Friday, April 19, 2013

ആയുധങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കയക്കും


പിണറായി വധോദ്യമക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കുഞ്ഞികൃഷ്ണന്‍ നമ്പ്യാരില്‍നിന്ന് പൊലീസ് പിടിച്ചെടുത്ത ആയുധങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബിലേക്കയക്കും. ഒരു എയര്‍ഗണ്ണും മൂര്‍ച്ചയേറിയ കത്തിവാളുമായാണ് നമ്പ്യാരെ ഏപ്രില്‍ മൂന്നിന് രാത്രി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീടിനുസമീപത്തുനിന്ന് പൊലീസ് പിടികൂടിയത്. പിന്നീട് വളയത്തെ ഇയാളുടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ എയര്‍ഗണ്ണില്‍ ഉപയോഗിക്കുന്ന 300 പെല്ലറ്റും 20 ഗ്രാം വെടിമരുന്നും കണ്ടെടുത്തു. ലോക്കല്‍ പൊലീസ് തലശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്ന ഇവ വ്യാഴാഴ്ച ക്രൈംബ്രാഞ്ച് അന്വേഷണസംഘം പരിശോധിച്ചു. ക്രൈംബ്രാഞ്ച് എസ്പി ബി അശോകന്‍, അന്വേഷണ സംഘാംഗങ്ങളായ ഡിവൈഎസ്പി വി എന്‍ വിശ്വനാഥന്‍, സിഐമാരായ എം പി വിനോദ്, വി രമേശന്‍ എന്നിവരാണ് കോടതിയില്‍ ചെന്ന് ആയുധങ്ങളും പെല്ലറ്റുകളും മറ്റും പരിശോധിച്ചത്.

ആയുധങ്ങളുടെ ശേഷി സംബന്ധിച്ച് ബാലിസ്റ്റിക് വിദഗ്ധന്റെ അഭിപ്രായം തേടുമെന്നും അന്വേഷണ സംഘം സൂചിപ്പിച്ചു. കൃഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ ആയുധങ്ങള്‍ക്കായി ബന്ധപ്പെട്ടിരുന്ന നാല് കൊല്ലപ്പണിക്കാരെ ചോദ്യംചെയ്തു. വളയത്തും പരിസരപ്രദേശങ്ങളിലുമുള്ളവരാണ് നാലുപേരും. വളയം ഭൂമിവാതുക്കല്‍ സ്വദേശിയായ കുമാരനോട് മൂന്ന് കത്തിവാള്‍ പണിതുനല്‍കാനാണ് നമ്പ്യാര്‍ ആവശ്യപ്പെട്ടത്. മാര്‍ച്ച് പത്തിനും 20നും ഇടയില്‍ മൂന്നു തവണയായി 2000 രൂപ അഡ്വാന്‍സും നല്‍കി. കൃഷിയാവശ്യത്തിനെന്നാണ് പറഞ്ഞത്. നിശ്ചിത തിയതിക്ക് ഇയാള്‍ കത്തിവാള്‍ നല്‍കിയില്ല. പണവും തിരിച്ചുനല്‍കാത്തതിനെ തുടര്‍ന്ന് നമ്പ്യാര്‍ വളയം പൊലീസില്‍ പരാതി നല്‍കി. കേടായ എയര്‍ഗണ്‍ ശരിയാക്കിയത് വളയത്തെ ബാലകൃഷ്ണന്‍ എന്ന കൊല്ലപ്പണിക്കാരനാണ്. വളയത്തെ മറ്റൊരു ബാലകൃഷ്ണനെയും കുഞ്ഞിക്കണ്ണന്‍ എന്ന ഒണക്കനെയും കള്ളത്തോക്കിനായി സമീപിച്ചിരുന്നു. തോക്കില്ലെന്നു പറഞ്ഞ് ഇരുവരും മടക്കി. തോക്ക് വില്‍ക്കുന്നുണ്ടോ എന്നന്വേഷിച്ച് പ്രതി വളയത്തെ ഗോവിന്ദന്‍ നമ്പ്യാരെ സമീപിച്ചതായും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. ലൈസന്‍സുള്ള തോക്ക് കൈവശമുള്ളയാളാണ് ഗോവിന്ദന്‍ നമ്പ്യാര്‍.

deshabhimani 190413

No comments:

Post a Comment