Friday, March 15, 2013
തെന്മലയില്‍നിന്നു വെള്ളം: പ്രതീക്ഷയ്ക്കൊപ്പം ആശങ്കയും
ശാസ്താംകോട്ട: നിലനില്‍പ്പിനായി ദീര്‍ഘശ്വാസം വലിക്കുന്ന ശാസ്താംകോട്ട ശുദ്ധജലതടാകത്തിലേക്ക് തെന്മലയില്‍നിന്നു കനാല്‍വഴി വെള്ളം എത്തിക്കാനുള്ള പദ്ധതി അണിയറയില്‍ തയ്യാറാകുമ്പോള്‍ ആശങ്കകളും പെരുകുന്നു. തടാകത്തെ എങ്ങനെയും രക്ഷിക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നു. കടുത്ത വരള്‍ച്ച നേരിടാനും തടാകത്തെ രക്ഷിക്കാനും മറ്റു മാര്‍ഗങ്ങള്‍ ഒന്നുമില്ലെന്ന വിലയിരുത്തലിനെതുടര്‍ന്നാണ് തെന്മലയില്‍നിന്നു വെള്ളം എത്തിക്കാനുള്ള പദ്ധതി രൂപം കൊള്ളുന്നത്. രണ്ടുകോടി 60 ലക്ഷം രൂപയാണ് പദ്ധതിക്കു നീക്കിവച്ചിരിക്കുന്നത്. ശാസ്താംകോട്ട മണ്ണെണ്ണ മുക്കിലെ കനാലില്‍നിന്ന് പൈപ്പിട്ട് കായലില്‍ വെള്ളം എത്തിക്കും. 470 മീറ്റര്‍ നീളത്തിലാണ് ഇതിനായി വലിയ പൈപ്പ് സ്ഥാപിക്കുന്നത്. പദ്ധതി തുക കൂട്ടാനും ആലോചനയുണ്ട്.
2010ലെ തടാകസംരക്ഷണ മാനേജ്മെന്റ് ആക്ഷന്‍ പ്ലാന്‍ വിപുലീകരിച്ചാണ് ഇപ്പോഴത്തെ പദ്ധതിക്കു രൂപം നല്‍കിയത്. തെന്മലയില്‍നിന്നു വെള്ളം ശാസ്താംകോട്ടയില്‍ എത്തിച്ച് ശുദ്ധീകരണം നടത്തി നേരിട്ട് കൊല്ലത്ത് എത്തിക്കുന്ന നിര്‍ദേശമായിരുന്നു 2010ലെ മാനേജ്മെന്റ് ആക്ഷന്‍ പ്ലാനില്‍ ഉണ്ടായിരുന്നത്. ഇതിന്റെ വിപുലീകരണമാണ് കനാല്‍വെള്ളം ശുദ്ധീകരിച്ച് തടാകത്തിലേക്ക് ഒഴുക്കുക എന്നത്. എന്നാല്‍, തടാകത്തിലേക്ക് തെന്മലയിലെ വെള്ളം നേരിട്ട് ഒഴുക്കരുതെന്നാണ് തടാക സംരക്ഷണ ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം. കനാല്‍ വെള്ളം ശേഖരിക്കാന്‍ വിപുലമായ സംവിധാനം വേണമെന്നും ഈ വെള്ളം ശുദ്ധീകരിച്ച് തടാകത്തിലേക്ക് ഒഴുക്കണമെന്നും കൗണ്‍സില്‍ ചെയര്‍മാന്‍ കെ കരുണാകരപിള്ളയും കണ്‍വീനര്‍ എസ് ബാബുജിയും പറഞ്ഞു. തെന്മലയിലെ വെള്ളം ശാസ്താംകോട്ടയില്‍ സ്റ്റോര്‍ചെയ്ത് മാലിന്യം അടിയാനുള്ള സംവിധാനമാണു വേണ്ടതെന്ന് കല്ലട ഇറിഗേഷന്‍ പദ്ധതി നടപ്പാക്കിയ സൂപ്രണ്ടിങ് എന്‍ജിനിയര്‍ എ ഗോപിനാഥന്‍പിള്ള പറഞ്ഞു. മാലിന്യം അടിഞ്ഞശേഷം വെള്ളം ശുദ്ധീകരിച്ച് തടാകത്തിലേക്ക് കടത്തിവിടണമെന്നും അദ്ദേഹം പറഞ്ഞു. ഈ നിര്‍ദേശം ശാസ്താംകോട്ട ആക്ഷന്‍ കൗണ്‍സില്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്. തെന്മലയിലെ വെള്ളം തടാകത്തിലേക്ക് നേരിട്ട് ഒഴുക്കുന്നത് വലിയ ദുരന്തമാകുമെന്ന് റിട്ട. മണ്ണ് സംരക്ഷണ അസിസ്റ്റന്റ് ഡയറക്ടര്‍ രാമാനുജന്‍തമ്പിയും അഭിപ്രായപ്പെട്ടു.
