Tuesday, October 16, 2012

നേഴ്സറി അധ്യാപകര്‍ക്ക് മെച്ചപ്പെട്ട ശമ്പളം നല്‍കണം: സുപ്രീംകോടതി


നേഴ്സറി അധ്യാപകര്‍ക്കും ആയമാര്‍ക്കും മെച്ചപ്പെട്ട ശമ്പളം നല്‍കണമെന്ന ഹൈക്കോടതി വിധി ചോദ്യംചെയ്ത് അപ്പീല്‍ സമര്‍പ്പിച്ച സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശം. നേഴ്സറി അധ്യാപകര്‍ക്കും ആയമാര്‍ക്കും യഥാക്രമം 5000, 3500 രൂപ നിരക്കില്‍ ശമ്പളം നല്‍കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. സ്കൂളുകളില്‍ താല്‍ക്കാലികമായി തൂപ്പുജോലി ചെയ്യുന്നവരേക്കാള്‍ കുറഞ്ഞ ശമ്പളം അധ്യാപകര്‍ക്ക് ലഭിക്കുന്ന അവസ്ഥ അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ ബി എസ് ചൗഹാനും ജെ എസ് ഖേഹാറും ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.

ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ ഉത്തരവ് മനോഹരമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഈ വിധി നടപ്പാക്കാന്‍ ശ്രമിക്കുന്നതിന് പകരം സര്‍ക്കാര്‍ അപ്പീലുമായി ഡല്‍ഹിക്ക് വന്നത് എന്തിനെന്നും കോടതി ആരാഞ്ഞു. അപ്പീല്‍ തള്ളിയ സുപ്രീംകോടതി ശമ്പളവിഷയത്തില്‍ നയപരമായ തീരുമാനമെടുക്കാന്‍ മടിക്കുന്ന സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചു. ആഗസ്ത് ഒന്നിനാണ് ഹൈക്കോടതി ഈ വിഷയത്തില്‍ ഉത്തരവിട്ടത്. ഇക്കാര്യത്തില്‍ നയപരമായ തീരുമാനമെടുക്കാനും സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഉയര്‍ന്ന ശമ്പളം വലിയ സാമ്പത്തികബാധ്യത വരുത്തുമെന്ന വാദമായിരുന്നു സര്‍ക്കാരിന്റേത്. മാത്രമല്ല, നേഴ്സറി അധ്യാപകരും ആയമാരും സ്കൂള്‍ പിടിഎകള്‍ക്ക് കീഴിലാണ് വരുന്നതെന്നും അവര്‍ക്ക് ശമ്പളം നല്‍കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്.

അപ്പീല്‍ സുപ്രീംകോടതി നിരാകരിച്ചതോടെ സംസ്ഥാനത്ത് 1773 സ്കൂളിലായി 2233 നേഴ്സറി അധ്യാപകര്‍ക്കും 1404 ആയമാര്‍ക്കും മെച്ചപ്പെട്ട ശമ്പളത്തിന് അവസരമൊരുങ്ങിയിരിക്കയാണ്. നേഴ്സറി അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നത് വലിയ സാമ്പത്തികബാധ്യത വരുത്തുമെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചില്ല. അധ്യാപകരുടെ യോഗ്യതയും മറ്റും പരിശോധിക്കുന്നതിനും ഉത്തരവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ പഠിക്കുന്നതിനും മൂന്നുമാസത്തെ സാവകാശം സര്‍ക്കാര്‍ തേടിയെങ്കിലും കോടതി അനുവദിച്ചില്ല. സര്‍ക്കാരിനുവേണ്ടി സ്റ്റാന്‍ഡിങ്കൗണ്‍സല്‍ ലിസ് മാത്യൂസ് ഹാജരായി.
(എം പ്രശാന്ത്)


