ശനിയാഴ്ച പകല്‍ രണ്ടരയോടെ മീനടം ഗവണ്മെന്റ് എല്‍പി ജിഎസ് സ്കൂള്‍ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴാണ് മുഖ്യമന്ത്രിക്ക് ആദ്യ പ്രതിഷേധം നേരിടേണ്ടി വന്നത്. പോസ്റ്റ്ഓഫീസ് ജങ്ഷനില്‍ അറുപതോളം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കാത്തുനിന്നാണ് കരിങ്കൊടി കാട്ടിയത്. നൂറു കണക്കിന് പൊലീസുകാരെയാണ് ഓരോ സ്ഥലത്തും വിന്യസിച്ചത്. ഇതു മറികടന്നായിരുന്നു കരിങ്കൊടി പ്രതിഷേധം. മീനടത്ത് മുഖ്യമന്ത്രി എത്തുന്നതിനു മുന്‍പേ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പാമ്പാടി ക്രോസ്റോഡ്സ് ഇംഗ്ലീഷ് സ്കൂളിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ പകല്‍ മൂന്നരയോടെ എത്തിയ ഉമ്മന്‍ചാണ്ടിക്ക് വന്ജനസഞ്ചയത്തിന്റെ പ്രതിഷേധം നേരിടേണ്ടി വന്നു. വി എന്‍ വാസവന്, സിപിഐ എം ഏരിയ സെക്രട്ടറി കെ എം രാധാകൃഷ്ണന്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ സി ജോസഫ്, റെജി സഖറിയ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രകടനമായി പാമ്പാടിയില്‍നിന്ന് സ്കൂളിന്റെ കവാടത്തിലേക്ക് എത്തി. പൊലീസ് തടഞ്ഞപ്പോള്‍ കുറെനേരം സംഘര്‍ഷമായി. ഈ സമയം ഉദ്ഘാടനം കഴിഞ്ഞ് മുഖ്യമന്ത്രി കാറില്‍ പുറത്തേക്ക് എത്തി. പൊലീസിന്റെ പ്രതിരോധം മറികടന്ന പ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടിയെ കരിങ്കൊടി കാട്ടി. ഇത് തടയാനുള്ള പൊലീസിന്റെ ശ്രമത്തിനിടെ പലര്‍ക്കും ലാത്തികൊണ്ട് കുത്തേറ്റു. ഇതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. സ്ഥലത്ത് എത്തിയ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എസ് സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ വി എന്‍ വാസവന് അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു.
അയര്‍ക്കുന്നം വനിതാക്ഷേമ ഓഫീസ് ഉദ്ഘാടനത്തിന് ഊടുവഴിയിലൂടെയാണ് മുഖ്യമന്ത്രി എത്തിയത്. സ്ത്രീകള്‍ അടക്കമുള്ളവര്‍ കരിങ്കൊടിയുമായി മണര്‍കാട്-കിടങ്ങൂര്‍ റോഡില്‍ അയര്‍ക്കുന്നം ടൗണില്‍ കാത്തുനിന്നിരുന്നു. ഇതു മനസിലാക്കിയ മുഖ്യമന്ത്രി പ്രധാന റോഡിലൂടെ വരാതെ ടൗണില്നിന്ന്് അകന്നുമാറിയുള്ള ഇടുങ്ങിയ ഊടുവഴിയിലൂടെ പകല്‍ രണ്ടോടെ ഉദ്ഘാടന സ്ഥലത്ത് എത്തി. പരിപാടിക്കുശേഷം മറ്റൊരു ഊടുവഴിയിലൂടെ മടങ്ങി. മുഖ്യമന്ത്രി എത്തിയതറിഞ്ഞ് പ്രവര്‍ത്തകര്‍ അങ്ങോട്ട് കുതിച്ചപ്പോള്‍ പൊലീസ് തടഞ്ഞു. അതോടെ റോഡില്‍ കുത്തിയിരുന്നു. തുടര്‍ന്നു ചേര്‍ന്ന യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി ആര് രഘുനാഥന് ഉദ്ഘാടനം ചെയ്തു. വാകത്താനം പഞ്ചായത്ത് കേരളോത്സവം ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിയെ വൈകിട്ട് 5.30ന് അഞ്ഞൂറോളം പേര് ഞാലിയാകുഴി കവലയില്‍ കരിങ്കൊടി കാട്ടി. ടൗണില്‍ പ്രകടനവും നടത്തി.
deshabhimani
No comments:
Post a Comment