പുതിയ പദ്ധതിയെക്കുറിച്ചുള്ള ആശങ്ക അകറ്റണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെടുന്നു. തടാകം സമീപഭാവിയില്‍ ഇത്രയധികം വറ്റിയ ഒരു കാലമില്ല. ജലഅതോറിറ്റിയുടെ കണക്കനുസരിച്ച് കൊല്ലത്തേക്കുള്ള ജലശുദ്ധീകരണശാലയില്‍നിന്ന് 37.5 ദശലക്ഷം ലിറ്ററും പഴയ പ്ലാന്റില്‍നിന്ന് 12 ദശലക്ഷം ലിറ്ററും ചവറ-പന്മന പദ്ധതിയില്‍ പത്തു ദശലക്ഷം ലിറ്റര്‍ വെള്ളവുമാണ് പ്രതിദിനം പുറത്തേക്കു പോകേണ്ടത്. എന്നാല്‍, ഇപ്പോള്‍ പുതിയ പ്ലാന്റില്‍നിന്ന് പത്തു ദശലക്ഷവും ചവറ-പന്മന പ്ലാന്റില്‍നിന്നും ആറു ദശലക്ഷവും ശാസ്താംകോട്ട, മൈനാഗപ്പള്ളി പ്ലാന്റില്‍നിന്ന് അഞ്ചു ദശലക്ഷം ലിറ്റര്‍ വെള്ളവുമാണ് പുറത്തേക്ക് പോകുന്നത്. ശുദ്ധീകരിക്കുന്ന ജലത്തിന്റെ അളവ് വലിയ തോതില്‍ കുറഞ്ഞുവെന്ന് ജലഅതോറിറ്റി ശാസ്താംകോട്ട അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എസ് രാഘവന്‍ പറഞ്ഞു. റംസാര്‍സൈറ്റായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള തണ്ണീര്‍ത്തടമാണ് ശാസ്താംകോട്ട തടാകം. ഇന്ത്യയില്‍ 26 തണ്ണീര്‍ത്തടങ്ങളാണ് റംസാര്‍സൈറ്റില്‍ ഉള്‍പ്പെട്ടത്. കേരളത്തില്‍ മൂന്നെണ്ണം ഇതില്‍പ്പെടും. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ശാസ്താംകോട്ട ജലാശയമാണ്. തടാകത്തിന്റെ കിഴക്കുഭാഗത്ത് ബണ്ടിനോടു ചേര്‍ന്ന് ഏക്കര്‍കണക്കിനു ഭാഗം വെള്ളം വറ്റി കരയായി മാറിക്കഴിഞ്ഞു.
