Friday, March 23, 2012

വികസനത്തിന്റെ പേരില്‍ ഏറെ നഷ്ടം സഹിക്കുന്നത് ആദിവാസികള്‍ : വൃന്ദ

പട്ടികവര്‍ഗ ഉപപദ്ധതിക്ക് 8.5 % വകയിരുത്തണം

പട്ടികവര്‍ഗ ഉപപദ്ധതിക്കുള്ള വകയിരുത്തല്‍ 8.5 ശതമാനമാക്കണമെന്നും എല്ലാ ആദിവാസികള്‍ക്കും ബിപിഎല്‍ കാര്‍ഡ് നല്‍കണമെന്നും ദേശീയ ആദിവാസി കണ്‍വന്‍ഷന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആദിവാസി വിദ്യാര്‍ഥികള്‍ക്കുള്ള റസിഡന്‍ഷ്യല്‍ സ്കോളര്‍ഷിപ്പും സ്റ്റൈപെന്‍ഡും ഹോസ്റ്റലുകള്‍ക്കുള്ള ധനസഹായവും വര്‍ധിപ്പിക്കണം. ആദിവാസികള്‍ക്ക് തൊഴില്‍സുരക്ഷ നല്‍കുകയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും വേണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ഭൂമിക്കും ജീവിതത്തിനുംവേണ്ടി വന്‍ പ്രക്ഷോഭങ്ങള്‍ക്ക് തയ്യാറാകാന്‍ കണ്‍വന്‍ഷന്‍ ആഹ്വാനംചെയ്തു.

പദ്ധതി വകയിരുത്തലിന്റെ 8.2 ശതമാനം തുകയെങ്കിലും ആദിവാസികള്‍ക്കുവേണ്ടി നീക്കിവയ്ക്കണമെന്ന കീഴ്വഴക്കം അട്ടിമറിക്കപ്പെട്ടു. 2012-13 ബജറ്റില്‍ വകയിരുത്തിയത് അഞ്ച് ശതമാനമാണ്. 2010ല്‍ വകയിരുത്തിയ തുകയെ അപേക്ഷിച്ച് 11,000 കോടി രൂപയുടെ കുറവ്. പോഷകാഹാരക്കുറവ് ആദിവാസികള്‍ക്കിടയില്‍ ഗുരുതരമാണ്. 61 ശതമാനം ആദിവാസികള്‍ക്ക് ബിപിഎല്‍ കാര്‍ഡില്ല. നിര്‍മാണ, ഖനന മേഖലകളില്‍ പണിയെടുക്കുന്ന ആദിവാസികള്‍ക്ക് തൊഴില്‍സുരക്ഷയോ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാസ്ഥാപനങ്ങളിലും ആദിവാസികള്‍ക്കുള്ള സംവരണം ഫലപ്രദമല്ല. അഴിമതിയിലൂടെ നിരവധി വിഭാഗങ്ങള്‍ക്ക് ആദിവാസിയെന്ന അംഗീകാരം ലഭിക്കുമ്പോള്‍ യഥാര്‍ഥ ആദിവാസികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ല.

ആദിവാസികളുടെ ഭൂമി കോര്‍പറേറ്റ് ശക്തികള്‍ക്കും ഖനന മാഫിയക്കും വേണ്ടി കവര്‍ന്നെടുക്കുന്നു. 2008 ജനുവരിക്കും 2011 ആഗസ്തിനുമിടയില്‍ 182389 ഹെക്ടര്‍ വനഭൂമി വിവിധ പദ്ധതികള്‍ക്കായി എടുത്തു. ജാര്‍ഖണ്ഡ്, ആന്ധ്രപ്രദേശ്, ഒറീസ, മധ്യപ്രദേശ് സര്‍ക്കാരുകള്‍ ആദിവാസി ഗ്രാമസഭകളുടെ അനുമതിയില്ലാതെ വന്‍തോതില്‍ ഭൂമി കോര്‍പറേറ്റ് ശക്തികള്‍ക്ക് നല്‍കുന്നു. ഈ മേഖലകളിലെ ധാതുസമ്പത്തിന്റെ അവകാശം ആദിവാസികള്‍ക്കും നല്‍കണം. പരമ്പരാഗതമായി വനഭൂമിയില്‍ താമസിക്കുന്ന ആദിവാസികള്‍ക്ക് പലര്‍ക്കും രേഖയില്ലാത്തത് മുതലെടുത്താണ് ഭൂമിയില്‍നിന്ന് ആട്ടിപ്പായിക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍ പുനരധിവാസനിയമം ഭേദഗതിചെയ്യണം. വനാവകാശനിയമം എത്രയുംവേഗം നടപ്പാക്കി അര്‍ഹരായ ആദിവാസികള്‍ക്ക് ഭൂമിയുടെ നിയമപരമായ അവകാശം നല്‍കണം. ആദിവാസികളല്ലാത്തവരും എന്നാല്‍ പരമ്പരാഗതമായി വനത്തില്‍ താമസിക്കുന്നവരുമായ ആളുകള്‍ക്കും വനാവകാശം നല്‍കുന്നതിനുള്ള കാലപരിധി 1980 ആയി നിശ്ചയിക്കണം. വനോല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില നിശ്ചയിക്കണം. ആദിവാസി വനിതകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.

