Friday, March 15, 2013

ആയിരംകോടിയുടെ പരോക്ഷനികുതി


ആയിരം കോടി രൂപ പരോക്ഷ നികുതി നിര്‍ദ്ദേശവുമായി ധനമന്ത്രി കെ എം മാണി സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു. വിഭവസമാഹരണത്തിലൂടെ 1138.33 കോടിയും 1400 കോടി അധികചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് 2013-14 വര്‍ഷത്തേതായി അവതരിപ്പിച്ചത്. 8613.00 കോടി മൂലധന ചെലവും 1202.09 കോടി യഥാര്‍ഥ റവന്യൂമിച്ചവും 2269.97 കോടി റവന്യൂ കമ്മിയും പ്രതീക്ഷിക്കുന്നു. റവന്യൂ വരവ് 58057.88 കോടിയും 60327.85 കോടി ചെലവും കണക്കാക്കുന്നു. വിലക്കയറ്റം നിന്ത്രിക്കുന്നതിനുള്ള കാര്യമായ നടപടികള്‍ ബജറ്റിലില്ല. നികുതിഭാരം ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന ബജറ്റാണെന്ന് വിമര്‍ശനമുയര്‍ന്നു. കാര്യമായ നികുതിയിളവുമില്ല. ആയിരം കോടി രൂപ വാറ്റു നികുതയില്‍ നിന്നും സമാഹരിക്കും. ഏറ്റവും കൂടുതല്‍ നികുതി ഭാരം ജനങ്ങള്‍ക്കുമേല്‍ വരുന്ന ബജറ്റാണിതെന്ന് മുന്‍ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു.

റവന്യൂവരുമാനം 20.53 ശതമാനം വര്‍ധിച്ചതായി മാണി പറഞ്ഞു. റവന്യൂ ചെലവ് 17.8 ശതമാനം കൂടി. സംസ്ഥാന പതാക നൗക എന്ന പരിപാടിയിലൂടെ സംസ്ഥാനത്ത് എല്ലാവര്‍ക്കും ഭക്ഷണം, ആരോഗ്യം, തൊഴില്‍ എന്നീ നേട്ടം കൈവരിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. കര്‍ഷകരുടെ വായ്പ പലിശ എഴുതി തള്ളുന്നതിനായി 50 കോടി നീക്കി വെക്കും. കര്‍ഷകര്‍ക്ക് പലിശരഹിതവായ്പ നല്‍കുന്നതിനായി 30 കോടി നീക്കി വെച്ചു. എപിഎല്‍ കുടുംബങ്ങള്‍ക്കും വിദ്യാഭ്യാസ വായ്പയില്‍ ഇളവ്, ആര്‍സിസി നാഷനല്‍ കാന്‍സര്‍ സെന്ററായി ഉയര്‍ത്തും. ജില്ലയില്‍ ഒന്ന് വീതം ഹൈടെക് ഗ്രാമങ്ങള്‍ക്ക് 3 കോടി വീതം നല്‍കും.സമഗ്ര വിള ഇന്‍ഷുറന്‍സിന് 20 കോടി, തൃപ്തി ന്യായവില ഭക്ഷണശാലകള്‍ തുടങ്ങും, സുസ്ഥിര തൊഴില്‍ വികസന പദ്ധതിയാരംഭിക്കുന്നതിന് ആറിനപരിപാടിയും നീക്കി വെച്ചു.

ക്ഷേമപെന്‍ഷനുകള്‍ ഉയര്‍ത്തി. കാര്‍ഷികാദായ നികുതിയില്‍ നിന്ന് വ്യക്തികളെ ഒഴിവാക്കി. നദി-നീര്‍ത്തടസംരക്ഷണത്തിനും ജൈവകൃഷിക്കും മാലിന്യസംസ്കരണത്തിനും തുക അനുവദിച്ചു. കെഎസ്ആര്‍ടിസിക്ക് 186 കോടി അനുവദിച്ചു. പ്രതിസന്ധി നേരിടുന്നതിന് 100 കോടി പ്രത്യേകമായി നല്‍കും. സപ്ലൈകോയ്ക്ക് 100 കോടി തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്. മൂന്നു മാസത്തിനകം കൈമാറുന്ന ഭൂമിക്ക് നികുതി കൂടും. സിഗരറ്റിന് വില കൂടും, വിദേശമദ്യനികുതി 105 ശതമാനമാക്കി, ആഡംബര നികുതി 1 ശതമാനം കൂടി, ആഡംബര കാറുകളുടെ നികുതി കൂടി, ഡിസ്പോസിബിള്‍ ഗ്ലാസ്, പ്ലേറ്റ്, പുകയില ഉല്‍പന്നങ്ങള്‍, സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചു. പൊടിയരി, മലര്‍, അവല്‍, വാട്ടര്‍ ബെഡ്, പാദരക്ഷ,ഹൗസ് ബോട്ടുകളിലെ ഭക്ഷണം എന്നിവക്ക് വില കുറയും.

മറ്റു പ്രധാന നിര്‍ദേശങ്ങള്‍
 
സംയോജിത കൃഷിത്തോട്ടങ്ങള്‍ ആരംഭിക്കും, ചെറുകിട കൃഷിത്തോട്ടത്തിനായി 10000 രൂപ നല്‍കും, എല്ലാ വീടുകളിലും സൗരോര്‍ജപദ്ധതി, ജൈവകൃഷിക്ക് 12 കോടി, സംഭരിക്കുന്ന നെല്ലിന് അപ്പോള്‍തന്നെ പണം, ഫ്ളോട്ടിങ് സോളാര്‍ പാനലുകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഓണക്കോടി, വിധവകളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സഹായം, വയനാട്, പാലക്കാട്, കുട്ടനാട് എന്നിവിടങ്ങളില്‍ അരിമില്ലുകള്‍, നെല്ല് സംഭരണത്തിന് ജില്ലാ സഹകരണബാങ്കിന് റിവോള്‍വിങ്ങ് ഫണ്ട്, കര്‍ഷകമാര്‍ക്കറ്റുകള്‍, അഗ്രിമാളിന് 25 കോടി, 3 ജില്ലകളില്‍ നാളികേര ബയോ- ജൈവതാലൂക്ക്, ഗന്ധകശാലക്ക് സംരക്ഷണം, നീര ഉല്‍പാദനത്തിന് 10 ജില്ലകളില്‍ 15 കോടി, തൊഴില്‍സംരംഭങ്ങള്‍ തുടങ്ങാന്‍ മൂന്നു ശതമാനം പലിശക്ക് സഹായം നല്‍കുന്നതിന് 10 കോടി, പുതിയ കണ്ടുപിടിത്തങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കാന്‍ 50 ലക്ഷം, കര്‍ഷകകര്‍മ്മസേന വ്യാപിപ്പിക്കും, വന്യജീവി ആക്രമണം നേരിടാന്‍ 10 കോടി, അടിസ്ഥാനസൗകര്യവികസനത്തിന് 788 കോടി വകയിരുത്തി,

ജില്ലാ കേന്ദ്രങ്ങളില്‍ മൊബിലിറ്റി ഹബ്ബ്, കൊച്ചി മെട്രോക്കനുസൃതമായി റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന് 10 കോടി, മഴവെള്ള സംഭരണം, സൗരോര്‍ജം എന്നിവക്കായി 20 കോടി നീക്കി വെച്ചു. സോളാര്‍ വ്യവസായപാര്‍ക്കിന് 2 കോടി, തിരുവനന്തപുരത്ത് സോയില്‍ മ്യൂസിയം, പെന്‍ഷനുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ 500, കര്‍ഷകപെന്‍ഷന്‍ 500, വിധവ-വികലാംഗ പെന്‍ഷന്‍ 700, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തി, അവിവാഹിത അമ്മമാര്‍ക്ക് 700, വാര്‍ധക്യകാലപെന്‍ഷന്‍ 500, വൃക്കരോഗികള്‍ക്ക് 900, കയര്‍ത്തൊഴിലാളി പെന്‍ഷന്‍ 400 രൂപയാക്കി. ത്രീസ്റ്റാര്‍ പദവിയുള്ള ഹോട്ടലുകളില്‍ വിവാഹത്തിന് ചെലവാക്കുന്ന തുകയുടെ 3 ശതമാനം മംഗല്യനിധിയിലേക്ക് സമാഹരിക്കും, നീര്‍ത്തട നദി സംരക്ഷണപദ്ധതിക്ക് 40 കോടിയും നീക്കിവെക്കും.

