Saturday, October 20, 2012
കൊച്ചി മെട്രോ: ശ്രീധരന്‍ പുറത്തേക്ക്
സംസ്ഥാന സര്‍ക്കാരും കേന്ദ്ര-സംസ്ഥാന തലങ്ങളിലെ ഒരു വിഭാഗം ഐഎഎസ് ഉദ്യോഗസ്ഥരും നടത്തിയ ഒത്തുകളിയിലൂടെ കൊച്ചി മെട്രോ റെയില്‍ പദ്ധതി(കെഎംആര്‍എല്‍)യില്‍നിന്ന് ഇ ശ്രീധരനും ഡിഎംആര്‍സിയും പുറത്തേക്ക്. കൊച്ചി മെട്രോ നിര്‍മാണം ഏറ്റെടുക്കാന്‍ പ്രയാസമാണെന്ന തീരുമാനം ഡിഎംആര്‍സിയെക്കൊണ്ടുതന്നെ എടുപ്പിച്ചാണ് ശ്രീധരനെ ഒഴിവാക്കുന്നത്.
വെള്ളിയാഴ്ച ചേര്‍ന്ന കെഎംആര്‍എല്ലിന്റെ നിര്‍ണായക യോഗത്തില്‍ ഡിഎംആര്‍സി ചെയര്‍മാന്‍ ഡോ. സുധീര്‍കൃഷ്ണ തന്നെ ഈ തീരുമാനം റിപ്പോര്‍ട്ട്ചെയ്തു. യോഗത്തില്‍ ഇതിനെതിരെ പ്രതികരിക്കാനോ കൊച്ചി മെട്രോ നിര്‍മാണം ഡിഎംആര്‍സിയെ ഏല്‍പ്പിക്കണമെന്ന മന്ത്രിസഭാതീരുമാനം ശക്തമായി ഉന്നയിക്കാനോ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ തയ്യാറായില്ല. ഡിഎംആര്‍സി തീരുമാനം എല്ലാവരും പിന്താങ്ങുകയും ചെയ്തു. നാലുദിവസംമുമ്പ് ഡിഎംആര്‍സി ഡയറക്ടര്‍ ബോര്‍ഡ് അടിയന്തരയോഗം ചേര്‍ന്നാണ് ശ്രീധരനെ പുറത്താക്കാന്‍ കളമൊരുക്കിയത്. ഡല്‍ഹിക്കുപുറത്ത് ഏതെങ്കിലും നിര്‍മാണം ഏറ്റെടുക്കണമെങ്കില്‍ ഡിഎംആര്‍സി ബോര്‍ഡ് യോഗത്തിന്റെ അനുമതി തേടണമെന്ന് യോഗം തീരുമാനിച്ചു.
ഡിഎംആര്‍സിക്ക് ജോലിഭാരം കൂടുതലായതിനാലാണിതെന്ന് കെഎംആര്‍എല്‍ ബോര്‍ഡ് യോഗത്തിനുശേഷം ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ സുധീര്‍കൃഷ്ണ പറഞ്ഞു. കൊച്ചി മെട്രോ നിര്‍മാണം ഏറ്റെടുക്കണോ എന്ന് അടുത്തമാസം ചേരുന്ന ഡിഎംആര്‍സി ബോര്‍ഡ് യോഗം തീരുമാനിക്കും. ഡിഎംആര്‍സി സന്നദ്ധത അറിയിച്ചാല്‍ അക്കാര്യം കെഎംആര്‍എല്ലിന്റെ അടുത്ത യോഗം ചര്‍ച്ചചെയ്യുമെന്ന് സുധീര്‍ കൃഷ്ണ പറഞ്ഞു. പദ്ധതി ഡിഎംആര്‍സിക്കുതന്നെ നല്‍കുമെന്നാണ് വെള്ളിയാഴ്ച രാവിലെയും ഇതിന്റെ ചുമതല വഹിക്കുന്ന മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞത്. എന്നാല്‍, ബോര്‍ഡിലെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ ഇ ശ്രീധരനെ അവഗണിക്കുന്ന കാഴ്ചയാണ് വാര്‍ത്താസമ്മേളനത്തിനിടയിലും കണ്ടത്. ഡിഎംആര്‍സി ആദ്യം സന്നദ്ധത അറിയിക്കട്ടെ, എന്നിട്ട് മറ്റു കാര്യങ്ങള്‍ ആലോചിക്കാമെന്നാണ് മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
കൊച്ചി മെട്രോ പദ്ധതിയില്‍ ഇ ശ്രീധരനെ സഹകരിപ്പിക്കാന്‍ ഡല്‍ഹി മെട്രോ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ സെപ്തംബര്‍ 26 ന് കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഡിഎംആര്‍സിയുടെ സഹകരണം തേടാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായശേഷം ഇത്തരമൊരു നീക്കം ശ്രീധരനെ ഒഴിവാക്കാനായിരുന്നെന്ന് വ്യക്തം. ഡിഎംആര്‍സിയില്‍നിന്ന് വിരമിച്ചശേഷം മുഖ്യ ഉപദേശകന്‍ എന്ന ചുമതലയില്‍ തുടരുന്ന ശ്രീധരന്‍ അധികാരപരിധി വിടുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാല്‍, ഡിഎംആര്‍സിക്കുവേണ്ടി കൊച്ചി മെട്രോയുടെ കാര്യങ്ങളില്‍ ഇടപെടാന്‍ ശ്രീധരന് പൂര്‍ണ അധികാരം നല്‍കിയിട്ടുണ്ടെന്ന് ഡിഎംആര്‍സി എംഡി മങ്കുസിങ് വ്യക്തമാക്കിയതോടെ ശ്രീധരനെ പുറത്താക്കാനുള്ള ആദ്യനീക്കം പാളി.
