Sunday, March 17, 2013

ബില്‍ അനിശ്ചിതത്വത്തില്‍


സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ ക്രിമിനല്‍ചട്ടത്തില്‍ മാറ്റം വരുത്തിയുള്ള ബില്‍ ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടത്തില്‍ പാസാകുന്ന കാര്യം അനിശ്ചിതത്വത്തില്‍. ബില്ലിലെ ചില വ്യവസ്ഥകള്‍ക്കെതിരെ ബിജെപി അടക്കം ഒരു വിഭാഗം രാഷ്ട്രീയപാര്‍ടികള്‍ രംഗത്തുവന്നതോടെയാണിത്. 22ന് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം അവസാനിക്കും. കേന്ദ്ര സര്‍ക്കാര്‍ തിടുക്കപ്പെട്ട് കൊണ്ടുവന്ന ഓര്‍ഡിനന്‍സിന്റെ കാലാവധിയും ഇതിനുപിന്നാലെ തീരും. ബില്‍ പാസാകാതിരിക്കുകയും ഓര്‍ഡിനന്‍സ് കാലാവധി അവസാനിക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കിയില്ലെങ്കില്‍ സര്‍ക്കാരിന് അപമാനവും പ്രതിഷേധവും നേരിടേണ്ടിവരും.

ബില്ലിനെപ്പറ്റി ചര്‍ച്ചചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തിങ്കളാഴ്ച സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. സമവായം ഉണ്ടാകുന്ന പക്ഷം വരുന്നയാഴ്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കാന്‍ കഴിയും. എന്നാല്‍ ബില്ലിലെ വ്യവസ്ഥകളെപ്പറ്റി തര്‍ക്കമുണ്ട്. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിനുള്ള കുറഞ്ഞ പ്രായം പതിനാറാക്കാനുള്ള മന്ത്രിതലസമിതിയുടെ ശുപാര്‍ശ അംഗീകരിക്കാനാകില്ലെന്നാണ് ബിജെപി നിലപാട്. പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നതിനുള്ള മറയായി നിര്‍ദിഷ്ട ഭേദഗതി ദുരുപയോഗിച്ചേക്കാമെന്ന ആശങ്ക നേരത്തേ ഉയര്‍ന്നിരുന്നു. എന്നാല്‍, ഇതിനുപകരം ഇന്ത്യയുടെ പരമ്പരാഗത ലൈംഗികശീലം ചൂണ്ടിക്കാട്ടിയുള്ളതാണ് ബിജെപിയുടെ എതിര്‍പ്പ്. വിവാഹേതരമായ കൗമാര ലൈംഗിക ബന്ധങ്ങള്‍ക്ക് ബില്‍ സാധുത നല്‍കുന്നുവെന്ന ആരോപണവുമായി മുസ്ലിംസംഘടനകളും രംഗത്തെത്തി. തൃണമൂലിനും എതിര്‍പ്പുണ്ട്. ഒളിഞ്ഞുനോട്ടം, പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍ തുടങ്ങിയവ ജാമ്യമില്ലാവകുപ്പാക്കുന്നതിനോടാണ് സമാജ്വാദി പാര്‍ടിയുടെയും ആര്‍ജെഡിയുടെയും എതിര്‍പ്പ്. വനിതാ സംവരണ ബില്ലിനെയും ഇരുപാര്‍ടികളും എതിര്‍ക്കുന്നുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് സമ്മതത്തോടെ ലൈംഗിക ബന്ധത്തിനുള്ള കുറഞ്ഞ പ്രായം നിലവില്‍ 16 വയസ്സ് തന്നെയാണ്. എന്നാല്‍, വര്‍മ കമീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സില്‍ ഇത് 18 ആക്കി ഉയര്‍ത്തിയിരുന്നു. പ്രായപരിധിയെപ്പറ്റി മന്ത്രിസഭയിലെയും കടുത്ത ഭിന്നതയെ തുടര്‍ന്നാണ് പി ചിദംബരം അധ്യക്ഷനായി പ്രത്യേക സമിതിയെ നിയോഗിച്ചത്. പ്രായപരിധി ഉയര്‍ത്തുന്നത് വ്യാജപരാതികള്‍ വ്യാപകമാകാന്‍ ഇടയാക്കുമെന്നായിരുന്നു സമിതിയുടെ അഭിപ്രായം.

സര്‍വകക്ഷി യോഗത്തിന് സമവായത്തില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്ന അടുത്ത വെള്ളിയാഴ്ചയ്ക്കകം ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത് പ്രയാസമാകും. ഡല്‍ഹി കൂട്ടബലാത്സംഗത്തിന് ശേഷം രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധമാണ് ബില്‍ കൊണ്ടുവരാന്‍ കേന്ദ്രത്തെ നിര്‍ബന്ധിതമാക്കിയത്. പാര്‍ലമെന്റ് സമ്മേളനത്തിന് രണ്ടാഴ്ച മുമ്പാണ് തിടുക്കപ്പെട്ട് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഓര്‍ഡിനന്‍സിന് പകരം ബില്‍ പരിഗണിക്കാന്‍ മന്ത്രിസഭ ചേര്‍ന്നതാകട്ടെ പാര്‍ലമെന്റ് സമ്മേളനം തുടങ്ങി രണ്ടാഴ്ച പിന്നിട്ടശേഷവും. നിയമപ്രകാരം ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് ആറാഴ്ചയ്ക്കകം നിയമമാക്കണം. ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തിടുക്കം കാട്ടിയ സര്‍ക്കാര്‍ അത് നിയമമാക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്ന് അഖിലേന്ത്യാജനാധിപത്യ മഹിളാ അസോസിയേഷനും മറ്റും ചൂണ്ടിക്കാട്ടിയിരുന്നു.
(പി വി അഭിജിത്)

deshabhimani 170313

No comments:

Post a Comment