Tuesday, April 9, 2013

കനല്‍വഴികളിലൂടെ വീണ്ടും അമരത്ത്

പോരാട്ടത്തിന്റെ കനല്‍വഴികള്‍ താണ്ടിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനത്തിന്റെ അധ്യക്ഷസ്ഥാനത്ത് എ കെ പത്മനാഭന്‍ വീണ്ടും എത്തുന്നത്. ട്രേഡ് യൂണിയന്‍ രംഗത്ത് അഞ്ചു പതിറ്റാണ്ടു കാലത്തെ സജീവസാന്നിധ്യവും വിട്ടുവീഴ്ചയില്ലാത്ത നിലപാടും സൗമ്യമായ ഇടപെടലും എ കെ പിയെ തൊഴിലാളികളുടെ പ്രിയപ്പെട്ട നേതാവാക്കി. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗംകൂടിയായ അദ്ദേഹത്തിന്റെ ജനനം കണ്ണൂരിലാണെങ്കിലും തമിഴ്നാടായിരുന്നു കര്‍മഭൂമി.

കണ്ണൂര്‍ പാപ്പിനിശേരി ആമന്ത്ര കേളോത്ത് ജാനകിയമ്മയുടെയും ചിറയ്ക്കല്‍ പുഴാതി എ വി കുഞ്ഞിരാമന്‍ നമ്പ്യാരുടെയും മകനാണ് എ കെ പത്മനാഭന്‍. എ കെ ജിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍നിന്നും മദിരാശിയിലേക്ക് നടത്തിയ പട്ടിണി ജാഥയില്‍ മുഴുവന്‍ സമയം പങ്കെടുത്ത എ വി കുഞ്ഞിരാമന്‍ നമ്പ്യാര്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യകാല പ്രവര്‍ത്തകനായിരുന്നു. കല്യാശേരി ഗവ. െഹൈസ്കൂളില്‍നിന്നാണ് എ കെ പി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് 1962ല്‍ മദിരാശിയിലെത്തി. ത്യാഗരാജ കോളേജില്‍ പ്രീ യൂണിവേഴ്സിറ്റി കോഴ്സിനു ചേര്‍ന്നു. 1963 അശോക് ലൈലന്‍ഡ് ഓട്ടോമൊബൈല്‍ കമ്പനിയില്‍ തൊഴില്‍ പരിശീലകനായി പ്രവേശിച്ചു. പിന്നീട് സ്ഥിരം ജീവനക്കാരനായി. തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ അന്നു മുതലേ ഇടപെട്ടു തുടങ്ങി. 1966ല്‍ ചെന്നൈ വാഷര്‍മാന്‍പേട്ടില്‍ നിന്ന് സിപിഐ എം അംഗമായി.

1968ല്‍ തിരുവെട്രിയൂര്‍ ടൗണ്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ശമ്പള വര്‍ധന ആവശ്യപ്പെട്ട് 1967 മുതല്‍ ആരംഭിച്ച അതിശക്തമായ തൊഴിലാളി പോരാട്ടമാണ് സജീവ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലേക്ക് എ കെ പിയെ നയിച്ചത്. 1970ല്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന സിഐടിയു സ്ഥാപക സമ്മേളനത്തില്‍ പ്രതിനിധിയായി. 1970കളില്‍ മദിരാശിയില്‍ തൊഴിലാളി സമരം കരുത്താര്‍ജിച്ചു. എംആര്‍എഫില്‍ 112 ദിവസമാണ് സമരം നടന്നത്. അശോക് ലൈലന്‍ഡില്‍ മൂന്നുമാസം സമരം നടന്നു. മാനേജ്മെന്റിനൊപ്പം നിന്ന് സമരത്തെ അടിച്ചമര്‍ത്താനാണ് അന്നത്തെ ഡിഎംകെ സര്‍ക്കാര്‍ ശ്രമിച്ചത്. ഈ കാലയളവില്‍ സമരത്തിന്റെ മുന്‍നിരയില്‍ എ കെ പിയുണ്ടായിരുന്നു. സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ 1972 സെപ്തംബറില്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. ഒമ്പതുവര്‍ഷത്തില്‍ ഒമ്പതു മാസം മാത്രമാണ് സ്ഥിരം ജീവനക്കാരനായി അശോക് ലൈലന്‍ഡില്‍ ജോലിചെയ്യാന്‍ കഴിഞ്ഞത്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതോടെ സിപിഐ എമ്മിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി.

