Monday, October 29, 2012
ഹിമാചല്‍ പ്രചാരണം: കോണ്‍ഗ്രസും ബിജെപിയും അഴിമതിക്കയത്തില്‍
"ആരാണ് അഴിമതിക്കാരെന്" ചോദ്യത്തിനുമുന്നില്‍ പകച്ചുനില്‍ക്കുകയാണ് ഹിമാചലിലെ സാധാരണ ജനങ്ങള്‍. ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോണ്‍ഗ്രസും അഴിമതി ആരോപണങ്ങളുടെ കെട്ടഴിക്കുമ്പോള്‍ സ്തംഭിച്ച് നില്‍ക്കുകയാണ് വോട്ടര്‍മാര്‍. ഇരുപക്ഷത്തെയും ഒരുപോലെ ആക്രമിച്ച് സംശുദ്ധ നിലപാടുമായി ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുകയാണ് സിപിഐ എം ഉള്‍പ്പെടുന്ന ഹിമാചല്‍ ലോക്ഹിത്മോര്‍ച്ച.
ഹിമാചല്‍ കണ്ട ഏറ്റവും അഴിമതി നിറഞ്ഞ ഭരണമാണ് പ്രേംകുമാര്‍ ധുമലിന്റേതെന്ന് ചിത്രീകരിക്കാനാണ് തുടക്കംമുതലേ കോണ്‍ഗ്രസ് ശ്രമിച്ചത്. എന്നാല്‍, പിസിസി അധ്യക്ഷന്‍ വീരഭദ്രസിങ് അഴിമതിക്കയത്തില്‍ മുങ്ങിയതോടെ കോണ്‍ഗ്രസും പ്രതിസന്ധിയിലായി. അഴിമതിക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച വീരഭദ്രസിങ്ങിനെ നിയമസഭാതെരഞ്ഞെടുപ്പിന്റെ ചുക്കാന്‍ ഏല്‍പ്പിക്കാന്‍ ഹൈക്കമാന്‍ഡ് അയച്ചപ്പോള്‍ത്തന്നെ അഴിമതിക്കെതിരെ മിണ്ടാനുള്ള ധാര്‍മികാവകാശം കോണ്‍ഗ്രസിന് നഷ്ടമായി. വീരഭദ്രസിങ്ങും ഭാര്യ പ്രതിഭാസിങ്ങും മറ്റൊരുദ്യോഗസ്ഥനും ചേര്‍ന്ന് കൈക്കൂലി വാങ്ങുന്നതിനെക്കുറിച്ച് സംസാരിക്കുന്ന സിഡി പുറത്തായ സാഹചര്യത്തിലാണ് കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത്. കേന്ദ്ര ഉരുക്ക് മന്ത്രിയായിരിക്കെ മിത്തല്‍ ഗ്രൂപ്പിന്റെ ഇസ്പാത്തില്‍നിന്ന് രണ്ടരക്കോടി രൂപ കൈക്കൂലി വാങ്ങിയെന്നും ആദായനികുതിവെട്ടിപ്പ് നടത്തിയെന്നുമുള്ള ആരോപണങ്ങളും പിന്നീട് വീരഭദ്രസിങ്ങിനെതിരെ ഉയര്‍ന്നു. സിങ്ങിനെ ന്യായീകരിക്കാന്‍ കേന്ദ്രത്തില്‍നിന്നെത്തിയ കോണ്‍ഗ്രസ് നേതാക്കളാരും തയ്യാറായില്ലെന്നത് തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹത്തെ നേതൃത്വം തള്ളിക്കളയുമെന്നതിന്റെ സൂചനയായാണ് ഹിമാചലിലെ ജനങ്ങള്‍ വായിച്ചെടുക്കുന്നത്. ഭൂമിതട്ടിപ്പ് കേസില്‍ ചംബയിലെ കോടതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ മുന്‍ മന്ത്രി ആശാകുമാരിക്കും കോണ്‍ഗ്രസ് സീറ്റ് നല്‍കി. ഡല്‍ഹൗസിയിലാണ് ആശാകുമാരി മത്സരിക്കുന്നത്.
"ഹിമാചലിനെ വില്‍ക്കുന്ന പാര്‍ടിയെന്നാണ്" പ്രതിപക്ഷ കക്ഷികള്‍ ബിജെപിയെ വിശേഷിപ്പിക്കുന്നത്. പാര്‍ലമെന്റില്‍ "ചോദ്യത്തിന് കോഴ" ആവശ്യപ്പെട്ട കേസില്‍ കുടുങ്ങിയ മുന്‍ എംപി സുരേഷ് ചന്ദേലിന് ബിലാസ്പുരില്‍ ബിജെപി സീറ്റ് നല്‍കി. സോലന്‍ മുനിസിപ്പാലിറ്റി നിയമനത്തില്‍ കോഴവാങ്ങി വിജിലന്‍സ് കേസില്‍പെട്ട രാജീവ് ഭിന്‍ഡലിന് നഹാനില്‍ സീറ്റ് നല്‍കി. സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കാന്‍ കോഴ വാങ്ങിയ സിംല എംപി വിരേന്ദ്രര്‍ കാശ്യപും ബിജെപിക്ക് തലവേദനയാണ്. ധുമലിന്റെ മകനും ഹമീര്‍പുര്‍ എംപിയുമായ അനുരാഗ് താക്കൂറിന്റെ നേതൃത്വത്തിലുള്ള ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ധര്‍മശാലയിലും സിംലയിലും നദുവാനിലും ഗുമ്മയിലും ഏക്കര്‍ കണക്കിന് സ്ഥലം അനധികൃതമായി നല്‍കിയതും തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമാണ്. സിംലയിലെ അനന്‍ഡേല്‍ മൈതാനം കൈയടക്കാന്‍ അനുരാഗ് നടത്തുന്ന ശ്രമത്തിനെതിരെ വന്‍ ജനകീയപ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അഴിമതിക്കയത്തില്‍ ബിജെപിയും കോണ്‍ഗ്രസും മുങ്ങിത്താഴുമ്പോള്‍ ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് മൂന്നാം ബദലിലാണ്. അഴിമതിക്കറ പുരളാത്ത സ്ഥാനാര്‍ഥികളും നേതാക്കളുമാണ് സിപിഐ എം ഉള്‍പ്പെടുന്ന മൂന്നാം ബദലിനുള്ളത്.
(വി ബി പരമേശ്വരന്‍)
deshabhimani
Labels:
കോണ്‍ഗ്രസ്,
ബി.ജെ.പി
Subscribe to:
Post Comments (Atom)
Simple Qn,
ReplyDeleteIf you won in Himachal, YOu will support to whcih Party in Central?
Congress or BJP?