Tuesday, October 16, 2012

വധേര ഇടപാട്: അന്വേഷണത്തിന് ഉത്തരവിട്ട ഉദ്യോഗസ്ഥനെ മാറ്റി


കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേരയുടെ ഭൂമിയിടപാടിനെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട ഐ എ എസ് ഉദ്യോഗസ്ഥനെ മൂന്ന് ദിവസങ്ങള്‍ക്കകം സ്ഥലം മാറ്റി. ദല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ നാല് ജില്ലകളില്‍ ഡിഎല്‍എഫും വധേരയുമായി നടന്ന ഭുമി ഇടപാട് അന്വേഷിക്കാന്‍ ഉത്തരവിട്ട രജിസ്ട്രേഷന്‍ വകുപ്പ് ഡയറക്ടര്‍ ജനറല്‍ അശോക് ഖേംകയെയാണ് സ്ഥലം മാറ്റിയത്. "ദ ഹിന്ദു" ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട് ചെയ്തത് .
 
വധേരക്കെതിരെ അഴിമതി വിരുദ്ധ പ്രസ്ഥാന നേതാവ് അരവിന്ദ് കെജ്രിവാള്‍ ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് ഖേംക അന്വേഷണത്തിന് ഉത്തരിട്ടത്. ഒക്ടോബര്‍ എട്ടിനായിരുന്നു ഇത്. 11ന് സ്ഥലംമാറ്റ ഉത്തരവും വന്നു.വധേരക്ക് ഡിഎല്‍എഫ് വിറ്റ ഭൂമിക്ക് വില കുറച്ച് കാട്ടിയിട്ടുണ്ടോ എന്ന് അന്വേഷിക്കാനായിരുന്നു ഉത്തരവ്. ക്രമക്കേട് വ്യക്തമായതിനെ തുടര്‍ന്ന് ഇടപാടുകളിലൊന്ന് റദ്ദാക്കാനും ഖേംക ഉത്തരവിട്ടു. 58 കോടി രൂപയുടേതായിരുന്നു ഈ ഇടപാട്. തൊട്ടുപിന്നാലെയാണ് സ്ഥലംമാറ്റ ഉത്തരവ് വന്നത്. ഖേംകയെക്കാള്‍ 15 വര്‍ഷം ജുനിയറായ ഉദ്യോഗസ്ഥന്‍ ഇരുന്ന സീഡ് കോര്‍പ്പറേഷനിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്.

പഞ്ചായത്തുകളുടെ ഉടമസ്ഥതയിലുള്ള ആയിരക്കണക്കിനേക്കറ സ്ഥലം വിവിധ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് കൈമാറിയതിനെപ്പറ്റി നേരത്തേ തന്നെ ഖേംക നടത്തിയ അന്വേഷണങ്ങള്‍ സര്‍ക്കാരിന്റെ എതിര്‍പ്പിനിടയാക്കിയിരുന്നു. ഈ തസ്തികയില്‍ ഖേംക എത്തിയിട്ട് മൂന്നുമാസമേ ആയിട്ടുള്ളൂ. ക്രമരഹിതമായ സ്ഥലംമാറ്റത്തില്‍ ശക്തമായി പ്രതിഷേധിക്കുന്ന കത്ത് ചീഫ് സെക്രട്ടറിക്ക് അയച്ച ശേഷമാണ് ഖേംക തിങ്കളാഴ്ച സ്ഥാനം ഒഴിഞ്ഞത്. അഴിമതി വിരുദ്ധ പ്രവര്‍ത്തനതിനു ‍ജിന്‍ഡാള്‍ പുരസ്കാരം നേടിയ ഉദ്യോഗസ്ഥനാണു ഖേംക

ഇന്ത്യയിലെ എറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫ്, റോബര്‍ട്ട് വധേരയ്ക്ക് 65 കോടി രൂപ ഈടില്ലാതെ പലിശരഹിത വായ്പയായി നല്‍കിയെന്നായിരുന്നു കെജ്രിവാളിന്റെ ആരോപണം. ഡിഎല്‍എഫിന്റെ കയ്യില്‍ നിന്ന് തന്നെ ഭൂമിയും കെട്ടിടങ്ങളും കുറഞ്ഞ വിലയ്ക്ക് വധേര വാങ്ങിക്കുട്ടിയതായും തെളിവുകള്‍ സഹിതം കെജ്രിവാള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പ്രത്യുപകരമായി ഹരിയാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമി ഡിഎല്‍എഫിന് വധേര ചുളുവിലയ്ക്ക് സംഘടിപ്പിച്ച് നല്‍കുകയും ചെയ്തു. 2004 മുതല്‍ ഹരിയാനയില്‍ കോണ്‍ഗ്രസാണ് ഭരണത്തില്‍.

deshabhimani news

1 comment:

  1. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേരയുടെ ഭൂമിയിടപാടിനെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട ഐ എ എസ് ഉദ്യോഗസ്ഥനെ മൂന്ന് ദിവസങ്ങള്‍ക്കകം സ്ഥലം മാറ്റി. ദല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ നാല് ജില്ലകളില്‍ ഡിഎല്‍എഫും വധേരയുമായി നടന്ന ഭുമി ഇടപാട് അന്വേഷിക്കാന്‍ ഉത്തരവിട്ട രജിസ്ട്രേഷന്‍ വകുപ്പ് ഡയറക്ടര്‍ ജനറല്‍ അശോക് ഖേംകയെയാണ് സ്ഥലം മാറ്റിയത്. "ദ ഹിന്ദു" ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട് ചെയ്തത് .

    ReplyDelete