നിര്‍ധനര്‍ക്ക് ഭവനവായ്പ 4 ലക്ഷം നല്‍കും.തൃശ്ശൂരില്‍ കാര്‍ഷിക കോംപ്ലക്സിന് 10 കോടി, ഗൃഹശ്രീ ഭവന പദ്ധതിക്ക് 90 കോടി, കൊച്ചിയില്‍ മീഡിയ സിറ്റി, മുല്ലപ്പെരിയാര്‍ ഡാമിന് 50 കോടി, 50 മാവേലി സ്റ്റോറുകള്‍ തുടങ്ങും, റോഡുവികസനത്തിന് 855 കോടി, മധ്യകേരളത്തില്‍ കാന്‍സര്‍ ആശുപത്രി തുടങ്ങും, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലാ ആശുപത്രികളില്‍ കാന്‍സര്‍ കെയര്‍ യൂനിറ്റ് തുടങ്ങും, മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് സ്കോളര്‍ഷിപ്പ്, പിന്നോക്കവിഭാഗത്തിന് തൊഴില്‍ പരിശീലനത്തിന് 3 കോടി, യാചകവിമുക്ത ഷെല്‍ട്ടറുകള്‍ക്ക് 10.5 കോടി, അനാഥവിദ്യാര്‍ഥികളുടെ ഫീസ് സര്‍ക്കാര്‍ വഹിക്കും, മദ്യവിമുക്തി കേന്ദ്രങ്ങള്‍ തുടങ്ങാന്‍ 6.3 കോടി, ആധുനിക ശ്മശാനങ്ങള്‍ക്ക് 10.5 കോടി,അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഷെല്‍ട്ടര്‍ നിര്‍മ്മാണത്തിന് 5 കോടി, എന്‍ഡോസള്‍ഫാന്‍ പാക്കേജിന് 15 കോടി, മല്‍സ്യത്തൊഴിലാളി സുരക്ഷക്ക് മറൈന്‍ ആംബുലന്‍സിന് 5 കോടി, കൊല്ലത്ത് ഐസ് ഫ്രീസിങ് പ്ലാന്റിന് 3 കോടി, ഫിഷ് പ്രൊസസിങ്ങ് കേന്ദ്രം, തീരദേശകപ്പല്‍ ഗതാഗതം തുടങ്ങും

,പത്രപ്രവര്‍ത്തക പെന്‍ഷന്‍ 7000 രൂപയാക്കി, നോണ്‍ ജേര്‍ണലിസ്റ്റ് പെന്‍ഷന്‍ 4000, ആശവര്‍ക്കര്‍മാര്‍ക്ക് 700 രൂപയാക്കി, കശുവണ്ടി വ്യവസായത്തിന് 2 കോടി, കൈത്തറി പുനരുദ്ധാരണത്തിന് 20 കോടി, പ്രവാസി സംരംഭകപരിപാടി തുടങ്ങും. 5 സിനിമ തീയറ്ററുകളും നവീകരിക്കും, റവന്യൂ ഓഫീസുകള്‍ സ്മാര്‍ട്ടാക്കും, സ്റ്റാര്‍ട്ടപ്പ് വില്ലേജുകള്‍ തുടങ്ങും,ആലുവ മണപ്പുറത്ത് സ്ഥിരം പാലം, ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയാക്കി,

