Friday, March 23, 2012

"മുസ്ലിം നാമധാരി" പ്രയോഗം വേദനാജനകമെന്ന് അഷ്റഫിന്റെ കുടുംബവും മഹല്ലും

കണ്ണൂര്‍ : ആര്‍എസ്എസ്സുകാര്‍ കൊലപ്പെടുത്തിയ എരുവട്ടി കാപ്പുമ്മലെ താഴയില്‍ അഷ്റഫിനെ "മുസ്ലിംനാമധാരി" എന്ന പദപ്രയാഗത്തിലൂടെ എസ്വൈഎസ് നേതൃത്വം അപമാനിച്ചതായി കുടുംബാംഗങ്ങളും മഹല്ല്, മുഹമ്മദ് മാസ്റ്റര്‍ സ്മാരക ട്രസ്റ്റ് ഭാരവാഹികളും കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചന്ദ്രിക ദിനപത്രത്തില്‍ എസ്വൈഎസ് ഇ കെ വിഭാഗം ജില്ലാ സെക്രട്ടറിയറ്റിന്റേതായി വന്ന പ്രസ്താവനയിലാണ് ഈ നിന്ദ്യമായ പ്രയോഗം. "സിപിഐ എം ജില്ലാ സെക്രട്ടറി ജയരാജന്റെ പ്രസ്താവനക്ക് പിന്നില്‍ നിഗൂഢലക്ഷ്യം" എന്ന തലക്കെട്ടിലായിരുന്നു പ്രസ്താവന. "മതവിരുദ്ധ ആശയമായ കമ്യൂണിസത്തിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെടുന്ന മുസ്ലിംനാമധാരികള്‍ക്കുവേണ്ടി മത-ആത്മീയ സംഘടനയായ ജംഇയ്യത്തുല്‍ ഉലമ പ്രാര്‍ഥനക്ക് ആഹ്വാനം നല്‍കണമെന്ന ജയരാജന്റെ പ്രസ്താവന അപഹാസ്യമാണെ"ന്നാണ് പ്രസ്താവനയില്‍ പറഞ്ഞത്.

മതവിശ്വാസിയായി അച്ചടക്കത്തോടെ ജീവിക്കുകയും മയ്യത്ത് കുളിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള പുണ്യപ്രവൃത്തികളില്‍ വ്യാപൃതനാവുകയും ചെയ്ത ചെറുപ്പക്കാരനാണ് അഷ്റഫ്. മരണത്തിന്റെ ആഘാതത്തില്‍നിന്ന് മോചിതരാവാത്ത കുടുംബത്തെയും മഹല്ലിനെയും അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തുന്നത് വേദനാജനകമാണെന്നും ഇവര്‍ പറഞ്ഞു. അഷ്റഫിന്റെ സഹോദരന്‍ സി ആബൂട്ടി, അമ്മാവന്‍ സി ഹമീദ്, കാപ്പുമ്മല്‍ മഹല്ല് സെക്രട്ടറി സി പി അബ്ദുള്‍ കരീം, പാറപ്രം മഹല്ല് സെക്രട്ടറി എം റൗഫ്, കോട്ടയം പഞ്ചായത്ത് പ്രസിഡന്റ് കെ പി നസീര്‍ , സി എ ഷഹഫുദ്ദീന്‍ , സി പി മുസ്തഫ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.

അഷ്റഫ് എല്ലാ മതപരമായ കര്‍മങ്ങളിലും പരിപാടികളിലും ഇസ്ലാമിക ആചാരമനുസരിച്ച് പങ്കെടുത്തിരുന്നുവെന്നത് ആര്‍ക്കും നിഷേധിക്കാനാവില്ല. രാഷ്ട്രീയ വിരോധവും ലീഗ് വിധേയത്വവും മൂലം സമസ്ത പോലൊരു സംഘടനയില്‍നിന്ന് ഇത്തരം പ്രതികരണം ഉണ്ടാവരുതായിരുന്നു. മരണമടഞ്ഞയാളെ മുസ്ലിംനാമധാരിയെന്ന് ആക്ഷേപിക്കുന്നത് കേട്ടുകേള്‍വിയില്ലത്തതാണ്. ഒരാള്‍ മതവിശ്വാസിയാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് സമസ്തയല്ല. വിശ്വാസിക്ക് സ്വര്‍ഗവും നരകവും നിശ്ചയിക്കുന്നത് സമസ്തയും ലീഗുമല്ല. മരണമടഞ്ഞയാള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയാണ് മതസംഘടനകളും വിശ്വാസികളും ചെയ്യേണ്ട കടമ. ഇസ്ലാമിന്റെ വിലക്ക് ലംഘിച്ച് ജീവിച്ച ആള്‍ക്ക് വേണ്ടിയായാല്‍ പോലും അയാള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കരുതെന്ന് ഒരു മതസംഘടനയും ആത്മീയ നേതാവും ആഹ്വാനം നല്‍കിയിട്ടില്ലെന്നും അഷ്റഫിന്റെ കുടുംബാംഗങ്ങളും മഹല്ല് ഭാരവാഹികളും ചൂണ്ടിക്കാട്ടി.

deshabhimani 230312

1 comment:

  1. ആര്‍എസ്എസ്സുകാര്‍ കൊലപ്പെടുത്തിയ എരുവട്ടി കാപ്പുമ്മലെ താഴയില്‍ അഷ്റഫിനെ "മുസ്ലിംനാമധാരി" എന്ന പദപ്രയാഗത്തിലൂടെ എസ്വൈഎസ് നേതൃത്വം അപമാനിച്ചതായി കുടുംബാംഗങ്ങളും മഹല്ല്, മുഹമ്മദ് മാസ്റ്റര്‍ സ്മാരക ട്രസ്റ്റ് ഭാരവാഹികളും കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചന്ദ്രിക ദിനപത്രത്തില്‍ എസ്വൈഎസ് ഇ കെ വിഭാഗം ജില്ലാ സെക്രട്ടറിയറ്റിന്റേതായി വന്ന പ്രസ്താവനയിലാണ് ഈ നിന്ദ്യമായ പ്രയോഗം. "സിപിഐ എം ജില്ലാ സെക്രട്ടറി ജയരാജന്റെ പ്രസ്താവനക്ക് പിന്നില്‍ നിഗൂഢലക്ഷ്യം" എന്ന തലക്കെട്ടിലായിരുന്നു പ്രസ്താവന. "മതവിരുദ്ധ ആശയമായ കമ്യൂണിസത്തിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെടുന്ന മുസ്ലിംനാമധാരികള്‍ക്കുവേണ്ടി മത-ആത്മീയ സംഘടനയായ ജംഇയ്യത്തുല്‍ ഉലമ പ്രാര്‍ഥനക്ക് ആഹ്വാനം നല്‍കണമെന്ന ജയരാജന്റെ പ്രസ്താവന അപഹാസ്യമാണെ"ന്നാണ് പ്രസ്താവനയില്‍ പറഞ്ഞത്.

    ReplyDelete