Wednesday, October 31, 2012

കേന്ദ്രമന്ത്രിയുടെ വാദം തെറ്റെന്ന് ഡിഎംആര്‍സി രേഖ


ഭരണം മാറി, ട്രാക്ക് തെറ്റി

മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം അട്ടിമറിച്ചാണ് വളഞ്ഞവഴിയിലൂടെ കൊച്ചി മെട്രോ നിര്‍മാണച്ചുമതലയില്‍ നിന്ന് ഡിഎംആര്‍സിയെയും ഇ ശ്രീധരനെയും ഒഴിവാക്കി സ്വകാര്യ കമ്പനികളെ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. പദ്ധതി സമയ ബന്ധിതമായും അഴിമതിരഹിതമായും പൂര്‍ത്തിയാക്കണമെന്ന ഉദ്ദേശത്തോടെ നിര്‍മാണച്ചുമതല ഡിഎംആര്‍സിയെത്തന്നെ ഏല്‍പ്പിക്കണമെന്ന് കേന്ദ്ര നഗരാസൂത്രണ മന്ത്രാലയത്തോടും പ്രധാനമന്ത്രിയോടും എല്‍ഡിഎഫ് സര്‍ക്കാര്‍ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് ഡിഎംആര്‍സിയും ഇ ശ്രീധരനും കൊച്ചിയില്‍ ഓഫീസ് തുറന്ന് മുന്നൊരുക്കങ്ങള്‍ നടത്തി.

എന്നാല്‍, യുഡിഎഫ് അധികാരത്തിലെത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. കൊച്ചി മെട്രോയ്ക്ക് അനുയോജ്യമായത് ഡല്‍ഹി മെട്രോ മാതൃകയാണെന്ന് അറിയിച്ച് 2008ല്‍ കേന്ദ്ര നഗരാസൂത്രണ സെക്രട്ടറിക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ കത്തയച്ചിരുന്നു. അതില്‍ത്തന്നെ ഡിഎംആര്‍സി നിര്‍മാണം ഏറ്റെടുക്കണമെന്ന താല്‍പ്പര്യം അറിയിച്ചു. ഡല്‍ഹി മെട്രോ മാതൃകയ്ക്ക് അനുമതി നല്‍കണമെന്നും പദ്ധതി ഡിഎംആര്‍സിക്ക് കൈമാറി എത്രയുംവേഗം പൂര്‍ത്തിയാക്കാന്‍ നടപടി എടുക്കണമെന്നുമായിരുന്നു സെപ്തംബര്‍ എട്ടിന് അയച്ച കത്തിന്റെ ഉള്ളടക്കം. അതിനു മുമ്പ് 2007 ജൂണില്‍ പ്രധാനമന്ത്രിക്ക് എഴുതിയ കത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കെഎംആര്‍എല്‍ രൂപീകരിക്കുന്നതിനെക്കുറിച്ചും അതില്‍ പറയുന്നു. കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ രൂപീകരിക്കുന്ന പ്രത്യേക സംവിധാനത്തിന് മെട്രോ നിര്‍മാണംപോലുള്ള സങ്കീര്‍ണമായ പദ്ധതി ഏറ്റെടുക്കാനുള്ള പരിചയമോ ശേഷിയോ ഉണ്ടാകില്ല. ഈ പ്രത്യേക സംവിധാനത്തിന്റെ മേല്‍നോട്ടത്തില്‍ ഡിഎംആര്‍സിതന്നെ നിര്‍മാണം ഏറ്റെടുക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. 2009 അവസാനത്തോടെ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഫെബ്രുവരിയില്‍ത്തന്നെ കൊച്ചി മെട്രോയുടെ ചുമതല ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഡിഎംആര്‍സിയോട് ആവശ്യപ്പെട്ടു. ആ വര്‍ഷം ജനുവരിയില്‍ ചെന്നൈ മെട്രോയ്ക്ക് കേന്ദ്രാനുമതി കിട്ടിയെങ്കിലും അജ്ഞാത കാരണങ്ങളാല്‍ കൊച്ചിയെ തഴഞ്ഞു. 2009 ജൂണില്‍ ഡിഎംആര്‍സി കൊച്ചിയില്‍ ഓഫീസ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. മെട്രോ അനുബന്ധ വികസനപദ്ധതികള്‍ ആവിഷ്കരിച്ചത് ഈ സമയത്താണ്. നോര്‍ത്ത് മേല്‍പ്പാലം പുനര്‍നിര്‍മാണം ഉള്‍പ്പെടെ നാല് പ്രധാന വികസനപദ്ധതികള്‍ക്ക് രൂപം നല്‍കി നിര്‍മാണച്ചുമതല ഡിഎംആര്‍സിക്ക് കൈമാറി 2010 മാര്‍ച്ച് 19ന് ഉത്തരവായി. സലിം രാജന്‍ റോഡിലെ പുതിയ മേല്‍പ്പാലം നിര്‍മാണം, സൗത്ത് റെയില്‍വേസ്റ്റേഷന്‍ റോഡ് വീതികൂട്ടല്‍, എംജി റോഡ് വികസിപ്പിക്കല്‍, ബാനര്‍ജി റോഡ് വികസിപ്പിക്കല്‍ എന്നിവയായിരുന്നു മറ്റു പദ്ധതികള്‍. ഇതിനായി 158.68 കോടി രൂപ അനുവദിക്കുകയും ചെയ്തു. ഈ പദ്ധതികളുടെ ഉല്‍ഘാടനം നിര്‍വഹിക്കുക മാത്രമാണ് തുടര്‍ന്നു വന്ന യുഡിഎഫ് സര്‍ക്കാരിനു ചെയ്യാനുണ്ടായിരുന്നത്.

