Tuesday, October 16, 2012

തൊഴിലുറപ്പ് പദ്ധതിയില്‍ കര്‍ശനിയന്ത്രണം; ലക്ഷ്യം കുടുംബശ്രീ


മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ റോഡിലും തോട്ടുവരമ്പിലും കുളങ്ങളുടെ അരികിലും ഉള്ള പച്ചപ്പുകളും പാഴ്ച്ചെടികളും വെട്ടിമാറ്റുന്നത് സര്‍ക്കാര്‍ നിരോധിച്ചു. ഇതിന് പുറമെ ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരുടെ ഭൂമിയിലെ വികസന പദ്ധതികള്‍ നടപ്പാക്കുന്നതും കര്‍ശനമായി നിയന്ത്രിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തരിശുനിലം ഉപയുക്തമാക്കല്‍ ഒറ്റത്തവണ മാത്രമേ പാടുള്ളൂവെന്ന നിബന്ധന കൂടുതല്‍ കര്‍ശനമാക്കി. തൊഴിലുറപ്പ് പദ്ധതിക്ക് ജില്ലാതല ഓംബുഡ്സ്മാനെ നിയമിച്ചും പദ്ധതിയുടെ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കര്‍ക്കശമാക്കി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെയും നടത്തിപ്പ് സംഘടനയായ കുടുംബശ്രീയെയും തകര്‍ക്കാനാണ് ഈ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളുമെന്ന് പറയുന്നു.

റോഡരികിലെയും വയല്‍വരമ്പിലെയും പൊന്തക്കാടുകളും പാഴ്ച്ചെടികളും പുല്ലും വെട്ടിമാറ്റുന്നത് ജൈവ ആവാസവ്യവസ്ഥ തകര്‍ക്കുമെന്ന കാരണം കാട്ടിയാണ് സര്‍ക്കാര്‍ നിരോധന ഉത്തരവ് നല്‍കിയത്. ഇക്കാര്യം എസ്റ്റിമേറ്റ് തയ്യാറാക്കുന്ന ഘട്ടം മുതല്‍ ശ്രദ്ധിക്കണമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും പ്രസിഡന്റുമാര്‍ക്കും നല്‍കിയ ഉത്തരവില്‍ പറയുന്നു. ദേശീയപാതയുടെ അടക്കം വശങ്ങളില്‍ വളര്‍ന്നുനിന്ന പൊന്തക്കാടുകള്‍ സമൂഹവിരുദ്ധര്‍ക്ക് മറയേകുക മാത്രമല്ല പാമ്പുകളുടെ ആവാസസ്ഥലമാകുകയും ചെയ്തിരുന്നു. ഇവ വൃത്തിയാക്കുന്നതിന് പുറമെ ഈ ഭൂമിയില്‍ കപ്പയും വാഴയും കൃഷിചെയ്ത് പ്രത്യുല്‍പ്പാദന പരമായ പദ്ധതികള്‍ നടപ്പാക്കാനും പല പഞ്ചായത്തുകളും തയ്യാറായി. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ ഹരിത ജില്ലാ പദ്ധതിയുടെ ഭാഗമായി കിടങ്ങാമ്പറമ്പില്‍ പൂച്ചെടികള്‍വെച്ച് പിടിപ്പിച്ചത് ഈ പദ്ധതി പ്രകാരമാണ്. തടമെടുക്കല്‍, കിള തുടങ്ങിയ ഭൂമി വികസനമാണ് തൊഴിലുറപ്പ് പദ്ധതിയില്‍ കൂടുതലും ഏറ്റെടുക്കുന്നത്. എന്നാല്‍ എപിഎല്‍ വിഭാഗത്തില്‍പെട്ടവരുടെ ഭൂമിയില്‍ ഇത്തരം പദ്ധതികള്‍ പാടില്ലെന്ന് നേരത്തെ നിബന്ധനയുണ്ടായിരുന്നു. ബിപിഎല്‍ വിഭാഗത്തിന് ഭൂമിയില്ലാത്തതിനാല്‍ ഏറ്റെടുക്കാനാവില്ല. അതുകൊണ്ടുതന്നെ ഇതില്‍ ഇളവ് വരുത്തിയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയത്. ഓംബുഡ്സ്മാനെ നിയമിച്ചതോടെ ഇത്തരം നിബന്ധനകളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തുടങ്ങി. ഇത് അടുത്ത വര്‍ഷം മുതല്‍ പ്രതിസന്ധിയുണ്ടാക്കും.

കുടുംബശ്രീയെ ഏല്‍പ്പിച്ച തൊഴിലുറപ്പ് പദ്ധതി കേരളത്തില്‍ വന്‍ വിജയമായത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഫണ്ട് വിനിയോഗത്തില്‍ കേരളം ദേശീയ തലത്തില്‍ തന്നെ ഒന്നാമതെത്തി.മറ്റുള്ള സംസ്ഥാനങ്ങളില്‍ സന്നദ്ധ സംഘടനകള്‍മുഖേനയാണ് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നത്. ഇത് ഒട്ടേറെ ക്രമക്കേടുകള്‍ക്കും വിമര്‍ശനത്തിനും ഇടയാക്കുകയും ചെയ്തു. എന്നാല്‍ കേരളത്തില്‍ ഉത്തരം വിമര്‍ശനമൊന്നുമില്ല. എന്നാല്‍ പണിചെയ്ത് 15 ദിവസത്തിനകം കൂലി നല്‍കണമെന്ന നിബന്ധന സര്‍ക്കാര്‍ പണം അനുവദിക്കാത്തതിനാല്‍ പാലിക്കാനുമാകുന്നില്ല.

deshabhimani 161012

1 comment:

  1. റോഡരികിലെയും വയല്‍വരമ്പിലെയും പൊന്തക്കാടുകളും പാഴ്ച്ചെടികളും പുല്ലും വെട്ടിമാറ്റുന്നത് ജൈവ ആവാസവ്യവസ്ഥ തകര്‍ക്കുമെന്ന കാരണം കാട്ടിയാണ് സര്‍ക്കാര്‍ നിരോധന ഉത്തരവ് നല്‍കിയത്. ഇക്കാര്യം എസ്റ്റിമേറ്റ് തയ്യാറാക്കുന്ന ഘട്ടം മുതല്‍ ശ്രദ്ധിക്കണമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും പ്രസിഡന്റുമാര്‍ക്കും നല്‍കിയ ഉത്തരവില്‍ പറയുന്നു.

    ReplyDelete