Friday, March 23, 2012

ഓര്‍മകളില്‍ തെളിഞ്ഞു സമരപുളകങ്ങള്‍ തന്‍ സിന്ദൂരമാലകള്‍

"കരിയേന്തിയ കൈയുകളേ... കാട്ടാറുകള്‍ പാടുന്നു; പണിയാതെ ഉണ്ണുന്നോര്‍ക്കല്ല ഭൂമി" എന്നു തുടങ്ങുന്ന പ്രസിദ്ധമായ നാടകഗാനം ജില്ലയിലെ ഭൂസമരങ്ങളിലെ മുന്നണിപ്പോരാളിയും സിപിഐ എം നേതാവും നടനുമായ ജോസ് വര്‍ഗീസിന്റെ ഗാംഭീര്യമാര്‍ന്ന ശബ്ദത്തിലൂടെ ആലപിക്കപ്പെട്ടപ്പോള്‍ മുതലക്കുളം മൈതാനി(ഇ ബാലാനന്ദന്‍ നഗര്‍})യിലെ വേദിയും സദസ്സും അക്ഷരാര്‍ഥത്തില്‍ തീപാറിയ പോരാട്ടങ്ങളുടെ ഓര്‍മകളിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു. മിച്ചഭൂമി സമരത്തിന് ആവേശം പകര്‍ന്ന ഈ നാടകഗാനം കഴിഞ്ഞ് കരഘോഷങ്ങള്‍ ഏറ്റുവാങ്ങി ജോസ് വേദിയിലിരിക്കുമ്പോള്‍ സദസ്സില്‍നിന്ന് ഒരാള്‍ സ്ട്രച്ചസിന്റെ സഹായത്തോടെ നടന്ന് വേദിക്കരികിലേക്ക് വന്നു. കാലിന് അസുഖം കാരണം വേദിയില്‍ കയറാനാകുമായിരുന്നില്ല. പാട്ടുപാടിയ ആളെ അടുത്തു കാണാനായിരുന്നു അദ്ദേഹം വന്നത്. ജോസ് വേദിയില്‍നിന്ന് ഇറങ്ങിച്ചെന്നു. "സഖാവേ ഓര്‍മയുണ്ടോ". ജോസിന് മനസ്സിലായില്ല. "അന്ന് സമരഭൂമിയിലേക്ക് കൊണ്ടുപോകാന്‍ സഖാവിന്റെ വീട്ടില്‍നിന്ന് മുള്ളന്‍ വറുത്ത് തന്നില്ലേ?. ചോദ്യം കേട്ടതോടെ ജോസ് ആ കരം കവര്‍ന്നു. മുഹമ്മദല്ലേ? മറുചോദ്യം. 1968-ല്‍ ജോസ് നേതൃത്വം നല്‍കിയ ജീരകപ്പാറ ഭൂസമരത്തില്‍ പങ്കെടുത്ത പെരുമണ്ണ സ്വദേശി കരിയാരാട്ട് പൊറ്റലമ്മല്‍ മുഹമ്മദ് ആയിരുന്നു അത്. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന് അനുബന്ധമായ ഭൂസമരസഖാക്കളുടെ സംഗമവേദിയിലായിരുന്നു ഈ അപൂര്‍വ കൂടിക്കാഴ്ച.

