Wednesday, October 24, 2012

പല്‍വലില്‍ രാഷ്ട്രീയം നിയന്ത്രിക്കുന്നത് രാഹുലിന്റെയും വധേരയുടെയും ദല്ലാള്‍മാര്‍


ഹരിയാനയിലെ പല്‍വല്‍, ഫരീദാബാദ് മേഖലകളില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് രാഷ്ട്രീയം നിയന്ത്രിക്കുന്നത് രാഹുല്‍ ഗാന്ധിയുടെയും റോബര്‍ട്ട് വധേരയുടെയും റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാര്‍. "നാഗര്‍ സഹോദരന്മാരെ"ന്ന് അറിയപ്പെടുന്ന മഹേഷ് നാഗറും ലളിത് നാഗറുമാണ് രാഹുലിന്റെയും വധേരയുടെയും ഇടനിലക്കാരായി നിന്നുകൊണ്ട് കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് ഉയര്‍ന്നത്. ഇവരില്‍ ലളിത് നാഗര്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു. നിലവില്‍ ഹരിയാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അംഗം. നാഗര്‍ സഹോദരന്മാരുടെ ഫ്ളക്സ് ബോര്‍ഡുകളാണ് ഇപ്പോള്‍ പല്‍വലിലും ഫരീദാബാദിലുമെല്ലാം.

പല്‍വലില്‍ രാഹുലും വധേരയും വാങ്ങിയഭൂമിയുടെ രജിസ്ട്രേഷന്‍ രേഖകളില്‍ സാക്ഷിയായി ഒപ്പുവച്ചത് ലളിത് നാഗറാണ്. 2008ലായിരുന്നു ഇടപാട്. തൊട്ടടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ പല്‍വലിലെ ടിഗാവ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ലളിത് നാഗര്‍ രംഗത്തുവന്നു. ഇങ്ങനെ ഒരു നേതാവിനെ അന്നാദ്യമായാണ് തങ്ങള്‍ കണ്ടതെന്ന് ടിഗാവിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. നഗര്‍ സഹോദരന്മാര്‍ നേരത്തെ ബിജെപി പ്രവര്‍ത്തകരായിരുന്നുവെന്നും ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ പറയുന്നു. ടിഗാവില്‍ ലളിതിന്റെ എതിരാളിയായി മത്സരിച്ച് ജയിച്ച ബിജെപിയുടെ കൃഷന്‍പാല്‍ ഗുജ്ജാറും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ ലളിതും മഹേഷും തന്റെ അനുയായികളായി പ്രചാരണരംഗത്ത് സജീവമായിരുന്നുവെന്ന് മൂന്നുവട്ടം എംഎല്‍എയായ ഗുജ്ജാര്‍ പറഞ്ഞു. വളരെ പെട്ടെന്ന് പിസിസി അംഗംവരെയായി ഉയര്‍ന്ന ലളിത് നഗര്‍ 2009ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോടികളാണ് പൊടിച്ചത്.

രാജസ്ഥാനിലെ ബിക്കാനീര്‍, ഹരിയാനയിലെ പല്‍വല്‍, ഫരീദാബാദ് എന്നിവിടങ്ങളില്‍ വധേര വാങ്ങികൂട്ടിയ ഹെക്ടര്‍ കണക്കിന് ഭൂമിയുടെയെല്ലാം ഇടനിലക്കാരനായിനിന്നത് മഹേഷ് നാഗറാണ്. ബിക്കാനീറിലെ കൊലായത്തില്‍ റോബര്‍ട്ട് വധേര വാങ്ങിയ ഇരുപതിലേറെ സ്ഥലങ്ങളുടെ രജിസ്ട്രേഷനില്‍ ഒപ്പുവച്ചിരിക്കുന്നത് മഹേഷാണ്. ഡല്‍ഹിയിലെ ദരിയാഗഞ്ച് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആല്‍ഫ ഹൈറ്റ്സ് എന്ന കമ്പനിയുടെ പേരിലാണ് സ്ഥലം വാങ്ങിയിട്ടുള്ളത്. റോബര്‍ട്ട് വധേരയുടെ പേരിലാണ് ചെക്ക് കൈമാറിയിട്ടുള്ളത്. വധേരയുടെ മറ്റ് കമ്പനികളായ ബ്ലൂബ്രീസ് ട്രേഡിങ്, നോര്‍ത്ത് ഇന്ത്യ ഐടി പാര്‍ക്ക്, റിയല്‍ എര്‍ത്ത് എസ്റ്റേറ്റ്സ്, സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി, സ്കൈലൈറ്റ് റിയാലിറ്റി എന്നിവയ്ക്കുവേണ്ടിയും മഹേഷ് നാഗര്‍ രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളില്‍ ഭൂമി ഇടപാടുകള്‍ നടത്തിയിട്ടുണ്ട്.