(എം അനില്‍)
അമിതചൂഷണം: ഇല്ലാതാകുന്നത് ശുദ്ധജലവാഹിനി
ശാസ്താംകോട്ട: കൊല്ലം നഗരത്തില്‍ ഉള്‍പ്പെടെ ജില്ലയിലെ പത്തു ലക്ഷത്തോളം ജനങ്ങള്‍ക്ക് പതിറ്റാണ്ടുകളായി കുടിവെള്ളം നല്‍കുന്നത് ശാസ്താംകോട്ട തടാകമാണ്. ദിനംപ്രതി 5.40 കോടി ലിറ്റര്‍ വെള്ളമാണ് തടാകത്തില്‍നിന്ന് ഊറ്റുന്നത്. വേനല്‍ കടുത്തതോടെ ജലനിരപ്പ് അപകടകരമായി താഴ്ന്നതിനാല്‍ കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനം താളംതെറ്റി. തടാകത്തിലെ പ്രധാന പമ്പുഹൗസായ ശാസ്താംകോട്ട ഫില്‍റ്റര്‍ ഹൗസ്, പ്രാദേശികമായി സ്ഥാപിച്ച ആദിക്കാട്, പൊട്ടക്കണ്ണന്‍മുക്ക്, പന്മന കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനവും ഇപ്പോള്‍ ഭാഗികമാണ്.
കൊല്ലം നഗരത്തിലേക്കും നീണ്ടകര, ശക്തികുളങ്ങര പഞ്ചായത്തുകളിലേക്കും കുടിവെള്ളമെത്തിക്കുന്നതിനു ലക്ഷ്യമിട്ട് 1956ല്‍ ഇന്തോ-നോര്‍വീജിയന്‍ പദ്ധതിയുടെ ഭാഗമായി തുടങ്ങിയതാണ് വാട്ടര്‍ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള ശാസ്താംകോട്ട കുടിവെള്ള വിതരണപദ്ധതി. വേനല്‍ക്കാലത്ത് ജലനിരപ്പ് താഴുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത് അനിയന്ത്രിതമായി വാട്ടര്‍ അതോറിറ്റി നടത്തുന്ന പമ്പിങ്ങാണ്. പമ്പിങ് മൂലം ഓരോ ആറു വര്‍ഷത്തിലും തടാകത്തിലെ ജലനിരപ്പ് ഒരു മീറ്റര്‍ കുറയുന്നതായി ഭൗമശാസ്ത്രപഠനകേന്ദ്രത്തിന്റെ നിരീക്ഷണങ്ങള്‍ പറയുന്നു. വെള്ളം ഊറ്റി വലിച്ചെടുക്കുന്നതിനു പുറമെ വാട്ടര്‍ അതോറിറ്റി വരുത്തുന്ന മലിനീകരണവും ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. തടാകത്തിന്റെ തീരപ്രദേശങ്ങളില്‍ ഉറവതെളിച്ച് അടുത്തകാലം വരെയും കുടിവെള്ളം എടുത്തിരുന്നു. അന്നു ജലത്തിന് കടുപ്പം കുറവായിരുന്നുവെന്നും എന്നാല്‍, ഇന്ന് കാഠിന്യം കൂടിയതിനാല്‍ നേരിട്ടു കുടിക്കാന്‍ കഴിയുന്നില്ലെന്നും വൃദ്ധരായ മത്സ്യത്തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തിയതായി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ തടാകത്തെപ്പറ്റിയുള്ള പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ജല അതോറിറ്റിയുടെ പമ്പുഹൗസില്‍നിന്നുള്ള ക്ലോറിന്‍ മലിനീകരണമാണ് ഇതിനു കാരണമെന്നാണ് അവരുടെ വാദം.
