Friday, October 19, 2012

രാഹുല്‍ഗാന്ധി ഡല്‍ഹിക്കു സമീപം ചുളുവിലയ്ക്ക് ആറര ഏക്കര്‍ വാങ്ങി


ഹരിയാനയില്‍, ഡല്‍ഹിയോട് ചേര്‍ന്നുള്ള പല്‍വല്‍ ജില്ലയില്‍(നേരത്തെ ഫരീദാബാദ്) സെന്റിന് വെറും 1,500 രൂപ നിരക്കില്‍ എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി ആറര ഏക്കര്‍ കൃഷിഭൂമി സ്വന്തമാക്കി. തകര്‍പ്പന്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടം നടക്കുന്ന പല്‍വലില്‍ സെന്റിന് പതിനായിരങ്ങള്‍ വിലയുണ്ട്. പല്‍വലില്‍തന്നെ രാഹുലിന്റെ സഹോദരീ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും 74 ഏക്കര്‍ ഭൂമി സ്വന്തം പേരിലും കമ്പനിയുടെ പേരിലും വാങ്ങിയിട്ടുണ്ട്. വധേര വാങ്ങിയ ഭൂമിയില്‍ 30 ഏക്കര്‍ ദളിതര്‍ക്ക് മാത്രമായി സര്‍ക്കാര്‍ നീക്കിവച്ചതാണ്. ഹരിയാന മുന്‍ മുഖ്യമന്ത്രിയും ഐഎന്‍എല്‍ഡി അധ്യക്ഷനുമായ ഓംപ്രകാശ് ചൗതാലയാണ് രാഹുലിന്റെ ഭൂമി ഇടപാട് പുറത്തുവിട്ടത്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ രാഹുല്‍ തിരിമറി നടത്തിയെന്ന ആക്ഷേപവും ചൗതാല ഉന്നയിച്ചു.

രാഹുലിന്റെയും വധേരയുടെയും ഭൂമി ഇടപാട് സിറ്റിങ് സുപ്രീംകോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ചൗതാല ആവശ്യപ്പെട്ടു. പല്‍വലില്‍ ഭൂമി വാങ്ങിയിട്ടുണ്ടെന്ന് രാഹുല്‍ സ്ഥിരീകരിച്ചു. എന്നാല്‍, ചൗതാല ആരോപിക്കുന്നതുപോലെ ക്രമക്കേടൊന്നും നടന്നിട്ടില്ലെന്നും ഇടപാടുകളെല്ലാം സുതാര്യമാണെന്നുമാണ് രാഹുലിന്റെ അവകാശവാദം. രാഹുലിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതൃത്വവും രംഗത്തുവന്നു. പല്‍വല്‍ ജില്ലയിലെ ഹൊഡാല്‍ താലൂക്കില്‍ മൗജ ഹസന്‍പ്പുര്‍ ഗ്രാമത്തിലാണ് രാഹുല്‍ ഭൂമി വാങ്ങിയത്. 2008 മാര്‍ച്ചിലായിരുന്നു ഇടപാട്. ഏക്കറിന് നാലുലക്ഷം രൂപ നിരക്കില്‍ ആകെ 26.47 ലക്ഷം രൂപയാണ് മുടക്കിയത്. ഒരേക്കറിന് 20 മുതല്‍ 25 ലക്ഷം വരെ വിപണിവില നിലനില്‍ക്കെയാണിത്. നിലവില്‍ ഈ ഭൂമിയുടെ വിപണിവില ഏക്കറിന് 40 മുതല്‍ 45 ലക്ഷംവരെയാണ്. ഇതേ ദിവസംതന്നെ വധേരയും ഇവിടെ ഒമ്പതേക്കര്‍ വാങ്ങി. രണ്ടുപേരുടെയും ഭൂമി രജിസ്ട്രേഷനില്‍ സാക്ഷിയായി ഒപ്പുവച്ചിട്ടുള്ളത് ലളിത് നഗര്‍ എന്ന പ്രാദേശിക കോണ്‍ഗ്രസ് നേതാവാണ്. 2009 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പല്‍വലില്‍ ഇദ്ദേഹമായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. പല്‍വലില്‍ പല സ്ഥലങ്ങളിലായി 65 ഏക്കര്‍ ഭൂമികൂടി വധേര സ്വന്തമാക്കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി ഭൂമി വാങ്ങിയതില്‍ ഒരു തെറ്റുമില്ലെന്ന് കോണ്‍ഗ്രസ് വക്താവ് റഷീദ് അല്‍വി പറഞ്ഞു.
(എം പ്രശാന്ത്)

deshabhimani 191012

1 comment:

  1. ഹരിയാനയില്‍, ഡല്‍ഹിയോട് ചേര്‍ന്നുള്ള പല്‍വല്‍ ജില്ലയില്‍(നേരത്തെ ഫരീദാബാദ്) സെന്റിന് വെറും 1,500 രൂപ നിരക്കില്‍ എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി ആറര ഏക്കര്‍ കൃഷിഭൂമി സ്വന്തമാക്കി. തകര്‍പ്പന്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടം നടക്കുന്ന പല്‍വലില്‍ സെന്റിന് പതിനായിരങ്ങള്‍ വിലയുണ്ട്. പല്‍വലില്‍തന്നെ രാഹുലിന്റെ സഹോദരീ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും 74 ഏക്കര്‍ ഭൂമി സ്വന്തം പേരിലും കമ്പനിയുടെ പേരിലും വാങ്ങിയിട്ടുണ്ട്. വധേര വാങ്ങിയ ഭൂമിയില്‍ 30 ഏക്കര്‍ ദളിതര്‍ക്ക് മാത്രമായി സര്‍ക്കാര്‍ നീക്കിവച്ചതാണ്. ഹരിയാന മുന്‍ മുഖ്യമന്ത്രിയും ഐഎന്‍എല്‍ഡി അധ്യക്ഷനുമായ ഓംപ്രകാശ് ചൗതാലയാണ് രാഹുലിന്റെ ഭൂമി ഇടപാട് പുറത്തുവിട്ടത്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ രാഹുല്‍ തിരിമറി നടത്തിയെന്ന ആക്ഷേപവും ചൗതാല ഉന്നയിച്ചു.

    ReplyDelete