Monday, March 18, 2013

ലക്ഷം പേരുടെ റാലി നാളെ ഡല്‍ഹിയില്‍


സിപിഐ എമ്മിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച് രണ്ടാഴ്ചയിലധികമായി ദേശീയാടിസ്ഥാനത്തില്‍ നടന്ന നാലു ജാഥയുടെ സമാപനറാലി ചൊവ്വാഴ്ച ഡല്‍ഹിയില്‍. രാംലീല മൈതാനത്ത് നടക്കുന്ന റാലിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഒരു ലക്ഷത്തോളം പേര്‍ പങ്കെടുക്കും. പ്രധാനമായും വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് റാലിക്കുള്ള കേന്ദ്രീകരണം. ദക്ഷിണസംസ്ഥാനങ്ങളില്‍ നിന്നും പ്രതിനിധികള്‍ ഉണ്ടാകും. 1000 പേരാണ് കേരളത്തില്‍ നിന്ന് റാലിയില്‍ പങ്കെടുക്കുക. തമിഴ്നാട്ടില്‍നിന്ന് 2000 പേരും ആന്ധ്രയില്‍നിന്ന് 3000 പേരും കര്‍ണാടകത്തില്‍ നിന്ന് 1000 പേരും പങ്കെടുക്കും. ഹിമാചല്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗുജറാത്ത്, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ആയിരക്കണക്കിന് ആളുകള്‍ റാലിയില്‍ പങ്കെടുക്കും.

ചൊവ്വാഴ്ച പകല്‍ പന്ത്രണ്ടോടെ ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ സിപിഐ എം ജനറല്‍ സെക്രട്ടറിയും കിഴക്കന്‍ ജാഥാ ക്യാപ്റ്റനുമായ പ്രകാശ് കാരാട്ട്, തെക്കന്‍ ജാഥാ ക്യാപ്റ്റന്‍ എസ് രാമചന്ദ്രന്‍പിള്ള, പടിഞ്ഞാറന്‍ ജാഥാക്യാപ്റ്റന്‍ സീതാറാം യെച്ചൂരി, വടക്കന്‍ ജാഥാക്യാപ്റ്റന്‍ വൃന്ദ കാരാട്ട്, ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറി ബിമന്‍ബസു തുടങ്ങിയര്‍ സംസാരിക്കും. പാര്‍ടിയുടെ പുതിയ പ്രക്ഷോഭപരിപാടി പ്രകാശ് കാരാട്ട് പ്രഖ്യാപിക്കും. ജാഥ നല്‍കിയ ജനകീയപിന്തുണയെ അടിസ്ഥാനപ്പെടുത്തി ദേശീയ-പ്രാദേശിക തലങ്ങളില്‍ വിവിധ പ്രക്ഷോഭങ്ങള്‍ക്ക് രൂപംനല്‍കുന്നതിന്റെ ഭാഗമായിരിക്കും പ്രഖ്യാപനം.

ഭൂമി, വീട്, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ എന്നിവയ്ക്കുള്ള അവകാശം സംരക്ഷിക്കുക, വിലക്കയറ്റവും അഴിമതിയും തടയുക, എല്ലാവര്‍ക്കും നീതി ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പാര്‍ടിയുടെ ചരിത്രത്തില്‍ ആദ്യമായി നാല് ദേശീയ ജാഥകള്‍ നടത്തിയത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബദല്‍ മുന്നോട്ടുവയ്ക്കുക എന്നതാണ് ജാഥയുടെയും റാലിയുടെയും ലക്ഷ്യം.

കന്യാകുമാരിയില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ടാണ് ജാഥകള്‍ ഉദ്ഘാടനംചെയ്തത്. കന്യാകുമാരിയില്‍ നിന്ന് ഭോപാല്‍ വരെ 17 ദിവസം സഞ്ചരിച്ച തെക്കന്‍ജാഥ, കൊല്‍ക്കത്തയില്‍നിന്ന് ആരംഭിച്ച് ജാര്‍ഖണ്ഡ്, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ 14 ദിവസം സഞ്ചരിച്ച കിഴക്കന്‍ ജാഥ, പഞ്ചാബിലെ ജാലിയന്‍വാലാബാഗില്‍നിന്ന് ആരംഭിച്ച് രാജസ്ഥാന്‍, ഹരിയാന സംസ്ഥാനങ്ങളിലൂടെ 12 ദിവസം സഞ്ചരിച്ച വടക്കന്‍ ജാഥ, മുംബൈയില്‍നിന്ന് തുടങ്ങി, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന വഴി ഒമ്പതു ദിവസം യാത്ര ചെയ്ത പടിഞ്ഞാറന്‍ ജാഥ എന്നിവയുടെ സമാപനത്തിന്റെ ഭാഗമായാണ് റാലി. ചൊവ്വാഴ്ച റാലിക്കുശേഷം പാര്‍ടി പൊളിറ്റ്ബ്യൂറോ യോഗം ചേരും. എ കെ ജി ഭവനില്‍ ചേരുന്ന യോഗം ബുധനാഴ്ചയും തുടരും.
(വി ബി പരമേശ്വരന്‍)

deshabhimani 180313

No comments:

Post a Comment