സുപ്രീംകോടതി ഉത്തരവ് സര്‍ക്കാരിന് തിരിച്ചടി: ശ്രീമതി

നേഴ്സറി സ്കൂള്‍ ടീച്ചര്‍മാര്‍ക്കും ആയമാര്‍ക്കും പട്ടിണികൂടാതെ ജീവിക്കാനുള്ള വേതനമെങ്കിലും നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിനെതിരെ അപ്പീല്‍പോയ യുഡിഎഫ് സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് സുപ്രീംകോടതിയില്‍ നിന്ന് ലഭിച്ചതെന്ന് സിപിഐ എം കേന്ദ്രകമ്മറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. ടീച്ചര്‍മാര്‍ക്ക് 5000 രൂപയായും ആയമാര്‍ക്ക് 3500 ആയും ശമ്പളം വര്‍ധിപ്പിക്കാനാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം. അന്ന് അത് ചെയ്യാമെന്ന് സര്‍ക്കാര്‍ കോടതിയില്‍ സമ്മതിച്ചതുമാണ്. എന്നാല്‍, അഭിപ്രായം മാറ്റി അപ്പീല്‍ നല്‍കി. ആ കേസിലാണ്, സര്‍ക്കാരിന്റെ വാദങ്ങള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിപൂര്‍ണമായി തള്ളിയത്. പ്രീപ്രൈമറി വിഭാഗത്തിലെ ടീച്ചര്‍മാര്‍ക്കും ആയമാര്‍ക്കും നിസ്സാരശമ്പളമാണിപ്പോള്‍ നല്‍കുന്നത്. അവര്‍ സര്‍ക്കാര്‍ ജീവനക്കാരല്ല എന്നും ബാധ്യത ഏറ്റെടുക്കാനാകില്ല എന്നുമായിരുന്നു കോടതിയില്‍ യുഡിഎഫ് സര്‍ക്കാരിന്റെ സമീപനം. അത് തള്ളിക്കളഞ്ഞ പരമോന്നത കോടതി,

കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി നല്‍കുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണ് ടീച്ചര്‍മാര്‍ക്ക്  മാന്യമായ ശമ്പളം നല്‍കാത്തതെന്ന ചോദ്യമാണുയര്‍ത്തിയത്. യുഡിഎഫ് സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ-ജനവിരുദ്ധ സമീപനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫ് തെറ്റ് തിരുത്താന്‍ തയ്യാറാകണം. കുഞ്ഞുങ്ങള്‍ക്ക് അറിവിന്റെ ആദ്യപാഠം പറഞ്ഞുകൊടുക്കുന്നവരുടെയും കുട്ടികളെ പരിപാലിക്കുന്നവരുടെയും മക്കള്‍ പട്ടിണിക്കാരാകരുത്. മനുഷ്യത്വത്തിന്റെ ചെറിയൊരംശം മനസ്സിലുണ്ടായിരുന്നെങ്കില്‍ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തയ്യാറാകില്ലായിരുന്നെന്നും ശ്രീമതി പ്രസ്താവനയില്‍ പറഞ്ഞു.


deshabhimani 161012

1 comment:

  1. നേഴ്സറി അധ്യാപകര്‍ക്കും ആയമാര്‍ക്കും മെച്ചപ്പെട്ട ശമ്പളം നല്‍കണമെന്ന ഹൈക്കോടതി വിധി ചോദ്യംചെയ്ത് അപ്പീല്‍ സമര്‍പ്പിച്ച സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശം. നേഴ്സറി അധ്യാപകര്‍ക്കും ആയമാര്‍ക്കും യഥാക്രമം 5000, 3500 രൂപ നിരക്കില്‍ ശമ്പളം നല്‍കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. സ്കൂളുകളില്‍ താല്‍ക്കാലികമായി തൂപ്പുജോലി ചെയ്യുന്നവരേക്കാള്‍ കുറഞ്ഞ ശമ്പളം അധ്യാപകര്‍ക്ക് ലഭിക്കുന്ന അവസ്ഥ അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ ബി എസ് ചൗഹാനും ജെ എസ് ഖേഹാറും ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.

    ReplyDelete