Friday, March 15, 2013
റെയില്‍വേ: മറുപടിയിലും കാര്യമായി പരിഗണിച്ചില്ല
കേരളത്തിന് പുതിയതായി ഒരു പ്രതിവാര എക്സ്പ്രസ് ട്രെയിനും രണ്ട് പാസഞ്ചറും മാത്രം. കേരളത്തിന് റെയില്‍വേ സോണ്‍, ചേര്‍ത്തല വാഗണ്‍ ഫാക്ടറി, വിവിധ വികസന പദ്ധതികള്‍ എന്നിവ സംബന്ധിച്ച് കേരളം ഉയര്‍ത്തിയ ആവശ്യങ്ങള്‍ മറുപടിപ്രസംഗത്തില്‍ പരിഗണിച്ചില്ല. റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ റെയില്‍വേ ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിപ്രസംഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം-ഡല്‍ഹി പ്രതിവാര എക്സ്പ്രസാണ് കേരളത്തിന് പുതുതായി അനുവദിച്ചവയില്‍ ഒന്ന്. കൊല്ലത്തുനിന്ന് ആലപ്പുഴ വഴിയും കോട്ടയം വഴിയുമുള്ള പാസഞ്ചറുകളും പ്രഖ്യാപിച്ചു. ബംഗളൂരുവില്‍നിന്ന് പാലക്കാട് വഴി മംഗലാപുരത്തേക്ക് ആഴ്ചയില്‍ രണ്ടുതവണയുള്ള എക്സ്പ്രസ് സര്‍വീസാണ് മറ്റൊന്ന്. നേരത്തേ ഇത് മൈസൂരുവഴി ഓടുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. കൊച്ചുവേളിയില്‍നിന്ന് മുംബൈയിലെ ലോകമാന്യതിലക് വരെയുള്ള പ്രതിവാര എക്സ്പ്രസ് ആഴ്ചയില്‍ രണ്ടാക്കി ഉയര്‍ത്തി. കാച്ചിഗുഡ-മംഗലാപുരം ട്രെയിനും ആഴ്ചയില്‍ രണ്ടുദിവസമാക്കി. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട് വരെയുള്ള ജനശതാബ്ദി കണ്ണൂര്‍ വരെ നീട്ടി. കോഴിക്കോട്ടു നിന്ന് ഷൊര്‍ണൂര്‍ വരെയുള്ള പാസഞ്ചര്‍ തൃശൂര്‍ വരെ നീട്ടി. വടക്കാഞ്ചേരി, തൃശൂര്‍, എടക്കാട്, ഗുരുവായൂര്‍ സ്റ്റേഷനുകള്‍ കൂടി ആദര്‍ശ് സ്റ്റേഷനുകളായി പ്രഖ്യാപിച്ചു. ആറ് റെയില്‍വേ സ്റ്റേഷനുകള്‍ കൂടി നവീകരിക്കും. നഞ്ചന്‍കോട്-മൈസൂരു-തലശേരി, എറണാകുളം-മധുര, കാഞ്ഞങ്ങാട്-പാണത്തൂര്‍ പാതകള്‍ക്കായി പുതിയ സര്‍വേ നടത്തും. കേരളത്തിലെ പുതിയ പാതകള്‍, ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം എന്നീ പ്രവൃത്തികള്‍ ത്വരിതപ്പെടുത്തും. അങ്കമാലി-ശബരിമല പാതയുടെ നിര്‍മാണത്തിന് മുന്‍ഗണന നല്‍കും.
കേരളത്തില്‍ പുതിയ പാതകള്‍, ഇരട്ടിപ്പിക്കല്‍ എന്നിവയ്ക്ക് ആവശ്യമായ ഭൂമി ലഭിക്കാത്തതാണ് പ്രവൃത്തി വൈകാന്‍ കാരണമെന്ന് മന്ത്രി പറഞ്ഞു. ഒരു കിലോമീറ്റര്‍ പാതയ്ക്ക് ഭൂമി ഏറ്റെടുക്കാന്‍ റെയില്‍വേക്ക് നല്‍കാന്‍ കഴിയുന്ന പരമാവധി തുക അഞ്ച് കോടി രൂപയാണ്. എന്നാല്‍, കേരളത്തില്‍ ഇതിന്റെ അഞ്ചിരട്ടി തുക വേണം ഭൂമി ഏറ്റെടുക്കാന്‍. അതിനാല്‍ നിര്‍മാണച്ചെലവ് പങ്കിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം-മന്ത്രി പറഞ്ഞു. മന്ത്രിയുടെ പരാമര്‍ശത്തെ ഇടതുപക്ഷ അംഗങ്ങളടക്കം പ്രതിപക്ഷം എതിര്‍ത്തു. ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ വിവേചനം ചൂണ്ടിക്കാട്ടി പ്രതിപക്ഷാംഗങ്ങള്‍ പിന്നീട് ഇറങ്ങിപ്പോയി. ബജറ്റില്‍ നിരക്കുകള്‍ ഉയര്‍ത്തിയതിനെ മന്ത്രി ന്യായീകരിച്ചു. റിസര്‍വേഷന്‍, ക്യാന്‍സലേഷന്‍ എന്നിവയുടെ നിരക്ക് ഭാവിയിലും വര്‍ധിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. റെയില്‍വേയുടെ പരിമിതമായ വിഭവം ഉപയോഗിച്ച് സുരക്ഷയ്ക്ക് പരമാവധി പ്രാമുഖ്യം നല്‍കും. കകോദ്കര്‍-പിത്രോദ കമ്മിറ്റികള്‍, ആസൂത്രണ കമീഷന്‍ എന്നിവയുടെ ശുപാര്‍ശയനുസരിച്ച് റെയില്‍വേക്ക് കൂടുതല്‍ വരുമാനമുണ്ടാക്കി നിലനിര്‍ത്തിക്കൊണ്ടുപോകാനാണ് നിരക്ക് വര്‍ധന ബജറ്റില്‍ പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു.
(വി ജയിന്‍)
deshabhimani
Labels:
ബജറ്റ്,
റെയില്‍വേ
Subscribe to:
Post Comments (Atom)
No comments:
Post a Comment