Sunday, October 28, 2012

വനഭൂമിയുടെ നെഞ്ചുപിളര്‍ക്കുന്ന കൈയേറ്റം


നെല്ലിയാമ്പതി ഉള്‍പ്പെടുന്ന പശ്ചിമഘട്ട മലനിരകളെ ലോക പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഈയടുത്താണ്. ഇതോടെ ലോകത്ത് മുഖ്യമായും സംരക്ഷിക്കേണ്ട 36 ജൈവവൈവിധ്യ കേന്ദ്രങ്ങളില്‍ ഒന്നായി നെല്ലിയാമ്പതി മാറി. ജൈവപരമായി അതീവ പ്രാധാന്യമുള്ള നിബിഢവനഭൂമി ഇന്ന് അതിരൂക്ഷമായ കൈയേറ്റ ഭീഷണി നേരിടുകയാണ്. കാപ്പിയും ഏലവും കുരുമുളകും വിളഞ്ഞുനിന്ന ഭൂമി കഷ്ണങ്ങളാക്കി മുറിച്ചുവിറ്റു. 10,000 ഏക്കറോളം ഭൂമിയാണ് അനധികൃതമായി കൈമാറുകയും വിഭജിക്കുകയും ചെയ്തത്. വനഭൂമിയുടെ നെഞ്ചുപിളര്‍ന്ന് കോണ്‍ക്രീറ്റ് കെട്ടിടങ്ങളും റിസോര്‍ട്ടുകളും ഉയര്‍ന്നു. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് മാത്രമായി പാട്ടത്തിന് നല്‍കിയ ഭൂമിയാണ് എല്ലാ വ്യവസ്ഥയും കാറ്റില്‍പ്പറത്തി വില്‍പ്പന നടത്തിയത്.

2008ല്‍ നെല്ലിയാമ്പതിയിലെ മീരാഫ്ളോര്‍ എസ്റ്റേറ്റിന്റെ വനഭൂമി ഈടുവച്ച് കൈവശക്കാരനായ ന്യൂവേള്‍ഡ് ഇന്‍വെസ്റ്റ്മെന്റ് 9.98 കോടി രൂപ വായ്പയെടുത്തു. പണം തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് റവന്യുവകുപ്പ് ലേലനടപടി ആരംഭിച്ചതോടെയാണ് നെല്ലിയാമ്പതിയിലെ ഭൂമി കൈയേറ്റം ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ പുറത്തായത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വനഭൂമി ഈടായിവച്ച് കൈവശക്കാര്‍ കോടിക്കണക്കിനു രൂപ വായ്പയെടുത്തതായി പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തി. നിയമസഭയില്‍ വി ചെന്താമരാക്ഷന്‍ എംഎല്‍എ സബ്മിഷനിലൂടെ നെല്ലിയാമ്പതി വിഷയം ഉന്നയിച്ചതോടെയാണ് പ്രശ്നം സജീവ ചര്‍ച്ചയായത്. സര്‍ക്കാരുമായുള്ള പാട്ടക്കരാറിന്റെയും 1980ലെ ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ടിന്റെയും പരസ്യമായ ലംഘനമാണ് ഓരോ എസ്റ്റേറ്റും നടത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ അനുമതിയില്ലാതെയുള്ള ഭൂമി കൈമാറ്റം, വനഭൂമി പണയം വച്ചുള്ള വായ്പയെടുക്കല്‍, എസ്റ്റേറ്റുകളിലെ മരം മുറിക്കല്‍ തുടങ്ങിയവ വ്യാപകമായി. കാപ്പി, ഏലം, കുരുമുളക് എന്നിവ കൃഷിചെയ്യാന്‍ മാത്രമാണ് ഭൂമി അനുവദിച്ചത് എന്നിരിക്കെ റബര്‍ ഉള്‍പ്പെടെ ലാഭകരമായ വിളകളും വ്യാപകമായി കൃഷിചെയ്തു. വനഭൂമിക്കകത്തെ അനധികൃത നടപടി തടയാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. ചില ഉദ്യോഗസ്ഥര്‍ ഒത്താശചെയ്യുകയും ചെയ്തു.

പാട്ടക്കരാര്‍ ലംഘിച്ച 27 എസ്റ്റേറ്റുകള്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. മീരാ ഫ്ളോര്‍, തൂത്തമ്പാറ, ബിയാട്രീസ്, റോസറി, ക്ലിഫ് വ്യു എന്നീ എസ്റ്റേറ്റുകള്‍ ഏറ്റെടുത്തു. മീരാഫ്ളോറിനു കീഴില്‍ അഞ്ച് എസ്റ്റേറ്റുണ്ടായിരുന്നു. ഏറ്റെടുത്ത എസ്റ്റേറ്റുകളിലെ തൊഴിലാളികളെ വനംവികസന കോര്‍പറേഷനുകീഴിലാക്കി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷമാണ് ചെറുനെല്ലി, രാജാക്കാട്, മാങ്കോട് എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാന്‍ നടപടിയായത്. എന്നാല്‍, ചെറുനെല്ലി എസ്റ്റേറ്റ് ഏറ്റെടുക്കുമ്പോള്‍ നടപടിക്രമം പാലിക്കാത്തതിനാല്‍ ഹൈക്കോടതിയില്‍ കേസ് തോറ്റു. വീണ്ടും ഉടമയ്ക്കുതന്നെ തിരിച്ചുനല്‍കി. പിന്നീട്, ഏറ്റെടുക്കല്‍ നിര്‍ത്തിവയ്ക്കാന്‍ വനംവകുപ്പിനോട് ആവശ്യപ്പെടുകയായിരുന്നു. ചെറുനെല്ലി, രാജാക്കാട്, മാങ്കോട് എസ്റ്റേറ്റുകളുമായി ബന്ധപ്പെട്ട കേസാണ് നിലവില്‍ കോടതിയുടെ പരിഗണനയിലുള്ളത്. പാട്ടക്കരാര്‍ ലംഘിച്ച എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതിലുള്‍പ്പെടെ യുഡിഎഫ് സര്‍ക്കാര്‍ രണ്ടു തട്ടിലാണ്. വന്‍കിട വനംകൊള്ളക്കാരെ കുടിയേറ്റ കര്‍ഷകരെന്ന് മുദ്രകുത്തിയാണ് പി സി ജോര്‍ജും കെ എം മാണിയും സംരക്ഷിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മൗനാനുവാദം നല്‍കി ഇവര്‍ക്ക് രഹസ്യമായ പിന്തുണ നല്‍കുന്നു. വനം വകുപ്പ് നല്‍കുന്ന സത്യവാങ്മൂലങ്ങളില്‍ വെള്ളംചേര്‍ത്ത് ദുര്‍ബലപ്പെടുത്തി കോടതിയില്‍ സമര്‍പ്പിച്ചും കോടതിയില്‍ യഥാസമയം അപ്പീല്‍ നല്‍കാതെയും കൈയേറ്റക്കാരെ ഇവര്‍ സഹായിച്ചു. സര്‍ക്കാര്‍ പിന്തുണയോടെ ഭൂമാഫിയകള്‍ തഴച്ചുവളരുമ്പോള്‍ ഇല്ലാതാകുന്നത് പ്രകൃതിരമണീയമായ, അതീവ ജൈവസമ്പത്തുള്ള വനഭൂമിയാണ്.

നെല്ലിയാമ്പതി നിബിഡവനം തന്നെ

പാലക്കാട് ചുരത്തിന്റെ തെക്ക്ഭാഗത്തെ തെന്മലയുടെ മുകളിലെ അതീവ ജൈവപ്രാധാന്യമുള്ള മലമ്പ്രദേശമാണ് നെല്ലിയാമ്പതി. പോത്തുണ്ടി ഡാമില്‍നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള യാത്ര അവിസ്മരണീയമാണ്. റോഡിന്റെ ഇരുവശത്തുമായി തിങ്ങിവളരുന്ന പടുകൂറ്റന്‍മരങ്ങള്‍. പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകുന്ന സുന്ദരമായ നീര്‍ച്ചാലുകള്‍. മാനും മുയലും ആനയും കാട്ടുപോത്തും സിംഹവാലന്‍കുരങ്ങനും വേഴാമ്പലും വരയാടുമെല്ലാം വസിക്കുന്ന നിബിഡവനം. പ്രകൃതിയുടെ വരദാനമായ ഭൂമിയെയാണ് റവന്യു ഭൂമിയെന്നു വാദിച്ച് കൈയേറ്റക്കാര്‍ തട്ടിയെടുക്കാനൊരുങ്ങുന്നത്. ഇവരുടെ വാദം അതേപടി ഏറ്റുപറയുകയാണ് യുഡിഎഫ്നേതാക്കളും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും. കൊച്ചീരാജ്യത്തിന്റെയും കൊല്ലങ്കോട് വെങ്ങുനാട് കോവിലകത്തിന്റെയും വകയിലുള്ള ഭൂമിയാണ് നെല്ലിയാമ്പതി.

1863 മുതലാണ് അന്നത്തെ കൊച്ചീരാജാവ് ബ്രിട്ടീഷുകാര്‍ക്ക് കാര്‍ഷികാവശ്യങ്ങള്‍ക്കായി വനഭൂമി പാട്ടത്തിനു നല്‍കിത്തുടങ്ങിയത്. കാപ്പി, ഏലം, കുരുമുളക് എന്നിവ മാത്രം കൃഷി ചെയ്യാമെന്നായിരുന്നു കരാര്‍. ഭൂമിയുടെ ഉടമസ്ഥാവകാശം കൊച്ചീരാജാവില്‍ത്തന്നെ നിക്ഷിപ്തമായിരുന്നു. കാര്‍ഷികാവശ്യത്തിനു മാത്രമായി പരിമിതപ്പെടുത്തിയ ഭൂമി മറിച്ചുവില്‍ക്കാന്‍ അനുവാദമില്ല. വനം കൈയേറ്റവും നിയന്ത്രണാതീത മരംമുറിയും വനത്തിന്റെ നടത്തിപ്പിനായി നിയോഗിച്ചവരുടെ കെടുകാര്യസ്ഥതയുംമൂലം വനസമ്പത്ത് നഷ്ടപ്പെടുന്നതായി മനസ്സിലാക്കിയ രാജാവ് 1905ല്‍ കൊച്ചിന്‍ ഫോറസ്റ്റ് ആക്ട് നടപ്പാക്കി. 1863 മുതല്‍ 1902വരെയുള്ള കാലയളവില്‍ പാട്ടത്തിനു നല്‍കിയ വനഭൂമിയില്‍ സര്‍ക്കാരിന്റെ നിയന്ത്രണം കൊണ്ടുവരുന്നതായിരുന്നു ആക്ട്. പിന്നീട് 1909ല്‍ നെല്ലിയാമ്പതി മേഖലയില്‍ സൈറ്റില്‍മെന്റ് ഓഫീസറെ നിയോഗിച്ച് തര്‍ക്കവിഷയങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുകയും ഈ മേഖല റിസര്‍വ്വനമാണെന്ന് വിജ്ഞാപനമിറക്കുകയും ചെയ്തു. 25 എസ്റ്റേറ്റുകളെ റിസര്‍വ് വനത്തിനകത്തുള്ള ഭൂമിയാണെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്. 1909ലെ നോട്ടിഫിക്കേഷനില്‍ ഉള്‍പ്പെടുന്ന എസ്റ്റേറ്റുകള്‍ 1980ലെ ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ട് പ്രകാരം വനമായി കണക്കാക്കേണ്ടതാണെന്ന് 1990ല്‍ ഹൈക്കോടതി വിധിച്ചിട്ടുണ്ട്. നെല്ലിയാമ്പതി തോട്ടങ്ങള്‍ നിയമപ്രകാരം 1909ലെ റിസര്‍വ് നോട്ടിഫിക്കേഷനില്‍ ഉള്‍പ്പെട്ടവയാണ്. ചെറുനെല്ലി എസ്റ്റേറ്റാണെങ്കില്‍ റിസര്‍വ്നോട്ടിഫിക്കേഷനില്‍ ഉള്‍പ്പെടുകയും കൂടാതെ പറമ്പിക്കുളം ടൈഗര്‍ റിസര്‍വിന്റെ ഭാഗമായുള്ള 2009ലെ ബഫര്‍സോണ്‍ നോട്ടിഫിക്കേഷനിലുള്‍പ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിനുപുറമെ നിരവധി സര്‍ക്കാര്‍രേഖകളിലും നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ വനഭൂമിയായിത്തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

1995ലെ ഗോദവര്‍മന്‍ തിരുമുല്‍പ്പാട് കേസിലെ വിധിപ്രകാരം ഓരോ സംസ്ഥാനവും 1980ലെ ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ടിന്റെ പരിധിയില്‍ വരുന്ന വനത്തെ തിട്ടപ്പെടുത്താന്‍ ഒരു വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. അപ്രകാരം കേരള സംസ്ഥാനത്തിന്വേണ്ടി നിയോഗിച്ച കമ്മിറ്റി നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ വനഭൂമിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇവിടങ്ങളിലെ തോട്ടങ്ങള്‍ സ്വാഭാവികവനമാണെന്ന് കണ്ടെത്തി. കേരള സംസ്ഥാനം രൂപംകൊണ്ടശേഷം പാട്ടഭൂമിയുടെ ഉടമസ്ഥാവകാശം സംസ്ഥാന സര്‍ക്കാരിന് കൈവന്നു. പാലക്കാട് ജില്ലാ കലക്ടറുടെ പാട്ടത്തുക പുതുക്കിയ ഉത്തരവുകളില്‍ എസ്റ്റേറ്റുകള്‍ വനഭൂമിയായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നെല്ലിയാമ്പതി വില്ലേജ്ഓഫീസിലുള്ള അടിസ്ഥാന നികുതിരജിസ്റ്ററിലും എസ്റ്റേറ്റുകള്‍ സര്‍ക്കാര്‍വനമാണ്.

ഭൂമി കൈയേറ്റം യുഡിഎഫ് പിന്തുണയോടെ

നെല്ലിയാമ്പതിയിലെ വനംകൈയേറ്റം യുഡിഎഫ് നേതാക്കളുടെ പിന്തുണയോടെയും പ്രോത്സാഹനത്തോടെയുമാണ് നടന്നത്. പി സി ജോര്‍ജും കെ എം മാണിയുമാണ് ഇതിന്റെ നേതൃത്വത്തിലുള്ളത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രഹസ്യപിന്തുണയുമുണ്ട്. വിവാദമായ പല എസ്റ്റേറ്റുകളുടെയും നടത്തിപ്പുകാര്‍ കേരള കോണ്‍ഗ്രസ് നേതാക്കളാണ്. എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ സംസ്ഥാനസര്‍ക്കാര്‍ മനഃപൂര്‍വം തോറ്റുകൊടുക്കുകയായിരുന്നു. "ദൈവംതമ്പുരാന്‍ വന്നു വാദിച്ചാലും കേസില്‍ സര്‍ക്കാര്‍ ജയിക്കില്ലെ"ന്ന് ക്യാബിനറ്റ്മന്ത്രിയുടെ പദവി വഹിക്കുന്ന ചീഫ്വിപ്പ് പി സി ജോര്‍ജിന്റെ പ്രസ്താവന സര്‍ക്കാരിന്റെ നയം വ്യക്തമാക്കുന്നതാണ്. കേസില്‍ സര്‍ക്കാര്‍ തോല്‍ക്കുമെന്ന് ചീഫ്വിപ്പ് ഉറപ്പിച്ചു പറയുമ്പോള്‍പോലും പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. വനംവകുപ്പ് തയ്യാറാക്കി നല്‍കുന്ന സത്യവാങ്മൂലം ദുര്‍ബലപ്പെടുത്തിയാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. മുഖ്യമന്ത്രിയുടെ അറിവോടെയല്ലാതെ ഇത് ഒരിക്കലും സാധ്യമല്ല. കേസ് വാദിക്കാന്‍ ജൂനിയര്‍ അഭിഭാഷകരെ നിയോഗിച്ചും എതിര്‍ഹര്‍ജികള്‍ സമര്‍പ്പിക്കാന്‍ അനാവശ്യമായി കാലതാമസം വരുത്തിയുമാണ് ഭൂമികൈയേറ്റക്കാര്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്തത്.