(മണികണ്ഠന്‍ കടപുഴ)
ചതുപ്പിലൂടെ കടത്തുയാത്ര
ശാസ്താംകോട്ട: വെള്ളംവറ്റി ചതുപ്പായിക്കൊണ്ടിരിക്കുന്ന ശാസ്താംകോട്ട ശുദ്ധജലതടാകത്തില്‍ കടത്തു സര്‍വീസും ദുഷ്കരമായി. വള്ളത്തില്‍ യാത്രക്കാര്‍ കയറുന്നതും ഇറങ്ങുന്നതും ചതുപ്പിലാണ്. കടത്തുകാര്‍ മുളകൊണ്ട് സ്ഥാപിച്ച നടപ്പാലമാണ് ചതുപ്പിലെ അപകടത്തില്‍നിന്നു യാത്രക്കാര്‍ക്കു രക്ഷയാകുന്നത്. പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ വിളന്തറ നിവാസികള്‍ക്ക് താലൂക്ക് ആസ്ഥാനമായ ശാസ്താംകോട്ടയില്‍ വന്നുപോകുന്നതിനുള്ള പ്രധാനമാര്‍ഗമാണ് കടത്തുവള്ളങ്ങള്‍. ശാസ്താംകോട്ട അമ്പലക്കടവില്‍നിന്ന് ആരംഭിച്ച് വിളന്തറ വെട്ടോലില്‍ കടവിലാണ് ഇത് അവസാനിക്കുന്നത്. കടത്ത് അടുപ്പിക്കാനും യാത്രക്കാര്‍ക്ക് ഇറങ്ങാനും കയറാനും എക്കലും മണ്ണും ചെളിയും കയറിയ ചതുപ്പിനെ ആശ്രയിക്കാന്‍ കഴിയില്ല. ആറ് കടത്തുവള്ളവും അത്രയും കടത്തുകാരുമാണ് ഇവിടെയുള്ളത്. ശാസ്താംകോട്ട പിഡബ്ല്യുഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ ഓഫീസറുടെ പരിധിയിലാണിത്. പ്രായംചെന്നവരും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനു യാത്രക്കാരാണ് ഇവിടെ കടത്തിനെ ആശ്രയിക്കുന്നത്. തട്ടേക്കാട് ദുരന്തത്തിനുശേഷം ഒരു കടത്തില്‍ യാത്രചെയ്യാവുന്നവരുടെ എണ്ണം ഏഴാക്കി ചുരുക്കിയിരുന്നു. നേരത്തെ ഇത് 16 ആയിരുന്നു. 1982 ജനുവരി 16ന് 22 പേരുടെ മരണത്തിന് ഇടയാക്കിയ വഞ്ചി അപകടം ഈ തടാകത്തിലെ നടുക്കുന്ന ഓര്‍മയാണ്. കാലമേറെ കഴിഞ്ഞിട്ടും കടത്തു സര്‍വീസ് കാര്യക്ഷമമാക്കാനും യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാനും അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല.
ശാസ്താംകോട്ട തടാക സംരക്ഷണത്തിന് പൊതുവേദി രൂപീകരിക്കും
കൊല്ലം: റാംസര്‍സൈറ്റും ജനലക്ഷങ്ങള്‍ക്ക് കുടിവെള്ളം നല്‍കുകയും ചെയ്യുന്ന ശാസ്താംകോട്ട ശുദ്ധജല തടാകം സംരക്ഷിച്ചു നിലനിര്‍ത്താന്‍ പൊതുവേദിക്ക് സിപിഐ എം രൂപം നല്‍കുമെന്ന് സിപിഐ എം കുന്നത്തൂര്‍ ഏരിയസെക്രട്ടറി പി കെ ഗോപന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശാസ്താംകോട്ട ശുദ്ധജലതടാകത്തിലേക്ക് കെഐപി കനാല്‍ വഴി മലിനജലം കടത്തിവിടാനുള്ള അധികൃതനീക്കം അനുവദിക്കില്ലെന്നും ഗോപന്‍ പറഞ്ഞു.
