണമോ പദ്ധതികളോ ഇല്ല. കേന്ദ്രപദ്ധതി അനുസരിച്ച് ജില്ലാ ആശുപത്രികള്‍ മെഡിക്കല്‍ കോളേജാക്കി ഉയര്‍ത്തുമെന്ന് പറയുന്നുണ്ടെങ്കിലും വയനാട് ജില്ലാ ആശുപത്രി സംബന്ധിച്ച് വ്യക്തതയില്ല. തിരുവനന്തപുരം ജനറല്‍ ആശുപത്രിയും തൈക്കാട് കുട്ടികളുടെയും സ്ത്രികളുടെയും ആശുപത്രിയും ചേര്‍ത്ത് മെഡിക്കല്‍ കോളേജ് തുടങ്ങുമെന്നുമാത്രമാണ് ബജറ്റ് പ്രഖ്യാപനം. ചികിത്സാമേഖലയിലെ ജില്ലയുടെ പിന്നോക്കാവസ്ഥ പരിഗണിച്ച് മാനന്തവാടിയിലെ ജില്ലാ ആശുപത്രി കേന്ദ്രപദ്ധതിയില്‍ മെഡിക്കല്‍ കോളേജ് ആയി ഉയര്‍ത്തണമെന്ന് നേരത്തെ മുതല്‍തന്നെ ആവശ്യം ഉയര്‍ന്നതാണ്. കഴിഞ്ഞ ബജറ്റില്‍ വയനാടിനൊപ്പം പ്രഖ്യാപിച്ച മറ്റ് മൂന്ന് മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഏറെ മുന്നോട്ട് പോയി. ജില്ലയിലെ എംഎല്‍എമാരും എംപിയും വയനാട് മെഡിക്കല്‍ കോളേജിനായി ഇടപെട്ടില്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്ന ഉടന്‍ അവതരിപ്പിച്ച ബജറ്റില്‍ വയനാടിനെ പൂര്‍ണ്ണമായും അവഗണിച്ചിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് കഴിഞ്ഞ ബജറ്റില്‍ മെഡിക്കല്‍ കോളേജ് പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ഇത് പ്രതിഷേധം തണുപ്പിക്കാന്‍വേണ്ടിമാത്രമായിരുന്നുവെന്ന് തുടര്‍ നടപടികളില്‍നിന്നും വ്യക്തമായി.
ബജറ്റില്‍ കാര്യമായൊന്നും കണ്ണൂരിനില്ല
കണ്ണൂര്‍: എടുത്തുപറയാവുന്ന നേട്ടമൊന്നും സംസ്ഥാന ബജറ്റില്‍ കണ്ണൂരിനില്ല. ജില്ലയുടെ അഭിമാന പദ്ധതിയായ കണ്ണൂര്‍ വിമാനത്താവളത്തിനുപോലും നാമമാത്ര തുകയാണ് നീക്കിവച്ചത.് കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, ദേശീയ ഗെയിംസ് പദ്ധതികള്‍ എന്നിവയ്ക്കെല്ലാമായി 788.93 കോടി രൂപ. വിമാനത്താവളത്തിന്റെ മൂന്നാംഘട്ട സ്ഥലമെടുപ്പു പൂര്‍ത്തിയാക്കാന്‍തന്നെ 400 കോടിയിലേറെ രൂപ വേണമെന്നിരിക്കെ ഈ തുക തീര്‍ത്തും അപര്യാപ്തമാണ്. അക്വിസിഷന്‍ ഓഫീസ് ജീവനക്കാര്‍ മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനാല്‍ പട്ടിണി സമരത്തിലാണ്. സ്ഥലമെടുപ്പു നടപടികളോ നിര്‍മാണപ്രവര്‍ത്തനമോ ത്വരിതപ്പെടുത്തുന്നതിന്റെ ഒരു സൂചനയും ബജറ്റ്
