Sunday, March 18, 2012

സാമ്പത്തികവളര്‍ച്ച നേടി റവന്യൂകമ്മി കുറഞ്ഞു

രാജ്യത്ത് വളര്‍ച്ചാമുരടിപ്പുണ്ടായപ്പോഴും 2010-11ല്‍ സംസ്ഥാനത്തിന് സാമ്പത്തിക വളര്‍ച്ചനിരക്ക് കൈവരിക്കാന്‍ കഴിഞ്ഞതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. 2009-10ല്‍ 8.95 ശതമാനമായിരുന്ന വളര്‍ച്ചനിരക്ക് 2010-11ല്‍ 9.13 ശതമാനമായി ഉയര്‍ന്നു. ആളോഹരി വരുമാനത്തിലും ഈ കാലയളവില്‍ വര്‍ധനയുണ്ടായെന്ന് അവലോകനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നികുതിവരുമാനം 23.24 ശതമാനം വര്‍ധിച്ച് 21,721.69 കോടി രൂപയായി. അതേസമയം, കാര്‍ഷികമേഖലയില്‍നിന്നുള്ള വരുമാനം നേരിയ കുറവ് രേഖപ്പെടുത്തി 0.78 ശതമാനം. നെല്ലുല്‍പ്പാദനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 76,000 മെട്രിക് ടണ്‍ കുറഞ്ഞതായി അവലോകനറിപ്പോര്‍ട്ട് പറയുന്നു. 21,000 ഹെക്ടര്‍ പാടശേഖരം കുറഞ്ഞു. ആരോഗ്യ- വിദ്യാഭ്യാസ മേഖലകളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച് സംസ്ഥാനം ഉന്നതസ്ഥാനത്തുതന്നെ തുടരുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

2009-10ല്‍ 5023 കോടിയായിരുന്ന റവന്യൂകമ്മി 2010-11ല്‍ 3647 കോടിയായി കുറഞ്ഞു. റവന്യൂവരുമാനത്തില്‍ 18.70 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായപ്പോള്‍ ചെലവ് 11.3 ശതമാനമാക്കാനായതും റവന്യൂകമ്മി കുറയുന്നതിന് സഹായിച്ചു. ശമ്പളവും പെന്‍ഷനും പരിഷ്കരിച്ചതിലൂടെ പദ്ധതിയിതര ചെലവില്‍ വര്‍ധനയുണ്ടായി. 2005-06 മുതല്‍ 2008-09 വരെ റവന്യൂവരുമാനത്തിന്റെ വളര്‍ച്ച 16.10 ശതമാനമായിരുന്നത് 2009-10ല്‍ ആഗോള സാമ്പത്തികപ്രതിസന്ധിയെതുടര്‍ന്ന് 6.52 ശതമാനമായി കുറഞ്ഞു. എന്നാല്‍ , 2010-11ല്‍ ഇത് 18.70 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നു. 31,180.82 കോടിയുടെ റവന്യൂവരവ് പ്രതീക്ഷിച്ചിടത്ത് 30,990.95 കോടി കൈവരിക്കാനായി. അതേസമയം, കേന്ദ്രവിഹിതം 2005-06ലെ 29.94 ശതമാനത്തില്‍നിന്ന് 2010-11ല്‍ 23.68 ശതമാനമായി കുറഞ്ഞു. സംസ്ഥാനത്തിന്റെ തനതുനികുതിയാണ് റവന്യൂവരവിന്റെ 70.09 ശതമാനവും. നികുതിയിതര വരുമാനമായി 2314.14 കോടി രൂപ ഉദ്ദേശിച്ചിരുന്നെങ്കിലും പിരിച്ചെടുത്തത് 1930.79 കോടിയാണ്. മൊത്ത റവന്യൂചെലവില്‍ വികസനത്തിനുള്ള വിഹിതം 2010-11ല്‍ 54.58 ശതമാനമായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇത് 53.43 ശതമാനമായിരുന്നു.

