Wednesday, October 31, 2012

ബംഗാള്‍ സ്ത്രീപീഡനത്തിന്റെ കേന്ദ്രമായി: പ്രകാശ് കാരാട്ട്


തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒന്നര വര്‍ഷത്തെ ഭരണം പശ്ചിമബംഗാളിനെ സ്ത്രീപീഡനത്തിന്റെ കേന്ദ്രമാക്കി മാറ്റിയെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം ഡല്‍ഹി സംസ്ഥാന കമ്മിറ്റി നടത്തിയ ധര്‍ണ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ ഇടമായിരുന്നു ഇടതുമുന്നണി ഭരണത്തില്‍ പശ്ചിമബംഗാള്‍. മമത ബാനര്‍ജിയുടെ ഭരണത്തില്‍ ഹരിയാനക്കൊപ്പം ഏറ്റവും കൂടുതല്‍ സ്ത്രീപീഡനം നടക്കുന്ന സംസ്ഥാനങ്ങളിലൊന്നായി പശ്ചിമബംഗാള്‍ മാറി. അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് മമത സര്‍ക്കാരിന്റേത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. സിനിമയിലൂടെയും വിപണി സംസ്കാരത്തിലൂടെയും സ്ത്രീകളെ താഴ്ത്തിക്കാട്ടുന്നു. ഇതൊക്കെ ഇത്തരം അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു. പല സംഭവങ്ങളിലും കേസുകള്‍ ശരിയായി കൈകാര്യംചെയ്യുന്നില്ലെന്നു മാത്രമല്ല, പരാതി ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനാണ് സര്‍ക്കാരും പൊലീസും ശ്രമിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമങ്ങള്‍ ഫലപ്രദമായി തടയാനുള്ള നിയമനിര്‍മാണത്തിന്റെ ആവശ്യകതയാണ് ഇത് കാണിക്കുന്നത്. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍തന്നെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം ഫലപ്രദമായി തടയാനാവശ്യമായ നിയമം നിര്‍മിക്കണം. പൊലീസും ഭരണാധികാരികളും ഇക്കാര്യത്തില്‍ കര്‍ശന നിലപാടെടുക്കണം. യഥാസമയം അന്വേഷിച്ച് എഫ്ഐആര്‍ ശരിയായി തയ്യാറാക്കുകയും കേസുകളുടെ വിചാരണ കാലതാമസമില്ലാതെ നടത്തുകയും വേണം. ബലാത്സംഗക്കേസുകള്‍ വിചാരണ ചെയ്യാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കണം. പെണ്‍കുട്ടികള്‍ വീട്ടിലിരിക്കണമെന്നും വിവാഹപ്രായം താഴ്ത്തണമെന്നും അതുമൂലം ബലാത്സംഗം തടയാന്‍ കഴിയുമെന്നുമാണ് ഹരിയാനയിലെ ഖാപ് പഞ്ചായത്തുകള്‍ പറയുന്നത്. സ്ത്രീകളുടെ സാമൂഹ്യപദവിയെ പിന്നിലേക്ക് നയിക്കാന്‍ ഇടയാക്കുന്ന പ്രസ്താവനകളാണിവ. ഈ പ്രാകൃത ചിന്താഗതികളെ സിപിഐ എം ശക്തമായി എതിര്‍ക്കുമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.

സിപിഐ എം ഡല്‍ഹി സംസ്ഥാന സെക്രട്ടറി പുഷ്പിന്ദര്‍ ഗ്രെവാള്‍, ആശ ശര്‍മ, നത്തു പ്രസാദ്, ജഗദീഷ് ചന്ദ്, സോണിയ വര്‍മ, മൈമുന മൊള്ള, സുനന്ദ്, ജി മമത എന്നിവര്‍ സംസാരിച്ചു. വിജേന്ദര്‍ ശര്‍മ അധ്യക്ഷനായി. ദുരഭിമാനഹത്യകള്‍ തടയാന്‍ നിയമം കൊണ്ടുവരിക, സ്ത്രീധനവിരുദ്ധ നിയമത്തില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമത്തില്‍നിന്ന് പിന്തിരിയുക, ഖാപ് പഞ്ചായത്തുകളുടെ സ്ത്രീവിരുദ്ധ നടപടികള്‍ തടയുക, ബലാല്‍സംഗ കേസുകള്‍ വിചാരണചെയ്യാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കുക എന്നീ ആവശ്യങ്ങളും ധര്‍ണ ഉന്നയിച്ചു. ഈ ആവശ്യങ്ങളടങ്ങുന്ന നിവേദനം കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെക്ക് നല്‍കി.

deshabhimani

No comments:

Post a Comment