Sunday, October 21, 2012

ഹിമാചലില്‍ സിപിഐ എം 15 സീറ്റില്‍


നവംബര്‍ നാലിന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചല്‍പ്രദേശില്‍ സിപിഐ എം 15 സീറ്റില്‍ മത്സരിക്കും. ഹിമാചല്‍ ലോക്ഹിത് മോര്‍ച്ച, സിപിഐ പാര്‍ടികളുമായി ഉണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണയുടെ അടിസ്ഥാനത്തിലാണ് ഒമ്പത് ജില്ലകളിലെ 15 സീറ്റില്‍ സിപിഐ എം മത്സരിക്കുന്നത്. സംസ്ഥാനത്ത് ആകെയുള്ള 68 സീറ്റില്‍ 40 സീറ്റില്‍ ലോക്ഹിത് പാര്‍ടിയും 13 സീറ്റില്‍ സിപിഐ യും മത്സരിക്കും. സിപിഐ എം ശക്തികേന്ദ്രമായ സിംലയില്‍ മൂന്ന് സീറ്റിലാണ് പാര്‍ടി മത്സരിക്കുന്നത്. കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പില്‍ സിംലയില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ സിപിഐ എം നേടിയിരുന്നു. ഹിമാചല്‍ സര്‍വകലാശാലയിലെ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ വിജയിച്ചിരുന്നു.

സിംല ജില്ലയിലെ തിയോഗ് സീറ്റില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ രാകേഷ് സിംഗയാണ് മത്സരിക്കുന്നത്. മുന്‍മന്ത്രിയും പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമായിരുന്ന വിദ്യസ്റ്റോക്ക്സിനെതിരെയാണ് സിംഗയുടെ മത്സരം. മണ്ഡല പുനര്‍നിര്‍ണയത്തില്‍ കുമാര്‍സെയ്ന്‍ മണ്ഡലം ഇല്ലാതായതോടെയാണ് ഇന്ത്യയിലെ ആദ്യ വനിതാസ്പീക്കറായിരുന്ന വിദ്യസ്റ്റോക്ക്സ് തിയോഗ് സീറ്റിലേക്ക് മാറിയത്. സിംല അര്‍ബന്‍ മണ്ഡലത്തില്‍ സിപിഐ എം സ്ഥാനാര്‍ഥി നഗരത്തിന്റെ ഡെപ്യൂട്ടി മേയര്‍ ടിക്കേന്ദര്‍പന്‍വറാണ്. കസംപ്ടിയില്‍ ഡോ. കുല്‍ദീപ്സിങ് തന്‍വറാണ് പാര്‍ടി സ്ഥാനാര്‍ഥി. മണ്ഡി ജില്ലയില്‍ മൂന്നിടത്താണ് സിപിഐ എം മത്സരിക്കുന്നത്. സിറാജില്‍ ജഗദീഷ് താക്കൂറും ജൊഗീന്ദര്‍ നഗറില്‍ കുഷാല്‍ ഭരദ്വാജും ബാല്‍ഹില്‍ പരസ് റാമും. കാംഗ്റ ജില്ലയിലെ സുലഹില്‍ അശോക് കടോച്ചും ധര്‍മശാലയില്‍ ജഗദീഷ് എന്ന ജഗ്ഗിയും സിര്‍മോര്‍ ജില്ലയിലെ ശ്രീരേണുകാജിയില്‍ സത്പാല്‍ മാനും ഷിലായിയില്‍ ഹരിറാം ശാസ്ത്രിയും മത്സരിക്കും. മറ്റ് സ്ഥാനാര്‍ഥികളുടെ പേര് ചുവടെ: അനില്‍ മങ്കോടിയ (ഹമീര്‍പൂര്‍-ഹമീര്‍പൂര്‍ ജില്ല), ഗുര്‍ണാംസിങ്(ഉന-ഉന ജില്ല), രാംകൃഷന്‍ശര്‍മ(അര്‍ക്കി-സോളന്‍ ജില്ല), സുദേഷ് കുമാരി(ഭട്ടിയാട്ട്-ചമ്പ ജില്ല), നാരായണ്‍സിങ്(ബന്‍ജര്‍-കുല്ലുജില്ല).

പത്രികാസമര്‍പ്പണം പൂര്‍ത്തിയായതോടെ സംസ്ഥാനത്ത് പ്രചാരണത്തിന് ചൂടുപിടിച്ചു. മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമല്‍ ഹമീര്‍പൂരിലും കോണ്‍ഗ്രസ് നേതാവും അഞ്ചുതവണ മുഖ്യമന്ത്രിയുമായ വീരഭദ്രസിങ് സിംല റൂറലിലും മത്സരിക്കുന്നുണ്ട്. സിപിഐ എം പ്രചാരണത്തിനായി പൊളിറ്റ്ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരിയും വൃന്ദകാരാട്ടും കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവനും സംസ്ഥാനത്ത് ക്യാമ്പ് ചെയ്യും.

deshabhimani 211012

No comments:

Post a Comment