Friday, March 23, 2012

സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങ് ഏര്‍പ്പെടുത്തേണ്ടിവരും: ആര്യാടന്‍

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി ലഭിച്ചില്ലെങ്കില്‍ കേരളത്തില്‍ ഷോഡ്ഷെഡിങ്ങ് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. സംസ്ഥാനത്ത് 700 മെഗാവാട്ട് വൈദ്യതിയുടെ കുറവുണ്ട്. വൈദ്യുതി ലഭിച്ചില്ലെങ്കില്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് ശേഷം ലോഡ്ഷെഡിങ്ങ് ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ ചോദ്യോത്തരവേളയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലം കേരളം അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
കാലവര്‍ഷം നേരത്തെ നിലച്ചതും വരള്‍ച്ചയുടെ തീവ്രത വര്‍ധിച്ചതും ജലസ്രോതസുകളെ പ്രതികൂലമായി ബാധിച്ചതിനോടൊപ്പം ആസൂത്രണത്തിലെ പാളിച്ചകളുമാണ് സംസ്ഥാനത്തെ ഇരുട്ടിലേക്ക് തള്ളിവിടുന്നത്.മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ദീര്‍ഘവീക്ഷണത്തോടും ഭാവനയോടുംകൂടിയ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാതെ, ഭീതിയകറ്റാനായി ഇടുക്കി അണക്കെട്ടിലെ ജലം ഒഴുക്കിക്കളഞ്ഞു. ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പ് സംഭരണശേഷിയുടെ നേര്‍ പകുതിയിലും താഴെയായി 2354.61 അടിയിലെത്തി. 49 ശതമാനം വെള്ളംമാത്രമാണ് ഇനി വൈദ്യുതി ഉല്‍പാദനത്തിനായി അണക്കെട്ടില്‍ ഉള്ളത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം കുറവാണിത്.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 16 അടി വെള്ളത്തിന്റെ കുറവുണ്ട്.

കേരളത്തിലെ ആകെ വൈദ്യുത ഉദ്പാദനശേഷി 2854.45 മെഗാവാട്ടാണ്. അതിന്റെ മൂന്നിലൊന്നോളം (780 മെഗാവാട്ട്) ഉദ്പാദിപ്പിക്കുന്നത് ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവര്‍ഹൗസില്‍നിന്നാണ്. ചെറിയ പദ്ധതികളടക്കം 31 ജലവൈദ്യുത പദ്ധതികളില്‍നിന്നായി 2039.15 മെഗാവാട്ട് വൈദ്യുതി ഉദ്പാദനശേഷിയാണുള്ളത്. ഇതില്‍ വന്‍തോതില്‍ ഉദ്പാദനത്തില്‍ കുറവുണ്ടായി. രണ്ടാമതായി കേരളം ആശ്രയിച്ചിരുന്നത് തെര്‍മല്‍ സ്റ്റേഷനുകളെയാണ്. ആകെ 781 മെഗാവാട്ടാണ് ഈ വിഭാഗത്തിലെ ഉദ്പാദനശേഷി. കൂടാതെ കാറ്റില്‍നിന്ന് വൈദ്യുതി ഉദ്പാദിപ്പിക്കുന്ന കഞ്ചിക്കോട് (2.3 മെഗാവാട്ട്), രാമക്കല്‍മേട് (14.5), അഗളി (17.4) ഉള്‍പ്പെടെ 33.68 മെഗാവാട്ട് വൈദ്യുതിയാണ് കാറ്റില്‍നിന്ന് ഉദ്പാദിപ്പിക്കാന്‍ കഴിയുമായിരുന്നത്. കാറ്റില്‍നിന്നും തെര്‍മല്‍ സ്റ്റേഷന്‍വഴിയും ജലവൈദ്യുതിപദ്ധതി വഴിയും ആകെ ശേഷി 2854.45 മെഗാവാട്ടാണെന്നിരിക്കെ നവീകരണ പ്രവര്‍ത്തനങ്ങളുടെയും മെയിന്റനന്‍സിന്റെയും അഭാവംമൂലം ഉദ്പാദനശേഷി ബോര്‍ഡിന്റെ കണക്കുകള്‍ക്ക് അനുസരിച്ച് ഉയരാത്തതും പ്രതിസന്ധി രൂക്ഷമാക്കി.

deshabhimani news

1 comment:

  1. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി ലഭിച്ചില്ലെങ്കില്‍ കേരളത്തില്‍ ഷോഡ്ഷെഡിങ്ങ് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. സംസ്ഥാനത്ത് 700 മെഗാവാട്ട് വൈദ്യതിയുടെ കുറവുണ്ട്. വൈദ്യുതി ലഭിച്ചില്ലെങ്കില്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് ശേഷം ലോഡ്ഷെഡിങ്ങ് ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ ചോദ്യോത്തരവേളയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

    ReplyDelete