സംസ്ഥാനത്ത് 2011 ആഗസ്ത് 30 വരെയുള്ള കണക്കനുസരിച്ച് 43.42 ലക്ഷം തൊഴില്‍രഹിതരുണ്ട്. ഇതില്‍ 25.68 ലക്ഷം സ്ത്രീകളാണ്. മൊത്തം തൊഴില്‍രഹിതരുടെ 59.1 ശതമാനം. തൊഴിലില്ലായ്മ വര്‍ധിക്കുമ്പോഴും ചെറുകിട ഇടത്തരം വ്യവസായപദ്ധതികള്‍ തൊഴിലവസരം സൃഷ്ടിക്കുന്നു. 2010-11ല്‍ ഇത്തരത്തിലുള്ള 10,882 ചെറുകിട ഇടത്തരം സംരംഭങ്ങളാണ് കേരളത്തിലുണ്ടായിരുന്നത്. ഇവയുടെ മൊത്തം നിക്ഷേപം 1453 കോടി രൂപയായിരുന്നു. 84,878 പേര്‍ക്ക് ഈ സംരംഭങ്ങള്‍വഴി തൊഴില്‍ ലഭ്യമാക്കാന്‍ കഴിഞ്ഞു. 2010-11ല്‍ പ്രധാനമന്ത്രിയുടെ തൊഴില്‍ദാനപദ്ധതിയുടെ അടിസ്ഥാനത്തില്‍ 11.84 കോടി രൂപയുടെ 659 പദ്ധതികള്‍ക്ക് വിവിധ ബാങ്കുകള്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. സാമൂഹ്യസുരക്ഷാപദ്ധതികള്‍ നടപ്പാക്കുന്നതില്‍ തൊഴിലാളിക്ഷേമനിധി ബോര്‍ഡുകള്‍ സുപ്രധാന പങ്കുവഹിക്കുന്നു. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ (ആര്‍എസ്ബിവൈ, ചിസ്) 30 ലക്ഷം കുടുംബങ്ങള്‍ അംഗങ്ങളാണ്.

മടങ്ങിയെത്തിയിട്ടുള്ളവരും ഇപ്പോള്‍ വിദേശത്തുള്ളവരുമായി മൊത്തം 30.34 പ്രവാസികളാണ് 2011ല്‍ കേരളത്തിലുണ്ടായിരുന്നത്. 2011ല്‍ ബാങ്ക് വായ്പകളുടെ കാര്യത്തിലും വന്‍വര്‍ധനയുണ്ടായി. 2010ല്‍ 95,785 കോടി രൂപ വായ്പ നല്‍കിയെങ്കില്‍ 2011ല്‍ 1,22,823 കോടിയായി ഉയര്‍ന്നു. വിവിധ വാണിജ്യ ബാങ്കുകള്‍ 2010ല്‍ 58,204 കോടി മുന്‍ഗണനാമേഖലയ്ക്ക് വായ്പ നല്‍കിയപ്പോള്‍ 2010-11ല്‍ 71,145 കോടിയായി. ഈ കാലയളവില്‍ കേരളത്തിലെ ബാങ്കുകളിലെ നിക്ഷേപം 1,70,547 കോടിയായി വര്‍ധിച്ചു. ഇതില്‍ 37,690 കോടി പ്രവാസിനിക്ഷേപമാണ്. ആഗോള സാമ്പത്തികപ്രതിസന്ധി സംസ്ഥാനത്തിന്റെ വിനോദസഞ്ചാരമേഖലയെ കാര്യമായി ബാധിച്ചിട്ടില്ല. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2010-11ല്‍ വിദേശസഞ്ചാരികളില്‍ 18.31 ശതമാനം വര്‍ധനയുണ്ടായി. സംസ്ഥാനത്തിനുള്ള കേന്ദ്ര നികുതിവിഹിതത്തില്‍ ഈവര്‍ഷം 200 കോടി രൂപയുടെ കുറവ് വരുമെന്ന് ധനമന്ത്രി കെ എം മാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

deshabhimani 180312

No comments:

Post a Comment