Wednesday, October 24, 2012

ഓര്‍ക്കാട്ടേരിയില്‍ കലാപത്തിന് വീണ്ടും ആര്‍എംപി നീക്കം


ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ മറവില്‍ ഓര്‍ക്കാട്ടേരിയില്‍ വീണ്ടും സംഘര്‍ഷം സൃഷ്ടിക്കാന്‍ ആര്‍എംപി നീക്കം. ഓര്‍ക്കാട്ടേരി, ഒഞ്ചിയം മേഖലയില്‍ സമാധാനാന്തരീക്ഷം പൂര്‍വസ്ഥിതിയിലായതോടെയാണ് പ്രദേശത്ത് കുഴപ്പങ്ങളുണ്ടാക്കാനുള്ള നേതൃത്വത്തിന്റെ ആസൂത്രിത നീക്കങ്ങളുമായി ആര്‍എംപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരനാണെന്ന് ആരോപിച്ച് പൊലീസ് പ്രതിചേര്‍ത്ത സിപിഐ എം ലോക്കല്‍ കമ്മിറ്റിയംഗം പടയങ്കണ്ടി രവീന്ദ്രന്റെ ഓര്‍ക്കാട്ടേരിയിലുള്ള പൂക്കടയും ഇതിനോടുചേര്‍ന്നുള്ള മില്‍ക്ക് ബൂത്തും ടീസ്റ്റാളും ആര്‍എംപി പ്രവര്‍ത്തകര്‍ ഞായറാഴ്ച രാത്രിയില്‍ ഒരു പ്രകോപനവുമില്ലാതെ അഗ്നിക്കിരയാക്കി. രവീന്ദ്രന്റെയും ജേഷ്ഠന്‍ പടയങ്കണ്ടി രാജന്റെയും ഉടമസ്ഥതയിലുള്ള ഷോപ്പിങ് കോംപ്ലക്സിലെ പടയങ്കണ്ടി സ്റ്റോറിനാണ് അക്രമികള്‍ തീകൊടുത്തത്. കടയുടെ തൊട്ടുപിന്നിലാണ് ആര്‍എംപിയുടെ ഓഫീസ്. ഓഫീസിന്റെ സണ്‍ഷേഡ് വഴിയെത്തിയ പ്രവര്‍ത്തകര്‍ മില്‍മബൂത്തിന്റെ വെന്റിലേറ്ററിലൂടെ തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസിെന്‍റ പ്രാഥമിക നിഗമനം. ഇത് ആറാംതവണയാണ് പടയങ്കണ്ടി രവീന്ദ്രന്റെ കട ആക്രമിക്കപ്പെടുന്നത്. ഞായറാഴ്ച കാര്‍ത്തികപള്ളിയില്‍ ആര്‍എംപി പൊതുയോഗം കഴിഞ്ഞ് മടങ്ങിയവരാണ് അക്രമത്തിന് പിന്നിലെന്നും ഉറപ്പായിട്ടുണ്ട്.

സിപിഐ എമ്മില്‍നിന്ന് രാജിവച്ചില്ലെങ്കില്‍ ജീവിക്കാനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു ടി പി വധിക്കപ്പെട്ട ശേഷം ആര്‍എംപി പ്രവര്‍ത്തകര്‍ വീടുകളില്‍ കയറി ആദ്യം കൊലവിളി നടത്തിയത്. എണ്‍പതോളം വീടുകള്‍, നിരവധി വാഹനങ്ങള്‍, പാര്‍ടി ഓഫീസുകള്‍, ബാങ്കുകള്‍, കടകള്‍, വായനശാലകള്‍ എന്നിവയും അക്രമത്തില്‍ തകര്‍ന്നു. ഒഞ്ചിയത്തും പരിസരത്തും മാത്രം രണ്ടുകോടിയിലേറെ രൂപയുടെ നാശമാണുണ്ടായത്. ഓര്‍ക്കാട്ടേരി, മുയിപ്ര, ഏറാമല, നെല്ലാച്ചേരി ഭാഗങ്ങളിലെ വിരലിലെണ്ണാവുന്ന ക്രിമിനല്‍ സംഘങ്ങളാണ് കുഴപ്പം സൃഷ്ടിക്കുന്നത്. ഇവരെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരങ്ങള്‍ ഉണ്ടായിട്ടും അക്രമിസംഘത്തെ അഴിഞ്ഞാടാന്‍ വിടുകയാണ് പൊലീസ്. കോണ്‍ഗ്രസിലെയും ലീഗിലെയും പ്രമുഖ നേതാക്കളുടെ ഒത്താശയിലും അറിവിലുമാണ് പല അക്രമങ്ങളും അരങ്ങേറുന്നത്. പൊലീസ് പട്രോളിങ്ങും കാവലും പേരിനുണ്ടെങ്കിലും പാര്‍ടിവിരുദ്ധര്‍ അക്രമം അഴിച്ചുവിടുമ്പോള്‍ പൊലീസ് പതിവായി പിന്‍വാങ്ങുന്നത് യുഡിഎഫ് നേതൃത്വത്തിന്റെ നിര്‍ദേശത്താലാണ്. വധശ്രമം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ക്ക് നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിന്റേത്. സിപിഐ എം പ്രവര്‍ത്തരുടെയും നേതാക്കളുടെയും ആത്മസംയമനവും ഇടപെടലുകളുമാണ് ഈ മേഖലയില്‍ സംഘര്‍ഷം വ്യാപിക്കാതിരിക്കുന്നത്.

സംഭവസ്ഥലത്ത് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ഷന്‍ സംഘം പരിശോധന നടത്തി. എടച്ചേരി എസ്ഐ സജു എസ് ദാസിനാണ് അന്വേഷണച്ചുമതല. പ്രത്യേക സ്ക്വാഡ് രൂപീകരിക്കുന്ന കാര്യം പരിശോധനഫലം വന്നതിന്ശേഷം തീരുമാനിക്കുമെന്ന് പൊലിസ് വൃത്തങ്ങള്‍ അറിയിച്ചു.

deshabhimani news

1 comment:

  1. ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ മറവില്‍ ഓര്‍ക്കാട്ടേരിയില്‍ വീണ്ടും സംഘര്‍ഷം സൃഷ്ടിക്കാന്‍ ആര്‍എംപി നീക്കം. ഓര്‍ക്കാട്ടേരി, ഒഞ്ചിയം മേഖലയില്‍ സമാധാനാന്തരീക്ഷം പൂര്‍വസ്ഥിതിയിലായതോടെയാണ് പ്രദേശത്ത് കുഴപ്പങ്ങളുണ്ടാക്കാനുള്ള നേതൃത്വത്തിന്റെ ആസൂത്രിത നീക്കങ്ങളുമായി ആര്‍എംപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരനാണെന്ന് ആരോപിച്ച് പൊലീസ് പ്രതിചേര്‍ത്ത സിപിഐ എം ലോക്കല്‍ കമ്മിറ്റിയംഗം പടയങ്കണ്ടി രവീന്ദ്രന്റെ ഓര്‍ക്കാട്ടേരിയിലുള്ള പൂക്കടയും ഇതിനോടുചേര്‍ന്നുള്ള മില്‍ക്ക് ബൂത്തും ടീസ്റ്റാളും ആര്‍എംപി പ്രവര്‍ത്തകര്‍ ഞായറാഴ്ച രാത്രിയില്‍ ഒരു പ്രകോപനവുമില്ലാതെ അഗ്നിക്കിരയാക്കി.

    ReplyDelete