Friday, October 25, 2013

നടതള്ളല്‍: സമൂഹമനഃസാക്ഷി ഉണരണം

ജീവിതസായാഹ്നം വരെയും മക്കളെ നിറച്ചുമൂട്ടി അവരുടെ സന്തോഷങ്ങളില്‍ കണ്ണും മനസ്സും നിറഞ്ഞ അമ്മമാരെ ഒടുവില്‍ പടിയിറക്കിവിടുന്നത് മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്നു. പ്രിയപ്പെട്ടവര്‍ ഉപേക്ഷിക്കുന്ന അമ്മമാര്‍ ആലംബമറ്റ് അലയുന്നത് സമൂഹത്തെയാകെ നാണംകെടുത്തുന്നു. ഇതൊരു സാമൂഹിക പ്രശ്നമാണെന്ന് തിരിച്ചറിയണം. ഉണരേണ്ടത് സമൂഹമനഃസാക്ഷിയാണ്. ഗുരുവായൂരിലെ നടതള്ളല്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത് ഇപ്പോഴാണ്. വര്‍ഷങ്ങളായി ഇതു തുടരുന്നുഎന്നതാണ് യാഥാര്‍ഥ്യം. എത്രയും പ്രിയപ്പെട്ട മക്കള്‍ വൃദ്ധരും അവശരുമായ മാതാപിതാക്കളെ തെരുവില്‍ ഉപേക്ഷിക്കുന്നു. "കേരള കഫേ"യിലെ "ബ്രിഡ്ജ്" എന്ന സിനിമ ഈ പ്രശ്നം ഹൃദയസ്പര്‍ശിയായി കൈകാര്യം ചെയ്തിരുന്നു. അന്‍വര്‍റഷീദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ശാന്താദേവി അമ്മയായും സലിംകുമാര്‍ മകനായും അഭിനയിച്ചു. ശാന്താദേവിയുടെ അവസാനകാലത്ത് ഇതിനു സമാനമായ തിരസ്കരണം അവര്‍ നേരിട്ടു എന്നത് മറ്റൊരു ദുരന്തം.

ഗുരുവായൂരിലെ നടതള്ളല്‍ സജീവചര്‍ച്ചയായ വേളയില്‍ പ്രശസ്തകവി റഫീഖ് അഹമ്മദിന്റെ പുതിയ കവിത "അമ്മത്തൊട്ടില്‍" ഏറെ ശ്രദ്ധേയമാകുന്നുണ്ട്. "പിന്‍സീറ്റിലെത്രയ്ക്കു നേരെയിരുത്തീട്ടുþ മോരം ചെരിഞ്ഞുമടങ്ങിയിരുന്നമ്മ. നീരറ്റുവറ്റിവരണ്ട കൈച്ചുള്ളികള്‍ നീരാതെ മാറോട് ചേര്‍ത്തുവച്ചിട്ടുണ്ട്. എങ്ങോട്ട് പോകുന്നുവെന്ന് ചോദിച്ചില്ല, എന്തിനെന്നും; പക്ഷേ, കണ്ണുകള്‍, കണ്ണുകള്‍ മങ്ങിപ്പഴകിയ പിഞ്ഞാണവര്‍ണമായ് പാടയും പീളയും മൂടിയ കണ്ണുകള്‍ ഏറെ പണിപ്പെട്ടടച്ചുതുറന്നവര്‍." എന്ന് റഫീഖിന് എഴുതാനാകുന്നതും കവിത ജീവിതഗന്ധിയാകുന്നതും നമ്മുടെ ചുറ്റും ഇത്തരം സംഭവങ്ങള്‍ നിത്യമുണ്ടാകുന്നതുകൊണ്ടുകൂടിയാണ്. ക്ഷേത്രദര്‍ശനത്തിനെന്നും മറ്റും പറഞ്ഞ് കൂട്ടിക്കൊണ്ടുവന്ന് അമ്മമാരെ ഉപേക്ഷിക്കുന്നു. നടക്കാന്‍പോലുമാകാതെ കഷ്ടപ്പെടുന്ന എത്രയോ അമ്മമാരെ നമുക്കിവിടെ കാണാം. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടലുണ്ടാവണം. വൃദ്ധജനങ്ങളെ സംരക്ഷിക്കാന്‍ നിയമപ്രകാരംതന്നെ മക്കള്‍ ബാധ്യസ്ഥരാണ്. നിയമലംഘകര്‍ക്ക് ശക്തമായ ശിക്ഷാനടപടികള്‍ ഉണ്ടാവേണ്ടതുണ്ട്. ഒപ്പം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ സാമൂഹ്യസമ്മര്‍ദവുമുയരണം.