പെന്‍ഷന്‍ പ്രായം അറുപതാക്കി

തിരു: സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം അറുപതാക്കി ഉയര്‍ത്തി. 2013 ഏപ്രില്‍ ഒന്ന് മുതല്‍ സര്‍വീസില്‍ കയറുന്നവരുടെ പെന്‍ഷന്‍ പ്രായമാണ് അറുപതാക്കി ഉയര്‍ത്തിയത്. നിലവില്‍ സര്‍വീസിലുള്ളവര്‍ക്ക് ഇത് ബാധകമല്ല. ബജറ്റ് അവതരണത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രി കെ എം മാണിയാണ് ഇത് പ്രഖ്യാപിച്ചത്. പ്രധാനപ്പെട്ട നിര്‍ദ്ദേശമാണെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തെ ഭയന്ന് ബജറ്റ് അവതരണവേളയില്‍ മന്ത്രി ഇത് പ്രഖ്യാപിച്ചില്ല. കേരളം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് തൊഴിലില്ലായ്മയാണെന്ന് ബജറ്റില്‍ സൂചിപ്പിച്ച ശേഷമാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ കാര്യം മന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചത്. പുതുതായി സര്‍വീസില്‍ കയറുന്നവരുടെ പെന്‍ഷന്‍ പ്രായമാണ് ഉയര്‍ത്തിയതെന്നും ഇത് യുവാക്കളെ ദോഷകരമായി ബാധിക്കില്ലെന്നും ധനമന്ത്രി അവകാശപ്പെട്ടു.

സര്‍ക്കാര്‍ തീരുമാനം യുവജനങ്ങളുടെ ജോലി സാധ്യത ഇല്ലാതാക്കുമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ചൂണ്ടിക്കാട്ടി. പ്രതിഷേധം ഭയന്നാണ് തീരുമാനം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് സഹായിക്കില്ല. ബജറ്റില്‍ ചില പരിശീലനപരിപാടികള്‍ പറയുന്നതല്ലാതെ തൊഴിലില്ലായ്മ നേരിടാന്‍ പദ്ധതിയൊന്നുമില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന ബജറ്റാണിത്. പൊടിക്കൈയ്യുകള്‍ മാത്രമാണ്. കെഎസ്ാര്‍ടിസിക്ക് സഹായം പ്രതീക്ഷിച്ചിരുന്നു തീരുമാനം നിരാശപ്പെടുത്തിയെന്നും വി എസ് പറഞ്ഞു.

വിലക്കയറ്റത്തിനും വികസന മുരടിപ്പിനും ഇടയാക്കും

കണ്ണൂര്‍: സംസ്ഥാന ബജറ്റിലെ നിര്‍ദേശങ്ങള്‍ വിലക്കയറ്റത്തിനും വികസനമുരടിപ്പിനും ഇടയാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നികുതി ഏകീകരണത്തിന്റെ മറവില്‍ 650 കോടിരൂപയുടെ അധികഭാരം സാധാരണക്കാരനു മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. 138 കോടിരൂപയുടെ നികുതിഭാരമാണ് വര്‍ധിക്കുന്നത്. അതിനാല്‍ ജനവിരുദ്ധബജറ്റാണ് ഇത്. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതും ബജറ്റ് പ്രസംഗത്തില്‍ പറയേണ്ടതാണ്. ഇതിലെ ഒളിച്ചുകളി എന്തിനാണെന്ന് മനസിലാകുന്നില്ല. കണ്ണൂരില്‍ മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെഎസ്ആര്‍ടിസി, പൊതുമേഖലാവ്യവസായങ്ങള്‍, പരമ്പരാഗതവ്യവസായങ്ങള്‍, പൊതുവിതരണസമ്പ്രദായം, വൈദ്യുതി എന്നീമേഖലകളിലൊന്നും പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനങ്ങളില്ല. രണ്ടോ മൂന്നോ മാസത്തേക്ക് 268 കോടിരൂപ സബ്സിഡി വേണ്ടിവരുന്നന കെഎസ്ആര്‍ടിസിക്ക് ആകെ അനുവദിച്ചത് 100 കോടിരൂപയാണ്. ഇത് കെഎസ്ആര്‍ടിസി അടച്ചുപൂട്ടുമെന്നുള്ള പ്രഖ്യാപനമാണ്. ഗതാഗതമന്ത്രിക്കും ഈ നിര്‍ദേശത്തോട് എതിര്‍പ്പുണ്ടെന്നാണ് മനസിലാകുന്നത്. പൊതുവായ വികസനം എന്ന ലക്ഷ്യം ബജറ്റിലില്ല. വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സംസ്ഥാനത്ത് ഒരു യൂണിറ്റ് വൈദ്യുതി പോലും ഉല്‍പ്പാദിപ്പിക്കാന്‍ പരിപാടിയില്ല. ആകെയുള്ള ഒരു നിര്‍ദേശത്തില്‍ അഞ്ചുലക്ഷം രൂപയാണ് നീക്കിവച്ചത്. പൊതുവിതരണസമ്പ്രദായം മെച്ചപ്പെടുത്താന്‍ ഉതകുന്ന സമൂര്‍ത്തമായ നിര്‍ദേശങ്ങളില്ല. പൊതുമേഖലാവ്യവസായങ്ങളെയും ലക്ഷക്കണക്കിനാളുകള്‍ ആശ്രയിക്കുന്ന പരമ്പരാഗതവ്യവസായങ്ങളെയും സംരക്ഷിക്കാന്‍ പദ്ധതിയില്ല. ഇപ്പോള്‍ വരള്‍ച്ചയുടെയും കൃഷിനാശത്തിന്റെയും കാലമാണ്. ഇത് നേരിടാനും നിര്‍ദേശമില്ല. മൂലധനച്ചെലവിന്റെ കാര്യത്തിലും വര്‍ധനവില്ല. മൊത്തത്തില്‍ കേരളത്തെ പിന്നോട്ടടിപ്പിക്കുന്ന ബജറ്റാണ് കെ എം മാണി അവതരിപ്പിച്ചത്. പിണറായി  പറഞ്ഞു