മാവ്ലങ്കാര്‍ ഹാളില്‍ നടന്ന കണ്‍വന്‍ഷന്‍ ബജ്ബന്‍ റിയാങ് എംപി ഉദ്ഘാടനംചെയ്തു. ബാബുറാം അധ്യക്ഷനായിരുന്നു. ആദിവാസി അവകാശരേഖ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് അവതരിപ്പിച്ചു. പൊളിറ്റ്ബ്യൂറോ അംഗം ബിമന്‍ ബസു സംസാരിച്ചു. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, കിസാന്‍സഭ പ്രസിഡന്റ് എസ് രാമചന്ദ്രന്‍പിള്ള എന്നിവരും പങ്കെടുത്തു.
(വി ജയിന്‍)

വികസനത്തിന്റെ പേരില്‍ ഏറെ നഷ്ടം സഹിക്കുന്നത് ആദിവാസികള്‍ : വൃന്ദ

ന്യൂഡല്‍ഹി: നിലവിലുള്ള ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ ആദിവാസികള്‍ക്ക് ഹാനികരമായ വ്യവസ്ഥകളുണ്ടെന്നും ഇത് ഭേദഗതി ചെയ്യണമെന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് ആവശ്യപ്പെട്ടു. ദേശീയ ആദിവാസി കണ്‍വന്‍ഷനില്‍ അവകാശരേഖ അവതരിപ്പിക്കുകയായിരുന്നു അവര്‍ .

ആദിവാസി ഗ്രാമസഭകളുടെ ശബ്ദം അവഗണിച്ച് കോര്‍പറേറ്റ് ശക്തികളുടെ ആജ്ഞയാണ് ഭരണാധികാരികള്‍ കേള്‍ക്കുന്നത്. വികസനത്തിന്റെ പേരില്‍ ഏറെ നഷ്ടംസഹിക്കുന്നത് ആദിവാസികളാണ്. വികസനപദ്ധതികളുടെയും ഖനനത്തിന്റെയും പേരില്‍ വനഭൂമി ഏറ്റെടുക്കുമ്പോള്‍ ആദിവാസികള്‍ക്ക് ജീവിതമാണ് നഷ്ടപ്പെടുന്നത്. ദാരിദ്ര്യം കുറഞ്ഞുവെന്നാണ് ആസൂത്രണകമീഷന്റെ നിലപാട്. തെറ്റായ മാനദണ്ഡങ്ങള്‍വച്ചാണ് ദാരിദ്ര്യം കണക്കാക്കിയിരിക്കുന്നത്. ആദിവാസികളില്‍ ബഹുഭൂരിപക്ഷത്തിനും ബിപിഎല്‍ കാര്‍ഡു പോലും നല്‍കുന്നില്ല. ഇതിനാല്‍ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു. ജനസംഖ്യാനുപാതികമായി പദ്ധതി വകയിരുത്തലില്‍ എട്ട് ശതമാനം ആദിവാസി വികസനപദ്ധതികള്‍ക്ക് ലഭിക്കണം. എന്നാല്‍ , കുറേക്കാലമായി ആദിവാസികള്‍ക്കുള്ള തുക വെട്ടിക്കുറയ്ക്കുകയാണ്. ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഒന്നിച്ച് പോരാടണം. ആദിവാസികളെ ഭിന്നിപ്പിച്ച് അവകാശസമരത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്നും വൃന്ദ അഭ്യര്‍ഥിച്ചു.

deshabhimani 230312

1 comment:

  1. നിലവിലുള്ള ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ ആദിവാസികള്‍ക്ക് ഹാനികരമായ വ്യവസ്ഥകളുണ്ടെന്നും ഇത് ഭേദഗതി ചെയ്യണമെന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് ആവശ്യപ്പെട്ടു. ദേശീയ ആദിവാസി കണ്‍വന്‍ഷനില്‍ അവകാശരേഖ അവതരിപ്പിക്കുകയായിരുന്നു അവര്‍ .

    ReplyDelete