Friday, March 23, 2012

സിഎജി റിപ്പോര്‍ട്ട് ഉടന്‍ പാര്‍ലമെന്റില്‍ വയ്ക്കണം: സിപിഐ എം

രാജ്യത്തെ 155 കല്‍ക്കരിപാടങ്ങള്‍ ലേലം കൂടാതെ അനുവദിച്ചതില്‍ വന്ന നഷ്ടം വിശദമാക്കുന്ന സിഎജി റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ എത്രയും വേഗം പാര്‍ലമെന്റിന് മുമ്പാകെ വയ്ക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. ഖജനാവിനുണ്ടായ നഷ്ടം തിരിച്ചുപിടിക്കാന്‍ ആവശ്യമായ നടപടികള്‍ എത്രയും വേഗം ആരംഭിക്കണമെന്നും പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

നവഉദാര ഭരണനയത്തിന് കീഴില്‍ തഴച്ചുവളര്‍ന്ന വന്‍കോര്‍പറേറ്റുകളും അഴിമതിക്കാരായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന കൂട്ടായ്മയാണ് വന്‍അഴിമതികള്‍ക്കെല്ലാം പിന്നില്‍ . 155 കല്‍ക്കരിപാടങ്ങള്‍ ലേലംകൂടാതെ വിതരണംചെയ്യുക വഴി 10.67 ലക്ഷം കോടിയുടെ നഷ്ടമാണ് സിഎജി കരടുറിപ്പോര്‍ട്ടില്‍ കണക്കാക്കുന്നത്. ഇതില്‍ 4.79 ലക്ഷം കോടിയുടെ അനര്‍ഹമായ നേട്ടം സ്വകാര്യകമ്പനികള്‍ക്കാണ്. പ്രകൃതിവിഭവമെന്ന നിലയില്‍ കല്‍ക്കരി ഒരിക്കലും സ്വകാര്യ കോര്‍പറേറ്റ് കമ്പനികള്‍ക്ക് തുച്ഛമായ നിരക്കില്‍ നല്‍കാന്‍ പാടില്ലായിരുന്നു. സുതാര്യമായ മത്സരാധിഷ്ഠിത ലേലപ്രക്രിയയിലൂടെ അല്ലാതെ പ്രകൃതിവിഭവങ്ങള്‍ വില്‍ക്കരുതെന്ന് അടുത്തയിടെ 2ജി വിധിന്യായത്തില്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ന്യായമായ വിലയ്ക്ക് വൈദ്യുതി നല്‍കി സാമൂഹ്യഇടപെടല്‍ നടത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കല്‍ക്കരിപാടങ്ങള്‍ അനുവദിക്കുന്നത് മനസ്സിലാക്കാം. ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്വകാര്യക്കമ്പനികള്‍ക്ക് തുച്ഛമായ വിലയ്ക്ക് കല്‍ക്കരി പാടങ്ങള്‍ നല്‍കുന്നത് വന്‍അഴിമതിയല്ലാതെ മറ്റൊന്നുമല്ല. പ്രധാനമന്ത്രിതന്നെ കല്‍ക്കരിവകുപ്പ് കൈകാര്യംചെയ്തപ്പോഴാണ് കുറഞ്ഞ വിലയ്ക്ക് കല്‍ക്കരിപാടങ്ങള്‍ വിതരണംചെയ്തതെന്ന വസ്തുത അസ്വസ്ഥതാജനകമാണ്-പിബി പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 230312

1 comment:

  1. രാജ്യത്തെ 155 കല്‍ക്കരിപാടങ്ങള്‍ ലേലം കൂടാതെ അനുവദിച്ചതില്‍ വന്ന നഷ്ടം വിശദമാക്കുന്ന സിഎജി റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ എത്രയും വേഗം പാര്‍ലമെന്റിന് മുമ്പാകെ വയ്ക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. ഖജനാവിനുണ്ടായ നഷ്ടം തിരിച്ചുപിടിക്കാന്‍ ആവശ്യമായ നടപടികള്‍ എത്രയും വേഗം ആരംഭിക്കണമെന്നും പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

    ReplyDelete