Sunday, March 18, 2012

പണിമുടക്ക് സമരത്തിന് വസന്തകാലപരിശീലനം ആരംഭിച്ചു

മെയ് ഒന്നിന് നടത്താനിരിക്കുന്ന പൊതുപണിമുടക്കിനു മുന്നോടിയായി വാള്‍സ്ട്രീറ്റ് പ്രക്ഷോഭകര്‍ ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനുമുന്നില്‍ 'വസന്തകാലപരിശീലനം' ആരംഭിച്ചു. കഴിഞ്ഞദിവസം ആരംഭിച്ച പ്രകടനത്തോടെ മെയ് ഒന്നുവരെ എല്ലാ വെള്ളിയാഴ്ചകളിലും സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് മുന്നില്‍ പരിശീലനം സംഘടിപ്പിക്കാനാണ് പ്രക്ഷോഭകരുടെ തീരുമാനം.

മെയ് ദിനത്തില്‍ രാജ്യവ്യാപകമായ സാമ്പത്തികനിയമനിഷേധത്തിനും പണിമുടക്കിനുമാണ് പ്രക്ഷോഭകര്‍ ആഹ്വാനം നല്‍കുന്നത്. വെള്ളിയാഴ്ച ആരംഭിച്ച 'വസന്തകാലപരിശീലനം' പ്രക്ഷോഭകരെ വിവിധ തെരുവുസമരതന്ത്രങ്ങളിലും കലാപ്രകടനങ്ങളിലുമാണ് പരിശീലനം നല്‍കുന്നത്. ഒന്നാം ദിവസത്തെ പരിശീലനത്തില്‍ പങ്കെടുത്തവര്‍ കായികപരിശീലന വസ്ത്രങ്ങളണിഞ്ഞ് വിനോദമുഖംമൂടികളും മുഖത്ത് ചമയമണിഞ്ഞുമാണ് അണിനിരന്നത്.

പ്രക്ഷോഭകരെ വിവിധ സമരതന്ത്രങ്ങളില്‍ പ്രാവീണ്യമുള്ളവരും സംഘബലമുള്ളവരുമാക്കി വീണ്ടും പിടിച്ചടക്കല്‍ സമരം വിജയിപ്പിക്കുക എന്നതാണ് 'വസന്തകാലപരിശീലന' സംഘാടകര്‍ ലക്ഷ്യം വെയ്ക്കുന്നത്. മഞ്ഞുമാസങ്ങള്‍ സംഘാടനം, പരിശീലനം, പഠനം, വികാസം, യോജിച്ച പ്രവര്‍ത്തനം എന്നിവകളിലൂടെ ഒരു ശതമാനംവരുന്ന ചൂഷകര്‍ക്കു കനത്ത പ്രഹരമേല്‍പ്പിക്കുകയാണ് പ്രക്ഷോഭകരുടെ തന്ത്രം. തങ്ങളുടെ ദൈന്യതയുടെ ശബ്ദം കേള്‍പ്പിക്കുകയും അവയുടെ പരിഹാരത്തിനായി പരമാവധി പൗരജീവനത്തെ സംഘര്‍ഷഭരിതമാക്കുകയാണ് പദ്ധതി. പരിശീലനത്തില്‍ പങ്കെടുക്കുന്ന പ്രക്ഷോഭകര്‍ എല്ലാ വെള്ളിയാഴ്ചയും ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് ലിബര്‍ട്ടി ചത്വരത്തില്‍ ഒത്തുചേര്‍ന്ന് പ്രകടനതന്ത്രങ്ങള്‍ പരിശീലിക്കും.  തുടര്‍ന്ന് മൂന്നു മണിക്ക് അമേരിക്കന്‍ ധനവ്യവസായ സിരാകേന്ദ്രമായ വാള്‍സ്ട്രീറ്റിലേയ്ക്ക് പ്രകടനം നയിച്ച് ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ പ്രവൃത്തിസമാപന മണിമുഴക്കത്തിനു സമാന്തരമായി 'ജനകീയ മണി' മുഴക്കും.

janayugom 180312

1 comment:

  1. മെയ് ഒന്നിന് നടത്താനിരിക്കുന്ന പൊതുപണിമുടക്കിനു മുന്നോടിയായി വാള്‍സ്ട്രീറ്റ് പ്രക്ഷോഭകര്‍ ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനുമുന്നില്‍ 'വസന്തകാലപരിശീലനം' ആരംഭിച്ചു. കഴിഞ്ഞദിവസം ആരംഭിച്ച പ്രകടനത്തോടെ മെയ് ഒന്നുവരെ എല്ലാ വെള്ളിയാഴ്ചകളിലും സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് മുന്നില്‍ പരിശീലനം സംഘടിപ്പിക്കാനാണ് പ്രക്ഷോഭകരുടെ തീരുമാനം.

    ReplyDelete