Monday, October 29, 2012

അഴിമതിക്കാര്‍ക്ക് പ്രോത്സാഹനം; അംബാനിവിരുദ്ധര്‍ക്ക് ശിക്ഷ


അഴിമതി ആരോപണങ്ങള്‍ നേരിടുന്നവര്‍ക്ക് സ്ഥാനക്കയറ്റം. കോര്‍പറേറ്റുകളുടെ വഴിവിട്ട നടപടികളെ ചോദ്യംചെയ്ത നേതാക്കളെ പതിവുപോലെ മൂലയ്ക്കിരുത്തുകയുംചെയ്തു. കോണ്‍ഗ്രസ് ഭരണത്തില്‍ ഉന്നതങ്ങളിലേക്കുള്ള കുറുക്കുവഴി അഴിമതിയും കോര്‍പറേറ്റ് പ്രീണനവുമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതായി മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ അവസാന അഴിച്ചുപണി.
വികലാംഗ ക്ഷേമത്തിനുള്ള കേന്ദ്രഫണ്ടില്‍നിന്ന് ലക്ഷങ്ങള്‍ അടിച്ചുമാറ്റിയെന്ന് ആക്ഷേപം നേരിടുന്ന സല്‍മാന്‍ ഖുര്‍ഷിദിനാണ് അഴിച്ചുപണിയില്‍ മികച്ച നേട്ടമുണ്ടായത്. സുപ്രധാനമായ നാലുവകുപ്പുകളില്‍ ഒന്നായി കരുതപ്പെടുന്ന വിദേശവകുപ്പാണ് സോണിയയും മന്‍മോഹനും ചേര്‍ന്ന് ഖുര്‍ഷിദിന് സമ്മാനിച്ചത്. താരതമ്യേന അപ്രധാനമായ നിയമവകുപ്പില്‍നിന്നാണ് ഖുര്‍ഷിദിനെ വിദേശമന്ത്രാലയത്തിലേക്ക് കൊണ്ടുവന്നത്. ഖുര്‍ഷിദിന്റെയും ഭാര്യ ലൂയിസിന്റെയും നേതൃത്വത്തിലുള്ള സര്‍ക്കാരേതര സംഘടന വ്യാജരേഖകള്‍ സമര്‍പ്പിച്ച് വികലാംഗക്ഷേമത്തിനുള്ള ഫണ്ടില്‍നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് തെളിവുകള്‍ സഹിതം അരവിന്ദ് കെജ്രിവാള്‍ ആരോപണമുന്നയിച്ചത്. എന്നാല്‍, ആരോപണമുയര്‍ന്ന് ദിവസങ്ങള്‍ക്കകം സ്ഥാനക്കയറ്റം നല്‍കി കോണ്‍ഗ്രസ് നേതൃത്വം ഖുര്‍ഷിദിനെ "ആദരിച്ചിരിക്കയാണ്." ഖുര്‍ഷിദിനെതിരെ ഒരുവിധ അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ഐപിഎല്‍ വിവാദക്കറ മാറാത്ത ശശി തരൂരിന് വീണ്ടും കേന്ദ്ര മന്ത്രിപദം നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് മടിയുണ്ടായില്ല. ഐപിഎല്‍ വിവാദത്തില്‍ മന്ത്രിപദം നഷ്ടമായ ശേഷം പാതിരാപാര്‍ടികളിലും ഫാഷന്‍ഷോകളിലും മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന തരൂരിന് എന്ത് പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും മന്ത്രിപദം നല്‍കിയതെന്ന മുറുമുറുപ്പ് കോണ്‍ഗ്രസിനുള്ളില്‍ ഉയരുന്നുണ്ട്.