നേരിട്ട് കായലിലേക്ക് അഴുക്കുജലം കടത്തിവിടുന്നതാണ് ഈ നിര്‍ദേശം. ശുദ്ധജല തടാകമെന്ന പ്രത്യേകതയും പദവിയും ശാസ്താംകോട്ട തടാകത്തിന് എന്നെന്നേക്കുമായി നഷ്ടപ്പെടുത്തുന്ന നടപടിയാണിത്. എല്ലാ മാലിന്യങ്ങളും നിക്ഷേപിക്കുന്ന കെഐപി കനാലിലൂടെ ഒഴുകിവരുന്ന വെള്ളം വൃഷ്ടിപ്രദേശത്ത് നിലനിര്‍ത്തി മണ്ണടരുകളിലൂടെ ഉറവ സൃഷ്ടിച്ച് തടാകം ജലസമൃദ്ധമാക്കുന്നതായിരിക്കും ഉചിതം. ഫില്‍ട്ടറിങ് കഴിഞ്ഞുള്ള മലിനജലവും ഈ പ്രക്രിയ വഴിയേ കായലിലേക്ക് ഒഴുക്കാവൂ. കെഐപി കനാല്‍വെള്ളം സംഭരിച്ച് ഉറവ സൃഷ്ടിക്കുന്നതിന് ആവശ്യമായ ഭൂമി കണ്ടെത്തണം. അടിയന്തരമായി ചെയ്യേണ്ട പ്രവൃത്തികള്‍ മുന്‍ഗണനാക്രമത്തില്‍ നിശ്ചയിക്കണം. പരിസ്ഥിതി പ്രവര്‍ത്തകരുടെയും രാഷ്ട്രീയ സംഘടനകളുടെയും നിര്‍ദേശങ്ങള്‍ സ്വീകരിച്ച് വിദഗ്ധരുടെ സഹായത്തോടെ അടിയന്തര പദ്ധതികള്‍ ആവിഷ്കരിക്കണം. സര്‍ക്കാര്‍ഫണ്ട്, തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട്, എംപി- എംഎല്‍എ ഫണ്ട് എന്നിവ ഇതിനായി ഉപയോഗിക്കണമെന്നും ഗോപന്‍ പറഞ്ഞു.
കുന്നിടിച്ചു നിരത്തി; വെള്ളം കിട്ടാക്കനിയായി
ശാസ്താംകോട്ട: കുന്നുകളും മലകളും സമ്പന്നമാക്കിയിരുന്ന ശാസ്താംകോട്ട ശുദ്ധജലതടാകത്തിന്റെ തീരപ്രദേശങ്ങളിലെ ഏക്കറുകണക്കിന് കുന്നുകള്‍ ഇടിച്ചുനിരത്തി. പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ വലിയപാടം, വിളന്തറ, പുതുശ്ശേരിമുകള്‍ ഭാഗത്തെ മൊട്ടക്കുന്നുകളാണ് തടാകത്തെ കോട്ടകെട്ടിയെന്ന പോലെ സംരക്ഷിച്ചുവന്നത്. വിളന്തറയിലെയും വലിയപാടത്തെയും കുന്നിടിക്കല്‍ തടാകത്തിന്റെ അവസ്ഥയെ കൂടുതല്‍ ദയനീയമാക്കി.
കൃഷിക്കും ജലസംഭരണത്തിനുമായി 1900-ല്‍ നിര്‍മിച്ച വിളന്തറ ബണ്ടിനുവേണ്ടിയാണ് തടാകതീരത്തെ ആദ്യത്തെ കുന്നിടിക്കല്‍ നടന്നത്. 1958ല്‍ പഴയ ബണ്ടിനു മുകള്‍ഭാഗത്തായി നിര്‍മിച്ച ബലവത്തായ ബണ്ടിനുവേണ്ടിയാണ് പുതുശ്ശേരിമുകള്‍ ഭാഗത്തെ കുന്നുകള്‍ ഇടിച്ചു മാറ്റിയത്. ചവറ കെഎംഎംഎല്ലിനു വേണ്ടിയും ഇവിടെനിന്ന് ഏക്കര്‍കണക്കിന് കുന്നിടിച്ച് മണ്ണ് കടത്തിയിരുന്നു. 1995നു ശേഷമാണ് തടാകതീരത്ത് കല്ല്, മണ്ണ് മാഫിയ നോട്ടമിടുന്നത്. സ്വകാര്യ വ്യക്തികളുടെ കൈയിലിരുന്ന മൊട്ടക്കുന്നുകള്‍ വാങ്ങിക്കൂട്ടി ജെസിബിയും ടിപ്പര്‍ ലോറിയും ട്രില്ലറും ഉപയോഗിച്ച് ഇല്ലാതാക്കിയത് ഒരു വകുപ്പിന്റെയും അനുമതി ഇല്ലാതെ.
deshabhimani 150313
Labels:
പരിസ്ഥിതി
Subscribe to:
Post Comments (Atom)
No comments:
Post a Comment