ഏറ്റെടുക്കാനുള്ള എസ്റ്റേറ്റുകളില്‍ ചിലത് കേരളാ കോണ്‍ഗ്രസ് മാണിവിഭാഗം നേതാക്കളുടേതാണ്. മാണിയുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാനുള്ള നടപടി നിര്‍ത്തിവച്ചത്. ബാലകൃഷ്ണപ്പിള്ള, ചീഫ്വിപ്പ് പി സി ജോര്‍ജ് എന്നിവരും എസ്റ്റേറ്റുടമകള്‍ക്കുവേണ്ടി രംഗത്തുവന്നു. ഇരുവരും നെല്ലിയാമ്പതി, പറമ്പിക്കുളംമേഖലകളില്‍ രഹസ്യസന്ദര്‍ശനവും നടത്തിയിരുന്നു. എസ്റ്റേറ്റ്ലോബിക്കുവേണ്ടി ശക്തമായിനിന്നത് ചീഫ്വിപ്പ് പി സി ജോര്‍ജാണ്. എസ്റ്റേറ്റ് ഉടമകളുമായി ജോര്‍ജ് അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. കൈയേറ്റക്കാര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച നെന്മാറ ഡിഎഫ്ഒ ധനേഷ്കുമാറിനെ യുഡിഎഫ്സര്‍ക്കാര്‍ അധികാരത്തില്‍വന്നപ്പോള്‍ത്തന്നെ സ്ഥലംമാറ്റി. നെല്ലിയാമ്പതിയിലെ കാരപ്പാറ എസ്റ്റേറ്റ്കേസ് അട്ടിമറിക്കാന്‍ യുഡിഎഫ്സര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിച്ചുവെന്നത് വ്യക്തമായതാണ്. ഹൈക്കോടതിയില്‍ കേസ് തോറ്റുകൊടുത്ത സര്‍ക്കാര്‍, എസ്റ്റേറ്റ് ഉടമകള്‍ക്ക് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ റവന്യു ഉദ്യോഗസ്ഥരില്‍ കടുത്ത സമ്മര്‍ദം ചെലുത്തി. കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന ഹൈക്കോടതിവിധിയെ ചോദ്യംചെയ്യാന്‍ മതിയായ കാരണമില്ലെന്നും വിധി നടപ്പാക്കുകയേ നിര്‍വാഹമുള്ളുവെന്നുമാണ് സര്‍ക്കാര്‍ പാലക്കാട് ജില്ലാ കലക്ടര്‍ക്ക് നല്‍കിയ ഉപദേശം. എന്നാല്‍, നിയമവകുപ്പിന്റെ ഉപദേശം മറികടന്ന് കലക്ടര്‍ സമ്മര്‍ദംചെലുത്തിയാണ് പിന്നീട് സുപ്രീംകോടതിയില്‍ സ്പെഷ്യല്‍ ലീവ്പെറ്റീഷന്‍ സമര്‍പ്പിച്ചത്. ഈ ഹര്‍ജി പരിഗണിച്ചാണ് കൈവശാവകാശസര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. കാരപ്പാറ എസ്റ്റേറ്റ് വനഭൂമിയാണെന്നും കോടതി നിരീക്ഷിച്ചു. നെല്ലിയാമ്പതിവിഷയം പഠിക്കാന്‍ യുഡിഎഫ് സമിതി രൂപീകരിച്ചെങ്കിലും ഇത് പരസ്പരം ഏറ്റുമുട്ടാനുള്ള വേദി മാത്രമായി മാറി. യുഡിഎഫിന്റെ രണ്ടു സംഘം നെല്ലിയാമ്പതി സന്ദര്‍ശിച്ചിട്ടും ക്രിയാത്മകമായ ഒരു നിര്‍ദേശവും മുന്നോട്ടുവയ്ക്കാനായില്ല.
(സി അജിത് )