മെട്രോ പദ്ധതിയുടെ സുതാര്യമായ നടത്തിപ്പിന് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ കാര്യങ്ങള്‍ അട്ടിമറിക്കുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്. പദ്ധതിക്ക് ആഗോള ടെന്‍ഡര്‍ വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് പൊതുമരാമത്ത്മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞാണ്. 2011 ഫെബ്രുവരിയിലായിരുന്നു അത്. തുടര്‍ന്നിങ്ങോട്ട് ഡിഎംആര്‍സിയെയും ഇ ശ്രീധരനെയും പദ്ധതിയില്‍നിന്ന് ഒഴിവാക്കാനായിരുന്നു ശ്രമം. കെഎംആര്‍എല്‍ രൂപീകരിച്ച് ടോം ജോസിനെ എംഡി സ്ഥാനത്ത് അവരോധിച്ചതോടെ അതിന് ആക്കംകൂടി. നിര്‍മാണം ഏറ്റെടുക്കാന്‍ ഡിഎംആര്‍സി ധാരണപത്രം സമര്‍പ്പിച്ചെങ്കിലും മറുപടിപോലും നല്‍കിയില്ല. ജപ്പാന്‍ വായ്പയുടെയും കേന്ദ്ര വിജിലന്‍സ് കമീഷന്‍ ഉത്തരവിന്റെയും പ്രശ്നമുയര്‍ത്തിയും ഡിഎംആര്‍സിയെ കുടുക്കാന്‍ നോക്കി. കെഎംആര്‍എലിന്റെ രണ്ട് ബോര്‍ഡ് യോഗങ്ങളിലും ഡിഎംആര്‍സിയെ പരാമര്‍ശിച്ചില്ല. വിവാദമുയര്‍ന്ന ഘട്ടത്തില്‍ മൂന്ന് മന്ത്രിസഭായോഗങ്ങള്‍ ഡിഎംആര്‍സിയെ അനുകൂലിച്ച് തീരുമാനം എടുത്തെങ്കിലും അതൊന്നും ഉത്തരവായി ഇറങ്ങിയില്ല.

കേന്ദ്രമന്ത്രിയുടെ വാദം തെറ്റെന്ന് ഡിഎംആര്‍സി രേഖ

കൊച്ചി: കൊച്ചി മെട്രോ റെയില്‍ നിര്‍മാണച്ചുമതല ഏറ്റെടുക്കുന്നത് ഡിഎംആര്‍സിക്ക് അധികഭാരമാകുമെന്ന കേന്ദ്ര നഗരവികസനമന്ത്രി കമല്‍നാഥിന്റെ വിശദീകരണം തെറ്റെന്ന് ഡിഎംആര്‍സി രേഖകള്‍. കൊച്ചി മെട്രോ നിര്‍മാണം ഏറ്റെടുക്കാനായിമാത്രം 30 സിവില്‍ എന്‍ജിനിയര്‍മാരെയാണ് പുതുതായി തെരഞ്ഞെടുത്തത്. കൊച്ചി മെട്രോ നടപ്പാക്കുന്നതിലേക്ക് എന്ന പേരില്‍ 2012 ഫെബ്രുവരിയില്‍ പ്രസിദ്ധപ്പെടുത്തിയ തെരഞ്ഞെടുപ്പ് നോട്ടീസ് ഡിഎംആര്‍സി വെബ്സൈറ്റില്‍ ലഭ്യമാണ്. തിങ്കളാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് കേന്ദ്രമന്ത്രി കമല്‍നാഥ് ഡിഎംആര്‍സിയുടെ അസൗകര്യം അറിയിച്ചത്.

