Sunday, March 4, 2012

വീരേന്ദ്രകുമാര്‍ തട്ടിക്കൂട്ടിയത് വ്യാജ മിനിറ്റ്സും പേരുകളും

യുഡിഎഫ് പാളയത്തില്‍ ചേക്കേറാന്‍ എം പി വീരേന്ദ്രകുമാര്‍ പുതിയ പാര്‍ടി രജിസ്റ്റര്‍ ചെയ്തത് വ്യാജ പേരുകളും വ്യാജ മിനിറ്റ്്സും മറ്റും ഉപയോഗിച്ചാണെന്നു വ്യക്തമായി. മാതൃഭൂമി ജീവനക്കാരെയും ഓഫീസ് ജീവനക്കാരെയും ഭാരവാഹികളാക്കി പുതിയ പാര്‍ടി തട്ടിക്കൂട്ടിയ വീരേന്ദ്രകുമാര്‍ പിന്നീട് തന്റെ പാര്‍ടിയെ ഇതില്‍ ലയിപ്പിച്ചതായി രേഖയുണ്ടാക്കി സംസ്ഥാന പ്രസിഡന്റായി സ്വയം അവരോധിക്കുകയായിരുന്നു. പ്രോഗ്രസീവ് ജനത എന്ന പേരിലാണ് വീരേന്ദ്രകുമാര്‍ ആദ്യം പുതിയ പാര്‍ടി സൃഷ്ടിച്ചത്. തെരഞ്ഞെടുപ്പു കമീഷന്റെ രജിസ്ട്രേഷന്‍ ലഭിച്ചത് ഈ പേരിലാണ്. തുടര്‍ന്ന് പേര് സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) എന്നാക്കി മാറ്റി. പ്രോഗ്രസീവ് ജനതയുടെയും സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്)യുടെയും ഭാരവാഹികള്‍ വീരേന്ദ്രകുമാറിന്റെ ജീവനക്കാരായിരുന്നു എന്നതാണ് കൗതുകകരം. പി സി ഇബ്രാഹിംകുഞ്ഞി (പ്രസിഡന്റ്), വി എം രാംമനോഹര്‍ (വൈസ് പ്രസിഡന്റ്), എം നന്ദകുമാര്‍ (സെക്രട്ടറി ജനറല്‍), പി വിനു, ഗോകുല്‍ദാസ് (ജനറല്‍ സെക്രട്ടറിമാര്‍), പ്രമോദ്കുമാര്‍ (ട്രഷറര്‍) എന്നിവരായിരുന്നു ഭാരവാഹികള്‍ .

2009 ഒക്ടോബര്‍ 11ന് കോഴിക്കോട് വൈഎംസിഎ ക്രോസ് റോഡിലെ കലിക്കറ്റ് ഹൗസ് കണ്‍സ്ട്രക്ഷന്‍ സൊസൈറ്റി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ജീവനക്കാരെ ഭാരവാഹികളാക്കി വീരേന്ദ്രകുമാര്‍ പാര്‍ടിയുണ്ടാക്കിയത്. ഈ യോഗത്തില്‍ അദ്ദേഹം പങ്കെടുത്തില്ല. അതേസമയം, രൂപീകരണയോഗത്തില്‍ സംബന്ധിച്ചവരുടെ പേരും ഒപ്പും വ്യാജമാണ്. കേളപ്പന്‍ , കുമാരന്‍ , ഗോപാലന്‍ , നാരായണന്‍ , നാണു, ബാലന്‍ , രാഘവന്‍ , നാരായണി, ലീല, ചാത്തു, ശാരദ, കുഞ്ഞിരാമന്‍ , മോനിഷ, സുധ, ജാനു എന്നിങ്ങനെ 118 പേരുകളെഴുതി ഒപ്പിട്ടാണ് പാര്‍ടി രൂപീകരണം. ഒരാള്‍ തന്നെയാണ് പേരുകളെഴുതി ഒപ്പിട്ടിരിക്കുന്നതെന്ന് മിനിറ്റ്സ് വ്യക്തമാക്കുന്നു. നേരത്തേ രജിസ്ട്രേഷന്‍ കിട്ടിയ പാര്‍ടിയുടെ പേരില്‍ സോഷ്യലിസം എന്ന പദമില്ലാത്തതുകൊണ്ട് പുതിയ പേരിടുന്നു എന്നാണ് മിനിറ്റ്സിലുള്ളത്.

