Wednesday, October 24, 2012

പട്ടിണി രാജ്യം

രണ്ടു ദശകമായി നടപ്പാക്കുന്ന ഉദാരവല്‍ക്കരണനയങ്ങള്‍ രണ്ടു വ്യത്യസ്ത ഇന്ത്യയെ സൃഷ്ടിച്ചെന്ന് ലോകബാങ്കിന്റെ 2012ലെ ആഗോളപട്ടിണിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ സന്ദേഹമില്ലാതെ വ്യക്തമാക്കുന്നു. സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം രാജ്യത്ത് ഭീമമായ തോതില്‍ വര്‍ധിച്ചുവരുന്നതാണ് ഏറ്റവും ആശങ്കാജനകമായ വസ്തുത. 1990കളുടെ മധ്യംമുതല്‍ 2006-08 വരെയുള്ള കാലയളവില്‍ ആഗോളതലത്തില്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. പരമാവധി ലാഭംകൊയ്യാന്‍ മൂലധനത്തെ വിവേകശൂന്യമായി ഉപയോഗിക്കുന്ന സാമ്രാജ്യത്വ ആഗോളവല്‍ക്കരണമാണ് ഈ അവസ്ഥ സൃഷ്ടിച്ചത്. ഒരുഭാഗത്ത് മൂലധനം കുമിഞ്ഞുകൂടുമ്പോള്‍ ലോകജനതയില്‍ ബഹുഭൂരിപക്ഷത്തിന്റെയും ജീവിതം ദുരിതപൂര്‍ണമാവുകയാണ്.
 
മൂന്നു ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പട്ടിണിയെ നിര്‍വചിക്കുന്നത്- ശിശുക്കളുടെ ഭാരക്കുറവ്, നവജാത ശിശുമരണനിരക്ക്, പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ എണ്ണം. ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ലോകബാങ്ക് തയ്യാറാക്കിയ ആഗോളപട്ടിണി സൂചികയില്‍ (ജിഎച്ച്ഐ) ഉള്‍പ്പെടുത്തിയ 79 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 65 ആണ്. അയല്‍പക്കത്തുള്ള പാകിസ്ഥാനും നേപ്പാളിനും ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട സ്ഥാനമുണ്ട്. ഏറ്റവും മോശമായ സംഗതി, 2005-10 കാലയളവില്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ലോകബാങ്ക് തയ്യാറാക്കിയ 129 രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും താഴെനിന്ന് രണ്ടാമതാണ് ഇന്ത്യയെന്നതാണ്. 1996ല്‍ ഇന്ത്യയുടെ ജിഎച്ച്ഐ 22.6 ആയിരുന്നു. രണ്ടു ദശകം നീണ്ട ഉദാരവല്‍ക്കരണത്തിനുശേഷം ഇത് 22.9 ആയി മാത്രമാണ് ഉയര്‍ന്നത്. ശക്തമായ സാമ്പത്തികവളര്‍ച്ച നേടിയിട്ടും ജിഎച്ച്ഐയുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥിതി മെച്ചപ്പെടാത്തത് നിരാശാജനകമാണെന്ന് ലോകബാങ്ക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
 
