10.67 ലക്ഷം കോടി രൂപയുടെ നഷ്ടം കണക്കാക്കുന്ന അഴിമതിയില്‍ മുഖ്യപ്രതിസ്ഥാനത്ത് വരുന്നത് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്നെയാണ്. മന്‍മോഹന്‍സിങ് കല്‍ക്കരിവകുപ്പ് കൈകാര്യംചെയ്ത 2006-09 കാലയളവില്‍ നൂറിലേറെ കല്‍ക്കരി ഖനികളാണ് ലേലമില്ലാതെ സ്വകാര്യകമ്പനികള്‍ക്കും മറ്റുമായി വിട്ടുകൊടുത്തത്. ലേലത്തിലൂടെ മാത്രമേ കല്‍ക്കരി ഖനികള്‍ വിതരണംചെയ്യാവൂയെന്ന് നിര്‍ദേശിക്കുന്ന കരടുബില്ല് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍ ഇരിക്കെയാണ് വിവാദഇടപാട് നടന്നത്. മൊത്തം 155 ഖനികള്‍ വിട്ടുകൊടുത്തതില്‍ ഖജനാവിന് 10.67 ലക്ഷം കോടി രൂപ നഷ്ടമുണ്ടായെന്ന സിഎജിയുടെ കരട് റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പുറത്തായത്. ഇടപാടുവഴി കമ്പനികള്‍ക്ക് അനര്‍ഹനേട്ടം (വിന്‍ഡ്ഫോള്‍ ഗെയിന്‍) ഉണ്ടായെന്ന റിപ്പോര്‍ട്ടിലെ പദപ്രയോഗം ശരിയല്ലെന്ന് മാത്രമാണ് സിഎജി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നത്. വിതരണംചെയ്ത കല്‍ക്കരി ഖനികളില്‍നിന്ന് ഒരു കമ്പനിയും ലാഭം നേടിത്തുടങ്ങിയിട്ടില്ല എന്ന ഒറ്റ കാരണത്താലാണ് സിഎജി ഈ പദപ്രയോഗം എതിര്‍ക്കുന്നത്. ഖജനാവിനുണ്ടായ നഷ്ടം കണക്കാക്കുന്നത് കമ്പനികള്‍ക്ക് കൈവന്ന ലാഭത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും കത്തില്‍ പറയുന്നു. സിഎജി റിപ്പോര്‍ട്ടുകള്‍ ചോരുന്നത് സംബന്ധിച്ച് കേന്ദ്രത്തിന് പലവട്ടം കത്തയച്ചിട്ടും പ്രതികരണമുണ്ടായില്ലെന്ന രൂക്ഷമായ കുറ്റപ്പെടുത്തലും സിഎജിയുടെ കത്തിലുണ്ട്. പാര്‍ലമെന്റില്‍ വയ്ക്കുന്നതിനുമുമ്പ് റിപ്പോര്‍ട്ടുകള്‍ ചോരുന്നത് അവകാശലംഘനമായി കാണണമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഖജനാവിന് 10.67 ലക്ഷംകോടി രൂപ നഷ്ടമുണ്ടായെന്ന പ്രാഥമിക റിപ്പോര്‍ട്ടിലെ കണക്കിന് അന്തിമറിപ്പോര്‍ട്ടില്‍ വലിയ മാറ്റമുണ്ടാകില്ലെന്ന്് സിഎജി വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
അഴിമതികഥ സിഎജിതന്നെ നിഷേധിച്ചുവെന്ന തരത്തില്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ നേരത്തെ പ്രചാരണം തുടങ്ങിയിരുന്നു. എന്നാല്‍ , കത്തിന്റെ പൂര്‍ണരൂപം പുറത്തുവന്നതോടെ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും വീണ്ടും പ്രതിരോധത്തിലായി.
പത്രങ്ങളിലൂടെ അപേക്ഷ ക്ഷണിച്ച് കല്‍ക്കരിഖനി വിതരണം ചെയ്തുതുടങ്ങിയത് 2004ലാണ്. കല്‍ക്കരിവകുപ്പ് സെക്രട്ടറി തലവനായ സ്ക്രീനിങ് കമ്മിറ്റിയാണ് അപേക്ഷകന്റെ യോഗ്യതയും ശേഷിയും പരിശോധിച്ച് കല്‍ക്കരിപാടങ്ങള്‍ ഖനനത്തിന് വിട്ടുകൊടുക്കുന്നത്. ഈ രീതി വന്‍ ക്രമക്കേടിന് വഴിയൊരുക്കിയെന്ന് ആക്ഷേപമുയര്‍ന്നതോടെ 2006ല്‍ തന്നെ ലേലാടിസ്ഥാനത്തില്‍ ഖനികള്‍ വിതരണംചെയ്യുന്നതിന് വ്യവസ്ഥയൊരുക്കി കരടുബില്ല് തയ്യാറായി. ഈ ഘട്ടത്തിലാണ് കല്‍ക്കരിവകുപ്പിന്റെ ചുമതല പ്രധാനമന്ത്രി ഏറ്റെടുത്തത്. ബില്ല് 2006ല്‍ തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും ബോധപൂര്‍വം പാസാക്കാതെ വൈകിച്ചു. 2009ല്‍ മാത്രമാണ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരമായത്. 2006 മുതല്‍ 2009 വരെയുള്ള കാലയളവില്‍ ഓരോ വര്‍ഷം 20 മുതല്‍ 30 വരെ കല്‍ക്കരി ഖനികളാണ് ലേലം കൂടാതെ വിതരണംചെയ്തത്.
(എം പ്രശാന്ത്)
deshabhimani 240312
കല്‍ക്കരി ഖനി ഇടപാടില്‍ വന്‍അഴിമതി നടന്നെന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ നിരാകരിച്ച് സിഎജി പ്രധാനമന്ത്രിക്ക് കത്തയച്ചെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദവും പൊളിഞ്ഞു. സിഎജി വിനോദ് റായി മന്‍മോഹന്‍സിങ്ങിനയച്ച സുദീര്‍ഘമായ കത്തിന്റെ പൂര്‍ണരൂപം ഒരു പ്രമുഖ ദേശീയദിനപത്രം വെള്ളിയാഴ്ച പുറത്തുവിട്ടു. സിഎജിയുടെ കരടുറിപ്പോര്‍ട്ട് ചോര്‍ന്നതിലുള്ള ആശങ്കയാണ് മുഖ്യമായും കത്തില്‍ പ്രതിപാദിക്കുന്നത്.
ReplyDelete