തൊഴിലാളികളെ മനുഷ്യകവചമാക്കുന്നു

തൊഴിലാളികളുടെയും ചെറുകിട കര്‍ഷകരുടെയും പേരിലാണ്ആയിരക്കണക്കിന് ഏക്കര്‍ വനഭൂമി കൈയേറുന്നതിനെ യുഡിഎഫ്നേതാക്കള്‍ ന്യായീകരിക്കുന്നത്. നെല്ലിയാമ്പതിയിലെ വിവാദമായ എസ്റ്റേറ്റുകളിലൊന്നുംതന്നെ ചെറുകിട കര്‍ഷകരില്ല. നൂറും ഇരുന്നൂറും ഏക്കര്‍ ഭൂമി സ്വന്തമായുള്ളവരെയാണ് ജോര്‍ജും മാണിയും ചെറുകിട കുടിയേറ്റകര്‍ഷകരെന്ന് വിളിക്കുന്നത്. നെല്ലിയാമ്പതിയിലെ എസ്റ്റേറ്റുകള്‍ സന്ദര്‍ശിച്ച യുഡിഎഫിന്റേതുള്‍പ്പെടെയുള്ള നേതാക്കള്‍ക്കെല്ലാം ഇത് ബോധ്യപ്പെടുകയും ചെയ്തു. തൊഴിലാളികളെ മനുഷ്യകവചമായി മുന്നില്‍നിര്‍ത്തിയാണ് ഭൂമാഫിയാസംഘം അനധികൃത കൈയേറ്റത്തെ ന്യായീകരിക്കുന്നത്.

വിവാദമായ ചെറുനെല്ലി എസ്റ്റേറ്റില്‍ രജിസ്റ്റര്‍ ചെയ്ത ഒരു തൊഴിലാളിയുമില്ല. എസ്റ്റേറ്റ്ഭൂമി കഷ്ണങ്ങളാക്കി മുറിച്ച് ഭൂപരിധിനിയമം അട്ടിമറിക്കാനാണ് കൈവശക്കാര്‍ ശ്രമിക്കുന്നത്. ഇതുവഴി തൊഴിലാളികള്‍ക്ക് നല്‍കേണ്ട ആനുകൂല്യം ഇല്ലാതാക്കാനുള്ള ഗൂഢതന്ത്രവും ഭൂവുടമകള്‍ നടത്തി. പാട്ടക്കരാര്‍ ലംഘിച്ചതിന്റെ പേരില്‍ തോട്ടം സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ ഒരു ആനുകൂല്യവും നല്‍കാതെ തോട്ടം ഉടമ തൊഴിലാളികളെ കൈയൊഴിയുകയാണ്. സര്‍ക്കാര്‍ ഏറ്റെടുത്ത തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ശരിയായ രീതിയില്‍ ഗ്രാറ്റുവിറ്റി, പ്രൊവിഡന്റ്ഫണ്ട് തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കാതെ പോവുന്നുമുണ്ട്. തൊഴിലാളികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്. അത് നിര്‍വഹിക്കാതെ കപടതൊഴിലാളി സ്നേഹം കാണിച്ച് വന്‍തോതിലുള്ള ഭൂമി കൈയേറ്റത്തെ പ്രോത്സാഹിപ്പിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍.

