കോട്ടയം: ഇന്ത്യയിലെ 11 കോടിയോളം വരുന്ന സംഘടിത തൊഴിലാളികള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പങ്കെടുത്ത സംയുക്ത പണിമുടക്ക് ലോകമാകെ ശ്രദ്ധിച്ച സമരമായിരുന്നെന്നും നവലിബറല്‍ നയങ്ങള്‍ക്കെതിരേ ഇടതുപക്ഷവും മറ്റ് ജനാധിപത്യ പ്രസ്ഥാനങ്ങളും യോജിപ്പിന്റെ പുതിയ തലം കണ്ടെത്തുന്നതിന്റെ മുന്നോടിയായി ആ സംഭവത്തെ കാണാമെന്നും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ് പറഞ്ഞു. സിഎംപി എട്ടാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി മാമ്മന്‍ മാപ്പിള ഹാളില്‍ "കെ ദാമോദരന്‍ ജന്മശതാബ്ദിയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ പ്രസക്തിയും" എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പ്രഥമ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സെപ്തംബര്‍ നാലിന് നടന്ന ഡെല്‍ഹി കണ്‍വന്‍ഷനും 2013 ഫെബ്രുവരി 20, 21 തീയതികളില്‍ സിഐടിയു മുതല്‍ ഐഎന്‍ടിയുസി വരെയുള്ളവര്‍ വീണ്ടും ഒരുമിക്കുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്കും ആ സമരൈക്യപാതയിലെ ചരിത്രമുഹൂര്‍ത്തങ്ങളാകും. എല്ലാവിധ ചൂഷണത്തേയും എതിര്‍ക്കുന്ന ഇടതുപക്ഷത്തിന്റെ പ്രസക്തി മുമ്പൊരിക്കലുമില്ലാത്തവിധം വര്‍ധിച്ച കാലഘട്ടമാണിത്. സോവിയറ്റ് സോഷ്യലിസത്തിന്റെ അന്തകനായി ഗോര്‍ബച്ചേവിനെ എല്ലാവരും വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ ഗോര്‍ബച്ചേവിനെപ്പോലെ ഒരുല്‍പ്പന്നം അവിടെ എങ്ങനെയുണ്ടായി എന്നാണ് നാം ചിന്തിക്കേണ്ടത്. സോവിയറ്റ് തകര്‍ച്ച അത്തരം പാളിച്ചകളുടേയുംകൂടി സൃഷ്ടിയാണെന്ന് ലോറന്‍സ് പറഞ്ഞു. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍, മന്ത്രി ഷിബു ബേബി ജോണ്‍, കെ ദാമോദരന്റെ മകനും ചലച്ചിത്രപ്രവര്‍ത്തകനുമായ കെ പി ശശി എന്നിവരും സംസാരിച്ചു. എം കെ കണ്ണന്‍ അധ്യക്ഷനായി. പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനിയില്‍ കാര്‍ഷിക സെമിനാറും നടത്തി.
ട്രേഡ് യൂണി. സംസ്ഥാന കണ്‍വന്‍ഷന്‍ ദേശീയ നേതാക്കളുടെ സംഗമവേദിയാവും
കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിദ്രോഹ, ജനദ്രോഹ നയങ്ങള്‍ക്കെതിരെ രാജ്യത്താദ്യമായി നടക്കുന്ന ദ്വിദിന പണിമുടക്കിനു മുന്നോടിയായി തിങ്കളാഴച എറണാകുളത്ത് സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാന കണ്‍വന്‍ഷന്‍ നടക്കും. രാജേന്ദ്രമൈതാനിയില്‍ വൈകിട്ട് അഞ്ചിനു നടക്കുന്ന കണ്‍വന്‍ഷനില്‍ ദേശീയ നേതാക്കളുടെ നീണ്ടനിര പങ്കെടുക്കും. സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍, ബിഎംഎസ് അഖിലേന്ത്യാ സെക്രട്ടറി എസ് ദുരൈരാജ്, ഐഎന്‍ടിയുസി ദേശീയ വൈസ് പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍, ടിയുസിസി അഖിലേന്ത്യാ പ്രസിഡന്റ് ജി ആര്‍ ശിവശങ്കര്‍, എച്ച്എംഎസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് തമ്പാന്‍ തോമസ്, യുടിയുസി ദേശീയ പ്രസിഡന്റ് എ എ അസീസ് എംഎല്‍എ, ടിയുസിഐ സംസ്ഥാന പ്രസിഡന്റ് എം കെ തങ്കപ്പന്‍ എന്നിവര്‍ പങ്കെടുക്കും.
രാജ്യത്തെ 11 കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും വിവിധ ഫെഡറേഷനുകളുടെയും ആഭിമുഖ്യത്തില്‍ ഫെബ്രുവരി 20, 21 തീയതികളിലാണ് പണിമുടക്ക്. വിലക്കയറ്റം തടയുന്നതിന് ക്രിയാത്മക നടപടികള്‍ കൈക്കൊള്ളുക, തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക, തൊഴില്‍നിയമങ്ങള്‍ കര്‍ശനമായി പാലിക്കുക, സംഘടിത-അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷിതത്വം ഉറപ്പുവരുത്തുക, ഇതിനാവശ്യമായ സുരക്ഷിതത്വ ഫണ്ട് ഉണ്ടാക്കുക, പൊതുമേഖലാ ഓഹരിവില്‍പ്പന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ജില്ലാ കണ്‍വന്‍ഷനുകള്‍, യൂണിയന്‍ യോഗങ്ങള്‍, വ്യവസായമേഖലയിലെ ജനറല്‍ബോഡികള്‍, പ്രചാരണജാഥകള്‍ തുടങ്ങിയവയുടെ മുന്നോടിയായി നടക്കുന്ന സംസ്ഥാന കണ്‍വന്‍ഷന്‍ വിജയിപ്പിക്കാന്‍ എല്ലാവിഭാഗം തൊഴിലാളികളോടും സംയുക്ത ട്രേഡ് യൂണിയന്‍ സമിതി അഭ്യര്‍ഥിച്ചു.
ഫെബ്രുവരിയില്‍ ബാങ്ക്മേഖല സ്തംഭിപ്പിക്കും
കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കും ജനദ്രോഹ നടപടികള്‍ക്കും എതിരെ ബാങ്ക് ഓഫീസര്‍മാരും ജീവനക്കാരും ഫെബ്രുവരിയില്‍ ദേശവ്യാപകമായി ബാങ്കിങ്മേഖല സ്തംഭിപ്പിക്കുമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി എസ് നാഗരാജന്‍ പറഞ്ഞു. എഐബിഒഎ സംസ്ഥാന കമ്മിറ്റിയോഗം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ പൊതുമേഖലാബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ബാങ്ക് ജീവനക്കാരുടെ സമയം ക്ലിപ്തപ്പെടുത്തണമെന്ന് എഐബിഒഎ ആവശ്യപ്പെട്ടു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഓഫീസര്‍മാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍നല്‍കി ബാങ്ക് ഓഫീസര്‍മാരെ ഭിന്നിപ്പിക്കാനും സര്‍ക്കാര്‍ ശ്രമമുണ്ട്. തുല്യജോലിക്ക് തുല്യവേതനം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ബിഎസ്ആര്‍ബി നിര്‍ത്തലാക്കി ആവശ്യത്തിന് ജീവനക്കാരെ ബാങ്കുകളില്‍ നിയമിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. ഈ കാര്യങ്ങള്‍ മുന്‍നിര്‍ത്തി രാജ്യത്തെ എല്ലാ ബാങ്ക് സംഘടനകളുടെയും വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഭിമുഖ്യത്തില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ എഐബിഒഎ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
ലക്ഷ്യം തൊഴിലാളികളുടെ വിശാല ഐക്യം: കെ എന്‍ രവീന്ദ്രനാഥ്
വൈക്കം: കുത്തക മുതലാളിമാര്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി ആഗോളവല്‍ക്കരണ നയങ്ങള്‍ നടപ്പിലാക്കുന്നത് തൊഴിലാളിവര്‍ഗത്തിന്റെ ഭിന്നിപ്പ് മുതലെടുത്താണെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ് പറഞ്ഞു. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ്ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന്‍(സിഐടിയു)തെക്കന്‍ മേഖലാജാഥ വൈക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായ പോരാട്ടത്തിന് കരുത്ത് പകരാന്‍ തൊഴിലാളികളുടെ വിശാല ഐക്യമാണ് സിഐടിയുവിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും പാചകവാതകത്തിന്റെയും വില അടിക്കടി വര്‍ധിപ്പിക്കുകയാണ്. ചെറുകിട വ്യാപാര മേഖലയില്‍ വിദേശ മൂലധനം അനുവദിക്കാനുള്ള നീക്കം അഞ്ചുകോടി ചെറുകിട വ്യാപാരികളെ വഴിയാധാരമാക്കും. കൃഷിക്കാര്‍ക്ക് നല്‍കിവന്ന സബ്സിഡികള്‍ നിര്‍ത്തിയതിന്റെ ഫലമായി ഭക്ഷ്യധാന്യങ്ങളുടെ വില വര്‍ധിച്ചു. പണപ്പെരുപ്പം തടയാന്‍ നടപടി സ്വീകരിക്കുന്നില്ല. ഇന്‍ഷുറന്‍സ് കമ്പനികളിലും വിദേശ നിക്ഷേപത്തിന് അവസരം ഒരുക്കിയിരിക്കുകയാണ്. പെന്‍ഷന്‍ ഫണ്ടിലും കൈകടത്താന്‍ സമ്മര്‍ദം ചെലുത്തുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കുന്നു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പണിമുടക്കായിരുന്നു കഴിഞ്ഞ ഫെബ്രുവരി 28ന് നടന്നത്. 10 കോടിയോളം തൊഴിലാളികളാണ് അന്ന് പണിമുടക്കിയത്.
deshabhimani 151012
ഇന്ത്യയിലെ 11 കോടിയോളം വരുന്ന സംഘടിത തൊഴിലാളികള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പങ്കെടുത്ത സംയുക്ത പണിമുടക്ക് ലോകമാകെ ശ്രദ്ധിച്ച സമരമായിരുന്നെന്നും നവലിബറല്‍ നയങ്ങള്‍ക്കെതിരേ ഇടതുപക്ഷവും മറ്റ് ജനാധിപത്യ പ്രസ്ഥാനങ്ങളും യോജിപ്പിന്റെ പുതിയ തലം കണ്ടെത്തുന്നതിന്റെ മുന്നോടിയായി ആ സംഭവത്തെ കാണാമെന്നും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ് പറഞ്ഞു. സിഎംപി എട്ടാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി മാമ്മന്‍ മാപ്പിള ഹാളില്‍ "കെ ദാമോദരന്‍ ജന്മശതാബ്ദിയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ പ്രസക്തിയും" എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പ്രഥമ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ReplyDelete