Monday, October 29, 2012

നെല്ലിയാമ്പതിയില്‍ സിപിഐ എം മനുഷ്യച്ചങ്ങല


നെല്ലിയാമ്പതി വനമേഖലയെ ഭൂമാഫിയയില്‍നിന്ന് രക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് സിപിഐ എം നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. "നെല്ലിയാമ്പതിയെ രക്ഷിക്കുക, തൊഴിലാളികളെ സംരക്ഷിക്കുക" എന്ന മുദ്രാവാക്യമുയര്‍ത്തി നടന്ന പ്രക്ഷോഭത്തില്‍ ആയിരങ്ങള്‍ അണിനിരന്നു. ഞായറാഴ്ച പകല്‍ 11.30ന് നെല്ലിയാമ്പതിയിലെ പുലയംപാറമുതല്‍ നൂറടിവരെ അഞ്ചുകിലോമീറ്റര്‍ നീളത്തിലാണ് പ്രതിഷേധശൃംഖല തീര്‍ത്തത്. തേയിലയും കാപ്പിയും വിളഞ്ഞുനില്‍ക്കുന്ന തോട്ടങ്ങള്‍ക്കിടയില്‍ ചെങ്കൊടിയേന്തി സമരവളന്റിയര്‍മാര്‍ ഒഴുകിയെത്തുകയായിരുന്നു. സിപിഐ എം കൊല്ലങ്കോട് ഏരിയയില്‍നിന്നുള്ളവരാണ് കണ്ണികളായത്.

അതീവ ജൈവപ്രാധാന്യമുള്ള വനമേഖല വെട്ടിമുറിച്ച് വില്‍ക്കാന്‍ അനുവദിക്കില്ലെന്നു പ്രതിജ്ഞയെടുത്താണ് പ്രവര്‍ത്തകര്‍ സമരകേന്ദ്രം വിട്ടത്. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ആദ്യകണ്ണിയായി. സംസ്ഥാനകമ്മിറ്റിയംഗം പി കെ ബിജു എംപിയായിരുന്നു അവസാനകണ്ണി. ലോകപൈതൃകപട്ടികയില്‍പ്പെട്ട പശ്ചിമഘട്ട മലനിരയിലെ വനഭൂമി സംരക്ഷിക്കാന്‍ സംസ്ഥാന-ജില്ലാ നേതാക്കളും ജനപ്രതിനിധികളും കൈകോര്‍ത്തു. കൂനംപാലത്ത് പൊതുയോഗം കോടിയേരി ഉദ്ഘാടനംചെയ്തു. തോട്ടം ഉടമകളുമായി സര്‍ക്കാര്‍ നടത്തുന്ന ഒത്തുകളി അവസാനിപ്പിക്കുക, പാട്ടക്കാലാവധി കഴിഞ്ഞതും പാട്ടക്കരാര്‍ ലംഘിച്ചതുമായ നെല്ലിയാമ്പതിയിലെ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുക, സ്ഥിരവും അല്ലാത്തതുമായ തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി-പ്രൊവിഡന്റ്ഫണ്ട് അടക്കമുള്ള തൊഴിലാനുകൂല്യം നല്‍കാനുള്ള പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മനുഷ്യച്ചങ്ങല തീര്‍ത്തത്.

deshabhimani

No comments:

Post a Comment