ഇതിനുപിന്നാലെ, ശ്രീധരനെ ചുമതല ഏല്‍പ്പിക്കുന്നത് കേന്ദ്ര വിജിലന്‍സ് കമീഷന്റെ മാര്‍ഗനിര്‍ദേശത്തിനു വിരുദ്ധമാകുമോ എന്ന് വ്യക്തമാക്കണമെന്ന് ഒക്ടോബര്‍ ഒമ്പതിന് നഗരവികസനമന്ത്രാലയം ഡിഎംആര്‍സി വിജിലന്‍സ് ഓഫീസര്‍ എസ് സി ജിണ്ടാലിനോട് ആവശ്യപ്പെട്ടു. എന്നാല്‍, ഈ വിഷയത്തില്‍ വിജിലന്‍സിന്റെ മാര്‍ഗനിര്‍ദേശമൊന്നും നിലനില്‍ക്കുന്നില്ലെന്ന് ജിന്‍ഡാല്‍ മറുപടി നല്‍കി. പദ്ധതിയുടെ ത്വരിതഗതിയിലുള്ള മുന്നോട്ടുപോക്കിന് ശ്രീധരന്റെ സാന്നിധ്യം സഹായകമാകുമെന്നും ദൈനംദിന പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടമാണ് അദ്ദേഹം നിറവേറ്റുന്നതെന്നും ജിണ്ടാല്‍ അറിയിച്ചു. ഈ നീക്കവും പാളിയതോടെയാണ് ഡിഎംആര്‍സിയെ തന്നെ സ്വാധീനിച്ച് ശ്രീധരനെ പുറത്താക്കാനുള്ള ആസൂത്രിതനീക്കം നടന്നത്. ശ്രീധരനും ഡിഎംആര്‍സിയും ഒഴിവാകുന്നതോടെ, 6000 കോടിയോളം രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ മറവില്‍ 600 കോടിയോളം രൂപയുടെ കമീഷന്‍ ഇടപാടിന് കളമൊരുങ്ങി.
പുറത്തായത് ആസൂത്രിത ഗൂഢാലോചന: പി രാജീവ്
കൊച്ചി: കൊച്ചി മെട്രോയില്‍നിന്ന് ഡിഎംആര്‍സിയെയും ഇ ശ്രീധരനെയും ഒഴിവാക്കാന്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥ തലത്തില്‍ നടന്ന ആസൂത്രിത ഗൂഢാലോചനയാണ് വെള്ളിയാഴ്ചത്തെ കെഎംആര്‍എല്‍ ബോര്‍ഡ് യോഗത്തിലൂടെ പുറത്തുവന്നതെന്ന് പി രാജീവ് എംപി പ്രസ്താവനയില്‍ പറഞ്ഞു. ഡല്‍ഹിക്കു പുറത്ത് ജോലികള്‍ ഏറ്റെടുക്കാന്‍ ഡയറക്ടര്‍ബോര്‍ഡിന്റെ അനുമതി വേണമെന്ന ഡിഎംആര്‍സി തീരുമാനം കൊച്ചി മെട്രോയില്‍നിന്ന് ഇ ശ്രീധരനെ ഒഴിവാക്കാന്‍ മാത്രമാണ്. 19ന് കെഎംആര്‍എല്‍ യോഗം ചേരാനിരിക്കെ അടിയന്തര നോട്ടീസ് നല്‍കിയാണ് ഡിഎംആര്‍സി യോഗം ചേര്‍ന്നത്. ഇക്കാര്യം കെഎംആര്‍എല്‍ ബോര്‍ഡില്‍ വന്നപ്പോള്‍ മുമ്പ് മന്ത്രിസഭ എടുത്ത തീരുമാനം ശക്തമായി ഉന്നയിക്കാന്‍ സംസ്ഥാന പ്രതിനിധികള്‍ തയ്യാറായില്ല. ഡിഎംആര്‍സിയും ഇ ശ്രീധരനും കൊച്ചി മെട്രോയില്‍ വേണമെന്ന് സര്‍ക്കാര്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നെങ്കില്‍ ഇക്കാര്യം ആവശ്യപ്പെട്ട് ബോര്‍ഡ് യോഗത്തില്‍ പ്രമേയം കൊണ്ടുവരണമായിരുന്നെന്നും പി രാജീവ് പറഞ്ഞു.
കൊച്ചി മെട്രോ: പദ്ധതിരേഖ പരിഷ്കരിക്കാന്‍ 4 ആഴ്ചകൂടി
കൊച്ചി: കൊച്ചി മെട്രോ പദ്ധതിയുടെ വിശദ പദ്ധതിരേഖ കാലോചിതമായി പരിഷ്കരിക്കാന്‍ രൂപീകരിച്ച കെഎംആര്‍എല്‍ ഉപസമിതിക്ക് നാലാഴ്ചകൂടി സമയം നല്‍കി. വെള്ളിയാഴ്ച ചേര്‍ന്ന കെഎംആര്‍എല്‍ ബോര്‍ഡ് യോഗമാണ് സമയം നീട്ടിയത്. 2005ല്‍ തയ്യാറാക്കി 2011ല്‍ പുതുക്കിയ പദ്ധതിരേഖയിലെ പല നിര്‍ദേശങ്ങളും പഴയ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതു പരിശോധിക്കാന്‍ ഒരുമാസം നല്‍കിയിരുന്നു. കൂടുതല്‍ പരിശോധന ആവശ്യമായതിനാലാണ് നാലാഴ്ചകൂടി അനുവദിക്കുന്നതെന്ന് കെഎംആര്‍എല്‍ ചെയര്‍മാന്‍ ഡോ. സുധീര്‍ കൃഷ്ണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബംഗളൂരു മെട്രോ അധികൃതരുടെ സഹായവും ഇതിനായി ലഭിക്കും. വൈദ്യുതിലൈന്‍ മുകളില്‍ക്കൂടി വേണോ, പാളത്തിനടിയിലൂടെ വേണോ എന്നതിലും തീരുമാനം ഉണ്ടാകണം. വളവുകള്‍ നികത്തി അലൈന്‍മെന്റ് വീണ്ടും നിശ്ചയിക്കണം. ട്രാക്ക് സംവിധാനം, സിഗ്നലിങ് സംവിധാനം, കോച്ചിന്റെ വലുപ്പം തുടങ്ങിയ കാര്യങ്ങളിലും കൂടുതല്‍ വ്യക്തത വേണ്ടതുണ്ട്. ഇതൊക്കെ കണക്കിലെടുത്താണ് ഡിപിആര്‍ പുതുക്കുന്നതെന്നും സുധീര്‍ കൃഷ്ണ പറഞ്ഞു. കെഎംആര്‍എല്‍ ആസ്ഥാനത്ത് ചേര്‍ന്ന ബോര്‍ഡിന്റെ രണ്ടാമത്തെ യോഗത്തില്‍ മെട്രോ ജോയിന്റ് സെക്രട്ടറി എസ് കെ ലോഹിയ, റെയില്‍വേ ബോര്‍ഡ് അംഗം എ കെ ഗുപ്ത, ഡല്‍ഹി മെട്രോ റെയില്‍ ഡയറക്ടര്‍ ജിതേന്ദ്ര ത്യാഗി, ബംഗളൂരു മെട്രോ റെയില്‍ ലിമിറ്റഡ് ഡയറക്ടര്‍ ഡി ഡി പഹൂജ, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്, ഫിനാന്‍സ് സെക്രട്ടറി വി പി ജോയി, സിയാല്‍ എംഡി വി ജെ കുര്യന്‍, കലക്ടര്‍ പി ഐ ഷേഖ് പരീത് എന്നിവര്‍ സംബന്ധിച്ചു.
deshabhimani 201012
Labels:
വലതു സര്‍ക്കാര്‍,
റെയില്‍വേ
Subscribe to:
Post Comments (Atom)
സംസ്ഥാന സര്‍ക്കാരും കേന്ദ്ര-സംസ്ഥാന തലങ്ങളിലെ ഒരു വിഭാഗം ഐഎഎസ് ഉദ്യോഗസ്ഥരും നടത്തിയ ഒത്തുകളിയിലൂടെ കൊച്ചി മെട്രോ റെയില്‍ പദ്ധതി(കെഎംആര്‍എല്‍)യില്‍നിന്ന് ഇ ശ്രീധരനും ഡിഎംആര്‍സിയും പുറത്തേക്ക്. കൊച്ചി മെട്രോ നിര്‍മാണം ഏറ്റെടുക്കാന്‍ പ്രയാസമാണെന്ന തീരുമാനം ഡിഎംആര്‍സിയെക്കൊണ്ടുതന്നെ എടുപ്പിച്ചാണ് ശ്രീധരനെ ഒഴിവാക്കുന്നത്.
ReplyDelete