Friday, March 15, 2013

ജോര്‍ജിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം


പ്രതിപക്ഷ പ്രതിഷേധത്തോടെയാണ് ഈ വര്‍ഷത്തെ ബജറ്റവതരണം തുടങ്ങിയത്  നേതാക്കളെ അസഭ്യം പറഞ്ഞ ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍  പ്രതിഷേധിച്ചു. ജോര്‍ജിനെതിരെയുള്ള പ്ലക്കാര്‍ഡുകളുമേന്തിയാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്. മുന്‍കാല നേതാക്കളെ അപമാനിക്കുന്ന ചീഫ് വിപ്പിനെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സഭയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ സ്പീക്കര്‍ നടപടിയെടുക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു. നാട് ആദരിക്കുന്ന നേതാക്കളെ അസഭ്യം പറയുന്നതിനെ സര്‍ക്കാര്‍ അനുകൂലിക്കില്ലെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ചട്ടമനുസരിച്ചുള്ള നടപടിവേണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ആവശ്യപ്പെട്ടു. പി സി ജോര്‍ജ് വീണ്ടും ഖേദം പ്രകടിപ്പിച്ചു. ചട്ടം പരിശോധിച്ച് നടപടിയെടുക്കാമെന്ന് സ്പീക്കര്‍ ഉറപ്പു നല്‍കിയതോടെയാണ് ബജറ്റവതരണം തുടങ്ങിയത്.

കഴിഞ്ഞദിവസം ഈരാറ്റുപേട്ടയിലെ വസതിയില്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ പൂരത്തെറി പറഞ്ഞാണ് ജോര്‍ജ് വരവേറ്റത്. അന്തരിച്ച സിപിഐ നേതാവും മുന്‍ മന്ത്രിയുമായ ടി വി തോമസിനെയും ജോര്‍ജ് അപമാനിച്ചു. കെ ആര്‍ ഗൗരിയമ്മയെ 95 വയസ്സു കഴിഞ്ഞ വൃദ്ധയെന്ന് ആക്ഷേപിച്ച ജോര്‍ജ് കേട്ടാലറയ്ക്കുന്ന തെറി പ്രയോഗിച്ചു. കാശിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത തെണ്ടികളാണ് ഗണേശ്കുമാറും ബാലകൃഷ്ണപിള്ളയുമെന്നും ജോര്‍ജ് ആക്ഷേപിച്ചു. ""എനിക്ക് ആരെയും പേടിയുമില്ല. (പിന്നെ ഗൗരിയമ്മയെ തെറി)ടി വി തോമസിന് നാടുനീളെ മക്കളുണ്ടായിരുന്നു. അതുപോലെ പി സി ജോര്‍ജിനില്ല. ഗൗരിയമ്മയ്ക്ക് പണ്ടുമുതലേ വൈരാഗ്യമാണ്. നിയമസഭയില്‍ എന്നും വഴക്കായിരുന്നു"" - ജോര്‍ജ് തുടര്‍ന്നു. ""മാധ്യമപ്രവര്‍ത്തകര്‍ എനിക്കെതിരെ ഇല്ലാക്കഥ മെനയുകയാണ്. എല്ലാവനും ഇടിവെട്ടിപ്പോവുകയേയുള്ളൂ. ചെറുപ്പക്കാരായ പത്രപ്രവര്‍ത്തകരല്ലേ നിങ്ങള്‍. എനിക്ക് ഭാര്യയും മക്കളുമില്ലേ. അതൊന്നും മനസ്സിലാക്കാത്തതെന്താ?."" ഇതു പറയുന്നതിനിടയില്‍ മുന്നിലുണ്ടായിരുന്ന ഒരു ദൃശ്യമാധ്യമപ്രവര്‍ത്തകനെ ചൂണ്ടി, ""നീ കള്ളവാര്‍ത്തകളുടെ പിന്നാലെ നടക്കുന്നവനാ.. നിരവധി തന്തമാരുള്ളവരേ ഈ പണി ചെയ്യൂ."" പിന്നെ തെറിയഭിഷേകവും. ""ഞാന്‍ ആകെ ചെയ്തതെന്താ..രാജ്യം മുഴുവന്‍ പെണ്ണുപിടിച്ചു നടക്കുന്ന ഒരുത്തനെതിരെ പറഞ്ഞതാണോ തെറ്റ്? 22 പേരുടെ ലിസ്റ്റ് എന്റെ കൈയിലിരിക്കുകയാണ്. ഒരു പെണ്ണിന്റെ ഭര്‍ത്താവാണ് അല്‍പം മുന്‍പ് എന്നെ ഫോണില്‍ വിളിച്ചുകൊണ്ടിരുന്നത്. ഇതൊന്നും അറിയാനും പറയാനും ഒരുത്തനുമില്ല (കാതടപ്പിക്കുന്ന അസഭ്യം). ചാനലുകള്‍ ഇപ്പോള്‍ ബ്രേക്കിങ്ന്യൂസ് കൊണ്ടുവരികയാണ്്. അച്ചാമ്മയെ കാണാനില്ലെന്ന്. എന്താ ഞാന്‍ അവരെ വല്ലയിടത്തും കയറ്റി ഒളിപ്പിച്ചിരിക്കുകയാണോ? 16 തന്തയുള്ളവര്‍ ചെയ്യുമോ ഈ പണി. എന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതാണെന്ന് കോടതി കണ്ടെത്തിയതാണ്. അതിന് പിഴയും ശിക്ഷിച്ചു. ഇതൊക്കെ കോടതിയിലെ ഫയലുകള്‍ പരിശോധിച്ച് മനസ്സിലാക്കാന്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കണം. ഞാന്‍ പറയുന്ന കാര്യങ്ങള്‍ ചാനലുകള്‍ എതിരായാണ് നല്‍കുന്നത്. ഒരു ചാനല്‍ മാത്രമാണ് അതിന് അപവാദം."" ആര്‍ ബാലകൃഷ്ണപിള്ളയും മകനും ഇപ്പോള്‍ ഒന്നിച്ചല്ലോ എന്ന ചോദ്യത്തിന് കാശിനു വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത തെണ്ടികളാണ് അപ്പനും മകനുമെന്നായിരുന്നു മറുപടി. (സര്‍ക്കാര്‍ ചീഫ് വിപ്പ് പറഞ്ഞ പലവാക്കുകളും പ്രസിദ്ധീകരിക്കാന്‍ കഴിയാത്തവയാണ്. അവ നീക്കിയാണ് ഈ വാര്‍ത്ത തയ്യാറാക്കിയത്- എഡിറ്റര്‍)

deshabhimani

No comments:

Post a Comment