പിഎഫ് പലിശനിരക്ക് ഒമ്പതര ശതമാനത്തില്‍നിന്ന് എട്ടേകാല്‍ ശതമാനമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ക്രൂരമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അഞ്ചുകോടി തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. പിഎഫ് നിക്ഷേപം ഊഹവിപണിയില്‍ നിക്ഷേപിക്കാനും ഈ രംഗത്ത് വിദേശ കുത്തകകള്‍ക്ക് കടന്നുവരാന്‍ അവസരം നല്‍കാനുമാണ് സര്‍ക്കാര്‍ ശ്രമം. പിഎഫിന്റെ കാര്യത്തില്‍ തൊഴിലാളികളെ ഇരട്ട ചൂഷണത്തിനിരയാക്കുകയാണ്. ഒരുഭാഗത്ത് പലിശ കുറയ്ക്കുകയാണെങ്കില്‍ മറ്റൊരുവശത്ത് പിഎഫ് പെന്‍ഷന്റെ പേരില്‍ കൊടിയ ചൂഷണവും കൊള്ളയുമാണ് നടക്കുന്നത്.
സമ്പത്ത് ലോക്കപ്പ് കൊലക്കേസ് അന്വേഷിച്ച സിബിഐ ഡിവൈഎസ്പി ഹരിദത്തിന്റെ ആത്മഹത്യയെക്കുറിച്ച് സിബിഐ സമഗ്രമായ അന്വേഷണം നടത്തണം. കേസില്‍ ഉള്‍പ്പെട്ടവരുള്‍പ്പെടെയുള്ളവര്‍ ഹരിദത്തിനെ മാനസികമായി പീഡിപ്പിച്ചെന്ന ആരോപണം ശക്തമാണ്. 84 നാല് സിബിഎസ്ഇ സ്കൂളുകള്‍ക്കുകൂടി അംഗീകാരം നല്‍കിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടി അപലപനീയമാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് പത്തുമാസത്തിനകം ഇരുനൂറോളം സിബിഎസ്ഇ സ്കൂളുകള്‍ അനുവദിച്ചു. ആയിരത്തോളം അണ്‍ എയ്ഡഡ് സ്കൂള്‍കൂടി അനുവദിക്കാന്‍ നീക്കം നടക്കുന്നു. പൊതുവിദ്യാഭ്യാസം തകര്‍ക്കുന്നത് സാമൂഹ്യരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളെയെല്ലാം തച്ചുതകര്‍ക്കും. കുട്ടികളില്‍നിന്ന് വന്‍തുക തലവരിയും ഭീമമായ തുക ഫീസും പിരിക്കുകയും അധ്യാപകര്‍ക്ക് മിനിമം വേതനംപോലും നല്‍കാതിരിക്കുകയുമാണ് ചൂഷണത്തിന്റെ കേന്ദ്രങ്ങളായ അണ്‍ എയ്ഡഡ് സ്കൂളുകള്‍ . സ്വകാര്യ ആശുപത്രികളില്‍ നേഴ്സുമാര്‍ എങ്ങനെ ചൂഷണം ചെയ്യപ്പെടുന്നുവോ അതേപോലെ അണ്‍ എയ്ഡഡ് സ്കൂളുകളില്‍ അധ്യാപകര്‍ ചൂഷണത്തിനിരയാവുകയാണ്.പിറവം ഉപതെരഞ്ഞെടുപ്പിന്റെ ചട്ടങ്ങള്‍ നിലവിലിരിക്കെ സ്കൂള്‍ അനുവദിച്ചത് തെരഞ്ഞെടുപ്പുചട്ടങ്ങളുടെ ലംഘനവുമാണെന്ന് വി എസ് ചൂണ്ടിക്കാട്ടി.
കാട്ടാക്കടയില്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ട സ്പെഷ്യല്‍ പോലീസ് ഓഫീസര്‍ ഷാജീവ് ആത്മഹത്യചെയ്ത സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണം. അദ്ദേഹത്തിന്റെ വിധവയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കുകയും കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുകയും വേണം. പി സി ജോര്‍ജ് ഉമ്മന്‍ചാണ്ടിക്കുവേണ്ടി നടത്തുന്ന ഏജന്‍സിപ്പണിയുടെ രണ്ടാംഘട്ടമാണ് സെല്‍വരാജിനെ യുഡിഎഫ് പാളയത്തിലെത്തിച്ച സംഭവമെന്ന് ചോദ്യത്തിനു മറുപടിയായി വി എസ് പറഞ്ഞു. വിജിലന്‍സ് ജഡ്ജിയെ ഭള്ളുപറഞ്ഞ് ഓടിക്കലായിരുന്നു ആദ്യത്തേത്. ഉമ്മന്‍ചാണ്ടി പാമൊലിന്‍ കേസില്‍ പ്രതിയാകരുതെന്ന ആഗ്രഹം അങ്ങനെ നടപ്പാക്കി. മന്ത്രിസഭ നിലനിര്‍ത്താന്‍ എന്തും ചെയ്യുമെന്നാണ് ഇതില്‍നിന്ന് വ്യക്തമാക്കുന്നത്. സാധാരണ ചീഫ് വിപ്പിന്റെ പ്രവര്‍ത്തനങ്ങളല്ല ജോര്‍ജ് നടത്തുന്നതെന്നും വി എസ് പറഞ്ഞു.
deshabhimani 180312
No comments:
Post a Comment