Sunday, March 18, 2012

വന്‍കിട ജലസേചന പദ്ധതികള്‍ വേണ്ട: എല്‍ഡിഎഫ്

കല്‍പ്പറ്റ: ജില്ലയില്‍ നടപ്പാക്കുമെന്ന് മന്ത്രി പി ജെ ജോസഫ് പ്രഖ്യാപിച്ച വന്‍കിട ജലസേചന പദ്ധതികള്‍ വയനാടിന് ഗുണകരമല്ലെന്ന് എല്‍ഡിഎഫ് ജില്ലാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോടികള്‍ ചെലവിട്ട കാരാപ്പുഴ പോലുള്ള പദ്ധതികള്‍ കാര്‍ഷിക മേഖലയ്ക്ക് പ്രയോജനപ്പെട്ടിട്ടില്ല എന്നതിനാല്‍ വന്‍കിട പദ്ധതികളില്‍നിന്ന് പിന്‍മാറി ചെറുകിട പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കണം.

ചുണ്ടാലിപ്പുഴ, നൂല്‍പുഴ, കടമാന്‍തോട് എന്നിവയാണ് മാര്‍ച്ച് മൂന്നിന് മന്ത്രി ജോസഫ് പ്രഖ്യാപിച്ച പദ്ധതികള്‍ . കാവേരി നദീജലത്തില്‍ കേരളത്തിന് അവകാശപ്പെട്ട 22 ടിഎംസിയില്‍ നാല് ടിഎംസി ജലം ഉപയോഗിക്കാനാണ് ഈ പദ്ധതികള്‍ എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ചുണ്ടേലി (341), നൂല്‍പ്പുഴ (215), കടമാന്‍തോട് (295) എന്നിങ്ങനെ 851 കോടി രൂപയാണ് ഈ പദ്ധതിക്ക് അടങ്കല്‍ . ഇത്രയും കോടികള്‍ ചെലവിടുമ്പോള്‍ നാല് ടിഎംസി ജലം മാത്രമാണ് ഉപയോഗിക്കുന്നത്. ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. കടുത്ത പരിസ്ഥിതി ആഘാതവും ഉണ്ടാകാനിടയുണ്ട്. ചെറുകിട കൃഷിക്കാരുടെ ഭൂമിയാണ് ഏറ്റെടുക്കേണ്ടിവരിക. നേരത്തെ പദ്ധതിക്കായി നിര്‍ദേശം ഉയര്‍ന്നപ്പോള്‍ത്തന്നെ ജനങ്ങള്‍ ഇതിനെ എതിര്‍ത്തതാണ്. അന്ന് പി ജെ ജോസഫ് കൂടി ഉള്‍പ്പെട്ട മന്ത്രിസഭ വന്‍കിട പദ്ധതികള്‍ നടപ്പാക്കില്ല എന്ന് സമ്മതിച്ചതാണ്. അതിനുവിരുദ്ധമായാണ് സര്‍ക്കാറിന്റെ ഇപ്പോഴത്തെ പ്രഖ്യാപനം. ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.

കബനി ജലം ഉപയോഗിച്ചുള്ള ചെറുകിട പദ്ധതികള്‍ സ്ഥാപിച്ച് കൃഷിക്ക് ഉപയുക്തമാക്കണം. കാവേരി സര്‍ക്കിള്‍ ഓഫീസ് മാറ്റിയ തീരുമാനം മാറ്റാനും സര്‍ക്കാര്‍ തയ്യാറാകണം. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ബജറ്റ് മാര്‍ച്ച് 19ന് അവതരിപ്പിക്കുകയാണ്. കഴിഞ്ഞവര്‍ഷം ബജറ്റില്‍ വയനാടിനെ പൂര്‍ണമായും അവഗണിച്ചതിനെതിരെ ശക്തമായ പ്രക്ഷോഭമാണ് ഇവിടെ ഉയര്‍ന്നുവന്നത്. സംസ്ഥാനത്ത് നാല് മെഡിക്കല്‍ കോളേജ് പുതുതായി അനുവദിച്ചപ്പോഴും വയനാടിനെ മറന്നു. പിന്നോക്ക മേഖലയെന്ന പരിഗണനയില്‍ ജില്ലയില്‍ മെഡിക്കല്‍ കോളേജ് അനുവദിക്കണം. ഒപ്പം കാര്‍ഷിക മേഖലയെന്ന നിലയില്‍ ഇവിടുത്തെ പ്രതിസന്ധി പരിഗണിച്ച് കൂടുതില്‍ പദ്ധതികളും പ്രഖ്യാപിക്കണം. വയനാട് പാക്കേജ് എന്ന് പലതവണ പറഞ്ഞുവെങ്കിലും ഇതുസംബന്ധിച്ച അവ്യക്ത നീങ്ങിയിട്ടില്ല. ഇക്കാര്യത്തിലും തീരുമാനമുണ്ടാകണം. രാത്രികാല ഗതാഗത നിരോധനം പിന്‍വലിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. ജില്ലയുടെ വികസന കാര്യങ്ങളില്‍ യുഡിഎഫ് സര്‍ക്കാര്‍ തുടരുന്ന നിഷേധാത്മക നയം അവസാനിപ്പിക്കണം. വാര്‍ത്താസമ്മേളനത്തില്‍ എല്‍ഡിഎഫ് ജില്ലാകണ്‍വീനര്‍ കെ വി മോഹനന്‍ , വിജയന്‍ ചെറുകര, പി കെ ബാബു എന്നിവര്‍ പങ്കെടുത്തു.

deshabhimani 170312

1 comment:

  1. ജില്ലയില്‍ നടപ്പാക്കുമെന്ന് മന്ത്രി പി ജെ ജോസഫ് പ്രഖ്യാപിച്ച വന്‍കിട ജലസേചന പദ്ധതികള്‍ വയനാടിന് ഗുണകരമല്ലെന്ന് എല്‍ഡിഎഫ് ജില്ലാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോടികള്‍ ചെലവിട്ട കാരാപ്പുഴ പോലുള്ള പദ്ധതികള്‍ കാര്‍ഷിക മേഖലയ്ക്ക് പ്രയോജനപ്പെട്ടിട്ടില്ല എന്നതിനാല്‍ വന്‍കിട പദ്ധതികളില്‍നിന്ന് പിന്‍മാറി ചെറുകിട പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കണം.

    ReplyDelete