Wednesday, October 17, 2012

ഭൂമാഫിയക്കെതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രി മുക്കി


ഇടുക്കി ദേവികുളം വട്ടവടയില്‍ 344.5 ഏക്കര്‍ ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട് വ്യവസായിക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുക്കണമെന്ന ഇന്റലിജന്‍സ്് റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രി മുക്കി. ഇന്റലിജന്‍സ് എഡിജിപിക്കുവേണ്ടി സൂപ്രണ്ട് എം മുഹമ്മദ് ഷബീര്‍ ജൂലൈ 30ന് ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സമര്‍പ്പിച്ച രഹസ്യറിപ്പോര്‍ട്ടാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദേശപ്രകാരം മന്ത്രിയുടെ ഓഫീസ്പൂഴ്ത്തിയത്.

വിവാദ വ്യവഹാരി നന്ദകുമാറിനെതിരെ സിബിഐ അന്വേഷണം നടത്തണമെന്ന വിജ്ഞാപനം കേന്ദ്രസര്‍ക്കാരിന് കൈമാറാതെ ആഭ്യന്തരമന്ത്രിയുടെ ഓഫീസ് പൂഴ്ത്തിവച്ച വിവാദം നിലനില്‍ക്കെയാണ് ഏറെ കോളിളക്കം സൃഷ്ടിച്ച ഭൂമിതട്ടിപ്പിന്റെ റിപ്പോര്‍ട്ടും അട്ടിമറിച്ചത്. ചെന്നൈയിലെ മലയാളിവ്യവസായി മൈജോ ജോസഫ് വട്ടവട കടവരിയില്‍ വ്യാജപ്രമാണത്തിലൂടെ 344.5 ഏക്കര്‍ കൈയേറിയെന്നും ഈ ഭൂമി പതിച്ചുനല്‍കാമെന്നു കാട്ടി പണം കൈപ്പറ്റിയതിന് വഞ്ചനാക്കുറ്റത്തിന് കേസെടുക്കണമെന്നുമായിരുന്നു റിപ്പോര്‍ട്ട്.

ജി.10/48138/2012/എസ്ബി എന്ന നമ്പരിലുള്ള ഒമ്പത് പേജ് രഹസ്യറിപ്പോര്‍ട്ട് രണ്ടുമാസത്തിലേറെയായി മന്ത്രിയുടെ ഓഫീസില്‍ കെട്ടിവച്ചിരിക്കുകയാണ്. കടവരിഭാഗത്ത് കൈമാറ്റംചെയ്യാന്‍ പാടില്ലാത്ത എല്‍എ പട്ടയങ്ങള്‍ ലഭിച്ച പലരില്‍നിന്നുമായാണ് മൈജോ ഭൂമി വാങ്ങിയത്. ഇതില്‍ വനഭൂമിയും ഉള്‍പ്പെടും. തമിഴ്നാടിനോട് ചേര്‍ന്ന പ്രദേശമായതിനാല്‍ തമിഴ് വംശജരെ ഉപയോഗിച്ച് ഭൂമി കൈയേറിയെന്നും റിപ്പോര്‍ട്ടിലുണ്ട്. 1993 മുതല്‍ 2000 വരെയുള്ള കാലയളവില്‍ 99 പേരില്‍നിന്ന് പലതവണയായാണ് ഭൂമി വാങ്ങിയത്. ഈ ഭൂമി മൈജോ സ്വന്തം പേരിലും കമ്പനിയുടെ പേരിലും ജോലിക്കാരായ കെ നാരായണന്‍, കെ ദേവരാജന്‍ എന്നിവരുടെ പേരിലേക്ക് പവര്‍ ഓഫ് അറ്റോര്‍ണി എഴുതിവാങ്ങിയും രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

മൈജോ കൈക്കലാക്കിയ ഭൂമി ഒരു മലയുടെ ചരിവ് മൊത്തമായുള്ളതാണ്. പട്ടയം ലഭിച്ചവര്‍ ഈ ഭൂമിയില്‍ താമസിച്ചിരുന്നതിനോ കൈവശം വച്ചിരുന്നതിനോ തെളിവില്ല. ഒരാള്‍ ഭൂമി കൈവശം വച്ചിരുന്നാല്‍ അതിന് അതിരിടുകയും വേലികെട്ടുകയും ചെയ്യും. എന്നാല്‍, ഈ 99 പട്ടയക്കാരുടെ ഭൂമിയിലും ഇത്തരത്തിലുള്ള അതിരുകളൊന്നും ഇല്ലാതെ ഒന്നിച്ചുകിടക്കുകയായിരുന്നു. സ്ഥലത്തിന്റെ ഫോട്ടോയും വീഡിയോ ദൃശ്യങ്ങളും റിപ്പോര്‍ട്ടിനൊപ്പം നല്‍കിയിട്ടുണ്ട്. അയ്യായിരംമുതല്‍ 7000 രൂപവരെ കൊടുത്ത് തമിഴരെ ഉപയോഗിച്ച് മൈജോ പട്ടയം സമ്പാദിച്ചതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. വെള്ള പേപ്പറില്‍ ഒപ്പിടുവിച്ചശേഷം പട്ടയകാര്യങ്ങള്‍ ചെയ്തത് മൈജോയുടെ ആളുകളാണ്. സര്‍ക്കാര്‍ നല്‍കിയ എല്‍എ പട്ടയങ്ങള്‍ കൈമാറ്റംചെയ്യാന്‍ പാടില്ലാത്തതാണ്. എന്നാല്‍, 1998-99ല്‍പട്ടയം കിട്ടി ഒന്നുരണ്ട് മാസത്തിനുള്ളില്‍ത്തന്നെ പവര്‍ ഓഫ് അറ്റോര്‍ണി എഴുതിവാങ്ങി. കടവരിഭാഗത്ത് മൈജോ നടത്തിയ അനധികൃത ഇടപാടിനെക്കുറിച്ച് കൂടുതല്‍ അന്വേഷണത്തിന് സത്യസന്ധരായ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് റിപ്പോര്‍ട്ടിലുണ്ട്.
(എം വി പ്രദീപ്)

deshabhimani 171012

1 comment:

  1. ഇടുക്കി ദേവികുളം വട്ടവടയില്‍ 344.5 ഏക്കര്‍ ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട് വ്യവസായിക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുക്കണമെന്ന ഇന്റലിജന്‍സ്് റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രി മുക്കി. ഇന്റലിജന്‍സ് എഡിജിപിക്കുവേണ്ടി സൂപ്രണ്ട് എം മുഹമ്മദ് ഷബീര്‍ ജൂലൈ 30ന് ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സമര്‍പ്പിച്ച രഹസ്യറിപ്പോര്‍ട്ടാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദേശപ്രകാരം മന്ത്രിയുടെ ഓഫീസ്പൂഴ്ത്തിയത്.

    ReplyDelete