Tuesday, October 16, 2012

നിയമപരമായ പിഴവ് തിരുത്തണമെന്ന് സുപ്രീംകോടതി


ചില്ലറവില്‍പ്പനരംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം(എഫ്ഡിഐ) അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചു. എന്നാല്‍, കേന്ദ്രതീരുമാനത്തില്‍ നിയമപരമായ പിശകുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് നിരീക്ഷിച്ച സുപ്രീംകോടതി രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ പിശക് തിരുത്താനും നിര്‍ദേശിച്ചു. വിദേശനിക്ഷേപം അനുവദിക്കുന്നതിന് മുമ്പായി വിദേശനാണ്യ വിനിമയ നിയമത്തില്‍ (ഫെമ) ആവശ്യമായ ഭേദഗതികള്‍ വരുത്തേണ്ടിയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ "ഫെമ" നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ റിസര്‍വ് ബാങ്കിനോട് കോടതി ആവശ്യപ്പെട്ടു. കേന്ദ്രം എഫ്ഡിഐ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുമ്പുതന്നെ നിയന്ത്രണങ്ങളില്‍ ഭേദഗതി കൊണ്ടുവരണമായിരുന്നുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. എന്തായാലും പരിഹരിക്കാവുന്ന ഒരു പോരായ്മയാണിത്. ഈയൊരു പോരായ്മ മാത്രം ചൂണ്ടിക്കാട്ടി എഫ്ഡിഐ നയതീരുമാനം സ്റ്റേ ചെയ്യാനാവില്ലെന്ന് ജസ്റ്റിസുമാരായ ആര്‍ എം ലോധ, അനില്‍ ആര്‍ ദവെ എന്നിവരുള്‍പ്പെട്ട ബെഞ്ച് അറിയിച്ചു. കേസ് വീണ്ടും പരിഗണിക്കുന്നതിന് നവംബര്‍ അഞ്ചിലേക്ക് മാറ്റി.

കേന്ദ്രത്തിന്റെ നയതീരുമാനം റിസര്‍വ് ബാങ്ക് അനുമതിയില്ലാതെയാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ എം എല്‍ ശര്‍മയാണ് സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി കേന്ദ്രത്തിന് നോട്ടീസ് അയക്കാതെ തന്നെ കേന്ദ്ര അഭിഭാഷകരുടെ അഭിപ്രായം തേടുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നയപരമായ വിഷയത്തില്‍ ഇടപെടില്ലെന്നും നിയമപരമായ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്നതു മാത്രമേ തങ്ങള്‍ പരിശോധിക്കൂവെന്നും കോടതി കേസ് പരിഗണിച്ച ആദ്യദിവസംതന്നെ വ്യക്തമാക്കിയിരുന്നു. ഫെമ ചട്ടമനുസരിച്ച് ചില്ലറവിപണിയില്‍ വിദേശനിക്ഷേപം കര്‍ശനമായി നിരോധിച്ചിരിക്കയാണെന്ന വാദമാണ് എം എല്‍ ശര്‍മ ഉന്നയിച്ചത്. ഈ നിയമപ്രകാരം എന്തെങ്കിലും ഭേദഗതിക്ക് അധികാരം റിസര്‍വ് ബാങ്കിന് മാത്രമാണ്. എഫ്ഡിഐ അനുവദിച്ചുള്ള സര്‍ക്കാര്‍ വിജ്ഞാപനത്തിന് നിയമപരമായ പിന്തുണയില്ല. പാര്‍ലമെന്റിന്റെയോ സര്‍ക്കാരിന്റെയോ അംഗീകാരമില്ലാതെയാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളതെന്നും ശര്‍മ ഹര്‍ജിയില്‍ സൂചിപ്പിച്ചു. എന്നാല്‍, നയതീരുമാനത്തിന് രാഷ്ട്രപതിയുടെ അംഗീകാരം വേണമെന്ന വാദം നിലനില്‍ക്കുന്നതല്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഭരണഘടനയില്‍ ഇത്തരമൊരു നിബന്ധനയില്ലെന്ന് കോടതി പറഞ്ഞു. ഭരണഘടനാവിരുദ്ധമോ നിയമവിരുദ്ധമോ ആണെങ്കില്‍ മാത്രമേ നയതീരുമാനത്തില്‍ കോടതികള്‍ ഇടപെടേണ്ടതുള്ളുവെന്നും രണ്ടംഗ ബെഞ്ച് അഭിപ്രായപ്പെട്ടു.

deshabhimani 161012

1 comment:

  1. ചില്ലറവില്‍പ്പനരംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം(എഫ്ഡിഐ) അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചു. എന്നാല്‍, കേന്ദ്രതീരുമാനത്തില്‍ നിയമപരമായ പിശകുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് നിരീക്ഷിച്ച സുപ്രീംകോടതി രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ പിശക് തിരുത്താനും നിര്‍ദേശിച്ചു. വിദേശനിക്ഷേപം അനുവദിക്കുന്നതിന് മുമ്പായി വിദേശനാണ്യ വിനിമയ നിയമത്തില്‍ (ഫെമ) ആവശ്യമായ ഭേദഗതികള്‍ വരുത്തേണ്ടിയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ "ഫെമ" നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ റിസര്‍വ് ബാങ്കിനോട് കോടതി ആവശ്യപ്പെട്ടു. കേന്ദ്രം എഫ്ഡിഐ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുമ്പുതന്നെ നിയന്ത്രണങ്ങളില്‍ ഭേദഗതി കൊണ്ടുവരണമായിരുന്നുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. എന്തായാലും പരിഹരിക്കാവുന്ന ഒരു പോരായ്മയാണിത്. ഈയൊരു പോരായ്മ മാത്രം ചൂണ്ടിക്കാട്ടി എഫ്ഡിഐ നയതീരുമാനം സ്റ്റേ ചെയ്യാനാവില്ലെന്ന് ജസ്റ്റിസുമാരായ ആര്‍ എം ലോധ, അനില്‍ ആര്‍ ദവെ എന്നിവരുള്‍പ്പെട്ട ബെഞ്ച് അറിയിച്ചു. കേസ് വീണ്ടും പരിഗണിക്കുന്നതിന് നവംബര്‍ അഞ്ചിലേക്ക് മാറ്റി.

    ReplyDelete