പാര്‍ടി തട്ടിക്കൂട്ടിയ വീരേന്ദ്രകുമാര്‍ പിന്നീട് ലയനപരിപാടികള്‍ ആരംഭിച്ചു. എല്‍ഡിഎഫില്‍ നിന്നു പുറത്തുപോയിട്ടും ജനതാദള്‍ സെക്കുലര്‍ എന്ന പേര് വീരേന്ദ്രകുമാര്‍ ഉപേക്ഷിച്ചില്ല. 2010 ജൂണ്‍ 25ന് അദ്ദേഹം സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്)യോഗം വിളിപ്പിച്ചു. ഈ യോഗമാണ് ലയനനിര്‍ദേശം ചര്‍ച്ച ചെയ്തത്. വീരേന്ദ്രകുമാറിന്റെ പാര്‍ടിയുടെ ലയനാപേക്ഷ സംസ്ഥാന കൗണ്‍സിലിന്റെ അംഗീകാരത്തിനു സമര്‍പ്പിക്കാന്‍ തീരുമാനിച്ചതായി മിനിറ്റ്സില്‍ എഴുതിവച്ചു. ജൂലൈ എട്ടിന് സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്നതായും വീരേന്ദ്രകുമാറിന്റെ പാര്‍ടിയെ ലയിപ്പിക്കാമെന്ന സംസ്ഥാന നിര്‍വാഹകസമിതിയുടെ ജൂണ്‍ 25ലെ തീരുമാനം അംഗീകരിക്കുന്നതായും രേഖയുണ്ടാക്കി. തുടര്‍ന്ന് ജൂലൈ 15നു ലയനസമ്മേളനം നടത്താനും എഴുതിവച്ചു. ജനതാദള്‍ സെക്കുലര്‍ എന്ന പാര്‍ടിയുമായി പ്രസിഡന്റ് എന്ന പേരില്‍ വന്ന വീരേന്ദ്രകുമാറും മകനും സംഘവും സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്)യില്‍ ലയിച്ചുചേര്‍ന്നതോടെ ജീവനക്കാരുടെ റോള്‍ അവസാനിച്ചു. വീരേന്ദ്രകുമാര്‍ സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) പ്രസിഡന്റായി രൂപാന്തരപ്പെടുകയും പുതിയ ഭാരവാഹികള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. 2009 ഒക്ടോബര്‍ 11ലെ രൂപീകരണയോഗം മുതല്‍ കുറേക്കാലം മിനിറ്റ്സില്‍ സ്ഥാനം പിടിച്ച അജ്ഞാതര്‍ ഇതോടെ അപ്രത്യക്ഷരായി എന്നതാണ് ഏറെ രസകരം. ഇതിനുശേഷം ഇവരെക്കുറിച്ച് കേട്ടിട്ടേയില്ല.

പ്രവര്‍ത്തകരെയും തെരഞ്ഞെടുപ്പു കമീഷനെയും കബളിപ്പിച്ച വീരേന്ദ്രകുമാറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സോഷ്യലിസ്റ്റ് ജനത സംസ്ഥാന കമ്മിറ്റി അംഗം പാലോട് സന്തോഷ് അറിയിച്ചു. തെരഞ്ഞെടുപ്പു കമീഷനും പരാതി നല്‍കും. വീരേന്ദ്രകുമാര്‍ ലയിപ്പിച്ചതായി പറയുന്ന ജനതാദള്‍ എസ് ഇപ്പോഴും രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

deshabhimani 040312

1 comment:

  1. യുഡിഎഫ് പാളയത്തില്‍ ചേക്കേറാന്‍ എം പി വീരേന്ദ്രകുമാര്‍ പുതിയ പാര്‍ടി രജിസ്റ്റര്‍ ചെയ്തത് വ്യാജ പേരുകളും വ്യാജ മിനിറ്റ്്സും മറ്റും ഉപയോഗിച്ചാണെന്നു വ്യക്തമായി. മാതൃഭൂമി ജീവനക്കാരെയും ഓഫീസ് ജീവനക്കാരെയും ഭാരവാഹികളാക്കി പുതിയ പാര്‍ടി തട്ടിക്കൂട്ടിയ വീരേന്ദ്രകുമാര്‍ പിന്നീട് തന്റെ പാര്‍ടിയെ ഇതില്‍ ലയിപ്പിച്ചതായി രേഖയുണ്ടാക്കി സംസ്ഥാന പ്രസിഡന്റായി സ്വയം അവരോധിക്കുകയായിരുന്നു. പ്രോഗ്രസീവ് ജനത എന്ന പേരിലാണ് വീരേന്ദ്രകുമാര്‍ ആദ്യം പുതിയ പാര്‍ടി സൃഷ്ടിച്ചത്. തെരഞ്ഞെടുപ്പു കമീഷന്റെ രജിസ്ട്രേഷന്‍ ലഭിച്ചത് ഈ പേരിലാണ്. തുടര്‍ന്ന് പേര് സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) എന്നാക്കി മാറ്റി. പ്രോഗ്രസീവ് ജനതയുടെയും സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്)യുടെയും ഭാരവാഹികള്‍ വീരേന്ദ്രകുമാറിന്റെ ജീവനക്കാരായിരുന്നു എന്നതാണ് കൗതുകകരം.

    ReplyDelete