Tuesday, April 9, 2013

30 കോടി സര്‍ക്കാര്‍ തിരിച്ചുപിടിച്ചു


കുടിവെള്ളത്തിനായി ജനങ്ങള്‍ പരക്കംപായുമ്പോള്‍ ദുരന്തനിവാരണ അതോറിറ്റി ഫണ്ടിലെ 30 കോടി രൂപ ചെലവഴിക്കാതെ സര്‍ക്കാര്‍ തിരിച്ചുപിടിച്ചു. ശുദ്ധജല ഉറവിടങ്ങള്‍ സംരക്ഷിക്കാനും വേനലിന്റെ തുടക്കത്തില്‍ കുടിവെള്ളം കിട്ടാത്ത പ്രദേശങ്ങളില്‍ വാഹനങ്ങളില്‍ വെള്ളം എത്തിക്കാനും ജില്ലകള്‍ക്ക് അനുവദിച്ച 85 കോടി രൂപയില്‍ നിന്നാണ് 30 കോടി സര്‍ക്കാര്‍ തിരിച്ചെടുത്തത്. റവന്യുവകുപ്പ് അനുവദിച്ച തുക കലക്ടര്‍മാരെയാണ് ഏല്‍പ്പിച്ചിരുന്നത്. തഹസില്‍ദാര്‍മാര്‍ക്കായിരുന്നു ഫണ്ടു വിനിയോഗ ചുമതല. കുടിവെള്ളം ഇല്ലാത്ത പ്രദേശത്തെല്ലാം ടാങ്കറുകളില്‍ വെള്ളമെത്തിക്കാനാണ് തുക ചെലവഴിക്കേണ്ടത്. പേരിന് ചിലയിടത്ത് വെള്ളം വിതരണം ചെയ്തശേഷം സാമ്പത്തിക വര്‍ഷാവസാനമായ മാര്‍ച്ച് 31നുതുക കലക്ടര്‍മാര്‍ മടക്കി നല്‍കുകയായിരുന്നു. സര്‍ക്കാരും ഉദ്യോഗസ്ഥരും കാണിച്ച കുറ്റകരമായ അനാസ്ഥയാണ് ഫണ്ട് ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയാത്തതിന് കാരണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ വിലയിരുത്തല്‍.
തീരദേശങ്ങളിലും മലയോരഗ്രാമപ്രദേശങ്ങളിലും ജനം കുടിവെള്ളമില്ലാതെ കഷ്ടപ്പെടുന്ന വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് ഫെബ്രുവരി 17നാണ് സര്‍ക്കാര്‍ 85 കോടി അനുവദിച്ചത്. എന്നാല്‍, തുടര്‍പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചില്ല. തലസ്ഥാനജില്ലയ്ക്ക് 12.48 കോടി രൂപ അനുവദിച്ചതില്‍ മാര്‍ച്ച് 31നു 8.5 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. കൊടുംവരള്‍ച്ചയില്‍ വരണ്ടുണങ്ങിയ പാലക്കാട് ജില്ലയ്ക്ക് അനുവദിച്ച 9.26 കോടിയില്‍ രണ്ടു കോടി രൂപ ചെലവഴിച്ചില്ല. വയനാട് ജില്ലയ്ക്ക് 4.73 കോടി രൂപ അനുവദിച്ചതില്‍ ഒന്നരക്കോടിയോളം തിരിച്ചുപിടിച്ചു. മറ്റു ജില്ലയിലെല്ലാം ഭീമമായ തുക വിനിയോഗിക്കാതെ കിടന്നു. താലൂക്ക് അധികൃതര്‍ വീഴ്ച വരുത്തിയതുകൊണ്ടാണ് തുക ബാക്കിവന്നതെന്നാണ് സര്‍ക്കാര്‍ നിലപാട്. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ മാര്‍ഗനിര്‍ദേശങ്ങളില്ലാതെ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതുതന്നെ തുക തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലോടെയായിരുന്നെന്ന് ഉദ്യോഗസ്ഥരും പറയുന്നു. ഇത്രയും തുക ബാക്കി വന്നിട്ടും അതതിടത്തെ ജനപ്രതിനിധികളെപ്പോലും വിവരമറിയിച്ചിട്ടില്ല. കഴിഞ്ഞദിവസങ്ങളില്‍ ജില്ലകളില്‍ അവലോകനയോഗങ്ങള്‍ ചേര്‍ന്നപ്പോള്‍ മാത്രമാണ് ഭീമമായ തുക നഷ്ടമായ വിവരം എംഎല്‍എമാര്‍ പോലും അറിഞ്ഞത്.

തീരദേശങ്ങളിലൊന്നും ഫലപ്രദമായി കുടിവെള്ളവിതരണം ഇനിയും ആരംഭിക്കാനായില്ല. പലയിടത്തും ജലവിതരണത്തിന് ആവശ്യമായ ടാങ്കറുകള്‍ കിട്ടുന്നില്ലെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. ഇത് അസംബന്ധമാണെന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ വ്യക്തമാക്കി. തുക തങ്ങളെ ഏല്‍പ്പിച്ചാല്‍ എല്ലായിടത്തും ആവശ്യത്തിന് വെള്ളമെത്തിക്കാമെന്ന് ഗ്രാമപഞ്ചായത്തുകള്‍ അറിയിച്ചതാണ്. താലൂക്ക് ഓഫീസുകളെ ചുമതലയേല്‍പ്പിച്ചതോടെ പല വില്ലേജിലും ജലവിതരണം നടന്നിട്ടേയില്ല. കുറച്ച് ടാങ്കര്‍ ഉടമകളെ ചുമതലയേല്‍പ്പിച്ച് പേരിനു മാത്രമാക്കി ജലവിതരണം. തുക ബാക്കിയാകുമെന്ന് കണ്ടതോടെ മാര്‍ച്ച് 31നുടാങ്കര്‍ ഉടമകള്‍ നല്‍കിയ ബില്‍ മുഴുവന്‍ തഹസില്‍ദാര്‍മാര്‍ പാസാക്കി നല്‍കി. തുരുമ്പുപിടിച്ച് ഉപയോഗശൂന്യമായ കുഴല്‍ക്കിണറുകള്‍ അറ്റകുറ്റപ്പണി നടത്താനും ഈ തുക ഉപയോഗിക്കാമായിരുന്നു. രണ്ടാം ഘട്ടമായി മാര്‍ച്ച് ആദ്യവാരം സര്‍ക്കാര്‍ 30 കോടി കൂടി കുടിവെള്ളവിതരണത്തിന് അനുവദിച്ചിരുന്നു. എന്നാല്‍, മന്ത്രിസഭാ തീരുമാനം ഉണ്ടായതല്ലാതെ തുക നല്‍കിയിരുന്നില്ല. ആദ്യഘട്ടത്തിലെ 30 കോടി തിരിച്ചുകിട്ടിയെന്ന് അറിഞ്ഞതോടെ രണ്ടാം ഘട്ടത്തിലെ തുക അനുവദിക്കാന്‍ ദുരന്തനിവാരണ അതോറിറ്റിക്ക് സര്‍ക്കാര്‍ തിങ്കളാഴ്ച നിര്‍ദേശം നല്‍കി.
(എം വി പ്രദീപ്)

deshabhimani 090413

No comments:

Post a Comment