Monday, October 15, 2012

കോണ്‍ഗ്രസ് ജാതിരാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നു: സിഎംപി


കോട്ടയം: കോണ്‍ഗ്രസാണ് കേരളത്തില്‍ ജാതി രാഷ്ട്രീയവും മത വര്‍ഗീയതയും പ്രോത്സാഹിപ്പിക്കുന്ന മുഖ്യ കക്ഷിയെന്ന് സിഎംപി എട്ടാം പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച രാഷ്ട്രീയപ്രമേയംകുറ്റപ്പെടുത്തി. മുസ്ലിം വര്‍ഗീയതയ്ക്ക് മൂര്‍ച്ചകൂട്ടിയത് മുസ്ലിംലീഗ് നേതൃത്വമെന്നും പ്രമേയത്തില്‍ പറയുന്നു. ആക്ടിങ് ജനറല്‍ സെക്രട്ടറി പാട്യം രാജനാണ് പ്രമേയമവതരിപ്പിച്ചത്.

കേരളത്തില്‍ മുമ്പെങ്ങുമില്ലാത്ത രീതിയില്‍ ജാതി രാഷ്ട്രീയവും മത വര്‍ഗീയതയും വളരുന്നു. ഇതിനെ ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കുന്നു. യുഡിഎഫ് അധികാരത്തില്‍ വന്നശേഷം ഒരു ഭാഗത്ത് ക്രിസ്ത്യന്‍, നായര്‍ സമുദായ സംഘടനകളും മറുഭാഗത്ത് മുസ്ലീം വര്‍ഗീയതയും ശക്തിപ്പെട്ടു. അഞ്ചാം മന്ത്രി സ്ഥാനം, പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കല്‍ തുടങ്ങി സര്‍ക്കാരിന്റെ പല തീരുമാനങ്ങളും യുഡിഎഫില്‍ ചര്‍ച്ച ചെയ്യാതെയാണ് നടപ്പാക്കിയത്്. സിഎംപിക്ക് സീറ്റ് അനുവദിച്ചതിനെതിരെ നെന്മാറ, കുന്നംകുളം, നാട്ടിക മണ്ഡലങ്ങളില്‍ യൂത്ത്കോണ്‍ഗ്രസുകാര്‍ പ്രകടനം നടത്തിയത് മുന്നണി രാഷ്ട്രീയം അംഗീകരിക്കേണ്ട സമാന്യ മര്യാദ ലംഘിച്ചാണെന്നും പ്രമേയം കുറ്റപ്പെടുത്തി.

മാമ്മന്‍ മാപ്പിള ഹാളില്‍ പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി എം വി രാഘവന്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫിനൊപ്പം നില്‍ക്കുന്നെന്ന് കരുതി കോണ്‍ഗ്രസ് പറയുന്നതെല്ലാം അംഗീകരിക്കാനാകില്ലെന്ന് എം വി രാഘവന്‍ പറഞ്ഞു. കോണ്‍ഗ്രസിനോട് പ്രത്യേക പ്രേമമില്ല. എന്നാല്‍, രാജ്യത്ത് വര്‍ഗീയ ശക്തികള്‍ അധികാരത്തില്‍ വരുന്നത് തടയാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മതേതര ജനാധിപത്യ ശക്തികള്‍ക്കേ കഴിയൂ. ഇക്കാര്യത്തില്‍ ഇടതുപക്ഷ കക്ഷികള്‍ ഒന്നിക്കണം. മതേതര ഇടതുപക്ഷ ഐക്യത്തിനുവേണ്ടി ഏത് ചുടുകാട്ടില്‍ പോകാനും സിഎംപി ഒരുക്കമാണ്. പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ കസേരയിലിരുത്തി മുന്നോട്ടുപോകുന്നതിനെക്കുറിച്ച് സോണിയ ഗാന്ധി പുനരാലോചന നടത്തണമെന്നും രാഘവന്‍ പറഞ്ഞു. സി പി ജോണ്‍, കെ ആര്‍ അരവിന്ദാക്ഷന്‍, എം കെ കണ്ണന്‍, സി എച്ച് വിജയന്‍, അജയ് റാവത്ത്, സമീര്‍ പുതുതുണ്ട എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അസീം ജസ്ബി സ്വാഗതം പറഞ്ഞു. സമ്മേളനം ചൊവ്വാഴ്ച സമാപിക്കും.

യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ണ്ണപരാജയം: എം വി രാഘവന്‍

കോട്ടയം: യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ണ്ണപരാജയമാണെന്ന് സിഎംപി നേതാവ് എം വി രാഘവന്‍. കോണ്‍ഗ്രസും ലീഗും നാട്ടില്‍ ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ തുടരുന്ന യുപിഎ സര്‍ക്കാറിനെതിരെ ഇടതുപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

deshabhimani 151012

1 comment:

  1. കോണ്‍ഗ്രസാണ് കേരളത്തില്‍ ജാതി രാഷ്ട്രീയവും മത വര്‍ഗീയതയും പ്രോത്സാഹിപ്പിക്കുന്ന മുഖ്യ കക്ഷിയെന്ന് സിഎംപി എട്ടാം പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച രാഷ്ട്രീയപ്രമേയംകുറ്റപ്പെടുത്തി. മുസ്ലിം വര്‍ഗീയതയ്ക്ക് മൂര്‍ച്ചകൂട്ടിയത് മുസ്ലിംലീഗ് നേതൃത്വമെന്നും പ്രമേയത്തില്‍ പറയുന്നു. ആക്ടിങ് ജനറല്‍ സെക്രട്ടറി പാട്യം രാജനാണ് പ്രമേയമവതരിപ്പിച്ചത്.

    ReplyDelete