അഴീക്കല്‍ തുറമുഖത്തിന് ബജറ്റില്‍ പരാമര്‍ശമേയില്ല. ഇരിക്കൂര്‍ നിയോജകമണ്ഡലത്തില്‍ കലാഗ്രാമം സ്ഥാപിക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചതണ്. വീണ്ടുമിതാ പുതിയ പ്രഖ്യാപനം. ജില്ലയിലെ ഗതാഗത പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്ന ബൈപ്പാസുകള്‍ ഈ സര്‍ക്കാരിന്റെ നൂറുദിന പരിപാടിയില്‍ പ്രഖ്യാപിച്ചതാണ്. എഴുനൂറു ദിവസം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. ഇപ്പോള്‍ ബജറ്റില്‍ തലശേരി- മാഹി ബൈപ്പാസ് വീണ്ടും ഇടംനേടിയിട്ടുണ്ട്. പാപ്പിനിശേരിയില്‍ ഗ്രാമവ്യവസായ പാര്‍ക്ക്, ജില്ലാ ആശുപത്രിയില്‍ ക്യാന്‍സര്‍ സെന്റര്‍, ഇന്റഗ്രേറ്റഡ് ബിസിനസ് ഹബ്ബ്, വൈറ്റില മാതൃകയില്‍ മൊബിലിറ്റി ഹബ്ബ്, കണ്ണൂര്‍ സര്‍വകലാശാലയില്‍ ലോകനിലവാരത്തിലുള്ള പഠനകേന്ദ്രം, കേപ്പിന്റെകീഴിലുള്ള തലശേരി എന്‍ജിനിയറിങ് കോളേജില്‍ പിജി കോഴ്സുകള്‍, തൊഴില്‍ തര്‍ക്കപരിഹാരത്തിന് കണ്ണൂരില്‍ വ്യവസായ ട്രൈബ്യൂണല്‍, കണ്ണൂര്‍ വനിതാ ഐടിഐയുടെ നിലവാരം ഉയര്‍ത്താന്‍ പ്രത്യേക പദ്ധതി, ആറളത്ത് പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ എന്നിങ്ങനെ പ്രഖ്യാപനങ്ങളുണ്ട്. പഴശ്ശി ഉദ്യാനം നവീകരണത്തിന് 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കൈത്തറി വ്യവസായ പുനരുദ്ധാരണത്തിന് വകയിരുത്തിയ 20 കോടിയില്‍ കണ്ണൂരിന് വിഹിതം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. സഹകരണസംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള "ധാര" പദ്ധതിയില്‍ തളിപ്പറമ്പ് താലൂക്കുമുണ്ട്. നീര യുണിറ്റ് ആരംഭിക്കുന്ന പത്തു ജില്ലകളില്‍ കണ്ണൂരുമുണ്ട്.
മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ മറന്നു
തലശേരി: എംസിസിയിലേക്കുള്ള നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ സന്ദര്‍ശനവും പ്രഖ്യാപനങ്ങളുമെല്ലാം വെറുതെയായി. ബജറ്റില്‍ മലബാര്‍ ക്യാന്‍സര്‍സെന്ററിനെയും മറന്നു. തിരുവനന്തപുരം റീജനല്‍ ക്യാന്‍സര്‍സെന്ററിനെ ദേശീയ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാക്കിയ ബജറ്റില്‍ എംസിസിയെക്കുറിച്ച് ധനമന്ത്രി മൗനംപാലിച്ചു. നിയമസഭ ആരോഗ്യസബ്ജക്ട് കമ്മിറ്റി ബജറ്റിന് തൊട്ടുമുമ്പ് സ്ഥാപനംസന്ദര്‍ശിച്ച് പദ്ധതി തയ്യാറാക്കിയത് എല്ലാവരും പ്രതീക്ഷയോടെയാണ് കണ്ടത്. എംസിസിക്ക് സംസ്ഥാന ക്യാന്‍സര്‍സെന്റര്‍ പദവിയും കൂടുതല്‍ ഫണ്ടും ലഭിക്കുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ പ്രഖ്യാപിച്ചതുമാണ്. 25 ഏക്കറില്‍ 150 കോടിയുടെ പദ്ധതിയാണ് ആശുപത്രി ഗവേണിങ്ങ്ബോഡി തയ്യാറാക്കിയത്. മധ്യകേരളത്തില്‍ ഒരു അര്‍ബുദരോഗ ആശുപത്രി പ്രഖ്യാപിച്ച മന്ത്രി നിലവിലുള്ള ആശുപത്രിയെ മറന്നത് പൊറുക്കാനാവാത്തതാണ്.
deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment