Sunday, October 28, 2012

ഭൂപരിഷ്കരണം അട്ടിമറിച്ചത് കോണ്‍ഗ്രസ് സര്‍ക്കാര്‍: എം വി ഗോവിന്ദന്‍


കേന്ദ്രത്തിലും കേരളത്തിലും അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാരാണ് കാര്‍ഷിക ഭൂപരിഷ്കരണ നിയമം അട്ടിമറിച്ചതെന്ന് കെഎസ്കെടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. രണ്ടാം ഭൂസമര പ്രഖ്യാപനത്തിനുള്ള സംയുക്ത സമരസമിതിയുടെ കോട്ടയം ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ മൂന്നുലക്ഷം ആളുകള്‍ക്ക് ഇപ്പോഴും വീടില്ല. കാര്‍ഷിക ഭൂപരിഷ്കരണം സമഗ്രമായി നടപ്പാക്കാനായിരുന്നെങ്കില്‍ 25 വര്‍ഷം മുമ്പുതന്നെ ഭൂപ്രശ്നം പരിഹരിക്കാമായിരുന്നു. ഭൂപരിഷ്കരണം നടപ്പാക്കിയതുകൊണ്ട് മാര്‍ക്സിസ്റ്റുകാരും ഇടതുപക്ഷവും കേരളത്തെ അബദ്ധത്തിലേക്ക് ചാടിച്ചെന്ന് വിമര്‍ശിക്കുന്നത് ശുദ്ധ അസംബദ്ധമാണ് .ലക്ഷക്കണക്കായ പാവങ്ങള്‍ക്ക് കിടപ്പാടം ലഭിച്ചത് ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമത്തിലൂടെയാണ്. കുടിയൊഴിപ്പിക്കലിനെതിരായ നിയമം ഇ എം എസ് സര്‍ക്കാരാണ് രാജ്യത്ത് ആദ്യം നടപ്പാക്കിയത്. ഇന്ത്യയില്‍ കോണ്‍ഗ്രസും ബിജെപിയും ഭരിച്ച സംസ്ഥാനങ്ങളിലൊന്നും ഈ തീരുമാനം ഉണ്ടായില്ല. ഇടതുപക്ഷ സര്‍ക്കാരുകള്‍ക്ക് പിന്നാലെ എത്തിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ നിയമം നടപ്പാക്കാന്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഏഴരലക്ഷം ഹെക്ടര്‍ മിച്ചഭൂമി ലഭിക്കുമായിരുന്നു. പിന്നീട് 70ല്‍ എകെജിയുടെ നേതൃത്വത്തില്‍ വളച്ചുകെട്ടല്‍ സമരത്തിലൂടെ 36 ലക്ഷം കുടുംബങ്ങള്‍ക്ക് കിടപ്പാടവും ഭൂമിയും കിട്ടി.

യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം നെല്‍വയല്‍ നീര്‍ത്തടസംരക്ഷണനിയമം തകര്‍ക്കുകയാണ്. റിയല്‍എസ്റ്റേറ്റ് കച്ചവടക്കാര്‍ക്കും ഭൂമാഫിയയ്ക്കും ഏക്കറുകണക്കിന് ഭൂമി കൈയ്യടക്കാന്‍ അവസരമൊരുക്കുന്നു. മിച്ചഭൂമി നിയമം മറികടക്കാന്‍ എസ്റ്റേറ്റായി പരിവര്‍ത്തനം ചെയ്ത ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കേരളത്തിലുണ്ട്. ഭൂമിയില്ലാത്തവര്‍ക്ക് അവകാശപ്പെട്ട ഈ മണ്ണിലേക്ക് പ്രവേശിക്കാനാണ് തീരുമാനം. സര്‍ക്കാര്‍ ഈ ഭൂമിയെല്ലാം ഏറ്റെടുത്തില്ലെങ്കില്‍ കുടില്‍കെട്ടി താമസിക്കും. ഒരുലക്ഷം ആളുകളെ റിക്രൂട്ട്ചെയ്ത് സമരഭടന്മാരാക്കി മാറ്റും. അവര്‍ ജയിലില്‍ പോകേണ്ടിവന്നാലും ഈ സമരത്തില്‍ നിന്ന് പിന്നോട്ടില്ല. ടൂറിസത്തിനുവേണ്ടി അഞ്ച് ശതമാനം ഭൂമി കൈമാറ്റം ചെയ്യാമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത്. നെല്ലിയാമ്പതിയില്‍ ഭൂസ്വാമിമാര്‍ക്ക് കൈയേറാന്‍ അവസരം നല്‍കിയതുപോലെയാണ് ഈ ലക്ഷ്യം. ഇത്തരം ഭൂമികളെല്ലാം കേസിന്റെ പേരിലാണ് സര്‍ക്കാര്‍ ഏറ്റെടുക്കാത്തത്. ഇതൊന്നും ഇനി നടപ്പില്ല. ഒരു ഹെക്ടറില്‍ 150 കശുമാവുണ്ടെങ്കില്‍ അത് തോട്ടമായി പരിഗണിക്കണമെന്നാണ് കെ എം മാണിയുടെ സൂത്രം. ഈ പേരുപറഞ്ഞ് മിച്ചഭൂമി തട്ടാനാണ് ശ്രമമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കെഎസ്കെടിയു ജില്ലാപ്രസിഡന്റ് അഡ്വ. വി എന്‍ ശശിധരന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാസെക്രട്ടറി കെ ജെ തോമസ്, സംസ്ഥാനകമ്മിറ്റിയംഗങ്ങളായ വി ആര്‍ ഭാസ്കരന്‍, കെ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. 101 പേരടങ്ങുന്ന സമരസമിതിയും രൂപീകരിച്ചു.

deshabhimani

1 comment:

  1. കേന്ദ്രത്തിലും കേരളത്തിലും അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാരാണ് കാര്‍ഷിക ഭൂപരിഷ്കരണ നിയമം അട്ടിമറിച്ചതെന്ന് കെഎസ്കെടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. രണ്ടാം ഭൂസമര പ്രഖ്യാപനത്തിനുള്ള സംയുക്ത സമരസമിതിയുടെ കോട്ടയം ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete