Friday, March 23, 2012

സഭയില്‍ ആദ്യന്തം, സശ്രദ്ധം

പാര്‍ലമെന്റ് സമ്മേളിക്കുന്ന ദിവസങ്ങളില്‍ ഏറ്റവുമൊടുവില്‍ സഭ വിട്ടിറങ്ങുന്ന അംഗങ്ങളില്‍ ഒരാളായിരുന്നു സി കെ ചന്ദ്രപ്പന്‍ . അട്ടഹാസമോ സഭയുടെ ശ്രദ്ധയാകര്‍ഷിക്കാനുള്ള ചെപ്പടിവിദ്യകളോ ഇല്ല. എങ്കിലും അദ്ദേഹം പ്രസംഗിക്കുമ്പോഴും ഇടപെടുമ്പോഴും മറ്റുള്ളവര്‍ സശ്രദ്ധം കേട്ടു. ലോക്സഭാ നടപടികളെ ആദ്യന്തം ഗൗരവത്തോടെ കണ്ടിരുന്നു സി കെ ചന്ദ്രപ്പന്‍ .

ചന്ദ്രപ്പന്റെ രാഷ്ട്രീയജീവിതത്തില്‍ രണ്ടു ദശാബ്ദത്തോളം പ്രവര്‍ത്തനകേന്ദ്രം ഡല്‍ഹിയായിരുന്നു. അഖിലേന്ത്യാ വിദ്യാര്‍ഥി ഫെഡറേഷന്‍ , യുവജന ഫെഡറേഷന്‍ എന്നിവയുടെ ജനറല്‍ സെക്രട്ടറിയായി പത്തു വര്‍ഷത്തോളം ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചശേഷമാണ് പാര്‍ലമെന്റ് അംഗമായത്. സംഘടനാ പ്രവര്‍ത്തനത്തിന്റെ അനുഭവപാഠം പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ അദ്ദേഹം കൂട്ടിയിണക്കി. അറുപതുകളിലും എഴുപതുകളിലും അദ്ദേഹം ഡല്‍ഹി രാഷ്ട്രീയത്തെ അടുത്തറിഞ്ഞു. സൗത്ത് അവന്യൂവിലാണ് താമസിച്ചിരുന്നത്. സഭയില്‍ കൃത്യമായി വരികയും അവസാനം വരെ നടപടികള്‍ ശ്രദ്ധിക്കുകയും ചെയ്യുന്ന അംഗമായിരുന്നു ചന്ദ്രപ്പനെന്ന് 14-ാം ലോക്സഭയില്‍ ഒപ്പം പ്രവര്‍ത്തിച്ച സിപിഐ എം ഉപനേതാവ് പി കരുണാകരന്‍ അനുസ്മരിച്ചു. വര്‍ക്കല രാധാകൃഷ്ണനും ചന്ദ്രപ്പനും പാര്‍ലമെന്റില്‍ നല്ല മാതൃകയായിരുന്നു. ബില്ലുകള്‍ പൂര്‍ണമായും പഠിക്കും. പ്രസംഗിക്കുന്ന വിഷയങ്ങളില്‍ നന്നായി ഗൃഹപാഠം ചെയ്യും. അതിനാല്‍ ചന്ദ്രപ്പന്റെ പ്രസംഗങ്ങള്‍ വസ്തുതകളും രാഷ്ട്രീയവും നിറഞ്ഞതായിരുന്നു. മറ്റ് അംഗങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കുന്നതിലും സഹായിക്കുന്നതിലും അദ്ദേഹം ഉത്സാഹം കാട്ടി. സഭയില്‍ എല്ലാ അംഗങ്ങള്‍ക്കും അറിയുന്ന ആളായിരുന്നു അദ്ദേഹം. കേരളത്തിന്റെ വിഷയങ്ങള്‍ സഭയില്‍ അവതരിപ്പിക്കുന്നതില്‍ ശ്രദ്ധ കാട്ടിയിരുന്നു.മികച്ച പാര്‍ലമെന്റേറിയനായിരുന്നു ചന്ദ്രപ്പനെന്ന് കേന്ദ്ര പ്രവാസി മന്ത്രി വയലാര്‍ രവി അനുസ്മരിച്ചു. ഏറ്റവും കൂടുതല്‍ സ്വകാര്യബില്‍ അവതരിപ്പിച്ച അംഗങ്ങളില്‍ ഒരാളായിരുന്നു ചന്ദ്രപ്പനെന്നും അദ്ദേഹം അനുസ്മരിച്ചു. സ്വകാര്യബില്ലുകളായി ചന്ദ്രപ്പന്‍ അവതരിപ്പിച്ച പലതും പിന്നീട് യാഥാര്‍ഥ നിയമമായെന്ന് എസ് സുധാകരറെഡ്ഡി അനുസ്മരിച്ചു.

18-ാം വയസ്സില്‍ വോട്ടവകാശം, തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ എന്നിവ ചന്ദ്രപ്പന്‍ സ്വകാര്യ ബില്ലുകളായി അവതരിപ്പിച്ചിരുന്നു. വനാവകാശബില്ലിന്റെ സബ്ജക്ട് കമ്മിറ്റിയില്‍ മികച്ച സംഭാവന നല്‍കി. സഭ ഇടയ്ക്ക് ബഹളം കാരണം പിരിഞ്ഞാലും വീണ്ടും കൂടുന്നതുവരെ കാത്തിരിക്കുകയും അവസാനം വരെ സഭയില്‍ ഇരിക്കുകയും ചെയ്തിരുന്നു. 1971 മുതല്‍ "77 വരെയും "77 മുതല്‍ "79 വരെയും 2004 മുതല്‍ 2006 വരെയും അദ്ദേഹം ലോക്സഭാ അംഗമായി. ആഭ്യന്തരം, വനിതാ ശാക്തീകരണം, മനുഷ്യവിഭവശേഷി വികസനം എന്നീ പാര്‍ലമെന്ററി സമിതികളില്‍ അംഗമായിരുന്നു.
(വി ജയിന്‍)

deshabhimani 230312

1 comment:

  1. പാര്‍ലമെന്റ് സമ്മേളിക്കുന്ന ദിവസങ്ങളില്‍ ഏറ്റവുമൊടുവില്‍ സഭ വിട്ടിറങ്ങുന്ന അംഗങ്ങളില്‍ ഒരാളായിരുന്നു സി കെ ചന്ദ്രപ്പന്‍ . അട്ടഹാസമോ സഭയുടെ ശ്രദ്ധയാകര്‍ഷിക്കാനുള്ള ചെപ്പടിവിദ്യകളോ ഇല്ല. എങ്കിലും അദ്ദേഹം പ്രസംഗിക്കുമ്പോഴും ഇടപെടുമ്പോഴും മറ്റുള്ളവര്‍ സശ്രദ്ധം കേട്ടു. ലോക്സഭാ നടപടികളെ ആദ്യന്തം ഗൗരവത്തോടെ കണ്ടിരുന്നു സി കെ ചന്ദ്രപ്പന്‍ .

    ReplyDelete