വിനോദസഞ്ചാരത്തിന് നീക്കിവച്ചത് വനഭൂമി

പാലക്കാട്: എമര്‍ജിങ് കേരളയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നെല്ലിയാമ്പതിയില്‍ വിനോദസഞ്ചാരപദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം റിസര്‍വ് വനഭൂമി. പുലയന്‍പാറയ്ക്ക് സമീപം 25ഏക്കറില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനും ഫോറസ്റ്റ്ലോഡ്ജും പണിയാനാണ് യുഡിഎഫ് നീക്കം. എട്ട് മുറിയുള്ള ലോഡ്ജ് പണിയാനായിരുന്നു നിര്‍ദേശം. നെല്ലിയാമ്പതിയില്‍ കൃഷിവകുപ്പിന്റെ കൈവശമുള്ള 743 ഏക്കര്‍വരുന്ന ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമിന്റെ 25 ഏക്കര്‍ ഭൂമി നേരത്തെ ടൂറിസം വകുപ്പിനു കൈമാറിയിട്ടുണ്ട്. റിസര്‍വ് വനമായി നിലനില്‍ക്കുമ്പോള്‍ത്തന്നെയാണ് വനംവകുപ്പ് 743 ഏക്കര്‍ ഭൂമി കൃഷിവകുപ്പിനു കൈമാറിയത്. ഭൂമി കൃഷിവകുപ്പിനു കൈമാറിയെങ്കിലും റിസര്‍വ് വനത്തില്‍നിന്ന് ഒഴിവാക്കി വിജ്ഞാപനം ഇറക്കിയിട്ടില്ല. അതിനാല്‍ ഇത് വനഭൂമിയായിത്തന്നെയാണ് പരിഗണിക്കപ്പെടുകയെന്നാണ് വനംവകുപ്പ് പറയുന്നത്. ഇവിടെയാണ് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയരാന്‍ പോകുന്നത്.

deshabhimani

1 comment:

  1. നെല്ലിയാമ്പതി ഉള്‍പ്പെടുന്ന പശ്ചിമഘട്ട മലനിരകളെ ലോക പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഈയടുത്താണ്. ഇതോടെ ലോകത്ത് മുഖ്യമായും സംരക്ഷിക്കേണ്ട 36 ജൈവവൈവിധ്യ കേന്ദ്രങ്ങളില്‍ ഒന്നായി നെല്ലിയാമ്പതി മാറി. ജൈവപരമായി അതീവ പ്രാധാന്യമുള്ള നിബിഢവനഭൂമി ഇന്ന് അതിരൂക്ഷമായ കൈയേറ്റ ഭീഷണി നേരിടുകയാണ്. കാപ്പിയും ഏലവും കുരുമുളകും വിളഞ്ഞുനിന്ന ഭൂമി കഷ്ണങ്ങളാക്കി മുറിച്ചുവിറ്റു. 10,000 ഏക്കറോളം ഭൂമിയാണ് അനധികൃതമായി കൈമാറുകയും വിഭജിക്കുകയും ചെയ്തത്. വനഭൂമിയുടെ നെഞ്ചുപിളര്‍ന്ന് കോണ്‍ക്രീറ്റ് കെട്ടിടങ്ങളും റിസോര്‍ട്ടുകളും ഉയര്‍ന്നു. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് മാത്രമായി പാട്ടത്തിന് നല്‍കിയ ഭൂമിയാണ് എല്ലാ വ്യവസ്ഥയും കാറ്റില്‍പ്പറത്തി വില്‍പ്പന നടത്തിയത്.

    ReplyDelete