എന്നാല്‍ വെബ്സൈറ്റിലെ നോട്ടീസ് പ്രകാരംതന്നെ കേന്ദ്രമന്ത്രിയുടെ വിശദീകരണം തെറ്റാണെന്ന് പി രാജീവ് എംപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതുപ്രകാരം 30 സിവില്‍ എന്‍ജിനിയര്‍മാരെ മൂന്നുമാസം പരിശീലനവും നല്‍കി ഡിഎംആര്‍സി നിയമിച്ചു. കൊച്ചി മെട്രോയുടെ നിര്‍മാണത്തിന് ഈ ശേഷിതന്നെ മതിയാകുമെന്നാണ് ഉന്നത ഡിഎംആര്‍സി ഉദ്യോഗസ്ഥന്‍ പറഞ്ഞത്. മെട്രോ നിര്‍മാണാവശ്യങ്ങള്‍ക്കായി ഈ എന്‍ജിനിയര്‍മാര്‍ മാസങ്ങളായി കൊച്ചിയിലുണ്ട്. പദ്ധതിയുടെ വിശദമായ ഡിസൈനും ടെന്‍ഡര്‍ രേഖകളുംവരെ ഇവര്‍ തയ്യാറാക്കിയിട്ടുമുണ്ട്. എന്നിട്ടും അധികബാധ്യതയാകുമെന്ന് കമല്‍നാഥ് പറഞ്ഞത് കൊച്ചി പദ്ധതിയില്‍നിന്ന് ഒഴിയാന്‍വേണ്ടി മാത്രമാണ്.

ഡിഎംആര്‍സി ഡല്‍ഹിക്കുപുറത്ത് കൂടുതല്‍ ജോലികള്‍ പുതുതായി ഏറ്റെടുത്തിട്ടുണ്ടെന്ന വാദവും തെറ്റാണ്. കൊച്ചി മെട്രോ നിര്‍മാണം ഡിഎംആര്‍സിയെ ഏല്‍പ്പിക്കുമ്പോള്‍ അവര്‍ നേരത്തെ ഏറ്റെടുക്കാന്‍ തീരുമാനിച്ചതില്‍ കൂടുതലായി ഒരു കരാറും ഏറ്റെടുത്തിട്ടില്ല. ഉത്തര്‍പ്രദേശിലെയും ഹരിയാണയിലെയും പുതിയ മെട്രോ ലൈനുകളുടെ നിര്‍മാണം ഏറ്റെടുത്തത് മുന്‍തീരുമാനപ്രകാരമാണ്. കേന്ദ്രസര്‍ക്കാരിനു പങ്കാളിത്തമില്ലാത്ത, രാജസ്ഥാന്‍ സര്‍ക്കാരിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള 9732 കോടിയുടെ ജയ്പുര്‍ മെട്രോ നടപ്പാക്കുന്നത് ഡിഎംആര്‍സിയാണ്. എന്നിട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുല്യ പങ്കാളിത്തമുള്ള കൊച്ചി മെട്രോയില്‍നിന്ന് എന്തുകൊണ്ട് ഡിഎംആര്‍സിയെ ഒഴിവാക്കുന്നു എന്നത് ദുരൂഹമാണെന്നും പി രാജീവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

deshabhimani

1 comment:

  1. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം അട്ടിമറിച്ചാണ് വളഞ്ഞവഴിയിലൂടെ കൊച്ചി മെട്രോ നിര്‍മാണച്ചുമതലയില്‍ നിന്ന് ഡിഎംആര്‍സിയെയും ഇ ശ്രീധരനെയും ഒഴിവാക്കി സ്വകാര്യ കമ്പനികളെ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. പദ്ധതി സമയ ബന്ധിതമായും അഴിമതിരഹിതമായും പൂര്‍ത്തിയാക്കണമെന്ന ഉദ്ദേശത്തോടെ നിര്‍മാണച്ചുമതല ഡിഎംആര്‍സിയെത്തന്നെ ഏല്‍പ്പിക്കണമെന്ന് കേന്ദ്ര നഗരാസൂത്രണ മന്ത്രാലയത്തോടും പ്രധാനമന്ത്രിയോടും എല്‍ഡിഎഫ് സര്‍ക്കാര്‍ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് ഡിഎംആര്‍സിയും ഇ ശ്രീധരനും കൊച്ചിയില്‍ ഓഫീസ് തുറന്ന് മുന്നൊരുക്കങ്ങള്‍ നടത്തി.

    ReplyDelete