പിന്നീട്, മദിരാശിയിലെ ഹോട്ടല്‍ തൊഴിലാളികളെ സംഘടിപ്പിച്ചു. 1979ല്‍ സിഐടിയു സംസ്ഥാന കമ്മിറ്റിയിലെത്തി. 1982ല്‍ ഓള്‍ ഇന്ത്യാ വര്‍ക്കിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991 മുതല്‍ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി. പിന്നീട് തമിഴ്നാട്സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ചണ്ഡീഗഢില്‍ നടന്ന സമ്മേളനത്തില്‍ ദേശീയ പ്രസിഡന്റായി. ഇ എം എസ്, എ കെ ജി, പി സുന്ദരയ്യ, ഹര്‍കിഷന്‍ സിങ് സുര്‍ജിത്ത് ഉള്‍പ്പെടെ ഒട്ടുമിക്ക നേതാക്കളുടെയും പ്രസംഗം എ കെ പി തമിഴിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്. കോഴിക്കോട് ചേര്‍ന്ന സിപിഐ എം പാര്‍ടി കോണ്‍ഗ്രസിലാണ് പൊളിറ്റ് ബ്യൂറോയിലെത്തിയത്. തമിഴ്നാട്ടിലെ സിപിഐ എം നേതാവ് പി ആര്‍ പരമേശ്വരന്റെ മകള്‍ ഉഷാദേവിയാണ് ഭാര്യ. ആലുവയ്ക്കടുത്ത് മുപ്പത്തടമാണ് പി ആര്‍ പിയുടെ സ്വദേശം. മക്കള്‍: മനോജ്കുമാര്‍ (മദ്രാസ് ഹൈക്കോടതി അഭിഭാഷകന്‍), സുമിത.

അനുഭവച്ചൂടില്‍ ഉരുകിത്തെളിഞ്ഞ്

എം കെ പന്ഥെ നഗര്‍ (കണ്ണൂര്‍): തൊഴിലാളിയായി ജീവിതം തുടങ്ങി തീക്ഷ്ണപോരാട്ടങ്ങളിലൂടെ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായി മാറുക- തപന്‍ സെന്നിന്റെ രാഷ്ട്രീയ ജീവിതത്തെ ഇങ്ങനെ ചുരുക്കാം. 2010 മാര്‍ച്ചില്‍ ചണ്ഡീഗഢില്‍ നടന്ന പതിമൂന്നാം സിഐടിയു ദേശീയ സമ്മേളനം ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത തപന് ഇത് രണ്ടാമൂഴം. ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തെ തീവ്രസമരത്തിന്റെ പന്ഥാവുകളിലേക്ക് നയിക്കാന്‍ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയിലെ ഈ പഴയ തൊഴിലാളി നേതാവിന് സമരാനുഭവങ്ങള്‍ കരുത്താകുന്നു.

അറുപത്തിരണ്ടുകാരനായ തപന്റെ കുടുംബവേരുകള്‍ പടരുന്നത് ബംഗ്ലാദേശിലേക്കാണ്. കിഴക്കന്‍ ബംഗാളിലെ അറിയപ്പെടുന്ന സ്വാതന്ത്ര്യസമരസേനാനികളായ ബങ്കിം സെന്‍- അമിയമൊയി സെന്‍ ദമ്പതികളുടെ രണ്ടാമത്തെ മകനായ തപന്‍ ജനിച്ചതും വളര്‍ന്നതും കൊല്‍ക്കത്തയില്‍. 1951ലെ ഗാന്ധിജയന്തി ദിനത്തിലാണ് ജനനം. രാഷ്ട്രീയപ്രബുദ്ധതയുള്ള സെന്‍കുടുംബത്തിലെ ഗഹനമായ ചര്‍ച്ചകള്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങളായി. സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ പശ്ചിമബംഗാളിലെ പുരോഗമനവിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ഭാഗമായി. കൊല്‍ക്കത്ത പ്രസിഡന്‍സി കോളേജില്‍ ഇക്കണോമിക്സ് ഓണേഴ്സിന് പഠിക്കുമ്പോള്‍ സംസ്ഥാനത്തെ വിദ്യാര്‍ഥി നേതാക്കളിലൊരാളായി.

1971ല്‍ കൊല്‍ക്കത്ത സ്റ്റീല്‍ അതോറിറ്റി ലിമിറ്റഡി (സെയ്ല്‍)ല്‍ തൊഴിലാളിയായി യൂണിയന്റെ നേതൃത്വത്തിലെത്തി. സെയ്ല്‍ ജീവനക്കാരുടെ നിരവധി സമരങ്ങള്‍ നയിച്ച തപന്‍ 1970-72 കാലത്തെ സിദ്ധാര്‍ഥ ശങ്കര്‍റേയുടെ അര്‍ധഫാസിസ്റ്റ് ഭരണകാലത്ത് ഒരു മാസത്തോളം ജയിലിലായിരുന്നു. 1991ല്‍ സിഐടിയു ദേശീയ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1994ല്‍ ദേശീയ സെക്രട്ടറിയായി. സംഘടനാ പ്രവര്‍ത്തനത്തിന്റെ തിരക്കുകൂടിയതോടെ 1997ല്‍ സെയിലിലെ ജോലി രാജിവച്ചു. വിആര്‍എസ് ആനുകൂല്യങ്ങള്‍ വാങ്ങാതെയായിരുന്നു രാജി. 2006ല്‍ രാജ്യസഭാംഗമായ തപന്‍ മുന്‍ സിഐടിയു പ്രസിഡന്റ്് ഇ ബാലാനന്ദന്റെ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് സഭയില്‍ ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ശക്തമായി ഉയര്‍ത്തി. 2012ല്‍ വീണ്ടും രാജ്യസഭയിലെത്തി. കൊല്‍ക്കത്തയില്‍ അധ്യാപികയായ ദേബശ്രീ സെന്‍ ആണ് ഭാര്യ. മോണിദീപയും സോംദീപും മക്കള്‍.

deshabhimani 090413

No comments:

Post a Comment