ജീരകപ്പാറയിലേക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ വളണ്ടിയര്‍മാര്‍ ജോസിന്റെ വീട്ടില്‍നിന്ന് കഞ്ഞിയും മുള്ളന്‍ വറുത്തതുമായി സമരഭൂമിയിലേക്ക് മാര്‍ച്ചുചെയ്യുകയായിരുന്നു. മറ്റൊന്നുമുണ്ടായിരുന്നില്ലെങ്കിലും ആ ഭക്ഷണം സ്നേഹംകൊണ്ട് സുഭിക്ഷമായിരുന്നുവെന്ന് മുഹമ്മദ് പറഞ്ഞു. ജോസിനെയും മുഹമ്മദിനെയും പോലെ ഭൂസമര പോരാളികളുടെ സംഗമത്തിനെത്തിയ നൂറുകണക്കിന് പോരാളികള്‍ക്ക് കാടും മലകളും താണ്ടിക്കയറിയ നിരവധി ഭൂസമരങ്ങളുടെ കഥ പറയാനുണ്ടായിരുന്നു. കൂത്താളി, കരിങ്ങാട്-ഓടേരിപ്പൊയില്‍ തുടങ്ങി എണ്ണമറ്റ സമരങ്ങള്‍ , ഭൂമി മുഴുവന്‍ നേരവകാശികള്‍ക്ക് സ്വന്തമാക്കിക്കൊടുത്ത സമര പോരാട്ടങ്ങളിലെ ഉജ്വല അധ്യായങ്ങളാണ്. അധ്വാനശക്തി മാത്രം കൈമുതലാക്കി മണ്ണ് പൊന്നാക്കിയ കര്‍ഷകരെ കുടിയിറക്കിയതിനെതിരെ കരിങ്ങാടി- ഓടേരിപ്പൊയിലിലേക്ക് സി എച്ച് കണാരന്റെയും കേളുഏട്ടന്റെയും നേതൃത്വത്തില്‍ ബീഡിത്തൊഴിലാളികള്‍ മാര്‍ച്ച് ചെയ്ത പോരാട്ടത്തിന്റെ ഏടുകള്‍ സംഗമത്തിനെത്തിയ പേരാളികളുടെ മനസ്സില്‍ ഇന്നും ജ്വലിക്കുന്ന ഓര്‍മകളാണ്. എ കെ ജിയും സമര ഭൂമിയിലെത്തിയതോടെ കുടിയിറക്കല്‍ സമരം ജില്ലയിലെ കര്‍ഷക-തൊഴിലാളി വര്‍ഗത്തിന്റെ സംഘബലത്തിന്റെ കരുത്തില്‍ ചരിത്ര ശ്രദ്ധ നേടി.

സംഗമം ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഭൂസമരങ്ങളും അതുവഴിയുണ്ടായ കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളും അവയുടെ ചരിത്ര പ്രസക്തിയും പ്രതിപാദിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എളമരം കരീമും സംസാരിച്ചു. സംഗമത്തില്‍ പി മോഹനന്‍ അധ്യക്ഷനായി. ദേശാഭിമാനി ചീഫ് എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തി, ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ തുടങ്ങിയവരും സംബന്ധിച്ചു. ടി പി ബാലകൃഷ്ണന്‍ നായര്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് വിപ്ലവ ഗാനമേളയും വള്ളിക്കാട് കുടിയേറ്റ സമരത്തിന്റെ നേര്‍ക്കാഴ്ചയായ " ആരാന്റെ ഹക്കില്‍ ആയിരം കണ്ണ്" നാടകവും അരങ്ങേറി.
(എം വി പ്രദീപ്)

deshabhimani 230312

1 comment:

  1. "കരിയേന്തിയ കൈയുകളേ... കാട്ടാറുകള്‍ പാടുന്നു; പണിയാതെ ഉണ്ണുന്നോര്‍ക്കല്ല ഭൂമി" എന്നു തുടങ്ങുന്ന പ്രസിദ്ധമായ നാടകഗാനം ജില്ലയിലെ ഭൂസമരങ്ങളിലെ മുന്നണിപ്പോരാളിയും സിപിഐ എം നേതാവും നടനുമായ ജോസ് വര്‍ഗീസിന്റെ ഗാംഭീര്യമാര്‍ന്ന ശബ്ദത്തിലൂടെ ആലപിക്കപ്പെട്ടപ്പോള്‍ മുതലക്കുളം മൈതാനി(ഇ ബാലാനന്ദന്‍ നഗര്‍})യിലെ വേദിയും സദസ്സും അക്ഷരാര്‍ഥത്തില്‍ തീപാറിയ പോരാട്ടങ്ങളുടെ ഓര്‍മകളിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു.

    ReplyDelete