ആഭ്യന്തരയുദ്ധത്തില്‍ ഉലഞ്ഞ ശ്രീലങ്കയ്ക്ക് ഇക്കാലയളവിലും സാക്ഷരതാനിരക്കും ആയുര്‍ദൈര്‍ഘ്യവും വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതും വിദ്യാഭ്യാസ- ആരോഗ്യമേഖലകളില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ സാധിച്ചതും എങ്ങനെയെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. പൊതു മുതല്‍മുടക്കുകളുടെ കാര്യത്തില്‍ പരിമിതിയുണ്ടെങ്കിലും നവജാതശിശുമരണനിരക്ക് കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ബംഗ്ലാദേശിന് ഇന്ത്യയെ മറികടക്കാന്‍ കഴിഞ്ഞു. ഈ രണ്ടു രാജ്യത്തിനും ഇത്തരം നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞത് കമ്പോളശക്തികളുടെ പ്രവര്‍ത്തനഫലമായല്ല, സര്‍ക്കാര്‍ മുതല്‍മുടക്കുകള്‍ വഴിയാണ്. ഗര്‍ഭിണികളാകാന്‍ സാധ്യതയുള്ള പ്രായപരിധിയില്‍വരുന്ന സ്ത്രീകളില്‍ ഇന്ത്യയില്‍ 36 ശതമാനവും ഭാരക്കുറവ് നേരിടുന്നവരാണ്. 23 സബ്-സഹാറന്‍ രാജ്യങ്ങളില്‍ ഈ നിരക്ക് 16 ശതമാനം മാത്രമാണ്. സഹസ്രാബ്ദ വികസനലക്ഷ്യങ്ങളില്‍ ഒന്നുപോലും നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭയ്ക്ക് സമര്‍പ്പിച്ച വാര്‍ഷികറിപ്പോര്‍ട്ടില്‍ പറയുന്നു. നിത്യോപയോഗസാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം അനുദിനം കൂടുതല്‍ ജനവിഭാഗങ്ങളെ ദാരിദ്ര്യത്തിലേക്കും പോഷകാഹാരക്കുറവിലേക്കും തള്ളിവിടും. ഇക്കഴിഞ്ഞ സെപ്തംബറില്‍ ഉപഭോക്തൃ മൊത്തവിലസൂചികയില്‍ 7.8 ശതമാനത്തിന്റെ റെക്കോഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. ചില്ലറ വിപണിയില്‍ വിലക്കയറ്റം ഇതിലേറെ രൂക്ഷമാകും. നഗരങ്ങളില്‍ പണപ്പെരുപ്പനിരക്ക് 9.7 ശതമാനമാണ്, മൊത്തസൂചികയേക്കാള്‍ രണ്ടു ശതമാനം കൂടുതല്‍. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചതോടെ ഒക്ടോബറില്‍ കഠിനമായ വിലക്കയറ്റമാണ് സര്‍വമേഖലകളിലും അനുഭവപ്പെടുന്നത്. ഉദാരവല്‍ക്കരണനയങ്ങളുടെ നേട്ടം രാജ്യത്തെ ചെറുന്യൂനപക്ഷത്തിനുമാത്രമാണ് ലഭിക്കുന്നത്. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായി മാറുന്നു. രാജ്യത്ത് ശതകോടീശ്വരന്മാരുടെ എണ്ണം വര്‍ധിച്ചു. ഇവരില്‍ 54 പേരാണ് രാജ്യത്തിന്റെ മൊത്തം ആഭ്യന്തരവരുമാനത്തിന്റെ മൂന്നിലൊന്ന് കൈയാളുന്നത്. രാജ്യത്തെ ഏറ്റവും പ്രമുഖ 500 കമ്പനികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, 2012 മാര്‍ച്ചില്‍ അവസാനിച്ച മൂന്നുവര്‍ഷത്തിനുള്ളില്‍ അവര്‍ സമ്പാദിച്ചുകൂട്ടിയത് 9.3 ലക്ഷം കോടി രൂപയുടെ കറന്‍സിശേഖരമാണെന്നാണ്. ഇന്ത്യയുടെ വൈദ്യുതി ഉല്‍പ്പാദനം ഇരട്ടിയാക്കാനോ പ്രതിവര്‍ഷം 40,000 കിലോമീറ്റര്‍ ദൈര്‍ഘ്യംവരുന്ന ആറുവരിപ്പാത നിര്‍മിക്കാനോ പര്യാപ്തമായ തുകയാണിത്. നിലവില്‍ പ്രതിവര്‍ഷം 800 കിലോമീറ്റര്‍ പാതമാത്രമാണ് പുതുതായി നിര്‍മിക്കുന്നതെന്ന് ഓര്‍ക്കണം.
 
കോര്‍പറേറ്റുകള്‍ നിക്ഷേപം നടത്താതെ വന്‍ സമ്പാദ്യത്തിനുമേല്‍ അടയിരിക്കുകയാണ്. കൂടുതല്‍ ഉല്‍പ്പാദിപ്പിച്ചാല്‍ വാങ്ങാന്‍ ആളില്ല. ജനങ്ങളുടെ ക്രയശേഷി കുറഞ്ഞു. ആഭ്യന്തരകമ്പോളത്തിലുണ്ടായ ക്ഷീണസങ്കോചങ്ങള്‍ നിക്ഷേപങ്ങളെയും ബാധിച്ചിരിക്കുന്നു. പണം റിയല്‍എസ്റ്റേറ്റിലേക്കും സ്വര്‍ണത്തിലേക്കും മാത്രം ഒഴുകുന്നതിനാല്‍ അവയുടെ വില കുതിക്കുന്നു. സര്‍ക്കാര്‍ ഉദാരവല്‍ക്കരണ നയങ്ങളില്‍നിന്ന് പിന്മാറിയാല്‍മാത്രമേ ഈ സ്ഥിതിക്ക് മാറ്റമുണ്ടാകൂ. വന്‍തോതില്‍ പൊതുമുതല്‍മുടക്ക് നടത്തണം. ദാരിദ്ര്യവും പോഷകാഹാരക്കുറവും പരിഹരിക്കാന്‍ ആവശ്യമായ വിഭവങ്ങള്‍ക്ക് രാജ്യത്ത് കുറവൊന്നുമില്ല. എന്നാല്‍, സമ്പന്നര്‍ക്ക് വന്‍ നികുതി ഇളവുകള്‍ നല്‍കുകയും പ്രകൃതിവിഭവങ്ങള്‍ ചുളുവിലയ്ക്ക് കൈമാറുകയും ചെയ്യുന്ന സര്‍ക്കാര്‍ പാവങ്ങള്‍ക്കുള്ള സബ്സിഡി വെട്ടിക്കുറച്ച് അവരുടെ വയറ്റത്തടിക്കുകയാണ്. ഈ നയം തിരുത്താന്‍ വന്‍ പ്രക്ഷോഭം ഉയര്‍ന്നുവരേണ്ടത് രാജ്യത്തിന്റെ മുഴുവന്‍ ആവശ്യമാണ്.

deshabhimani editorial

No comments:

Post a Comment