Friday, October 19, 2012

യുഡിഎഫിന്റേത് വിദ്യാഭ്യാസ കരിഞ്ചന്ത: ബേബി


സ്വാശ്രയ മെഡി. കോളേജുകള്‍ക്ക് എന്‍ഒസി നല്‍കാന്‍ യുഡിഎഫ് ശുപാര്‍ശ

സ്വാശ്രയ മേഖലയില്‍ മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ അപേക്ഷിച്ച എല്ലാവര്‍ക്കും എന്‍ഒസി നല്‍കാന്‍ യുഡിഎഫ് ഉന്നതാധികാര സമിതി യോഗം സര്‍ക്കാരിനോട് ശുപാര്‍ശചെയ്തു. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ മാനദണ്ഡം പാലിച്ച മുഴുവന്‍ അപേക്ഷകര്‍ക്കും എന്‍ഒസി നല്‍കാനാണ് തീരുമാനമെന്ന് കണ്‍വീനര്‍ പി പി തങ്കച്ചന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതിനകം ആറോളം അപേക്ഷ കിട്ടിയതായും തങ്കച്ചന്‍ പറഞ്ഞു.

ബസ് യാത്രാ നിരക്ക് വര്‍ധിപ്പിക്കാനും യോഗം തത്വത്തില്‍ അംഗീകാരം നല്‍കി. മിനിമം നിരക്ക് ഉള്‍പ്പെടെ വര്‍ധിപ്പിക്കും. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമെടുക്കും. കെട്ടിട നിര്‍മാണച്ചട്ടങ്ങള്‍ കാലാനുസൃതമായി പരിഷ്കരിക്കും. ഭൂമിയുടെ ന്യായവില പുനര്‍നിര്‍ണയിക്കും. വിളപ്പില്‍ശാല മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് എംഎല്‍എമാരുടെ യോഗം വിളിക്കും. മാലിന്യം പാറമടകളില്‍ നിക്ഷേപിക്കും. പരിയാരം, കൊച്ചി സഹകരണ മെഡിക്കല്‍ കോളേജുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് സഹകരണ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ സാമ്പത്തികബാധ്യത പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ധനമന്ത്രിയെ ചുമതലപ്പെടുത്തിയതായും കണ്‍വീനര്‍ അറിയിച്ചു.

യുഡിഎഫിന്റേത് വിദ്യാഭ്യാസ കരിഞ്ചന്ത: ബേബി

യുഡിഎഫ് സര്‍ക്കാര്‍ വിദ്യാഭ്യാസരംഗത്തെ കരിഞ്ചന്തവല്‍ക്കരണമാണ് നടത്തുന്നതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റത്തിന് രാജ്യത്തിനുതന്നെ മാതൃകയായ ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സിസ്റ്റം ഒഴിവാക്കിയത് യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവാദിത്തമില്ലായ്മയാണ്. സര്‍വകലാശാലയുടെ സ്വയംഭരണാവകാശത്തെതന്നെ പല്ലിളിച്ചു കാട്ടുകയാണ് സര്‍ക്കാര്‍. വിദ്യാഭ്യാസരംഗത്ത് മാറ്റം പാടില്ലെന്നു വാദിക്കുന്ന ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ ഇതിനെ അനുകൂലിക്കുകയാണെന്നും വിദ്യാഭ്യാസ സംരക്ഷണസമിതി നടത്തിയ സെക്രട്ടറിയറ്റ് മാര്‍ച്ച് ഉദ്ഘാടനംചെയ്ത് അദ്ദേഹം പറഞ്ഞു.

പ്രൊഫ. ഹൃദയകുമാരി കമ്മിറ്റിയുടെ നിര്‍ദേശം ഒറ്റയടിക്ക് നടപ്പാക്കാനാണ് സര്‍ക്കാര്‍ശ്രമം. ഇത് ജനാധിപത്യവിരുദ്ധവും അശാസ്ത്രീയവുമാണ്. ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായത്തിലെ ഭാഗങ്ങളും വാര്‍ഷികപ്പരീക്ഷയുടെ ഭാഗങ്ങളും ഉള്‍പ്പെടുത്തിയാണ് പുതിയ പരിഷ്കാരം. ഈ ഉഭയജീവി വിദ്യാഭ്യാസ പരിഷ്കാരമാണ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പഠനിലവാരം ഉയര്‍ത്തുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ ചര്‍ച്ചകളും ശില്‍പ്പശാലകളും നടത്തി നാലു വര്‍ഷത്തിനു ശേഷമാണ് ചോയ്സ് ബെയ്സ്ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ നടപ്പാക്കിയത്. കേന്ദ്രമന്ത്രി കപില്‍സിബല്‍ തന്നെ നൂറ് ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സിസ്റ്റം എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കണമെന്നു പറഞ്ഞിരുന്നു. ദേശീയതലത്തില്‍തന്നെ പ്രശംസ പിടിച്ചുപറ്റിയ സംവിധാനം യുഡിഎഫ് സര്‍ക്കാര്‍ വലിച്ചെറിയുകയാണ് ചെയ്യുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ഗുണമേന്മാപദ്ധതികള്‍ യുഡിഎഫ് അട്ടിമറിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ് പോലും വിതരണംചെയ്യുന്നില്ല. സര്‍വകലാശാല ഭൂമി പതിച്ചു നല്‍കുന്നു. വൈസ്ചാന്‍സലര്‍മാര്‍ ഭൂമി കൈകാര്യംചെയ്യുന്നവരായി മാറി. വൈസ്ചാന്‍സലറായി നിയമിക്കാനുള്ള യോഗ്യത സംസ്ഥാനസര്‍ക്കാരിന് തീരുമാനിക്കാമെന്നാണ് യുജിസിയുടെ പുതിയ തീരുമാനം. കോഴിക്കോട് സര്‍വകലാശാല വിസി നിയമനത്തിന്റെ നാണക്കേട് മറക്കാന്‍ ഇത് കോണ്‍ഗ്രസിന് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൃദയകുമാരി കമ്മിറ്റി റിപ്പോര്‍ട്ട് അടിച്ചേല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാഭ്യാസസംരക്ഷണ സമിതി മാര്‍ച്ച് നടത്തിയത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എസ് പി ദീപക് അധ്യക്ഷനായി.

deshabhimani 191012

1 comment:

  1. സ്വാശ്രയ മേഖലയില്‍ മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ അപേക്ഷിച്ച എല്ലാവര്‍ക്കും എന്‍ഒസി നല്‍കാന്‍ യുഡിഎഫ് ഉന്നതാധികാര സമിതി യോഗം സര്‍ക്കാരിനോട് ശുപാര്‍ശചെയ്തു. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ മാനദണ്ഡം പാലിച്ച മുഴുവന്‍ അപേക്ഷകര്‍ക്കും എന്‍ഒസി നല്‍കാനാണ് തീരുമാനമെന്ന് കണ്‍വീനര്‍ പി പി തങ്കച്ചന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതിനകം ആറോളം അപേക്ഷ കിട്ടിയതായും തങ്കച്ചന്‍ പറഞ്ഞു

    ReplyDelete