വൃദ്ധരെ നടതള്ളല്‍: വനിതാ കമ്മീഷന്‍ തെളിവെടുത്തു

തൃശൂര്‍:വൃദ്ധ മാതാപിതാക്കളെ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ വനിതാകമ്മീഷന്‍ തെളിവെടുപ്പ് നടത്തി. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും . മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കള്‍ക്കെതിരെ നിയമനടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് കമ്മീഷന്‍ അംഗം തുളസി പറഞ്ഞു.

വൃദ്ധരെ നടതള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് പൊലീസ്

ഗുരുവായൂര്‍: പ്രായമായവരെ ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഗുരുവായൂര്‍ എസിപി ആര്‍ കെ ജയരാജ് പറഞ്ഞു. ആയിരങ്ങള്‍ ആത്മീയാശ്രയത്തിനായെത്തുന്ന ഗുരുവായൂരില്‍ അഗതികള്‍ ആശ്രയമില്ലാതെ അലയുന്നതായുള്ള ദേശാഭിമാനി വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു എസിപി. ഗുരുവായൂരിലും പരിസരങ്ങളിലും കഴിയുന്ന അഗതികളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു തുടങ്ങി. അഗതികളുടെ വിവരങ്ങള്‍ ശേഖരിച്ച് തിരികെ വീടുകളിലാക്കാനും ബന്ധുക്കളില്ലാതെ കഴിയുന്നവരെ സംരക്ഷിക്കാന്‍ എന്ത് നടപടി സ്വീകരിക്കാനാവും എന്നതിനെക്കുറിച്ചും പൊലീസ് ആലോചിച്ച് വരികയാണ്.

ആറുവര്‍ഷം മുമ്പ് ഗുരുവായൂരിലെത്തിയ പത്മാവതി എന്ന സ്ത്രീ അടുത്തയിടെ പരിക്കേറ്റ് ആശുപത്രിയിലാവുകയും പരിചരിക്കാനാളില്ലാതെ വന്നപ്പോള്‍ ജീവകാരുണ്യ സംഘടനകള്‍ രംഗത്തു വരികയും ചെയ്തിരുന്നു. പത്മാവതിയമ്മയെ എസിപി സന്ദര്‍ശിച്ച് അവരുടെ മൊഴി രേഖപ്പെടുത്തി. ഇവരെ മക്കള്‍ കഴിഞ്ഞ ദിവസം ഉപേക്ഷിച്ചു എന്ന നിലയിലായിരുന്നു വ്യാപക പ്രചാരണം. എന്നാല്‍ താന്‍ വിവാഹിതയല്ലെന്ന് ഇവര്‍ തന്നെ പറയുന്നു. ഇത്തരത്തില്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമാകാത്ത സാഹചര്യങ്ങളില്‍ ബന്ധുക്കളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്നും എസിപി പറഞ്ഞു. 2007ലെ വയോജന നിയമപ്രകാരം മൂന്നുവര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണിതെന്നും ആര്‍ കെ ജയരാജ് പറഞ്ഞു.

deshabhimani

No comments:

Post a Comment