Wednesday, March 20, 2013

ഫോട്ടോയെടുപ്പിന് അക്ഷയ ജീവനക്കാരുടെ പുറംകരാര്‍


അക്ഷയ കേന്ദ്രങ്ങളെ ഒഴിവാക്കിയ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഫോട്ടോയെടുപ്പ് വിജയിപ്പിക്കാന്‍ അക്ഷയ ജീവനക്കാരുടെ നെട്ടോട്ടം. അക്ഷയ കേന്ദ്രങ്ങളെ പദ്ധതിയില്‍നിന്ന് ഒഴിവാക്കിയെങ്കിലും ജില്ലയില്‍ പ്രോജക്ട് ഓഫീസിലെ ചില ജീവനക്കാര്‍ ചേര്‍ന്ന് ഫോട്ടോയെടുപ്പിന് സബ് കോണ്‍ട്രാക്ട് എടുത്തിരിക്കുകയാണ്. ഇതുവഴി ലക്ഷങ്ങളുടെ കമ്മീഷന്‍ ഇവര്‍ക്ക് ലഭിക്കുന്നതായി ആരോപണമുണ്ട്. ജില്ലാ പ്രോജക്ട് ഓഫീസിലെ ഒരു ജീവനക്കാരന്റെ പേരിലാണ് കരാറെടുത്തത്. ആദ്യഘട്ടത്തില്‍ കാസര്‍കോട് താലൂക്കിലെ ചില സംരംഭകരെ ഉപയോഗിച്ച് ജില്ലയിലാകെ ഫോട്ടോയെടുപ്പ് നടത്താനായിരുന്നു പദ്ധതി. അക്ഷയ സംരംഭകര്‍ പ്രതിഷേധിച്ചതോടെ ബ്ലോക്ക് തലത്തില്‍ യോഗം വിളിച്ച് തുച്ഛമായ നിരക്കില്‍ തയ്യാറായ അക്ഷയ കേന്ദ്രങ്ങളെ കൂടി ഫോട്ടോയെടുപ്പില്‍ ഭാഗമാക്കിയിട്ടുണ്ട്. സ്മാര്‍ട്ട് ഐടി എന്ന സ്ഥാപനമാണ് ജില്ലയില്‍ ഫോട്ടോയെടുപ്പിന് നേതൃത്വം നല്‍കുന്നത്. അവരില്‍നിന്നാണ് അക്ഷയ പ്രോജക്ട് ഓഫീസിലെ ചില ജീവനക്കാര്‍ കരാറെടുത്തിട്ടുള്ളത്. ഒരു ലക്ഷത്തിലേറെ കുടുംബങ്ങളുടെ ഫോട്ടോയെടുപ്പ് പൂര്‍ത്തിയാക്കുന്നതോടെ വന്‍ തുക രൂപ കമ്മീഷനായി ലഭിക്കും.

പദ്ധതിയില്‍ കുടുംബങ്ങളെ രജിസ്റ്റര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് നടത്തിയത്. സംസ്ഥാനത്ത് 35 ലക്ഷത്തോളം കുടുംബങ്ങളാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജില്ലയില്‍ 1,04,064 കുടുംബങ്ങള്‍. 2012ല്‍ കാര്‍ഡ് പുതുക്കലും പുതുതായി രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങളുടെ ഫോട്ടോയെടുപ്പുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് നടത്തിയത്. പരാതിക്കിടയില്ലാത്ത വിധം മികച്ചനിലയില്‍ പദ്ധതി പ്രവര്‍ത്തനം നിര്‍വഹിച്ചെങ്കിലും ഇത്തവണ സംസ്ഥാനത്ത് അക്ഷയ കേന്ദ്രങ്ങളെ ഒഴിവാക്കി സ്വകാര്യവ്യക്തികളെയും സ്ഥാപനങ്ങളെയുമേല്‍പ്പിച്ചു. ആദ്യകാലത്തുണ്ടായിരുന്ന യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയെ ഒഴിവാക്കി റിലയന്‍സിനാണ് ഇപ്പോള്‍ നടത്തിപ്പ് ചുമതല.

deshabhimani 200313

No comments:

Post a Comment