കല്‍ക്കരി കുംഭകോണത്തില്‍ ആരോപണവിധേയനായ ഖനിമന്ത്രി ശ്രീപ്രകാശ് ജയ്സ്വാളിന് ഒരു സ്ഥാനചലനവുമുണ്ടായില്ല. എന്നാല്‍, റിലയന്‍സ് മുതലാളി മുകേഷ് അംബാനിക്ക് അലോസരമുണ്ടാക്കുന്ന തീരുമാനങ്ങളെടുത്ത പെട്രോളിയംമന്ത്രി ജയ്പാല്‍ റെഡ്ഡിയെ മറ്റൊരു വകുപ്പിലേക്ക് തട്ടി. വയലാര്‍ രവി അധികച്ചുമതലയായി കൈവശംവച്ചിരുന്ന ശാസ്ത്ര- സാങ്കേതികവകുപ്പാണ് ജയ്പാല്‍ റെഡ്ഡിക്ക് നല്‍കിയത്. പ്രകൃതിവാതക വിലനിര്‍ണയവുമായി ബന്ധപ്പെട്ട് മുകേഷ് അംബാനിയുമായി റെഡ്ഡി ഇടഞ്ഞിരുന്നു. കൃഷ്ണ-ഗോദാവരി തടത്തില്‍ റിലയന്‍സ് ഉല്‍പ്പാദിപ്പിക്കുന്ന വാതകത്തിന് നേരത്തെ കരാറായതിലും ഉയര്‍ന്ന വില നിര്‍ണയിക്കണമെന്നായിരുന്നു അംബാനിയുടെ നിലപാട്. എന്നാല്‍, റെഡ്ഡി ഇതിനോട് യോജിച്ചില്ല. കേന്ദ്ര ഖജനാവിന് ആയിരക്കണക്കിന് കോടി രൂപ ലാഭിക്കുന്നതിന് റെഡ്ഡിയുടെ നിലപാട് വഴിയൊരുക്കി. അംബാനിയ്ക്കാവട്ടെ പ്രതീക്ഷിച്ച ലാഭം നേടാനായില്ല. ഇതിന് പുറമെ കെ-ജി തടത്തില്‍ റിലയന്‍സിന്റെ വാതകഉല്‍പ്പാദനം സിഎജി നിരീക്ഷണത്തിലാക്കാനും റെഡ്ഡി നടപടിയെടുത്തു. റെഡ്ഡിയുടെ നീക്കങ്ങള്‍ക്ക് തടയിടാന്‍ റിലയന്‍സ് പല വിധത്തില്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് റെഡ്ഡിയെ വകുപ്പില്‍നിന്ന് മാറ്റാനുള്ള നിര്‍ദേശം കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കുകയായിരുന്നു. റെഡ്ഡിയെ അപ്രധാനവകുപ്പിലേക്ക് മാറ്റി മന്‍മോഹന്‍ സിങ് അംബാനികൂറ് ആവര്‍ത്തിക്കുകയുംചെയ്തു. 2006ല്‍ മണിശങ്കര്‍ അയ്യരെ പെട്രോളിയം വകുപ്പില്‍നിന്ന് മാറ്റിയതും സമാന സാഹചര്യങ്ങളിലായിരുന്നു.

ജയ്റാം രമേഷാണ് വകുപ്പുമാറ്റങ്ങളില്‍ നഷ്ടം സംഭവിച്ച മറ്റൊരാള്‍. ജയ്റാം കൈകാര്യംചെയ്തിരുന്ന കുടിവെള്ളം-ശുചീകരണം വകുപ്പ് എടുത്തുമാറ്റി ഭരത്സിങ് സോളങ്കിക്ക് നല്‍കി. ഗ്രാമവികസനം മാത്രമാണ് ഇനി ജയ്റാം രമേശിനുണ്ടാകുക.
(എം പ്രശാന്ത്)

deshabhimani

1 comment:

  1. അഴിമതി ആരോപണങ്ങള്‍ നേരിടുന്നവര്‍ക്ക് സ്ഥാനക്കയറ്റം. കോര്‍പറേറ്റുകളുടെ വഴിവിട്ട നടപടികളെ ചോദ്യംചെയ്ത നേതാക്കളെ പതിവുപോലെ മൂലയ്ക്കിരുത്തുകയുംചെയ്തു. കോണ്‍ഗ്രസ് ഭരണത്തില്‍ ഉന്നതങ്ങളിലേക്കുള്ള കുറുക്കുവഴി അഴിമതിയും കോര്‍പറേറ്റ് പ്രീണനവുമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതായി മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ അവസാന അഴിച്ചുപണി.

    ReplyDelete