ബജറ്റും ജോര്‍ജും, യുഡിഎഫില്‍ തമ്മിലടി തുടങ്ങി

തിരു: ചീഫ് വിപ്പ് സ്ഥാനത്തു നിന്നും പി സി ജോര്‍ജിനെ മാറ്റണമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ആവശ്യമുയര്‍ന്നതായി അറിയുന്നു. മുഖ്യമന്ത്രി ഇടപെട്ട് ജോര്‍ജിനെ നീക്കണം. അല്ലാത്തപക്ഷം ജോര്‍ജിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ തയ്യാറാവില്ല. നിയന്ത്രണമില്ലാതെ ഇങ്ങനെ തുടരാന്‍ അനുവദിക്കരുത്. സ്പീക്കര്‍ കടുത്ത നടപടിയെടുക്കാന്‍ തയ്യാറാവണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ബജറ്റില്‍ കോണ്‍ഗ്രസ് പ്രതിനിധീകരിക്കുന്ന വകുപ്പുകളെ അവഗണിച്ചതായും യോഗത്തില്‍ അഭിപ്രായമുണ്ടായി.

ബജറ്റില്‍ തനിക്ക് തൃപ്തിയില്ലെന്ന്് ആര്യാടന്‍ പ്രതികരിച്ചു. ഇതില്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു. ഒന്നും ഉണ്ടായില്ല. ലീഗിനാണ് പ്രാധാന്യം നല്‍കിയത്. കോട്ടയം മലപ്പുറം ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ വിമര്‍ശിച്ചു. സര്‍ക്കാരിന് ഇപ്പോഴുള്ള വെല്ലുവിളി യുഡിഎഫില്‍ നിന്നു തന്നെയാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഘടകകക്ഷി നേതാക്കള്‍ തന്നെയാണ് സര്‍ക്കാരിന് ഭീഷണിയെന്നും ചെന്നിത്തല പ്രതികരിച്ചു.

അതേസമയം മാണി ആവശ്യപ്പെട്ടാല്‍ ചീഫ് വിപ്പ് സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് ജോര്‍ജ് വ്യക്തമാക്കി. തന്നെ ഭീഷണിപ്പെടുത്തി രാജിവെപ്പിക്കാമെന്നു കരുതേണ്ട. ചാണ്ടിയല്ല തന്റെ കാര്യം തീരുമാനിക്കുന്നത്. തന്നെ ശാസിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കില്ല. അതേസമയം മന്ത്രി ആര്യാടന്‍ രാജി വെക്കണമെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment