Thursday, October 18, 2012

ഫോര്‍ട്ട് സ്റ്റേഷനില്‍ പതിനേഴുകാരന് ഭീകര ലോക്കപ്പ് മര്‍ദനം


മോഷണക്കേസ് പ്രതിയെന്ന് ആരോപിച്ച് പതിനേഴുകാരനെ പൊലീസ് ലോക്കപ്പില്‍ ഇരുപത് മണിക്കൂറോളം ക്രൂരമായി മര്‍ദിച്ചു. ഒടുവില്‍ യഥാര്‍ഥ പ്രതിയെ കിട്ടിയപ്പോള്‍ കേസൊന്നുമില്ലെന്ന് പറഞ്ഞ് വിട്ടയച്ചു. നിരപരാധിയായ യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് ഉരുട്ടിക്കൊന്ന തലസ്ഥാനത്തെ ഫോര്‍ട്ട് സ്റ്റേഷനിലാണ് മൂന്നാംമുറ വീണ്ടും അരങ്ങേറിയത്. അത്യന്തം അവശനിലയിലായ കുട്ടി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വലിയതുറ വേളാങ്കണ്ണി ജങ്ഷന്‍ പുന്നവിളാകം പുരയിടത്തില്‍ ക്ലാരസിന്റെ മകന്‍ ജി പ്രവീണ്‍(17) ആണ് പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ പോലുമാകാതെ ചികിത്സയില്‍ കഴിയുന്നത്. ലോക്കപ്പില്‍ പൂര്‍ണനഗ്നനാക്കി നിര്‍ത്തിയശേഷം ജനനേന്ദ്രിയം മേശപ്പുറത്തേക്കു കയറ്റിവയ്പിച്ച് ലാത്തികൊണ്ടടിച്ചു. കാല്‍വെള്ള അടിച്ചുപൊട്ടിച്ചു. സ്റ്റേഷനിലെത്തിയ വീട്ടുകാരെ, കുട്ടിയെ കാണാനോ ആഹാരം വാങ്ങി കൊടുക്കാനോ പോലും അനുവദിച്ചില്ല. ഞായറാഴ്ച രാത്രി പന്ത്രണ്ടോടെയാണ് ഫോര്‍ട്ട് സിഐ സുരേഷിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം വീട്ടില്‍ അതിക്രമിച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം പ്രവീണിനെ മര്‍ദിച്ച് ബലമായി പിടിച്ചുകൊണ്ടുപോയത്. തുടര്‍ന്ന് വാഹനത്തിലിട്ടും നിഷ്കരുണം മര്‍ദിച്ചു. തെളിവെടുപ്പിനെന്ന പേരില്‍ പൂന്തുറ, മാണിക്യവിളാകം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കൊണ്ടുപോയി മര്‍ദിച്ചു. അപ്പോഴേക്കും അര്‍ധബോധാവസ്ഥയിലായി. സ്റ്റേഷനിലെത്തിയ ശേഷവും മര്‍ദിച്ചു. രാത്രിതന്നെ ബന്ധുക്കള്‍ സ്റ്റേഷനിലെത്തിയെങ്കിലും കുട്ടിയെ കാണാന്‍ അനുവദിച്ചില്ല.

പതിനേഴ് വയസ്സുള്ള കുട്ടിയാണെന്നതിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടും വഴങ്ങിയില്ല. തിങ്കളാഴ്ച വൈകിട്ട് ചൈല്‍ഡ് ഹെല്‍പ്പ്ലൈന്‍ വഴി വീണ്ടും ബന്ധപ്പെട്ടപ്പോഴാണ് അബോധാവസ്ഥയിലായിരുന്ന കുട്ടിയെ വിട്ടയച്ചത്. ചികിത്സ ലഭിച്ച ശേഷമാണ് ബോധം തിരിച്ചുകിട്ടിയത്. കടകളില്‍നിന്നും വീടുകളില്‍നിന്നും ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ മോഷ്ടിക്കുന്ന സംഘത്തില്‍പ്പെട്ട ഒരു പ്രതി, തന്നോടൊപ്പം പ്രവീണും ഉണ്ടായിരുന്നെന്ന് പറഞ്ഞെന്നാരോപിച്ചായിരുന്നു മര്‍ദനം. എന്നാല്‍, പ്രവീണ്‍ തന്റെ കൂടെയുണ്ടായിരുന്നില്ലെന്ന് ഇയാള്‍ പിന്നീട് സമ്മതിച്ചു. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് അമ്മ ക്ലാരസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കുട്ടിയെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നും ഫോര്‍ട്ട് പൊലീസ് "ദേശാഭിമാനി"യോട് പ്രതികരിച്ചു. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഉദയകുമാര്‍ എന്ന യുവാവിനെ ഉരുട്ടിക്കൊന്നത് ഇതേ സ്റ്റേഷനില്‍വച്ചാണ്.

deshabhimani 181012

1 comment:

  1. മോഷണക്കേസ് പ്രതിയെന്ന് ആരോപിച്ച് പതിനേഴുകാരനെ പൊലീസ് ലോക്കപ്പില്‍ ഇരുപത് മണിക്കൂറോളം ക്രൂരമായി മര്‍ദിച്ചു. ഒടുവില്‍ യഥാര്‍ഥ പ്രതിയെ കിട്ടിയപ്പോള്‍ കേസൊന്നുമില്ലെന്ന് പറഞ്ഞ് വിട്ടയച്ചു. നിരപരാധിയായ യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് ഉരുട്ടിക്കൊന്ന തലസ്ഥാനത്തെ ഫോര്‍ട്ട് സ്റ്റേഷനിലാണ് മൂന്നാംമുറ വീണ്ടും അരങ്ങേറിയത്. അത്യന്തം അവശനിലയിലായ കുട്ടി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

    ReplyDelete