വധേരയ്ക്കെതിരെ അന്വേഷണത്തിന് ഏജന്‍സികള്‍ക്ക് ഭയം

ന്യൂഡല്‍ഹി: റോബര്‍ട്ട് വധേരയുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ഭയം. കമ്പനി നിയമങ്ങളുടെ ലംഘനവും ക്രമവിരുദ്ധ സാമ്പത്തിക ഇടപാടും&ാറമവെ;പുറത്താകുമ്പോള്‍ സ്വാഭാവികമായി ഇത്തരം ഏജന്‍സികള്‍ക്ക് അന്വേഷിക്കാമെങ്കിലും സോണിയാഗാന്ധിയുടെ മരുമകനെ തൊടാന്‍ ആര്‍ക്കും ധൈര്യമില്ല. ഡിഎല്‍എഫ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായി ചേര്‍ന്നു നടത്തിയ അനധികൃത സാമ്പത്തിക, ഭൂമി ഇടപാടുകള്‍ പുറത്തായപ്പോള്‍, പണം കോര്‍പറേഷന്‍ ബാങ്ക് വായ്പ നല്‍കിയെന്നു പറഞ്ഞ് രക്ഷപ്പെടാനായിരുന്നു വധേരയുടെ ശ്രമം. എന്നാല്‍, വായ്പ നല്‍കിയിട്ടില്ലെന്ന് കോര്‍പറേഷന്‍ ബാങ്ക് ആവര്‍ത്തിച്ചു വ്യക്തമാക്കിയതോടെ വധേരയുടെ സ്വത്തിനെക്കുറിച്ചുള്ള ദുരൂഹത വര്‍ധിച്ചു. സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന തന്റെ കമ്പനിക്ക് വായ്പയായി 7.94 കോടി രൂപ കോര്‍പറേഷന്‍ ബാങ്ക് നല്‍കിയെന്നായിരുന്നു അവകാശവാദം. സ്വാഭാവികമായും ഈ സാഹചര്യത്തില്‍ അന്വേഷണം നടത്തേണ്ട ബാധ്യത കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തിനും കമ്പനികാര്യരജിസ്ട്രാര്‍ക്കുമാണ്. എന്നാല്‍, ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ വധേര സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടില്ലെന്ന വാദവുമായി മന്ത്രി വീരപ്പമൊയ്ലി രംഗത്തെത്തി. മരുമകനെ പ്രതിരോധിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ക്ക് സോണിയാഗാന്ധി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇത്. കോര്‍പറേറ്റ് മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനും വധേരയുടെ ഇടപാടിനെക്കുറിച്ച് മിണ്ടുന്നില്ല. രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ (സിഒആര്‍) സ്ഥിതിയും ഇതുതന്നെ. റോബര്‍ട്ട് വധേരയുടെ ഇടപാടിനെക്കുറിച്ച് മാധ്യമങ്ങളോടു സംസാരിക്കാന്‍ തനിക്ക് അധികാരമില്ലെന്ന് ആര്‍ഒസിയുടെ എം എം ജുനേജ പ്രതികരിച്ചു. വധേരയുടെ കമ്പനിയായ സ്കൈലൈറ്റിന്റെ അനധികൃത ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ഉത്തരവിട്ട ഹരിയാന സര്‍ക്കാര്‍ ലാന്‍ഡ് കണ്‍സോളിഡേഷന്‍ ഓഫീസര്‍ അശോക് ഖേംകയെ കഴിഞ്ഞയാഴ്ച സ്ഥലംമാറ്റിയിരുന്നു.

വധേരയും അമ്മ മൗറീനും ഡയറക്ടര്‍മാരായി 2007ലാണ് സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി തുടങ്ങിയത്. ഒരു ലക്ഷം രൂപയായിരുന്നു കമ്പനിയുടെ മൂലധനം. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ഐസ്ക്രീം പാര്‍ലറുകള്‍ എന്നിവ നടത്താനെന്ന പേരിലാണ് കമ്പനീസ് രജിസ്ട്രാറില്‍നിന്ന് സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി അംഗീകാരം നേടിയത്. എന്നാല്‍, റിയല്‍ എസ്റ്റേറ്റ് ഇടപാടിലാണ് കമ്പനി പിന്നീട് കേന്ദ്രീകരിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ആശിര്‍വാദത്തോടെ കുറഞ്ഞ വിലയ്ക്ക് കര്‍ഷകരില്‍നിന്ന് ഭൂമി തട്ടിയെടുത്തായിരുന്നു ഇടപാടുകള്‍. ഡല്‍ഹി, ഗുഡ്ഗാവ് എന്നിവിടങ്ങളില്‍ എസ്റ്റേറ്റുകള്‍ വാങ്ങിക്കൂട്ടി. റിയല്‍ എസ്റ്റേറ്റ് ഇടപാടിനിടെ മൗറീനില്‍നിന്ന് കമ്പനിയുടെ ഓഹരികള്‍ ഏതാണ്ട് പൂര്‍ണമായും റോബര്‍ട്ട് വധേര ഏറ്റെടുത്തു.കമ്പനിയുടെ ആസ്ഥാനം ന്യൂഫ്രണ്ട്സ് കോളനിയില്‍നിന്ന് മാറ്റുകയും ചെയ്തു. സ്കൈലൈറ്റിന്റെ 99.9 ശതമാനം ഓഹരികളും ഇപ്പോള്‍ വധേരയുടെ കൈവശമാണ്.

deshabhimani news

1 comment:

  1. ഹരിയാനയിലെ പല്‍വല്‍, ഫരീദാബാദ് മേഖലകളില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് രാഷ്ട്രീയം നിയന്ത്രിക്കുന്നത് രാഹുല്‍ ഗാന്ധിയുടെയും റോബര്‍ട്ട് വധേരയുടെയും റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാര്‍. "നാഗര്‍ സഹോദരന്മാരെ"ന്ന് അറിയപ്പെടുന്ന മഹേഷ് നാഗറും ലളിത് നാഗറുമാണ് രാഹുലിന്റെയും വധേരയുടെയും ഇടനിലക്കാരായി നിന്നുകൊണ്ട് കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് ഉയര്‍ന്നത്. ഇവരില്‍ ലളിത് നാഗര്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു. നിലവില്‍ ഹരിയാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അംഗം. നാഗര്‍ സഹോദരന്മാരുടെ ഫ്ളക്സ് ബോര്‍ഡുകളാണ് ഇപ്പോള്‍ പല്‍വലിലും ഫരീദാബാദിലുമെല്ലാം.

    ReplyDelete