Wednesday, March 20, 2013

പാര്‍ടിവിട്ടുപോയവരെ തിരികെ കൊണ്ടുവരാന്‍ കേസുകള്‍ തടസ്സമാകില്ല: സിപിഐ എം


പാര്‍ടി വിട്ടുപോയവരെ തിരികെ കൊണ്ടുവരാന്‍ കേസുകള്‍ തടസ്സമാകാന്‍ പാടില്ലെന്ന നിലപാടാണ് സിപിഐ എമ്മിന്റേതെന്ന് ഒഞ്ചിയം ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി 2011 സെപ്തംബര്‍ 26ന് എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് പാര്‍ടി ഏരിയാ ആക്ടിങ് സെക്രട്ടറി ഇ എം ദയാനന്ദനും പാര്‍ടി പ്രവര്‍ത്തകരും സമീപനം കൈക്കൊണ്ടത്. 2011 ഒക്ടോബര്‍ 12ന് കുന്നുമ്മക്കര ജങ്ഷനില്‍ പാര്‍ടി പൊതുയോഗത്തില്‍ പരസ്യമായി ഈ നിലപാട് പ്രഖ്യാപിച്ചിരുന്നു. 2011 ഒക്ടോബര്‍ 14ന്റെ "മാതൃഭൂമി" പത്രത്തിലും പൊതുയോഗത്തിലെ പ്രഖ്യാപനം സംബന്ധിച്ച് ജില്ലാ സെക്രട്ടറിയറ്റംഗം പി മോഹനന്റെ പ്രസംഗം വാര്‍ത്തയായി വന്നു. പാര്‍ടി വിട്ടവരെ തിരിച്ചുകൊണ്ടുവരിക എന്നതാണ് പാര്‍ടിയുടെ എക്കാലത്തെയും പൊതുസമീപനം. സിപിഐ എം രാഷ്ട്രീയ സദാചാരം പുലര്‍ത്തുന്ന പാര്‍ടിയായതിനാലാണ് 2011ല്‍ എടുത്ത തീരുമാനം 2013ലും നടപ്പാക്കിയത്. പാര്‍ടി വിട്ടപോയ ആരോടും ഒരു കാലത്തും വൈരാഗ്യ നിലപാട് സ്വീകരിച്ചിട്ടില്ല. 2013 മാര്‍ച്ച് അഞ്ചിന് പാര്‍ടി ഏരിയാ ആക്ടിങ് സെക്രട്ടറി ഇ എം ദയാനന്ദനും പാര്‍ടി പ്രവര്‍ത്തകരും സ്വീകരിച്ച സമീപനം 18ന് ചില ചാനലുകളും 19ന് ഏതാനും പത്രമാധ്യമങ്ങളും പാര്‍ടിവിരുദ്ധ വാര്‍ത്തയാക്കി ആഘോഷിച്ചത് ചില ദുഷ്ടലക്ഷ്യങ്ങളോടെയാണ്. ഒഞ്ചിയം ഏരിയയിലെ പാര്‍ടിയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ പാര്‍ടിവിരുദ്ധ മാധ്യമങ്ങള്‍ക്ക് കഴിയില്ല. മാധ്യമങ്ങളുടെ സിപിഐ എം വിരുദ്ധ വാര്‍ത്താ കസര്‍ത്തുകള്‍ ജനങ്ങള്‍ തിരിച്ചറിയണമെന്ന് സിപിഐ എം ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 200313

No comments:

Post a Comment